Tuesday, 13 August 2013

എന്തുകൊണ്ട് ഇടതുപക്ഷമുന്നണിക്ക് തുടർവിജയമില്ല...

സി.പി.എം പോലുള്ള ഒരു കേഡർ പാർട്ടിക്ക്, കോൺഗ്രസിനേയും മുഖ്യമന്ത്രിയേയും അടിമുടിമൂടിയ സോളാർ വിഷയം ഇല്ലെങ്കിൽ പോലും... ഒരു ലക്ഷം പേരെ തിരുവന്തപുരത്ത് എത്തിക്കാനാകും... ഡൽഹിയിലെത്തിക്കാനുമാകും... അതിന്റെ കണക്കെടുത്ത് തിരഞ്ഞെടുപ്പ് സ്ഥിരമായി ജയിക്കാനുള്ള പിന്തുണയുണ്ടാകില്ലേയെന്ന് ചിന്തിക്കുന്നത് തന്നെ മഠയത്തരമല്ലേയെന്നാണെന്റെ നിരീക്ഷണം... അത്തരം ചിന്തകളെ താരതമ്യം ചെയ്യാനാകുന്നത്, പ്രിയങ്ക ഗാന്ധിയൊക്കെ നടത്തുന്ന റോഡ് ഷോകളെയാണ്... റോഡ് ഷോകൾക്കനുസരിച്ച് വോട്ടിന്റെ കണക്കുകൂട്ടരുതല്ലോ... സോണിയ ഗാന്ധിയുടെ സമ്മേളണത്തിന്, രണ്ട് ലക്ഷം പേർ വരുകയും പ്രകാശ് കാരാട്ടിന്റെ സമ്മേളണത്തിന് ഒരു ലക്ഷം പേർ വരുകയും ചെയ്തതുകൊണ്ട്... സോണിയ ഗാന്ധിക്ക് പ്രകാശ് കാരാട്ടിനേക്കാൾ നന്നായി ഭരിക്കാനാകില്ലേയെന്ന് സംശയിക്കുന്നതുപോലെയാണ്, തിരുവനന്തപുരത്തെ ചിട്ടയായ സമരം കണ്ടിട്ട്, ഇത്രയും വലിയ പാർട്ടിക്ക് കേരളത്തിൽ ചിട്ടയോടെ സ്ഥിരമായി നല്ല ഭരണം ഭരിക്കാനാകില്ലേയെന്ന് സന്ദേഹിക്കുന്നത്... 

കേഡർ സ്വഭാവമുള്ള ആർ.എസ്.എസ് നടത്തുന്ന പരിപാടികളും, വളരെ ചിട്ടയോടെ നടത്തപ്പെടുന്നതാണ്... ഒരു പക്ഷേ സി.പി.എമ്മിനേക്കാൾ ഒരു പടി മുന്നിൽ... എന്നതുകൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആർ.എസ്.എസിന്റെ പിന്നാലെപോകുന്നില്ലല്ലോ... എതിർക്കാനായി നിരവധി കാരണങ്ങൾ, ജനങ്ങളുടെ മുന്നിലുണ്ട്... പ്രതിഷേധവോട്ടുകളും നിർണ്ണായകമാണ്... 1957 ൽ ഭരണം പിടിച്ചടിക്കിയ കമ്യൂണിസ്റ്റ് പാർട്ടികൾ, ശരികൾ മാത്രമാണ് ചെയ്യുന്നതും, എതിരാളികൾ എല്ലാവരും കള്ളന്മാരുമായിരുന്നുവെങ്കിൽ,  ഇന്ന് മറ്റൊരു പാർട്ടിക്കും ഇവിടെ ഒരു കൊടി പോലുമുണ്ടാകുമായിരുന്നില്ലല്ലോ... ഓൺലൈനിലൊക്കെ എഴുതിവിടുന്നതുപോലെയല്ല പ്രായോഗികതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളെന്ന് ജനത്തിന് മനസിലാകുന്നുവെന്നതാണ് സത്യം... അത് മതത്തിന്റേയും തിരഞ്ഞെടുപ്പിന് മുൻപുള്ള കള്ള് വിതരണവും സൗജന്യറേഷനുമൊക്കെയാണെന്ന് വിലപിക്കുന്നത്, ആത്മവിമർശനം പോലും പാർട്ടിയണികളിൽ നിന്ന് നഷ്ടപ്പെട്ടുവെന്നാണ് മനസിലാക്കേണ്ടത്... അവരും കൂടിയ ഒരു പ്രസ്ഥാനത്തിന്, പ്രാദേശികമായ കണക്കുതീർക്കലിലും വോട്ടുകൾ നഷ്ടപ്പെടും...

ഒരു വിഷയത്തിൽ സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കി അനുകൂലികളുടെ എണ്ണം കണക്കാക്കിയാൽ ശരിയായ ഉത്തരം ലഭിക്കുകയില്ല... ഉദാഹരണം പറയുകയാണെങ്കിൽ, നെടുമ്പാശ്ശേരി എയർപോർട്ടിനെതിരെ ഇടതുപക്ഷമുന്നണി സമരം ചെയ്തു... തെരുവിൽ എണ്ണാകുന്നവർ സമരക്കാരാണ്... പക്ഷേ നിശബ്ദാനുകൂലികളാണ് മറ്റൊരു പക്ഷത്ത്... അവരുടെ എണ്ണം വോട്ടായി മാറുകയാണ്... പക്ഷേ എണ്ണാനായില്ല... നിശബ്ദാനുകൂലികളേയും കാണാവുന്ന മറ്റൊരു മറ്റൊരു ഉദാഹരണം... ഈജിപ്സ്തിലേക്ക് വരു... മുർസി വിരുദ്ധരുടെ പ്രളയമായിരുന്നു... നിശ്ബദാനുകൂലികളെ എണ്ണിയിരുന്നില്ല... മുർസിയുടെ ഭരണം മാറിയപ്പോൾ, നമ്മുടെ മുന്നിലേക്ക് പണ്ട് നിശ്ബദരായിരുന്ന ഇപ്പോഴത്തെ സമരക്കാരെ കാണുന്നില്ലേ... ഇപ്പോൾ പുതിയ നിശബ്ദർ... ആ നിശ്ബദർ സോളാർ വിഷയത്തിലുള്ള സമരത്തിലും കാണാവുന്നതാണ്... ശരിയായ ഒരു സമരം ചെയ്തതുകൊണ്ട് മറ്റെല്ലാ ചെയ്തികളും ന്യായികരിക്കപ്പെടുന്നില്ലയെന്നതും ഓർക്കണം...
സി.പി.എമ്മിന്റെ ഉൾപാർട്ടിപ്രശ്നങ്ങളിലൂടെ തന്നെ ലക്ഷക്കണക്കിന് വോട്ടുകളാണ് നഷ്ടപ്പെട്ടത്, അവരാണ് എം.വി. രാഘവന്റേയും ഗൗരിയമ്മയുടേയും പാർട്ടികളിലേക്ക് വഴിമാറിയത്... ആർ.എം.പിയും മുരളിയും എല്ലാക്കാലത്തുമുണ്ടാകാറുണ്ട്... മൂന്ന് പതിറ്റാണ്ടുകാലം ഇടതുപക്ഷത്തായിരുന്ന വിരേന്ദ്രകുമാറും ഐക്യജനാധിപത്യ മുന്നണിയിലേക്കെത്തിയത്, മുന്നണിപ്രശ്നങ്ങളിലൂടെയാണ്... എന്തിന് സി.പി.എം / സി.പി.ഐ തർക്കങ്ങളും... അങ്ങനെയൊക്കെ വോട്ടുകൾ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് പതിച്ചുനൽകുക...
വിശുദ്ധഗ്രന്ഥങ്ങൾ നോക്കി മതത്തെ വിലയിരുത്തണമെന്ന് പറയുന്ന മതമൗലീകവാദികളുടെ ഒളിച്ചോട്ടമാണ് നയത്തിനാകണം വോട്ട് എന്നൊക്കെ പറയുന്നവർക്കുള്ളൂ... നയം ഒരു ഘടകമേയാകുന്നുള്ളൂ... വോട്ട് നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്... സ്ഥാനാർത്ഥിയുടെ ഗുണം മുതൽ, കഴിഞ്ഞകാല ഭരണങ്ങളും, അതേ ആശയത്തിന്റെ പ്രചാരകരുടെ മറ്റ് സ്ഥലങ്ങളിലെ പ്രവർത്തികൾ... പ്രാദേശികമായി ഇടപഴകുന്ന നേതാക്കളുടെ പ്രവർത്തനശൈലി... കാലത്തിന് പുറകെ സഞ്ചരിക്കുന്ന നേതാക്കളും സമരമാർഗ്ഗങ്ങളും... എല്ലാത്തിനുപരി, തിരഞ്ഞെടുപ്പിനടുത്ത് സംഭവിക്കുന്ന വിഷയങ്ങളും... വി.എസ് അധികാരത്തിൽ കയറിയതിന് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന് തിരഞ്ഞെടുപ്പിലും തോറ്റ പാർട്ടി... നിയമസഭതിരഞ്ഞെടുപ്പിൽ, ദയനീയമായി തോൽക്കുമെന്ന അവസ്ഥയിൽ നിന്ന് ജയത്തിന്റെ വക്കിലേക്കെത്തിയത് വെറും ആറ് മാസത്തെ സംഭവവികാസങ്ങളിലാണ്... വോട്ട് അനുകൂലമാകുന്നതും വളരെ പെട്ടെന്നാണെന്ന് മനസിലാക്കാതെ, പ്രതികൂലമാകുന്ന വോട്ടുകളെല്ലാം ഉത്തരവാദിത്വമില്ലാത്ത വോട്ടേർസിലിടുകയെന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യുപ്പെടുന്നു... 


കേരളത്തിന്റെ എല്ലാവിധവികസനത്തിന്റേയും നേർവകാശികളാണ് കമ്യുണിസ്റ്റ് പാർട്ടികളെന്ന് എഴുതിയിട്ടാൽ, അതിന്റെ അവകാശം ജനം പതിച്ചുനൽകണമെന്നില്ല... അതുകൊണ്ട് തന്നെ അത് വോട്ടായി പെട്ടിയിൽ വീഴില്ല... വീഴാത്ത വോട്ടൊക്കെ മത-സമുദായ-വർഗ്ഗീയവാദികളൂടേയും ആർത്തിപണ്ടാരങ്ങളൂടേയുമാണെന്ന് ലേബലടിച്ച് മണ്ണിൽ തല പൂഴ്ത്തിയിരിക്കാം... നമ്മുക്കുള്ളതുപോലെ ചിന്താശേഷി നാട്ടാർക്കുമെണ്ടെന്ന് മനസിലാക്കുന്നതാണ് രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യപടി... ഓൺലൈനിലും ഓഫ്‌ലൈനിലും... അതില്ലാത്തവർ സ്വന്തം പാർട്ടിക്ക് വോട്ട് നഷ്ടപ്പെടുത്തും... എല്ലാ പാർട്ടികൾക്കും ബാധകമായ കാര്യമാണ്... 
എല്ലാത്തിനുപരി... ജനാധിപത്യത്തിൽ ഒരു പാർട്ടിയുടെ കേഡർ സ്വഭാവം വെച്ച്... കേഡർ സ്വഭാവകൊണ്ടുണ്ടാകുന്ന ഗുണഗങ്ങൾ മാത്രം വെച്ച്, പാർട്ടികളെ വിലയിരുത്തന്നത് ശരിയാണോയെന്ന്, ചിന്തിക്കേണ്ടിയിരിക്കുന്നു... ജനാധിപത്യമെന്നാൽ, പൂർണ്ണസമയരാഷ്ട്രീയമാണ് അതേസമയം പൂർണ്ണസമയകക്ഷിരാഷ്ട്രീയമല്ല... സമരങ്ങൾ ജനാധിപത്യമാകുന്നതുപോലെ ശരിയായ ഭരണത്തിന് പിന്തുണ നൽകുന്നതും ജനാധിപത്യമാണ്... സമരത്തിന് ലഭിക്കുന്ന വോട്ട് പോലെ എതിരേയും ലഭിക്കുന്ന വോട്ടുകളും നിർണ്ണായകമാണ്...  
സ്വകാര്യതാല്പര്യങ്ങളുള്ള 100% പേരിൽ, സ്ഥിരമായി 50 ശതമാനത്തിനടുത്ത് ജനങ്ങളെ മാത്രമേ ഒരു കുടകീഴിൽ നിർത്താനാകൂ എന്നാണെന്റെ നിഗമനം... ഇന്ന് ഐക്യ ജനാധിപത്യ മുന്നണിയിൽ നിൽക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും തോറ്റ് പണ്ടാരമടങ്ങി, കേരളം കമ്യൂണിസ്റ്റ് ആശയങ്ങളുടെ കലവറയായാൽ, ഉടനെയുണ്ടാകും, സി.പി.എം മുന്നണിയും സി.പി.ഐ മുന്നണിയും... അന്നുമുണ്ടാകും... സെക്രട്ടറിയേറ്റ് ഉപരോധങ്ങൾ... ലക്ഷം പേരുടെ തന്നെ... അതാണ് ജനാധിപത്യം... കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾവരെ കടപുഴകി വീണിരിക്കുന്നു... പിന്നെയാണ് ഇച്ചിരിപോന്ന കേരളത്തിൽ...
Post a Comment