Saturday 17 August 2013

വിലക്കയറ്റത്തെ നേരിടാൻ ഒറ്റമൂലി...

യു.പി.എ മാറി എൻ.ഡി.എ വന്നാൽ, അല്ലെങ്കിൽ മൂന്നാം മുന്നണി വന്നാൽ, അതും പോരെങ്കിൽ, ഇടതുപക്ഷം വന്നാൽ, വിലക്കയറ്റം പമ്പ കടക്കുമെന്ന് ചിന്തിക്കുന്നവർക്ക്, സുന്ദരമുഹൂർത്തമാണ് വരാനിരിക്കുന്നത്... 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ, നമ്മുടെയൊക്കെ വോട്ട് ആഞ്ഞ് കുത്തി... വിലക്കയറ്റത്തെ നേരിടാനുള്ള ഒറ്റമൂലി പ്രയോഗത്തിൽ വരുത്തുക... അതും നടക്കട്ടെ...

നമ്മുടെ ഉൽപ്പന്നമായാലും ശമ്പളമായാലും, അതിന്റെ വില എപ്പോഴും കൂടികൊണ്ടിരിക്കണം... അതേ സമയം ഞാൻ വാങ്ങുന്ന സാധനമായാലും സർവീസായായാലും കുറഞ്ഞ വിലയിൽ ലഭിക്കുകയും വേണം... അതിനിടയിലെങ്ങനെ വിലക്കയറ്റം പിടിച്ചുനിർത്തും... ഒരു പ്രഹേളികയാണ്...

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്, ക്രൂഡോയിലിന്റെ വില വർദ്ധന തുടങ്ങി സർക്കാരുകൾ നിയന്ത്രിക്കേണ്ട കരിഞ്ചന്തയും, കോർപ്പോറേറ്റുകൾ തുടങ്ങി ചെറുകിട കച്ചവടക്കാർ വരെ, പ്രദേശിക-ആഗോള വിഷയങ്ങളൊക്കെ നമ്മൾ വാങ്ങുന്ന മൽസ്യത്തിന്റേയും പച്ചക്കറിയുടേയും വിലയെ നിയന്ത്രിക്കുന്നതാണ്... അതൊക്കെ നിയന്ത്രിച്ച് വിപണിയെ വരുതിയിലാക്കുന്നത് ഒരു മാർഗ്ഗമായി അപ്പുറത്ത് നടക്കുമ്പോൾ ഇപ്പുറത്ത് ഉപഭോക്താവ് ഒന്നും ചെയ്യാതിരിക്കുന്നത്, വിലക്കയറ്റത്തെ സഹായിക്കുകയാണ്...

കർഷകർ ചോര വിയർപ്പാക്കി, വർഷം മുഴുവൻ പണിയെടുത്ത്, അരിയും സവാളയും മറ്റ് പച്ചക്കറികളൂം ഉല്പാദിപ്പിച്ച്, മീൻപിടുത്തക്കാർ കടലിൽ പോയി മീൻ പിടിച്ച്, പട്ടണത്തിലും മറ്റു ഉൽപ്പന്നമേഖലകളിലും ഉയർന്ന ശമ്പളം വാങ്ങുന്നവർക്കും, കേരളത്തിന്റേ പ്രത്യേക സാഹചര്യത്തിൽ, ശമ്പളം ദിർഹംസിലും ഡോളറിലും വാങ്ങുന്നവർക്കും... വർഷം മുഴുവനും തുച്ഛവിലയിൽ നൽകാനുള്ള ബാധ്യതയൊന്നുമില്ല... അവർക്കുമുണ്ട് ആഗ്രഹങ്ങൾ... അവരുടെ മക്കൾക്കും നിങ്ങളുടെ മക്കളെപോലെ ജീവിക്കാനുള്ള അവകാശമുണ്ട്... അവർ അസംഘടിതരാണ്... അവരുടെ വിളവിനോ വിപണിക്കോ ഒരു ഉറപ്പുമില്ല... എന്നിട്ടും അവരുടെ ഉൽപ്പന്നത്തിന് വിലക്കൂടിയാൽ കരയുന്നവർ, ചുളുവിലയിൽ അതേ ഉൽപ്പന്നം ലഭിക്കുമ്പോൾ സന്തോഷത്തോടെ  സ്വീകരിക്കുന്നതാണ് കാഴ്ച... കർഷകർ ആത്മഹത്യ ചെയ്യുന്നതുവരെ മാധ്യമങ്ങളും അവരെ കാണാറില്ലല്ലോ...

വീട് നിർമ്മാണത്തിന് അടുത്തുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ, ചിലവ് കുറയുമെന്നതുപോലെ വീടിനടുത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാൻ നാം ശ്രദ്ധ ചെലുത്തണം... എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ വില കൂടുന്ന ഉൽപ്പന്നങ്ങളെ അവഗണിച്ച് താരതമ്യേന വിലക്കുറവുള്ള വസ്തുക്കൾ വാങ്ങി വിലക്കയറ്റത്തെ ഉപഭോക്താവ് നേരിടണം... കരിഞ്ചന്തക്കാർ ഇന്ന് പൂഴ്ത്തിയാലും,  നാളെ വിപണിയിലിറക്കിയേ മതിയാകൂ... ഉപഭോക്താവും കാത്തിരിക്കണം...

ഇന്ത്യ മുഴുവനും വിലക്കയറ്റം നേരിടുകയാണ്... പണപ്പെരുപ്പം 10% എന്നാണെങ്കിലും, നിത്യോപയോഗസാധനങ്ങളുടെ വില അതിനും മുകളിലേക്കാണ് കുതിക്കുന്നത്... കേരളം പോലെയുള്ള ഉപഭോക്ത സംസ്ഥാനത്ത് ("മഠിയന്മാരുടെ" സംസ്ഥാനം എന്നും വായിക്കാം) വിലക്കയറ്റം അതിരൂക്ഷമാണ്... ദേശീയടിസ്ഥാനത്തിലുള്ള ശതമാനക്കണക്കിനും അപ്പുറത്ത്... അതിനെ നേരിടാൻ, കേരളം വിത്യസ്തമായ ഹരിതവിപ്ലവം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു... നമ്മുടെ വീട്ടുമുറ്റത്തോ ടെറസിന്റെ മുകളിലോ... പച്ചക്കറി കൃഷി ചെയ്യ്... വീടീന്റെ മുന്നിൽ ഒരു ടാങ്കിൽ കുറച്ച് മീൻ വളർത്തി നോക്ക്... കുറച്ച് ഭൂമിയുള്ളവർ... പശുവിനെ വളർത്ത്, ആടിനെ വളർത്ത്, കോഴിയെ വളർത്ത്... ചെടിയുമില്ല പൂവുമില്ലാതെ പൂന്തോട്ടമുള്ള മലയാളിയുടെ വീട്ടിൽ ഒരു അടുക്കളത്തോട്ടമില്ല... കൂലി പണി ചെയ്യുന്ന, അല്ലെങ്കിൽ അതുപോലെ കായികദ്ധ്വാനം വേണ്ട ജോലികൾ ചെയ്യുന്നവർ വരെ ഉള്ള സ്ഥലത്ത് കൃഷി ചെയ്യുന്നില്ല... പ്രവാസനാട്ടിലെ വരുമാനം കൊണ്ട് ജീവിക്കുന്നവർ, വീടിന് ചുറ്റും പത്ത് വാഴയോ, ഒരു കട കോവയ്ക്കയോ, രണ്ടോ മുന്ന് വഴുതനങ്ങയോ നടുന്നില്ല... എല്ലാവരും വിപണിയിൽ ചെന്ന് കൂട്ടക്കരച്ചിലാണ്... വിലക്കയറ്റം... പണ്ട്, ഗ്രാമങ്ങളിൽ എല്ലാ വീട്ടിലും അഞ്ചോ പത്തോ കോഴികളുണ്ടായിരുന്നു, അല്ലെങ്കിൽ താറാവ്... ഇന്നില്ല... അപ്പോൾ കോഴിക്കും മുട്ടയ്ക്കും വില കൂടും... തമിഴ്നാട്ടുകാർ കോഴിക്കാട്ടം വാരുന്നത് കാരുണ്യപ്രവർത്തിക്കല്ലല്ലോ...

കൃഷിയും മൃഗപരിപാലനവും ശ്രദ്ധിക്കുന്നതിനായി ഓരോ വാർഡിലും ഓരോ കൃഷി വിദഗ‌്ദനേയും മൃഗഡോക്ട്റേയും നിയമിക്കണം... ഓരോ വീടും കയറിയിറങ്ങി, ജനങ്ങളെ ബോധവത്ക്കരിക്കണം... തരിശിടുന്ന സ്ഥലങ്ങൾ, പാട്ടകൃഷിക്ക് ഉപയുക്തമാക്കുന്ന നടപടികളുണ്ടാകണം... വൻകർഷകരെ ഉന്നം വെയ്ക്കുന്നതിന് പകരം ചെറിയ കർഷകരേയും അടുക്കളത്തോട്ടങ്ങളേയും പ്രോൽസാഹിപ്പിക്കണം... ഇപ്പോൾ സർക്കാർ ചെയ്യുന്നില്ലായെന്നല്ല... പോരാ എന്നാണ്... ഒരു തരംഗമായി കേരളത്തിൽ വ്യാപിക്കണം...  ചെറിയതാണെങ്കിലും, നമ്മുടെ കൃഷിയിലൂടെ വിലക്കയറ്റത്തെ നേരിടാനാകുമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു... അതല്ലേ വിലക്കയറ്റത്തെ നേരിടാനുള്ള ഒറ്റമൂലി...

No comments: