Wednesday 21 August 2013

അമ്മയെ ഉപേക്ഷിക്കുന്ന പേരുകൾ...

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് പേരിലും കാര്യമുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്... പേരിന്റെ അക്ഷരങ്ങളിൽ മാറ്റങ്ങൾ വരുത്തി നിർഭാഗ്യത്തെ മറികടക്കുന്നവരും ഭാഗ്യത്തെ തേടുന്നവരും കാണുന്ന കാര്യമല്ല എനിക്ക് പറയാനുള്ളത്... അതൊക്കെയവരുടെ വിശ്വാസം... നമ്മുടെ മനോഭാവം പേരിടലിലും നിഴലിക്കുമെന്ന ചെറിയൊരു സത്യം... പേരിടലിലൂടെ നമ്മുടെ സ്വത്വബോധം കുട്ടികളിലേക്കും പകർന്നു നൽകുന്ന വലിയൊരു പ്രക്രിയയെ, പലപ്പോഴും പ്രത്യേക ശ്രദ്ധയൊന്നുമില്ലാതെയല്ലേ നമ്മുടെ രാജ്യവും നാമും കൈകാര്യം ചെയ്യുന്നത്...

ഇന്ത്യക്കാരുടെ പേര് ഒരു സമസ്യയാണ്... ചിലപ്പോൾ ഒരു പേര് മാത്രം... ഒരേ പേരിൽ തന്നെ പലരുണ്ടാകും... ചുരുക്കം പേർ മാത്രമാണ് അമ്മയ്ക്ക് പേരിൽ സ്ഥാനം നൽകുന്നവരുള്ളൂ... അപ്പനും അമ്മയ്ക്കും തുല്യവകാശമുള്ള കുട്ടിയുടെ പേര് അപ്പന് മാത്രം അവകാശപ്പെട്ടതാകുന്നതാണ് നമ്മുടെ സമ്പ്രദായം... ചിലപ്പോൾ ജാതിയമായി വേർതിരിയുന്നതും പേരിന്റെ വാല് നോക്കിയാണ്... കൃത്യമായ നിഷ്കർഷകൾ ഇല്ലാത്തതുകൊണ്ട്, പലപ്പോഴും കുട്ടിയുടെ പേര് അവസാനവും വാലുകൾ ആദ്യമേ വരുന്ന സന്ദർഭങ്ങളും നിരവധിയാണ്... കുറെ പേർക്ക് ചുരുക്കെഴുത്തുകൾ, അതും ചിലപ്പോൾ തുടക്കത്തിൽ, ചിലപ്പോൾ മധ്യത്തിൽ ചിലപ്പോൾ അവസാനം... ഒന്നിനും കൃത്യതയില്ല... സർക്കാർ രേഖകളിൽ പേരിൽ പ്രശ്നമില്ലാത്തവർ ചുരുക്കമാണ്... സർട്ടിഫിക്കറ്റ് കിട്ടി വായിച്ചുനോക്കുമ്പോഴാണ്... ഇങ്ങനെയല്ലല്ലോ ഉദ്ദേശിച്ചതെന്ന് മനസിലാകുക...

പറഞ്ഞുവന്നത്, അതൊന്നുമല്ല... ഫിലിപ്പൈൻസുകാരുടെ പേരിടൽ രീതി, രാഷ്ട്രീയമായി നമ്മുടേതിനേക്കാൾ ശരിയാണെന്നാണെന്റെ മതം... ആ മതമല്ല... അഭിപ്രായം... അവരുടെ മുഴുവൻ പേര് ചോദിച്ചു നോക്കു... കുട്ടിയുടെ പേര്, അമ്മയുടെ കുടുംബപേര്, അപ്പന്റെ കുടുംബപേര്... അങ്ങനെയാണ് സർക്കാർ തലത്തിൽ അംഗീകരിച്ച പേരിന്റെ സമ്പ്രദായം... അനൗദ്യോഗികമായി ചുരുക്കിയെഴുതുമെങ്കിലും ഔദ്യോഗികമായി പേര് എഴുതേണ്ടി വരുന്ന സമയത്തൊക്കെ ഇങ്ങനെയാണ് എഴുതുക... ഇങ്ങനെ മൂന്ന് പേര് എഴുതുകയെന്നതും നിർബദ്ധമാണ്... എനിക്ക് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി... ചെറിയൊരു തിരുത്തോടെ നമ്മുടെ നാട്ടിലും സ്വീകരിക്കാമല്ലോ... സർക്കാർ കാര്യം മുറ പോലെയല്ലേ... മാത്രവുമല്ല വ്യക്തിസ്വാതന്ത്ര്യത്തിൽ പാര കയറ്റിയെന്ന് പറഞ്ഞ് ഗുലുമാലുകൾ വേറെ... അതുകൊണ്ട് നാടിന്റെ തീരുമാനം വരുമ്പോൾ വരട്ടെ... അതിനുമുൻപെ പറക്കുന്ന പക്ഷിയാകാൻ നമുക്കാവുമല്ലോ...

പിലിപ്പൈൻസിൽ നിന്ന് പേരിടൽ സംസ്കാരം സ്വീകരിക്കരിക്കുമ്പോൾ, കുടുംബപേര് പടിക്ക് പുറത്തിരുത്തുന്നതാണ് നല്ലത്... നമ്മുടെ നാട്ടിൽ കുടുംബ പേര് മറ്റൊരു ജാതിയായി പരിണമിക്കുമല്ലോ... രാഷ്ട്രീയമായി കുടുതൽ ശരിയാകുന്നതിന്റെ ഭാഗമായി കുടുംബപേരും ജാതി വാലും ഉപേക്ഷിച്ച്... നമുക്കും കുട്ടിയുടെ പേര്, അമ്മയുടെ പേര്, അപ്പന്റെ പേര് എന്ന രീതിയിലേക്ക് മാറാവുന്നതല്ലേ... കുട്ടിയുടെ വാലായി അമ്മയും അപ്പനും കിടക്കട്ടെ... എത്ര നാളെന്ന് വെച്ചാണ്... കുട്ടിയുടെ ഉത്തരവാദിത്വം മുഴുവനും അപ്പൻ പേറികൊണ്ടു നടക്കുന്നത്... ഒറ്റയ്ക്ക് വലിക്കുന്ന വണ്ടിക്ക് ഒരു കൈതാങ്ങായി അമ്മയുമുണ്ടാകട്ടെ... അല്ലേ... പൊക്കിൾകുടി മുറിച്ച് ബന്ധം വേർപ്പെടുത്തുന്ന അമ്മമാരെ, മക്കളുടെ പേരിന്റെ കൂടെ സ്വന്തം പേർ ചേർത്ത് പുതിയൊരു ബന്ധം സ്ഥാപിക്കണം...

വാൽകക്ഷണം... എനിക്ക് കുട്ടികൾ ജനിക്കുന്ന സമയത്ത്, ഞാൻ ഓണലൈനിലുണ്ടായിരുന്നുവെങ്കിൽ, രാഷ്ട്രീയമായി ശരിയാകേണ്ടതിന്റെ ആവശ്യകത അന്ന് മനസിലായിരുന്നുവെങ്കിൽ, എന്റെ കുട്ടികളുടെ പേരുകൾ കുട്ടിയുടെ പേര്, അമ്മയുടെ പേര്, അപ്പന്റെ പേര് എന്ന ക്രമത്തിലിടുമായിരുന്നു... ഇപ്പോൾ കുട്ടിയുടെ പേരും അപ്പന്റെ പേരുമാത്രമേയുള്ളൂ... പോയ ബുദ്ധി കാക്കര പിടിച്ചാലും കിട്ടില്ലല്ലോ... തൽക്കാലം പേര് മാറ്റി, രാഷ്ട്രീയമായി ശരിയാകാനൊന്നുമില്ലാട്ടോ... 

No comments: