Tuesday 27 August 2013

മൗനം പിന്തുണയായി ഭവിക്കുന്നു...

ഏതെങ്കിലുമൊരു ലേബലിൽ ആരൊക്കെ എന്തൊക്കെ ചെയ്യുന്നുണ്ടോ... അതിന്റെയൊക്കെ ബാധ്യത അതേ ലേബൽ പേറുന്നവർക്കുമുണ്ടാകും... അധികാരകേന്ദ്രമോ സംഘടന സ്വഭാവമോയല്ല, നമ്മുടെ ബാധ്യതകൾ നിജപ്പെടുത്തുന്നത്... പകരം... ഉപയോഗിക്കുന്ന ഫ്ലാറ്റ്ഫോം ഏതാണോ... ആ ഫ്ലാറ്റ്ഫോമുമായുള്ള നമ്മുടെ ബന്ധം എന്നതാണടിസ്ഥാനം... ഏതെങ്കിലുമൊരു ആശയത്തിന്റേയും കൂടെയുള്ളവരുടേയും ആസ്തിയിൽ മാത്രം അവകാശം സ്ഥാപിച്ചാൽ പോരാ... ബാധ്യതയും നിറവേറ്റേണ്ടിവരും... ആശയപരമായി നൂലിൽ കോർത്തവർക്ക്, എതിർക്കേണ്ടതിനെ എതിർക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്...

രാമക്ഷേത്രം പണിയാൻ കർസേവകർ പോകുമ്പോൾ, അതിനെതിരെ പ്രതികരിക്കാൻ, ഓരോ ഹിന്ദുവിനും ബാധ്യതയുണ്ട്... സ്വാമിമാർക്ക് ബാധ്യതയുണ്ട്... സമുദായനേതാക്കൾക്ക് ബാധ്യതയുണ്ട്... എന്നുകരുതി, ഓരോ ഹിന്ദുവും അപലപിച്ച് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നല്ല... അത് ചെയ്തില്ലെങ്കിൽ, സംശയത്തോടെ കാണുമെന്നുമല്ല... അതേ സമയം... അങ്ങനെയുണ്ടാകുന്ന ഓരോ സംഭവത്തിലും നമ്മുടെ മൗനമാണ് ഉത്തരമെങ്കിൽ, നമ്മുടെ ആശയം ഹൈജാക്ക് ചെയ്യപ്പെടും... ആ ആശയത്തെ ഹൈജാക്ക് ചെയ്തവരുടെ ചെയ്തികളിലൂടെ നാം ഒരു ആശയത്തെ കാണേണ്ടിവരും... അപ്പോൾ ഞങ്ങളുടെ ആശയം അങ്ങനെയല്ല ഇങ്ങനെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല... ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാൻ എല്ലാവരും ശബ്ദം ഉയർത്തിയേ മതിയാകൂ... എല്ലാ ദിവസവും കാലത്തെഴുന്നേറ്റാൽ, അപലപിച്ചുകൊണ്ടിരിക്കണമെന്നാണോ? അല്ല... ഓരോ വിഷയത്തിന്റെ പ്രാധാന്യത്തിനനുസരിച്ച്, സ്വന്തം നിലപാടുകൾ കൂടുതൽ സുവ്യക്തമായി വെളിപ്പെടേണ്ടത്, ആ ആശയത്തോടൂള്ള നമ്മുടെ കടമയാണ്... പിന്തുണ നൽകുക മാത്രമല്ല, വിയോജിപ്പുള്ളതിനോട് വിയോജിക്കുകയും ചെയ്യുകയെന്നതും നമ്മുടെ കർത്തവ്യമാണ്...

ഒരു കൃസ്ത്യനി കളവ് കേസിൽപ്പെട്ടാൽ, കൃസ്ത്യാനികൾ ഉത്തരം പറയേണ്ടതില്ല... മറിച്ച് കൃസ്ത്യനികൾ മുസ്ലീം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ഒരു വൈദീകനോ സമുദായ നേതാവോ പറഞ്ഞാൽ, അതിനെ എതിർക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആ വാർത്ത കേൾക്കുന്ന ഒരു കൃസ്ത്യാനിക്കും ഒഴിഞ്ഞുമാറാനാകില്ല... കാരണം കൃസ്തുമതത്തിന്റെ ലേബലിലാണ് വർഗ്ഗീയത വിളമ്പുന്നത്... ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ഒരു പള്ളി പൊളിച്ച് അമ്പലം പണിയുമ്പോൾ, ഒന്നും മിണ്ടാതെ കേരളത്തിലെ ഞങ്ങൾക്കതിലെന്ത് കാര്യമെന്ന് പറഞ്ഞാൽ.... ഞാൻ അത്തരം മൗനത്തെ പിന്തുണയായി കണക്കാക്കും... എതിർക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ ഹിന്ദുക്കൾക്കുമുണ്ട്... എതിർക്കപ്പെടേണ്ടത്, എതിർക്കപ്പെടുകതന്നെ വേണം... നമ്മുടെ മൗനം ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

ആരൊക്കെ പ്രതികരിച്ചില്ല എന്ന കണക്കെടുപ്പിനു പ്രസക്തി ഉണ്ടോ? എല്ലാത്തിനും പ്രതികരിച്ചില്ലെങ്കിൽ, വിശ്വാസ്യത നഷ്ടപ്പെടുമോ... ഏതെങ്കിലും ഒരു വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ, പിന്നെ മറ്റൊരു വിഷയത്തിൽ പ്രതികരിക്കാനുള്ള അർഹതയില്ലേ... ഒന്നും കൃത്യമായി അതിർവരമ്പുകളിട്ട് സ്ഥാപിക്കാനുമാകില്ല... ഒറ്റവാക്കിൽ പറഞ്ഞാൽ, ചുണ്ണാമ്പ് തൊട്ട് എണ്ണി സ്ഥാപിക്കേണ്ടതുമല്ല...  എന്നാലും, അതിലൊക്കെ കാമ്പുണ്ടെന്നതും ശരിയാണുതാനും... വ്യക്തികളേക്കാൾ ഒരു കൂട്ടത്തിനാണ് ഉത്തരവാദിത്വം... ആ കൂട്ടമെന്നത് ഒരു സംഘടനയല്ല, ആശയപരമായ കൂട്ടം... എല്ലാവരും എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്നല്ല... അതേ പക്ഷം ഏതെങ്കിലും വിഷയത്തിൽ, ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന്റെ പ്രതികരണം പൂർണ്ണമായും മൗനമാണെങ്കിൽ, അത് പിന്തുണയായി ഭവിക്കും... ഉദാഹരണസഹിതം പറയാം... മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നത്... എല്ലാവരും പ്രതികരിക്കണം... പൊതുവിഷയമാണ്... അതേ സമയം മുസ്ലീം സമുദായത്തിലുള്ളവരുടേയും സ്ത്രീവാദികളുടേയും പ്രതികരണത്തിന് കൂടുതൽ പ്രസക്തിയുണ്ട്... രാഷ്ട്രീയമായി യു.ഡി.എഫിന്റേയും ലീഗിന്റേയും നേതാക്കൾക്കും അണികൾക്കും വിയോജിപ്പുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കേണ്ടതാണ്, അല്ലെങ്കിൽ, അവരുടെ മൗനം പിന്തുണയായി കണക്കാക്കപ്പെടും...

പിന്തുണയായാലും വിയോജിപ്പായാലും, പ്രതികരിക്കണം... വിയോജിപ്പാണെങ്കിൽ, കൂടുതൽ സർവശക്തിയുമെടുത്ത് ഉച്ചത്തിൽ തന്നെ...

Sunday 25 August 2013

അരിപ്രാഞ്ചിക്കെന്താ പ്രശ്നം...

അന്യന്റെ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി നമ്മുടെ രണ്ട് ചെവിയും രണ്ട് കണ്ണും ദാനം ചെയ്തിരിക്കുന്നതുപോലെയാണ് മറ്റുള്ളവരുടെ പ്രവർത്തികൾ ചികഞ്ഞ് തെറ്റ് കണ്ടുപിടിച്ച് നമ്മുടെ കഴിവില്ലായ്മയിൽ തല പൂഴ്ത്തിയിരിക്കുന്നത്... മറ്റുള്ളവർ ചെയ്യുന്ന കാര്യത്തിൽ 100% ശരി അന്വേഷിക്കുന്ന നമുക്ക് നമ്മുടെ പ്രവർത്തിലും വാക്കുകളിലും 10% ശരി ചെയ്യാനാകുന്നില്ലായെന്നത് സൗകര്യപൂർവ്വം മൂടി വെയ്ക്കുകയും ചെയ്യുന്നു...

ദാനമായാലും സഹായമായാലും അതിന്റെ പിന്നിൽ "സ്വാർത്ഥതയുണ്ടെന്ന്" ആദ്യമേ നാം ഭാവനയിൽ കാണും... പിന്നെ തെളിവുകൾ കണ്ടെത്തി ക്രൂശിക്കുകയാണ് അടിസ്ഥാനരീതി... ചിറ്റിലപ്പിള്ളി ഔസേപ്പ് മുതൽ ബോബി ചെമ്മണൂർ വരെ, രവി പിള്ള മുതൽ ആയിരം രൂപ സഹായിക്കുന്ന സാധാരണക്കാരനെവരെ... പുച്ഛിക്കുക... സഹായത്തിന് പിന്നിൽ മുതലാളിമാരാണെങ്കിൽ, അരിപ്രാഞ്ചിയെന്ന ലേബലിൽ എല്ലാ തീർന്നു... അരിപ്രാഞ്ചിക്കെന്താ പ്രശ്നം... അരിപ്രാഞ്ചി തരുന്ന അരിയിട്ട് വെച്ചാൽ എന്റെ കുട്ടികളുടെ വിശപ്പ് മാറില്ലേ... അല്ലെങ്കിൽ, അരിപ്രാഞ്ചിയല്ലാത്ത നിങ്ങൾ തന്നാലും മതി... എനിക്ക് എന്റെ കുട്ടികളുടെ വിശപ്പ് മാറുകയാണ് പ്രധാനം...

യൂസഫലി സ്വന്തം സ്ഥാപനത്തിലേക്ക് ജോലിക്കാരെ നേരിട്ട് തിരഞ്ഞെടുത്തതുപോലും, പലർക്കും ദഹിക്കുന്നില്ല... ഹേ... യൂസഫലി, സ്ഥാപനം നിങ്ങളുടേതാകും... പക്ഷേ എങ്ങനെ ജോലിക്കാരെ തിരഞ്ഞെടുക്കണമെന്ന്, ഞങ്ങൾ തീരുമാനിക്കും... അതുപോലെ മതി... ഹല്ല പിന്നെ... 

രവി പിള്ളയുടെ കയ്യിൽ കുറെ കാശുണ്ട്... അതിൽ കുറച്ചെടുത്ത് 101 നിർധനരെ കെട്ടിച്ചുവിടുന്നു... വേറെയും *കുറെ* കാശെടുത്ത്, ലക്ഷക്കണക്കിന് പേരെയറിയിക്കുന്നു... നമുക്ക് നഷ്ടമൊന്നുമില്ല... സർക്കാരിനും... സാമൂഹ്യവിരുദ്ധവുമല്ല... പിന്നെന്തിന് നാം ഗർവിക്കണം... സഹായം ചെയ്യുന്നവരുടെ മനോഭാവം പ്രശ്നമാകേണ്ടതുണ്ടോ... ഇല്ലായെന്നാണ് എന്റെ അഭിപ്രായം... രവി പിള്ളയ്ക്ക് കിട്ടുന്ന പ്രശംസ കണ്ടിട്ട്, മറ്റൊരു മുതലാളിക്ക് 1001 പേരെ സഹായിക്കണമെന്ന് തോന്നിയാലോ... അരി പ്രാഞ്ചി മനോഭാവമായിരിക്കും... അതിൽ നമുക്കെന്ത്... കുറെ അരിപ്രാഞ്ചി മനോഭാവമുള്ളവരുള്ളതുകൊണ്ട്... കുറെ പേർക്ക് സഹായമാകുന്നു... അല്ലെങ്കിൽ പിന്നെ പ്രശസ്തി ആഗ്രഹിക്കാത്ത, അഭിനന്ദനം ആഗ്രഹിക്കാത്ത, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പ്രതിഫലം ആഗ്രഹിക്കാത്തവർ ആരാണുള്ളത്... ലൗകീക ജീവിതത്തിൽ സഹായം ചെയ്താൽ ആത്മീയലോകത്ത് സ്വർഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് സഹായം ചെയ്യുന്നവരില്ലേ... അങ്ങനെയൊരു സ്വർഗ്ഗരാജ്യമില്ലായെന്ന് കരുതുന്നവരെ സംബദ്ധിച്ച്, അത് മണ്ടത്തരമാണ്... എന്നാലും, ലൗകീക ജീവിതത്തിൽ സഹായം ചെയ്യുന്നുണ്ടല്ലോ... ല്ലേ... അത് മതിയില്ലേ...

രവി പിള്ള ബിസിനസുകാരനാണ്... ഗുഡ് വിൽ നിർമ്മാണമായിരിക്കും... എന്തായാലും സർക്കാർ ചിലവിലൊന്നുമായിരിക്കില്ലല്ലോ കല്ല്യാണ പന്തലിലേക്ക് വരുക... പക്ഷേ അവിടെ വരുന്ന മന്ത്രിമാരും എം.പി മാരും മറ്റും സർക്കാർ ചിലവിലാണ് രവി പിള്ളയുടെ സ്വകാര്യ പരിപാടി എഴുന്നള്ളുക... നൂറുക്കണക്കിന് നേതാക്കൾ വരേണ്ട കാര്യമൊന്നുമില്ല... രവി പിള്ളയിടുന്ന ട്യൂണിനനുസരിച്ച് "ആടാൻ" വരുന്ന രാഷ്ട്രീയ-മത-സാമൂഹിക നേതാക്കളേക്കാൾ എന്തുകൊണ്ടും നല്ലത് അരിപ്രാഞ്ചി മനോഭാവമാണ്... ഒറ്റവാക്കിൽ പറഞ്ഞാൽ, രവി പിള്ള ക്ഷണിക്കും... ഞാൻ പോകാൻ മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് ക്ഷണം സ്വീകരിക്കുന്നവർ ചിന്തിക്കേണ്ടതാണ്... അവരോടുള്ള എന്റെ വിയോജനക്കുറിപ്പും ഇവിടെ രേഖപ്പെടുത്തുന്നു... അവർക്കെതിരെയില്ലാത്ത പ്രതിക്ഷേധമാണല്ലോ രവി പിള്ളയോട്...

ഒന്നുമില്ലെങ്കിലും 101 പെൺകുട്ടികൾക്ക് ഒരു ജീവിതം ലഭിക്കുമല്ലോ... എന്നെകൊണ്ടോ നിങ്ങളെകൊണ്ടോ സാധിക്കാത്തത്... അതുകൊണ്ട് തന്നെ 101 കുടുംബങ്ങളുടെ കൂടെ എന്റെ മനസും രവി പിള്ളയുടെ കൂടെയാണ്... നിങ്ങളുണ്ടായാലും ഇല്ലെങ്കിലും...


വാൽകക്ഷണം... സർക്കാർ ഖജനാവിൽ നിന്ന് പൈസയെടുത്ത്, "കക്കൂസ്" നിർമിച്ച് അതിന്റെ മുകളിൽ... "കോത്താഴത്തെ" എം.പി വക എന്നൊക്കെ എഴുതിവെയ്ക്കുന്ന നാട്ടിലാണ്... നമ്മൾ ജീവിക്കുന്നത്... 

Wednesday 21 August 2013

അമ്മയെ ഉപേക്ഷിക്കുന്ന പേരുകൾ...

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് പേരിലും കാര്യമുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്... പേരിന്റെ അക്ഷരങ്ങളിൽ മാറ്റങ്ങൾ വരുത്തി നിർഭാഗ്യത്തെ മറികടക്കുന്നവരും ഭാഗ്യത്തെ തേടുന്നവരും കാണുന്ന കാര്യമല്ല എനിക്ക് പറയാനുള്ളത്... അതൊക്കെയവരുടെ വിശ്വാസം... നമ്മുടെ മനോഭാവം പേരിടലിലും നിഴലിക്കുമെന്ന ചെറിയൊരു സത്യം... പേരിടലിലൂടെ നമ്മുടെ സ്വത്വബോധം കുട്ടികളിലേക്കും പകർന്നു നൽകുന്ന വലിയൊരു പ്രക്രിയയെ, പലപ്പോഴും പ്രത്യേക ശ്രദ്ധയൊന്നുമില്ലാതെയല്ലേ നമ്മുടെ രാജ്യവും നാമും കൈകാര്യം ചെയ്യുന്നത്...

ഇന്ത്യക്കാരുടെ പേര് ഒരു സമസ്യയാണ്... ചിലപ്പോൾ ഒരു പേര് മാത്രം... ഒരേ പേരിൽ തന്നെ പലരുണ്ടാകും... ചുരുക്കം പേർ മാത്രമാണ് അമ്മയ്ക്ക് പേരിൽ സ്ഥാനം നൽകുന്നവരുള്ളൂ... അപ്പനും അമ്മയ്ക്കും തുല്യവകാശമുള്ള കുട്ടിയുടെ പേര് അപ്പന് മാത്രം അവകാശപ്പെട്ടതാകുന്നതാണ് നമ്മുടെ സമ്പ്രദായം... ചിലപ്പോൾ ജാതിയമായി വേർതിരിയുന്നതും പേരിന്റെ വാല് നോക്കിയാണ്... കൃത്യമായ നിഷ്കർഷകൾ ഇല്ലാത്തതുകൊണ്ട്, പലപ്പോഴും കുട്ടിയുടെ പേര് അവസാനവും വാലുകൾ ആദ്യമേ വരുന്ന സന്ദർഭങ്ങളും നിരവധിയാണ്... കുറെ പേർക്ക് ചുരുക്കെഴുത്തുകൾ, അതും ചിലപ്പോൾ തുടക്കത്തിൽ, ചിലപ്പോൾ മധ്യത്തിൽ ചിലപ്പോൾ അവസാനം... ഒന്നിനും കൃത്യതയില്ല... സർക്കാർ രേഖകളിൽ പേരിൽ പ്രശ്നമില്ലാത്തവർ ചുരുക്കമാണ്... സർട്ടിഫിക്കറ്റ് കിട്ടി വായിച്ചുനോക്കുമ്പോഴാണ്... ഇങ്ങനെയല്ലല്ലോ ഉദ്ദേശിച്ചതെന്ന് മനസിലാകുക...

പറഞ്ഞുവന്നത്, അതൊന്നുമല്ല... ഫിലിപ്പൈൻസുകാരുടെ പേരിടൽ രീതി, രാഷ്ട്രീയമായി നമ്മുടേതിനേക്കാൾ ശരിയാണെന്നാണെന്റെ മതം... ആ മതമല്ല... അഭിപ്രായം... അവരുടെ മുഴുവൻ പേര് ചോദിച്ചു നോക്കു... കുട്ടിയുടെ പേര്, അമ്മയുടെ കുടുംബപേര്, അപ്പന്റെ കുടുംബപേര്... അങ്ങനെയാണ് സർക്കാർ തലത്തിൽ അംഗീകരിച്ച പേരിന്റെ സമ്പ്രദായം... അനൗദ്യോഗികമായി ചുരുക്കിയെഴുതുമെങ്കിലും ഔദ്യോഗികമായി പേര് എഴുതേണ്ടി വരുന്ന സമയത്തൊക്കെ ഇങ്ങനെയാണ് എഴുതുക... ഇങ്ങനെ മൂന്ന് പേര് എഴുതുകയെന്നതും നിർബദ്ധമാണ്... എനിക്ക് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി... ചെറിയൊരു തിരുത്തോടെ നമ്മുടെ നാട്ടിലും സ്വീകരിക്കാമല്ലോ... സർക്കാർ കാര്യം മുറ പോലെയല്ലേ... മാത്രവുമല്ല വ്യക്തിസ്വാതന്ത്ര്യത്തിൽ പാര കയറ്റിയെന്ന് പറഞ്ഞ് ഗുലുമാലുകൾ വേറെ... അതുകൊണ്ട് നാടിന്റെ തീരുമാനം വരുമ്പോൾ വരട്ടെ... അതിനുമുൻപെ പറക്കുന്ന പക്ഷിയാകാൻ നമുക്കാവുമല്ലോ...

പിലിപ്പൈൻസിൽ നിന്ന് പേരിടൽ സംസ്കാരം സ്വീകരിക്കരിക്കുമ്പോൾ, കുടുംബപേര് പടിക്ക് പുറത്തിരുത്തുന്നതാണ് നല്ലത്... നമ്മുടെ നാട്ടിൽ കുടുംബ പേര് മറ്റൊരു ജാതിയായി പരിണമിക്കുമല്ലോ... രാഷ്ട്രീയമായി കുടുതൽ ശരിയാകുന്നതിന്റെ ഭാഗമായി കുടുംബപേരും ജാതി വാലും ഉപേക്ഷിച്ച്... നമുക്കും കുട്ടിയുടെ പേര്, അമ്മയുടെ പേര്, അപ്പന്റെ പേര് എന്ന രീതിയിലേക്ക് മാറാവുന്നതല്ലേ... കുട്ടിയുടെ വാലായി അമ്മയും അപ്പനും കിടക്കട്ടെ... എത്ര നാളെന്ന് വെച്ചാണ്... കുട്ടിയുടെ ഉത്തരവാദിത്വം മുഴുവനും അപ്പൻ പേറികൊണ്ടു നടക്കുന്നത്... ഒറ്റയ്ക്ക് വലിക്കുന്ന വണ്ടിക്ക് ഒരു കൈതാങ്ങായി അമ്മയുമുണ്ടാകട്ടെ... അല്ലേ... പൊക്കിൾകുടി മുറിച്ച് ബന്ധം വേർപ്പെടുത്തുന്ന അമ്മമാരെ, മക്കളുടെ പേരിന്റെ കൂടെ സ്വന്തം പേർ ചേർത്ത് പുതിയൊരു ബന്ധം സ്ഥാപിക്കണം...

വാൽകക്ഷണം... എനിക്ക് കുട്ടികൾ ജനിക്കുന്ന സമയത്ത്, ഞാൻ ഓണലൈനിലുണ്ടായിരുന്നുവെങ്കിൽ, രാഷ്ട്രീയമായി ശരിയാകേണ്ടതിന്റെ ആവശ്യകത അന്ന് മനസിലായിരുന്നുവെങ്കിൽ, എന്റെ കുട്ടികളുടെ പേരുകൾ കുട്ടിയുടെ പേര്, അമ്മയുടെ പേര്, അപ്പന്റെ പേര് എന്ന ക്രമത്തിലിടുമായിരുന്നു... ഇപ്പോൾ കുട്ടിയുടെ പേരും അപ്പന്റെ പേരുമാത്രമേയുള്ളൂ... പോയ ബുദ്ധി കാക്കര പിടിച്ചാലും കിട്ടില്ലല്ലോ... തൽക്കാലം പേര് മാറ്റി, രാഷ്ട്രീയമായി ശരിയാകാനൊന്നുമില്ലാട്ടോ... 

Tuesday 20 August 2013

സർക്കാർ വിദ്യാലയങ്ങളും സർക്കാർ ആശുപത്രികളും...

സർക്കാർ ജോലിയും വേണം..സർക്കാർ ആനുകൂല്യങ്ങൾ വേണം... പക്ഷേ എന്തുകൊണ്ട് സർക്കാർ വിദ്യാലയത്തേയും ആശുപത്രികളേയും ഉപേക്ഷിക്കുന്നുവെന്ന സംശയം പലരും പ്രകടിപ്പിച്ചുകണ്ടു...  

സർക്കാർ ജോലിയായാലും മറ്റ് ആനുകൂല്യങ്ങളായാലും, നമുക്ക് പണം ലഭിക്കുന്ന കാര്യമാണ്... ജോലി നന്നായി നടന്നില്ലെങ്കിലും സ്ഥാപനം നന്നായി പ്രവർത്തിച്ചില്ലെങ്കിലും നമുക്ക് നഷ്ടമൊന്നുമില്ല... നമ്മുടെ ഭാവിയും തകരാറിലാവില്ല... അതുപോലെയല്ലല്ലോ വിദ്യാലയവും ആശുപത്രികളും... ഒന്ന് ഭാവിയുടേതും മറ്റൊന്ന് ആരോഗ്യത്തിന്റേതും... ശ്രദ്ധാലുയുക്കളാകുമല്ലോ...

വിദ്യാലയത്തിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ധ്യാപകർ കൂടുതൽ യോഗ്യരാണ്... അതേ സമയം എയിഡഡ് / സ്വകാര്യ സ്ഥാപനങ്ങളുടേതുപോലെയുള്ള മാനേജ്മെന്റിന്റെ ശ്രദ്ധ സർക്കാർ വിദ്യാലയങ്ങളിലുണ്ടായിരുന്നില്ല... വേണമെങ്കിൽ പഠിച്ചാൽ മതിയെന്ന ഒരു മനോഭാവം... സമരവും മറ്റുമായി സർക്കാർ വിദ്യാലയങ്ങൾ പഠനത്തിൽ പുറകിലായിരുന്നു... സർക്കാർ അദ്ധ്യാപകരുടെ തന്നെ മക്കൾ എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുകയായിരുന്നു... ഇപ്പോൾ മാറി വരുന്നു... അപ്പോൾ ജനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് ഓടുന്ന സമയമാണ്... ഇപ്പോൾ എയിഡഡ് മേഖലയിലും കുട്ടികൾ കുറയുകയാണ്... എല്ലാവരും ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് പോകുന്നത്... സൗജന്യപഠനം ലഭിക്കുന്ന ഉന്നതവിദ്യഭ്യാസരംഗത്ത് സർക്കാർ കോളേജുകളെയാണ് ആശ്രയിക്കുന്നത്, അവരാരും സ്വാശ്രയകോളേജുജളെ ആശ്രയിക്കുന്നില്ലായെന്ന് മനസിലാക്കണം... അപ്പോൾ സർക്കാരുടെ സ്ഥാപനമല്ലേ, അവിടെ പോയി എന്റെ മക്കൾ സൗജന്യപഠനം നടത്തേണ്ടതില്ലായെന്ന മനോഭാവമൊന്നുമല്ല... എയിഡഡിലായാലും ചിലവില്ലാത്തതുകൊണ്ട് കുറെ പേർ എയിഡഡ് തിരഞ്ഞെടുത്തു... മറ്റ് ചിലർ പൈസ കുറച്ചായാലും ഇംഗ്ലീഷ് മീഡിയം തന്നെയാകട്ടെ... കുട്ടിയുടെ ഭാവിയുടെ കാര്യമല്ലേയെന്നതാണ് ചിന്ത... സർക്കാർ വിദ്യാലയങ്ങളെ ഒരു പരിധി വരെ ഉപേക്ഷിച്ചുവെന്ന് പറയാം...

ആശുപത്രി... അവിടേയും വലിയ ചികിൽസകൾക്കായി മധ്യവർഗ്ഗം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്... ഉപരിവർഗ്ഗം സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്... ദരിദ്രർക്ക് വേറെ വഴിയൊന്നുമില്ലല്ലോ...പത്തോ പതിനഞ്ചോ വർഷം മുൻപ്... ഞാൻ കണ്ടിട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലും ഗുളികകൾ മേശയുടെ ടേബിളിൽ കമിഴ്ത്തിയിട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് നൽകിയിരുന്നില്ല... അതേ സമയം സർക്കാർ ആശുപത്രിയിലങ്ങനെ കാണുമ്പോൾ, ജനം എങ്ങനെയെങ്ങിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതെങ്ങനെ കുറ്റം പറയും... ഒരു വലിയ മുറിയിൽ തന്നെ നാലോ അഞ്ചോ ഡോക്ടർമാർ ഇരുന്ന് ചികിൽസിക്കുന്നു... അങ്ങനെയാണോ സ്വകാര്യ ആശുപത്രികളിൽ... കഴിഞ്ഞ കുറെ വർഷങ്ങളായി, ആശുപത്രി സംരക്ഷണ സമിതിയൊക്കെ പ്രവർത്തിക്കുന്നുണ്ട്... സർക്കാർ ആശുപത്രികളിലെ തിരക്ക് കണ്ടിട്ടില്ലേ... അതിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമല്ലേ... ജനം സർക്കാർ ആശുപത്രികളെ ഉപേക്ഷിച്ചിട്ടില്ല... സർക്കാർ ആശുപത്രികളിലെ തിരക്കിലും മറ്റ് പ്രശ്നങ്ങളിലുംപ്പെട്ട് സമയം കളയാതെ ആരോഗ്യത്തിന്റെ കാര്യമായതുകൊണ്ട്, പണം മുടക്കാൻ തയ്യാറുള്ളവർ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു

നഷ്ടപ്പെട്ടുപോയ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് വിശ്വാസം ആർജിക്കുന്നതിനേക്കാൾ ശ്രമകരമാണ്... അതാണ് സർക്കാർ സംവിധാനങ്ങൾ നേരിടുന്ന പ്രതിസന്ധി...

ജനം ഏതെങ്കിലും മിഥ്യാബോധത്തിന്റെയടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് കരുതുന്നതാണ് നമ്മുടെ മണ്ടത്തരം... കടയിൽ പോയി ഒരു സാധനം വാങ്ങുമ്പോൾ, കേടുപാടുകളൂണ്ടോയെന്ന്, നമ്മൾ തിരിച്ചും മറിച്ചും നോക്കില്ലേ... അതുപോലെ, കുറെ ഗുണനിലവാരപരീക്ഷണങ്ങൾ, ജനം ജനത്തിന്റേതായ മാർഗ്ഗത്തിൽ നടത്തുന്നുണ്ട്... അതിന്റെയൊക്കെ പ്രതിഫലനമാണ്... അവരുടെ പ്രവർത്തികളിലൂടെ കാണുന്നതും... നമ്മുക്കുള്ള ബുദ്ധി ജനത്തിനുമുണ്ടെന്ന നാം മനസിലാക്കുക... ഹല്ല പിന്നെ...

Monday 19 August 2013

ഇന്ത്യൻ കറൻസിക്കും കോപ്പി റൈറ്റ് നിയമം

1952 ഡിസംബർ 31 ന് ശേഷം പുറത്തിറക്കിയിട്ടുള്ള ഇന്ത്യൻ ബാങ്ക് നോട്ടുകൾക്കും നാണയങ്ങൾക്കും ഇന്ത്യൻ കോപ്പി റൈറ്റ് ആക്ട് 1957 (Chapter V Section 25) പ്രകാരം 60 വർഷത്തേക്ക് കോപ്പി റൈറ്റ് ഉണ്ട്...

ദേ... ദിപ്പോൾ പഠിച്ചതാണ്... വിക്കിയിലേക്ക് കയറ്റിയ പടങ്ങൾ അതുപ്രകാരം.. നീക്കം ചെയ്തതായി അറിയിപ്പ് കിട്ടി... ഈ പകർപ്പവാകശ നിയമങ്ങൾ പഠിക്കാൻ തന്നെ ഒരു ജീവിതം വേണ്ടി വരുമല്ലോ... ദേശീയ പതാകയുമായി ബദ്ധപ്പെട്ട നിയമങ്ങൾ വായിച്ചാൽ, തന്നെ മനസിലാകും... കൂടുതൽ കേസുകൾക്കായി കൂടുതൽ നിയമങ്ങൾ...

അതൊക്കെ പോട്ടെ... ഈ പത്രങ്ങളിലും മറ്റും വരുന്ന പടങ്ങൾക്ക് കോപ്പി റൈറ്റ് ബാധകമല്ലേ... ഇന്ത്യൻ രൂപയുടെ പടങ്ങൾ പലയിടത്തും കണ്ടിട്ടുണ്ട്... സിനിമയിലും കാണിക്കാറുണ്ട്... അതൊന്നിനും കോപ്പി റൈറ്റ് ബാധകമല്ലേ... കുട്ടികൾക്കുള്ള പുസ്തകങ്ങളിലും ഇന്ത്യൻ രൂപയുടെ പടങ്ങളുണ്ട്... ഇന്ത്യൻ രൂപയുടെ ഫോട്ടോകോപ്പിയെടുത്ത് പ്രൊജക്ട് പുസ്തകത്തിൽ ഒട്ടിക്കണമെന്ന് കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് നിർദേശവുമുണ്ട്... അതൊക്കെ ഇന്ത്യൻ കോപ്പി റൈറ്റ് ആക്ട് 1957 ന് വിരുദ്ധമല്ലേ... 

കറൻസിയുടെ പടമെടുക്കുന്നത്, എന്തിനാണ് വിലക്കുന്നത്... ആ... ആർക്കറിയാം... കുറെ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്... ലിങ്കിൽ ക്ലിക്കി വയിച്ചുപഠിക്കുക...


പകർപ്പവകാശനിയമം - 1957

Saturday 17 August 2013

വിലക്കയറ്റത്തെ നേരിടാൻ ഒറ്റമൂലി...

യു.പി.എ മാറി എൻ.ഡി.എ വന്നാൽ, അല്ലെങ്കിൽ മൂന്നാം മുന്നണി വന്നാൽ, അതും പോരെങ്കിൽ, ഇടതുപക്ഷം വന്നാൽ, വിലക്കയറ്റം പമ്പ കടക്കുമെന്ന് ചിന്തിക്കുന്നവർക്ക്, സുന്ദരമുഹൂർത്തമാണ് വരാനിരിക്കുന്നത്... 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ, നമ്മുടെയൊക്കെ വോട്ട് ആഞ്ഞ് കുത്തി... വിലക്കയറ്റത്തെ നേരിടാനുള്ള ഒറ്റമൂലി പ്രയോഗത്തിൽ വരുത്തുക... അതും നടക്കട്ടെ...

നമ്മുടെ ഉൽപ്പന്നമായാലും ശമ്പളമായാലും, അതിന്റെ വില എപ്പോഴും കൂടികൊണ്ടിരിക്കണം... അതേ സമയം ഞാൻ വാങ്ങുന്ന സാധനമായാലും സർവീസായായാലും കുറഞ്ഞ വിലയിൽ ലഭിക്കുകയും വേണം... അതിനിടയിലെങ്ങനെ വിലക്കയറ്റം പിടിച്ചുനിർത്തും... ഒരു പ്രഹേളികയാണ്...

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്, ക്രൂഡോയിലിന്റെ വില വർദ്ധന തുടങ്ങി സർക്കാരുകൾ നിയന്ത്രിക്കേണ്ട കരിഞ്ചന്തയും, കോർപ്പോറേറ്റുകൾ തുടങ്ങി ചെറുകിട കച്ചവടക്കാർ വരെ, പ്രദേശിക-ആഗോള വിഷയങ്ങളൊക്കെ നമ്മൾ വാങ്ങുന്ന മൽസ്യത്തിന്റേയും പച്ചക്കറിയുടേയും വിലയെ നിയന്ത്രിക്കുന്നതാണ്... അതൊക്കെ നിയന്ത്രിച്ച് വിപണിയെ വരുതിയിലാക്കുന്നത് ഒരു മാർഗ്ഗമായി അപ്പുറത്ത് നടക്കുമ്പോൾ ഇപ്പുറത്ത് ഉപഭോക്താവ് ഒന്നും ചെയ്യാതിരിക്കുന്നത്, വിലക്കയറ്റത്തെ സഹായിക്കുകയാണ്...

കർഷകർ ചോര വിയർപ്പാക്കി, വർഷം മുഴുവൻ പണിയെടുത്ത്, അരിയും സവാളയും മറ്റ് പച്ചക്കറികളൂം ഉല്പാദിപ്പിച്ച്, മീൻപിടുത്തക്കാർ കടലിൽ പോയി മീൻ പിടിച്ച്, പട്ടണത്തിലും മറ്റു ഉൽപ്പന്നമേഖലകളിലും ഉയർന്ന ശമ്പളം വാങ്ങുന്നവർക്കും, കേരളത്തിന്റേ പ്രത്യേക സാഹചര്യത്തിൽ, ശമ്പളം ദിർഹംസിലും ഡോളറിലും വാങ്ങുന്നവർക്കും... വർഷം മുഴുവനും തുച്ഛവിലയിൽ നൽകാനുള്ള ബാധ്യതയൊന്നുമില്ല... അവർക്കുമുണ്ട് ആഗ്രഹങ്ങൾ... അവരുടെ മക്കൾക്കും നിങ്ങളുടെ മക്കളെപോലെ ജീവിക്കാനുള്ള അവകാശമുണ്ട്... അവർ അസംഘടിതരാണ്... അവരുടെ വിളവിനോ വിപണിക്കോ ഒരു ഉറപ്പുമില്ല... എന്നിട്ടും അവരുടെ ഉൽപ്പന്നത്തിന് വിലക്കൂടിയാൽ കരയുന്നവർ, ചുളുവിലയിൽ അതേ ഉൽപ്പന്നം ലഭിക്കുമ്പോൾ സന്തോഷത്തോടെ  സ്വീകരിക്കുന്നതാണ് കാഴ്ച... കർഷകർ ആത്മഹത്യ ചെയ്യുന്നതുവരെ മാധ്യമങ്ങളും അവരെ കാണാറില്ലല്ലോ...

വീട് നിർമ്മാണത്തിന് അടുത്തുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ, ചിലവ് കുറയുമെന്നതുപോലെ വീടിനടുത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാൻ നാം ശ്രദ്ധ ചെലുത്തണം... എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ വില കൂടുന്ന ഉൽപ്പന്നങ്ങളെ അവഗണിച്ച് താരതമ്യേന വിലക്കുറവുള്ള വസ്തുക്കൾ വാങ്ങി വിലക്കയറ്റത്തെ ഉപഭോക്താവ് നേരിടണം... കരിഞ്ചന്തക്കാർ ഇന്ന് പൂഴ്ത്തിയാലും,  നാളെ വിപണിയിലിറക്കിയേ മതിയാകൂ... ഉപഭോക്താവും കാത്തിരിക്കണം...

ഇന്ത്യ മുഴുവനും വിലക്കയറ്റം നേരിടുകയാണ്... പണപ്പെരുപ്പം 10% എന്നാണെങ്കിലും, നിത്യോപയോഗസാധനങ്ങളുടെ വില അതിനും മുകളിലേക്കാണ് കുതിക്കുന്നത്... കേരളം പോലെയുള്ള ഉപഭോക്ത സംസ്ഥാനത്ത് ("മഠിയന്മാരുടെ" സംസ്ഥാനം എന്നും വായിക്കാം) വിലക്കയറ്റം അതിരൂക്ഷമാണ്... ദേശീയടിസ്ഥാനത്തിലുള്ള ശതമാനക്കണക്കിനും അപ്പുറത്ത്... അതിനെ നേരിടാൻ, കേരളം വിത്യസ്തമായ ഹരിതവിപ്ലവം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു... നമ്മുടെ വീട്ടുമുറ്റത്തോ ടെറസിന്റെ മുകളിലോ... പച്ചക്കറി കൃഷി ചെയ്യ്... വീടീന്റെ മുന്നിൽ ഒരു ടാങ്കിൽ കുറച്ച് മീൻ വളർത്തി നോക്ക്... കുറച്ച് ഭൂമിയുള്ളവർ... പശുവിനെ വളർത്ത്, ആടിനെ വളർത്ത്, കോഴിയെ വളർത്ത്... ചെടിയുമില്ല പൂവുമില്ലാതെ പൂന്തോട്ടമുള്ള മലയാളിയുടെ വീട്ടിൽ ഒരു അടുക്കളത്തോട്ടമില്ല... കൂലി പണി ചെയ്യുന്ന, അല്ലെങ്കിൽ അതുപോലെ കായികദ്ധ്വാനം വേണ്ട ജോലികൾ ചെയ്യുന്നവർ വരെ ഉള്ള സ്ഥലത്ത് കൃഷി ചെയ്യുന്നില്ല... പ്രവാസനാട്ടിലെ വരുമാനം കൊണ്ട് ജീവിക്കുന്നവർ, വീടിന് ചുറ്റും പത്ത് വാഴയോ, ഒരു കട കോവയ്ക്കയോ, രണ്ടോ മുന്ന് വഴുതനങ്ങയോ നടുന്നില്ല... എല്ലാവരും വിപണിയിൽ ചെന്ന് കൂട്ടക്കരച്ചിലാണ്... വിലക്കയറ്റം... പണ്ട്, ഗ്രാമങ്ങളിൽ എല്ലാ വീട്ടിലും അഞ്ചോ പത്തോ കോഴികളുണ്ടായിരുന്നു, അല്ലെങ്കിൽ താറാവ്... ഇന്നില്ല... അപ്പോൾ കോഴിക്കും മുട്ടയ്ക്കും വില കൂടും... തമിഴ്നാട്ടുകാർ കോഴിക്കാട്ടം വാരുന്നത് കാരുണ്യപ്രവർത്തിക്കല്ലല്ലോ...

കൃഷിയും മൃഗപരിപാലനവും ശ്രദ്ധിക്കുന്നതിനായി ഓരോ വാർഡിലും ഓരോ കൃഷി വിദഗ‌്ദനേയും മൃഗഡോക്ട്റേയും നിയമിക്കണം... ഓരോ വീടും കയറിയിറങ്ങി, ജനങ്ങളെ ബോധവത്ക്കരിക്കണം... തരിശിടുന്ന സ്ഥലങ്ങൾ, പാട്ടകൃഷിക്ക് ഉപയുക്തമാക്കുന്ന നടപടികളുണ്ടാകണം... വൻകർഷകരെ ഉന്നം വെയ്ക്കുന്നതിന് പകരം ചെറിയ കർഷകരേയും അടുക്കളത്തോട്ടങ്ങളേയും പ്രോൽസാഹിപ്പിക്കണം... ഇപ്പോൾ സർക്കാർ ചെയ്യുന്നില്ലായെന്നല്ല... പോരാ എന്നാണ്... ഒരു തരംഗമായി കേരളത്തിൽ വ്യാപിക്കണം...  ചെറിയതാണെങ്കിലും, നമ്മുടെ കൃഷിയിലൂടെ വിലക്കയറ്റത്തെ നേരിടാനാകുമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു... അതല്ലേ വിലക്കയറ്റത്തെ നേരിടാനുള്ള ഒറ്റമൂലി...

Tuesday 13 August 2013

എന്തുകൊണ്ട് ഇടതുപക്ഷമുന്നണിക്ക് തുടർവിജയമില്ല...

സി.പി.എം പോലുള്ള ഒരു കേഡർ പാർട്ടിക്ക്, കോൺഗ്രസിനേയും മുഖ്യമന്ത്രിയേയും അടിമുടിമൂടിയ സോളാർ വിഷയം ഇല്ലെങ്കിൽ പോലും... ഒരു ലക്ഷം പേരെ തിരുവന്തപുരത്ത് എത്തിക്കാനാകും... ഡൽഹിയിലെത്തിക്കാനുമാകും... അതിന്റെ കണക്കെടുത്ത് തിരഞ്ഞെടുപ്പ് സ്ഥിരമായി ജയിക്കാനുള്ള പിന്തുണയുണ്ടാകില്ലേയെന്ന് ചിന്തിക്കുന്നത് തന്നെ മഠയത്തരമല്ലേയെന്നാണെന്റെ നിരീക്ഷണം... അത്തരം ചിന്തകളെ താരതമ്യം ചെയ്യാനാകുന്നത്, പ്രിയങ്ക ഗാന്ധിയൊക്കെ നടത്തുന്ന റോഡ് ഷോകളെയാണ്... റോഡ് ഷോകൾക്കനുസരിച്ച് വോട്ടിന്റെ കണക്കുകൂട്ടരുതല്ലോ... സോണിയ ഗാന്ധിയുടെ സമ്മേളണത്തിന്, രണ്ട് ലക്ഷം പേർ വരുകയും പ്രകാശ് കാരാട്ടിന്റെ സമ്മേളണത്തിന് ഒരു ലക്ഷം പേർ വരുകയും ചെയ്തതുകൊണ്ട്... സോണിയ ഗാന്ധിക്ക് പ്രകാശ് കാരാട്ടിനേക്കാൾ നന്നായി ഭരിക്കാനാകില്ലേയെന്ന് സംശയിക്കുന്നതുപോലെയാണ്, തിരുവനന്തപുരത്തെ ചിട്ടയായ സമരം കണ്ടിട്ട്, ഇത്രയും വലിയ പാർട്ടിക്ക് കേരളത്തിൽ ചിട്ടയോടെ സ്ഥിരമായി നല്ല ഭരണം ഭരിക്കാനാകില്ലേയെന്ന് സന്ദേഹിക്കുന്നത്... 

കേഡർ സ്വഭാവമുള്ള ആർ.എസ്.എസ് നടത്തുന്ന പരിപാടികളും, വളരെ ചിട്ടയോടെ നടത്തപ്പെടുന്നതാണ്... ഒരു പക്ഷേ സി.പി.എമ്മിനേക്കാൾ ഒരു പടി മുന്നിൽ... എന്നതുകൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആർ.എസ്.എസിന്റെ പിന്നാലെപോകുന്നില്ലല്ലോ... എതിർക്കാനായി നിരവധി കാരണങ്ങൾ, ജനങ്ങളുടെ മുന്നിലുണ്ട്... പ്രതിഷേധവോട്ടുകളും നിർണ്ണായകമാണ്... 1957 ൽ ഭരണം പിടിച്ചടിക്കിയ കമ്യൂണിസ്റ്റ് പാർട്ടികൾ, ശരികൾ മാത്രമാണ് ചെയ്യുന്നതും, എതിരാളികൾ എല്ലാവരും കള്ളന്മാരുമായിരുന്നുവെങ്കിൽ,  ഇന്ന് മറ്റൊരു പാർട്ടിക്കും ഇവിടെ ഒരു കൊടി പോലുമുണ്ടാകുമായിരുന്നില്ലല്ലോ... ഓൺലൈനിലൊക്കെ എഴുതിവിടുന്നതുപോലെയല്ല പ്രായോഗികതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളെന്ന് ജനത്തിന് മനസിലാകുന്നുവെന്നതാണ് സത്യം... അത് മതത്തിന്റേയും തിരഞ്ഞെടുപ്പിന് മുൻപുള്ള കള്ള് വിതരണവും സൗജന്യറേഷനുമൊക്കെയാണെന്ന് വിലപിക്കുന്നത്, ആത്മവിമർശനം പോലും പാർട്ടിയണികളിൽ നിന്ന് നഷ്ടപ്പെട്ടുവെന്നാണ് മനസിലാക്കേണ്ടത്... അവരും കൂടിയ ഒരു പ്രസ്ഥാനത്തിന്, പ്രാദേശികമായ കണക്കുതീർക്കലിലും വോട്ടുകൾ നഷ്ടപ്പെടും...

ഒരു വിഷയത്തിൽ സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കി അനുകൂലികളുടെ എണ്ണം കണക്കാക്കിയാൽ ശരിയായ ഉത്തരം ലഭിക്കുകയില്ല... ഉദാഹരണം പറയുകയാണെങ്കിൽ, നെടുമ്പാശ്ശേരി എയർപോർട്ടിനെതിരെ ഇടതുപക്ഷമുന്നണി സമരം ചെയ്തു... തെരുവിൽ എണ്ണാകുന്നവർ സമരക്കാരാണ്... പക്ഷേ നിശബ്ദാനുകൂലികളാണ് മറ്റൊരു പക്ഷത്ത്... അവരുടെ എണ്ണം വോട്ടായി മാറുകയാണ്... പക്ഷേ എണ്ണാനായില്ല... നിശബ്ദാനുകൂലികളേയും കാണാവുന്ന മറ്റൊരു മറ്റൊരു ഉദാഹരണം... ഈജിപ്സ്തിലേക്ക് വരു... മുർസി വിരുദ്ധരുടെ പ്രളയമായിരുന്നു... നിശ്ബദാനുകൂലികളെ എണ്ണിയിരുന്നില്ല... മുർസിയുടെ ഭരണം മാറിയപ്പോൾ, നമ്മുടെ മുന്നിലേക്ക് പണ്ട് നിശ്ബദരായിരുന്ന ഇപ്പോഴത്തെ സമരക്കാരെ കാണുന്നില്ലേ... ഇപ്പോൾ പുതിയ നിശബ്ദർ... ആ നിശ്ബദർ സോളാർ വിഷയത്തിലുള്ള സമരത്തിലും കാണാവുന്നതാണ്... ശരിയായ ഒരു സമരം ചെയ്തതുകൊണ്ട് മറ്റെല്ലാ ചെയ്തികളും ന്യായികരിക്കപ്പെടുന്നില്ലയെന്നതും ഓർക്കണം...
സി.പി.എമ്മിന്റെ ഉൾപാർട്ടിപ്രശ്നങ്ങളിലൂടെ തന്നെ ലക്ഷക്കണക്കിന് വോട്ടുകളാണ് നഷ്ടപ്പെട്ടത്, അവരാണ് എം.വി. രാഘവന്റേയും ഗൗരിയമ്മയുടേയും പാർട്ടികളിലേക്ക് വഴിമാറിയത്... ആർ.എം.പിയും മുരളിയും എല്ലാക്കാലത്തുമുണ്ടാകാറുണ്ട്... മൂന്ന് പതിറ്റാണ്ടുകാലം ഇടതുപക്ഷത്തായിരുന്ന വിരേന്ദ്രകുമാറും ഐക്യജനാധിപത്യ മുന്നണിയിലേക്കെത്തിയത്, മുന്നണിപ്രശ്നങ്ങളിലൂടെയാണ്... എന്തിന് സി.പി.എം / സി.പി.ഐ തർക്കങ്ങളും... അങ്ങനെയൊക്കെ വോട്ടുകൾ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് പതിച്ചുനൽകുക...
വിശുദ്ധഗ്രന്ഥങ്ങൾ നോക്കി മതത്തെ വിലയിരുത്തണമെന്ന് പറയുന്ന മതമൗലീകവാദികളുടെ ഒളിച്ചോട്ടമാണ് നയത്തിനാകണം വോട്ട് എന്നൊക്കെ പറയുന്നവർക്കുള്ളൂ... നയം ഒരു ഘടകമേയാകുന്നുള്ളൂ... വോട്ട് നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്... സ്ഥാനാർത്ഥിയുടെ ഗുണം മുതൽ, കഴിഞ്ഞകാല ഭരണങ്ങളും, അതേ ആശയത്തിന്റെ പ്രചാരകരുടെ മറ്റ് സ്ഥലങ്ങളിലെ പ്രവർത്തികൾ... പ്രാദേശികമായി ഇടപഴകുന്ന നേതാക്കളുടെ പ്രവർത്തനശൈലി... കാലത്തിന് പുറകെ സഞ്ചരിക്കുന്ന നേതാക്കളും സമരമാർഗ്ഗങ്ങളും... എല്ലാത്തിനുപരി, തിരഞ്ഞെടുപ്പിനടുത്ത് സംഭവിക്കുന്ന വിഷയങ്ങളും... വി.എസ് അധികാരത്തിൽ കയറിയതിന് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന് തിരഞ്ഞെടുപ്പിലും തോറ്റ പാർട്ടി... നിയമസഭതിരഞ്ഞെടുപ്പിൽ, ദയനീയമായി തോൽക്കുമെന്ന അവസ്ഥയിൽ നിന്ന് ജയത്തിന്റെ വക്കിലേക്കെത്തിയത് വെറും ആറ് മാസത്തെ സംഭവവികാസങ്ങളിലാണ്... വോട്ട് അനുകൂലമാകുന്നതും വളരെ പെട്ടെന്നാണെന്ന് മനസിലാക്കാതെ, പ്രതികൂലമാകുന്ന വോട്ടുകളെല്ലാം ഉത്തരവാദിത്വമില്ലാത്ത വോട്ടേർസിലിടുകയെന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യുപ്പെടുന്നു... 


കേരളത്തിന്റെ എല്ലാവിധവികസനത്തിന്റേയും നേർവകാശികളാണ് കമ്യുണിസ്റ്റ് പാർട്ടികളെന്ന് എഴുതിയിട്ടാൽ, അതിന്റെ അവകാശം ജനം പതിച്ചുനൽകണമെന്നില്ല... അതുകൊണ്ട് തന്നെ അത് വോട്ടായി പെട്ടിയിൽ വീഴില്ല... വീഴാത്ത വോട്ടൊക്കെ മത-സമുദായ-വർഗ്ഗീയവാദികളൂടേയും ആർത്തിപണ്ടാരങ്ങളൂടേയുമാണെന്ന് ലേബലടിച്ച് മണ്ണിൽ തല പൂഴ്ത്തിയിരിക്കാം... നമ്മുക്കുള്ളതുപോലെ ചിന്താശേഷി നാട്ടാർക്കുമെണ്ടെന്ന് മനസിലാക്കുന്നതാണ് രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യപടി... ഓൺലൈനിലും ഓഫ്‌ലൈനിലും... അതില്ലാത്തവർ സ്വന്തം പാർട്ടിക്ക് വോട്ട് നഷ്ടപ്പെടുത്തും... എല്ലാ പാർട്ടികൾക്കും ബാധകമായ കാര്യമാണ്... 
എല്ലാത്തിനുപരി... ജനാധിപത്യത്തിൽ ഒരു പാർട്ടിയുടെ കേഡർ സ്വഭാവം വെച്ച്... കേഡർ സ്വഭാവകൊണ്ടുണ്ടാകുന്ന ഗുണഗങ്ങൾ മാത്രം വെച്ച്, പാർട്ടികളെ വിലയിരുത്തന്നത് ശരിയാണോയെന്ന്, ചിന്തിക്കേണ്ടിയിരിക്കുന്നു... ജനാധിപത്യമെന്നാൽ, പൂർണ്ണസമയരാഷ്ട്രീയമാണ് അതേസമയം പൂർണ്ണസമയകക്ഷിരാഷ്ട്രീയമല്ല... സമരങ്ങൾ ജനാധിപത്യമാകുന്നതുപോലെ ശരിയായ ഭരണത്തിന് പിന്തുണ നൽകുന്നതും ജനാധിപത്യമാണ്... സമരത്തിന് ലഭിക്കുന്ന വോട്ട് പോലെ എതിരേയും ലഭിക്കുന്ന വോട്ടുകളും നിർണ്ണായകമാണ്...  
സ്വകാര്യതാല്പര്യങ്ങളുള്ള 100% പേരിൽ, സ്ഥിരമായി 50 ശതമാനത്തിനടുത്ത് ജനങ്ങളെ മാത്രമേ ഒരു കുടകീഴിൽ നിർത്താനാകൂ എന്നാണെന്റെ നിഗമനം... ഇന്ന് ഐക്യ ജനാധിപത്യ മുന്നണിയിൽ നിൽക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും തോറ്റ് പണ്ടാരമടങ്ങി, കേരളം കമ്യൂണിസ്റ്റ് ആശയങ്ങളുടെ കലവറയായാൽ, ഉടനെയുണ്ടാകും, സി.പി.എം മുന്നണിയും സി.പി.ഐ മുന്നണിയും... അന്നുമുണ്ടാകും... സെക്രട്ടറിയേറ്റ് ഉപരോധങ്ങൾ... ലക്ഷം പേരുടെ തന്നെ... അതാണ് ജനാധിപത്യം... കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾവരെ കടപുഴകി വീണിരിക്കുന്നു... പിന്നെയാണ് ഇച്ചിരിപോന്ന കേരളത്തിൽ...

Sunday 11 August 2013

സോളാറിലെ ജനാധിപത്യവിരുദ്ധസർക്കാർ...

സോളാർ വിഷയം തുടക്കം മുതൽ നേരിട്ടതിൽ ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും സർക്കാരിനും യു.ഡി.എഫിനും പരാജയമാണുണ്ടായത്... അതിന്റെ പാരമ്യതയാണ് സെക്രട്ടറിയേറ്റ് ഉപരോധം നേരിടാനുള്ള സർക്കാരിന്റെ ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങളും... സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങളും പ്രസ്താവനകളൂം... സംശയത്തിന്റെ കുന്തമുന സർക്കാരിലേക്ക് തന്നെ വെച്ചിരിക്കുന്നുവെന്നതാണ് സത്യം...

ജനാധിപത്യസമരങ്ങളെ ജനാധിപത്യപരമായി നേരിടുന്നതിനപ്പുറത്തുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്... ജനാധിപത്യത്തിന് നല്ലതല്ല... സമരവും നേരിടുന്നതും ജനാധിപത്യപരമാകണം... സമരക്കാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളേക്കാൾ വളരെ വലുതാണ്, ഇപ്പോഴുണ്ടായ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളിലെ ജനാധിപത്യവിരുദ്ധ നടപടികൾ... ജനാധിപത്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സമാധാനം നിലനിർത്തുന്നതിൽ രാഷ്ട്രീയമായ തുല്യകടമയാണുള്ളത്... ഭരണം സുതാര്യമായി ഭീതിയില്ലാതെ കൊണ്ടുപോകാനുള്ള നിയമപരമായ ബാധ്യത സർക്കാരിനും... 

സമരത്തെ ഭയപ്പെടാതെ സമരത്തെ നേരിടുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്... അതിനുപകരം സംസ്ഥാനത്തെ ഭീതിജനകമായവസ്ഥയിലേക്ക് തള്ളിയിട്ടതിൽ സർക്കാരിന്റെ പങ്ക് വലുതാണ്... സമരം അക്രമസമരത്തിലേക്ക് നീങ്ങുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെങ്കിൽ, പ്രതിപക്ഷത്തെ പൊതുവേദിയിലൂടെ അറിയിക്കുകയെന്ന രാഷ്ട്രീയപ്രതിരോധമാണ് തീർക്കേണ്ടത്... അക്രമത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയിലും... ഇതിപ്പോൾ സർക്കാർ തന്നെ സമരത്തെ ചൂടുള്ളതാക്കി സർക്കാർ പ്രതിരോധത്തിലാകുന്ന കാഴ്ച്ഛയാണുള്ളത്...

സമരത്തെ വിജയിപ്പിച്ച ഉമ്മൻ ചാണ്ടിയോട് ഇടതുപക്ഷം എന്നും നന്ദിയുള്ളവരായിരിക്കും... ല്ലേ...

വാൽകക്ഷ്ണം... മനസിൽ കുറ്റബോധം തോന്നിയാൽ ചെയ്യുന്നതൊക്കെ യാന്ത്രികമാകും... വിവേചനബുദ്ധി നഷ്ടപ്പെടും... അതല്ലേ... ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും ഇപ്പോഴത്തെയവസ്ഥ...

Monday 5 August 2013

ആവിഷ്കാരസ്വാതന്ത്രത്തിന്റെ പരിധി?

എന്റെ സ്വാതന്ത്ര്യം ചക്രവാളസീമയോളം വലുതാണ്... അത് നിങ്ങളുടെ മൂക്കിനെ ഭേദിക്കുന്നില്ലെങ്കി, നിങ്ങളെന്തിനാണ് എന്റെ സ്വാതന്ത്ര്യക്കുറിച്ച് വ്യാകുലപ്പെടുന്നത്... നിങ്ങ നിങ്ങളുടെ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നത്, നിങ്ങളുടെയിഷ്ടം... നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കരുതെന്ന് പറയാ, എനിക്കവകാശമില്ല എന്നതാണ് സത്യം... അപ്പോഴും വിഷയത്തോട് യോജിക്കുകയോ വിയോജിക്കുകയോയാകാം... ശൈലിയോട് യോജിക്കുകയോ വിയോജിക്കുകയോയാകാം... അതിനെയൊക്കെ സഹിഷ്ണതയോടെ സമീപിക്കാ നാം പഠിക്കുകയാണ് വേണ്ടത്... അതുമാത്രമാണ് പോം വഴി... കാണേണ്ടർ കണ്ടാൽ മതി... കേൾക്കേണ്ടവർ കേട്ടാ മതി... ബാക്കിയുള്ളവർക്ക് കാണാനും കേൾക്കാനുമായി വിശാലമായ ലോകം അപ്പുറത്തുണ്ട്... എല്ലാ സൃഷ്ടികളും നമ്മുടെ പരിധികൾക്കുള്ളിലാകണമെന്ന് നമുക്ക് വാശിയുണ്ടാകരുത്... നമ്മുടെ പരിധിക്കപ്പുറത്തെ ലോകം അവരുടേതായ കണ്ണിലൂടെ നോക്കികാണാൻ പഠിക്കുക... ഇഷ്ടപ്പെട്ടത് സാംശീകരിക്കുക... അല്ലെങ്കിൽ അവഗണിക്കുക...

മദാമയെ നോക്കി... ദേ... അവർ തുണിയില്ലാതെ നടക്കുന്നുവെന്ന് പരിഹസിക്കുന്നവർ തന്നെ അറബി പെണ്ണുങ്ങളെ നോക്കി... ദേ... അവർ മൂടിപുതച്ച് നടക്കുന്നു... നമ്മുടെ വസ്ത്രധാരണമാണ് ശരി... എനിക്ക് മുന്നിലും പിന്നിലുമുള്ളത് തെറ്റും ഞാൻ മാത്രമാണ് ശരിയെന്ന വാശിയും... നമ്മുടെ പരിധി നാം തന്നെ സൃഷ്ടിക്കുന്നതാണ്... ആ വേലിക്കെട്ടുകൾക്കുള്ളിലാകണം അന്യരുടേയും സ്വാതന്ത്ര്യം എന്ന് വാശിപിടിക്കുന്നിടത്ത് നാം പരാജയപ്പെടുകയാണ്...

എനിക്ക് യോജിപ്പില്ലാത്തതിനോടോക്കെ അസഹിഷ്ണതപരമായ നിലപാടുമായി മുന്നോട്ട് പോകാനാകില്ല... നിയമത്തിന്റെ ചാട്ടവാറുപയോഗിച്ച് അടിച്ചിരുത്തുന്നതിനോടും യോജിക്കുന്നില്ല... നിയമത്തിന്റെ വരികളിലൂടെ പോയാൽ കേസെടുക്കാനുള്ള വകുപ്പൊക്കെ എവിടേയും കാണും... നിയമം സൃഷ്ടിക്കുന്നത് തന്നെ ശരാശരിയിൽ കയർ പിടിച്ചിട്ട്, അതിന് താഴെയും മുകളിലുമുള്ളത് കുറ്റകരം എന്ന് വിധിക്കുകയാണെന്ന് പലപ്പോഴും തോന്നാറുണ്ട്... ദൈവം ഇല്ലായെന്ന് പറയുന്നത്, പാക്കിസ്ഥാനിൽ കുറ്റകരമാണ്... ഇന്ത്യയിൽ കുറ്റകരമല്ല... നമ്മുടെ കയർ മറ്റൊരിടത്താണ് കെട്ടിയിരിക്കുന്നത്...

കന്യകാമറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് പുത്രന് ജന്മം നൽകിയെന്ന് ബൈബിൾ... ഓ പിന്നെ... എന്ന് ചോദിക്കാൻ തോന്നുന്നില്ലേ... വെള്ളം വീഞ്ഞാക്കിയെന്ന് ബൈബിൾ പറയുന്നത് നിരോധിക്കാതെ, വാറ്റായിരുന്നോ പണിയെന്ന് ചോദിക്കുന്നതെങ്ങനെ നിരോധിക്കും... അതിനാൽ ചോദിക്കാനുള്ള അവകാശം നിലനിൽക്കണം... അതിന് പരിധി നിശ്ചയിക്കുന്നത് സമൂഹത്തിന്റെ വളർച്ചയ്ക്ക് ഗുണകരമല്ല... 

വിവാദങ്ങളും പ്രകോപനങ്ങളും സൃഷ്ടിച്ച് ശ്രദ്ധ നേടുന്നത് സാധാരണമാണ്... വസ്തുതയില്ലെങ്കിൽ, അവഗണിക്കുക... അതിനേക്കാൾ നല്ല പ്രതിവിധിയില്ല... ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... അതേ സമയം വിവാദങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കാതെ പറയാനുള്ളത് പറയുക... അതാണ് എന്റെ റൈറ്റ്...

വാൽകക്ഷണം... തെറിവിളിയും അസഭ്യപ്രചരണവും "വിമർശനമാണെന്ന്" തെറ്റിദ്ധരിക്കരുത്...

Thursday 1 August 2013

അമൃതയിലെ ക്രൂരവിനോദം - കഥയല്ലിത് ജീവിതം...

ആ പിതാവ് ആത്മഹത്യ ചെയ്തതിന്റെ യഥാർത്ഥകാരണം... അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ (ഉവ്വ... ഇപ്പോ വരും കാത്തിരുന്നോ...) അല്ലെങ്കിൽ ഒരു പക്ഷേ ആത്മഹത്യയ്ക്ക് വേറെ വല്ല കാരണമുണ്ടാകാം... ഒന്നും തീർപ്പ് കൽപ്പിക്കുന്നില്ല...

അതേ സമയം... അമൃത ടി.വി യും ചാനലുകാരും, അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് പരിപാടികളുമായി മുന്നോട്ട് പോകുന്ന മാധ്യമപ്രവർത്തകർ... സ്വന്തം മനസാക്ഷിയോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്... ഈ ദരിദ്രനാരായണന്മാരുടെ കുടുംബപ്രശ്നം നാട്ടാരറിയിച്ച്, അവരെ കൊല്ലാകൊല ചെയ്യുന്നതാണോ മാധ്യമം പ്രവർത്തനം... അതിനെന്ത് വാർത്താപ്രാധാന്യമാണുള്ളത്... പാവങ്ങളേയും അറിവില്ലാത്തവരേയും ചൂക്ഷണം ചെയ്താണ്... അമൃതയിലെ കഥയല്ലിത് ജീവിതം നിലനിൽക്കുന്നത്... അതൊക്കെ പ്രക്ഷേപണം ചെയ്യാനുള്ള നിലവാരമേ ഒരു ചാനലിനുള്ളുയെന്നതാണ് വേദനാജനകം... സ്നേഹത്തെക്കുറിച്ച് വാതോരാതെ പറയുന്ന അമൃതാനന്ദമയിയുടെ സ്വന്തം ചാനലായ അമൃതയിലാണ് കഥയല്ലിത് ജീവിതം സംപ്രേക്ഷണം ചെയ്യുന്നതെന്നത് കൂടുതൽ പരിഹാസ്യമാക്കുന്നു...

അമൃതക്കെതിരെ കേസെടുക്കണം... പാവങ്ങളെ ചൂക്ഷണം ചെയ്തെന്ന ചാർജ് ചെയ്യണം... പോലിസ് മടിക്കും... മറ്റ് ചാനലുകാർ, ഈ പരിപാടിയിൽ പങ്കെടുത്തവരെ സമീപിക്കണം... അവരെ എങ്ങനെയാണ് ഈ പരിപാടിക്കെത്തിച്ചതെന്ന് അന്വേഷിച്ചാൽ, അതിന്റെ പിന്നിലെ കാശിന്റെ സ്വാധീനം വെളിച്ചത് വരും... സമതപത്രം ഒപ്പിട്ട് തന്നുവത്രെ... ചാനലുകാരുടെ ന്യായം കണ്ടില്ലേ... ഒരു പ്രശ്നം തീർന്ന്, ഞങ്ങൾ സുഖമായി ജീവിക്കുന്നുവെന്നറിയിച്ചിട്ടും പ്രക്ഷേപണം ചെയ്ത്... ആ കുടുംബത്തെ സമൂഹത്തിന്റെ മുന്നിൽ നാറ്റിക്കേണ്ടയെന്ന് ചിന്തിക്കാനുള്ള ധാർമികബോധമെങ്കിലും ചാനലുകാർക്കുണ്ടാകണമായിരുന്നു... വാദിയും പ്രതിയും ചെന്ന് പോലിസ് സ്റ്റേഷനിൽ ചെന്ന് സാറേ... ഞങ്ങൾക്ക് പരാതിയില്ലെന്ന് പറഞ്ഞാൽ, നിങ്ങൾക്ക് പരാതിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്കാണോ പരാതിയെന്ന് ചോദിച്ച് വണ്ടി വിടും...

എന്റെ കുടുംബപ്രശ്നം നാലാളുടെ മുന്നിലിട്ടലക്കുന്നത് എനിക്ക് കേട്ടിരിക്കാനാകില്ല... പിന്നെയാണോ ടി.വിയിൽ  നാട് മുഴുവനും വരുന്നത് കണ്ടിരിക്കാൻ, ഒരു പിതാവിന് സാധിക്കുന്നത്... 

http://www.reporteronlive.com/2013/08/01/38673.html