Sunday, 25 August 2013

അരിപ്രാഞ്ചിക്കെന്താ പ്രശ്നം...

അന്യന്റെ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി നമ്മുടെ രണ്ട് ചെവിയും രണ്ട് കണ്ണും ദാനം ചെയ്തിരിക്കുന്നതുപോലെയാണ് മറ്റുള്ളവരുടെ പ്രവർത്തികൾ ചികഞ്ഞ് തെറ്റ് കണ്ടുപിടിച്ച് നമ്മുടെ കഴിവില്ലായ്മയിൽ തല പൂഴ്ത്തിയിരിക്കുന്നത്... മറ്റുള്ളവർ ചെയ്യുന്ന കാര്യത്തിൽ 100% ശരി അന്വേഷിക്കുന്ന നമുക്ക് നമ്മുടെ പ്രവർത്തിലും വാക്കുകളിലും 10% ശരി ചെയ്യാനാകുന്നില്ലായെന്നത് സൗകര്യപൂർവ്വം മൂടി വെയ്ക്കുകയും ചെയ്യുന്നു...

ദാനമായാലും സഹായമായാലും അതിന്റെ പിന്നിൽ "സ്വാർത്ഥതയുണ്ടെന്ന്" ആദ്യമേ നാം ഭാവനയിൽ കാണും... പിന്നെ തെളിവുകൾ കണ്ടെത്തി ക്രൂശിക്കുകയാണ് അടിസ്ഥാനരീതി... ചിറ്റിലപ്പിള്ളി ഔസേപ്പ് മുതൽ ബോബി ചെമ്മണൂർ വരെ, രവി പിള്ള മുതൽ ആയിരം രൂപ സഹായിക്കുന്ന സാധാരണക്കാരനെവരെ... പുച്ഛിക്കുക... സഹായത്തിന് പിന്നിൽ മുതലാളിമാരാണെങ്കിൽ, അരിപ്രാഞ്ചിയെന്ന ലേബലിൽ എല്ലാ തീർന്നു... അരിപ്രാഞ്ചിക്കെന്താ പ്രശ്നം... അരിപ്രാഞ്ചി തരുന്ന അരിയിട്ട് വെച്ചാൽ എന്റെ കുട്ടികളുടെ വിശപ്പ് മാറില്ലേ... അല്ലെങ്കിൽ, അരിപ്രാഞ്ചിയല്ലാത്ത നിങ്ങൾ തന്നാലും മതി... എനിക്ക് എന്റെ കുട്ടികളുടെ വിശപ്പ് മാറുകയാണ് പ്രധാനം...

യൂസഫലി സ്വന്തം സ്ഥാപനത്തിലേക്ക് ജോലിക്കാരെ നേരിട്ട് തിരഞ്ഞെടുത്തതുപോലും, പലർക്കും ദഹിക്കുന്നില്ല... ഹേ... യൂസഫലി, സ്ഥാപനം നിങ്ങളുടേതാകും... പക്ഷേ എങ്ങനെ ജോലിക്കാരെ തിരഞ്ഞെടുക്കണമെന്ന്, ഞങ്ങൾ തീരുമാനിക്കും... അതുപോലെ മതി... ഹല്ല പിന്നെ... 

രവി പിള്ളയുടെ കയ്യിൽ കുറെ കാശുണ്ട്... അതിൽ കുറച്ചെടുത്ത് 101 നിർധനരെ കെട്ടിച്ചുവിടുന്നു... വേറെയും *കുറെ* കാശെടുത്ത്, ലക്ഷക്കണക്കിന് പേരെയറിയിക്കുന്നു... നമുക്ക് നഷ്ടമൊന്നുമില്ല... സർക്കാരിനും... സാമൂഹ്യവിരുദ്ധവുമല്ല... പിന്നെന്തിന് നാം ഗർവിക്കണം... സഹായം ചെയ്യുന്നവരുടെ മനോഭാവം പ്രശ്നമാകേണ്ടതുണ്ടോ... ഇല്ലായെന്നാണ് എന്റെ അഭിപ്രായം... രവി പിള്ളയ്ക്ക് കിട്ടുന്ന പ്രശംസ കണ്ടിട്ട്, മറ്റൊരു മുതലാളിക്ക് 1001 പേരെ സഹായിക്കണമെന്ന് തോന്നിയാലോ... അരി പ്രാഞ്ചി മനോഭാവമായിരിക്കും... അതിൽ നമുക്കെന്ത്... കുറെ അരിപ്രാഞ്ചി മനോഭാവമുള്ളവരുള്ളതുകൊണ്ട്... കുറെ പേർക്ക് സഹായമാകുന്നു... അല്ലെങ്കിൽ പിന്നെ പ്രശസ്തി ആഗ്രഹിക്കാത്ത, അഭിനന്ദനം ആഗ്രഹിക്കാത്ത, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പ്രതിഫലം ആഗ്രഹിക്കാത്തവർ ആരാണുള്ളത്... ലൗകീക ജീവിതത്തിൽ സഹായം ചെയ്താൽ ആത്മീയലോകത്ത് സ്വർഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് സഹായം ചെയ്യുന്നവരില്ലേ... അങ്ങനെയൊരു സ്വർഗ്ഗരാജ്യമില്ലായെന്ന് കരുതുന്നവരെ സംബദ്ധിച്ച്, അത് മണ്ടത്തരമാണ്... എന്നാലും, ലൗകീക ജീവിതത്തിൽ സഹായം ചെയ്യുന്നുണ്ടല്ലോ... ല്ലേ... അത് മതിയില്ലേ...

രവി പിള്ള ബിസിനസുകാരനാണ്... ഗുഡ് വിൽ നിർമ്മാണമായിരിക്കും... എന്തായാലും സർക്കാർ ചിലവിലൊന്നുമായിരിക്കില്ലല്ലോ കല്ല്യാണ പന്തലിലേക്ക് വരുക... പക്ഷേ അവിടെ വരുന്ന മന്ത്രിമാരും എം.പി മാരും മറ്റും സർക്കാർ ചിലവിലാണ് രവി പിള്ളയുടെ സ്വകാര്യ പരിപാടി എഴുന്നള്ളുക... നൂറുക്കണക്കിന് നേതാക്കൾ വരേണ്ട കാര്യമൊന്നുമില്ല... രവി പിള്ളയിടുന്ന ട്യൂണിനനുസരിച്ച് "ആടാൻ" വരുന്ന രാഷ്ട്രീയ-മത-സാമൂഹിക നേതാക്കളേക്കാൾ എന്തുകൊണ്ടും നല്ലത് അരിപ്രാഞ്ചി മനോഭാവമാണ്... ഒറ്റവാക്കിൽ പറഞ്ഞാൽ, രവി പിള്ള ക്ഷണിക്കും... ഞാൻ പോകാൻ മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് ക്ഷണം സ്വീകരിക്കുന്നവർ ചിന്തിക്കേണ്ടതാണ്... അവരോടുള്ള എന്റെ വിയോജനക്കുറിപ്പും ഇവിടെ രേഖപ്പെടുത്തുന്നു... അവർക്കെതിരെയില്ലാത്ത പ്രതിക്ഷേധമാണല്ലോ രവി പിള്ളയോട്...

ഒന്നുമില്ലെങ്കിലും 101 പെൺകുട്ടികൾക്ക് ഒരു ജീവിതം ലഭിക്കുമല്ലോ... എന്നെകൊണ്ടോ നിങ്ങളെകൊണ്ടോ സാധിക്കാത്തത്... അതുകൊണ്ട് തന്നെ 101 കുടുംബങ്ങളുടെ കൂടെ എന്റെ മനസും രവി പിള്ളയുടെ കൂടെയാണ്... നിങ്ങളുണ്ടായാലും ഇല്ലെങ്കിലും...


വാൽകക്ഷണം... സർക്കാർ ഖജനാവിൽ നിന്ന് പൈസയെടുത്ത്, "കക്കൂസ്" നിർമിച്ച് അതിന്റെ മുകളിൽ... "കോത്താഴത്തെ" എം.പി വക എന്നൊക്കെ എഴുതിവെയ്ക്കുന്ന നാട്ടിലാണ്... നമ്മൾ ജീവിക്കുന്നത്... 
Post a Comment