Tuesday, 27 August 2013

മൗനം പിന്തുണയായി ഭവിക്കുന്നു...

ഏതെങ്കിലുമൊരു ലേബലിൽ ആരൊക്കെ എന്തൊക്കെ ചെയ്യുന്നുണ്ടോ... അതിന്റെയൊക്കെ ബാധ്യത അതേ ലേബൽ പേറുന്നവർക്കുമുണ്ടാകും... അധികാരകേന്ദ്രമോ സംഘടന സ്വഭാവമോയല്ല, നമ്മുടെ ബാധ്യതകൾ നിജപ്പെടുത്തുന്നത്... പകരം... ഉപയോഗിക്കുന്ന ഫ്ലാറ്റ്ഫോം ഏതാണോ... ആ ഫ്ലാറ്റ്ഫോമുമായുള്ള നമ്മുടെ ബന്ധം എന്നതാണടിസ്ഥാനം... ഏതെങ്കിലുമൊരു ആശയത്തിന്റേയും കൂടെയുള്ളവരുടേയും ആസ്തിയിൽ മാത്രം അവകാശം സ്ഥാപിച്ചാൽ പോരാ... ബാധ്യതയും നിറവേറ്റേണ്ടിവരും... ആശയപരമായി നൂലിൽ കോർത്തവർക്ക്, എതിർക്കേണ്ടതിനെ എതിർക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്...

രാമക്ഷേത്രം പണിയാൻ കർസേവകർ പോകുമ്പോൾ, അതിനെതിരെ പ്രതികരിക്കാൻ, ഓരോ ഹിന്ദുവിനും ബാധ്യതയുണ്ട്... സ്വാമിമാർക്ക് ബാധ്യതയുണ്ട്... സമുദായനേതാക്കൾക്ക് ബാധ്യതയുണ്ട്... എന്നുകരുതി, ഓരോ ഹിന്ദുവും അപലപിച്ച് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നല്ല... അത് ചെയ്തില്ലെങ്കിൽ, സംശയത്തോടെ കാണുമെന്നുമല്ല... അതേ സമയം... അങ്ങനെയുണ്ടാകുന്ന ഓരോ സംഭവത്തിലും നമ്മുടെ മൗനമാണ് ഉത്തരമെങ്കിൽ, നമ്മുടെ ആശയം ഹൈജാക്ക് ചെയ്യപ്പെടും... ആ ആശയത്തെ ഹൈജാക്ക് ചെയ്തവരുടെ ചെയ്തികളിലൂടെ നാം ഒരു ആശയത്തെ കാണേണ്ടിവരും... അപ്പോൾ ഞങ്ങളുടെ ആശയം അങ്ങനെയല്ല ഇങ്ങനെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല... ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാൻ എല്ലാവരും ശബ്ദം ഉയർത്തിയേ മതിയാകൂ... എല്ലാ ദിവസവും കാലത്തെഴുന്നേറ്റാൽ, അപലപിച്ചുകൊണ്ടിരിക്കണമെന്നാണോ? അല്ല... ഓരോ വിഷയത്തിന്റെ പ്രാധാന്യത്തിനനുസരിച്ച്, സ്വന്തം നിലപാടുകൾ കൂടുതൽ സുവ്യക്തമായി വെളിപ്പെടേണ്ടത്, ആ ആശയത്തോടൂള്ള നമ്മുടെ കടമയാണ്... പിന്തുണ നൽകുക മാത്രമല്ല, വിയോജിപ്പുള്ളതിനോട് വിയോജിക്കുകയും ചെയ്യുകയെന്നതും നമ്മുടെ കർത്തവ്യമാണ്...

ഒരു കൃസ്ത്യനി കളവ് കേസിൽപ്പെട്ടാൽ, കൃസ്ത്യാനികൾ ഉത്തരം പറയേണ്ടതില്ല... മറിച്ച് കൃസ്ത്യനികൾ മുസ്ലീം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ഒരു വൈദീകനോ സമുദായ നേതാവോ പറഞ്ഞാൽ, അതിനെ എതിർക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആ വാർത്ത കേൾക്കുന്ന ഒരു കൃസ്ത്യാനിക്കും ഒഴിഞ്ഞുമാറാനാകില്ല... കാരണം കൃസ്തുമതത്തിന്റെ ലേബലിലാണ് വർഗ്ഗീയത വിളമ്പുന്നത്... ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ഒരു പള്ളി പൊളിച്ച് അമ്പലം പണിയുമ്പോൾ, ഒന്നും മിണ്ടാതെ കേരളത്തിലെ ഞങ്ങൾക്കതിലെന്ത് കാര്യമെന്ന് പറഞ്ഞാൽ.... ഞാൻ അത്തരം മൗനത്തെ പിന്തുണയായി കണക്കാക്കും... എതിർക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ ഹിന്ദുക്കൾക്കുമുണ്ട്... എതിർക്കപ്പെടേണ്ടത്, എതിർക്കപ്പെടുകതന്നെ വേണം... നമ്മുടെ മൗനം ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

ആരൊക്കെ പ്രതികരിച്ചില്ല എന്ന കണക്കെടുപ്പിനു പ്രസക്തി ഉണ്ടോ? എല്ലാത്തിനും പ്രതികരിച്ചില്ലെങ്കിൽ, വിശ്വാസ്യത നഷ്ടപ്പെടുമോ... ഏതെങ്കിലും ഒരു വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ, പിന്നെ മറ്റൊരു വിഷയത്തിൽ പ്രതികരിക്കാനുള്ള അർഹതയില്ലേ... ഒന്നും കൃത്യമായി അതിർവരമ്പുകളിട്ട് സ്ഥാപിക്കാനുമാകില്ല... ഒറ്റവാക്കിൽ പറഞ്ഞാൽ, ചുണ്ണാമ്പ് തൊട്ട് എണ്ണി സ്ഥാപിക്കേണ്ടതുമല്ല...  എന്നാലും, അതിലൊക്കെ കാമ്പുണ്ടെന്നതും ശരിയാണുതാനും... വ്യക്തികളേക്കാൾ ഒരു കൂട്ടത്തിനാണ് ഉത്തരവാദിത്വം... ആ കൂട്ടമെന്നത് ഒരു സംഘടനയല്ല, ആശയപരമായ കൂട്ടം... എല്ലാവരും എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്നല്ല... അതേ പക്ഷം ഏതെങ്കിലും വിഷയത്തിൽ, ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന്റെ പ്രതികരണം പൂർണ്ണമായും മൗനമാണെങ്കിൽ, അത് പിന്തുണയായി ഭവിക്കും... ഉദാഹരണസഹിതം പറയാം... മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നത്... എല്ലാവരും പ്രതികരിക്കണം... പൊതുവിഷയമാണ്... അതേ സമയം മുസ്ലീം സമുദായത്തിലുള്ളവരുടേയും സ്ത്രീവാദികളുടേയും പ്രതികരണത്തിന് കൂടുതൽ പ്രസക്തിയുണ്ട്... രാഷ്ട്രീയമായി യു.ഡി.എഫിന്റേയും ലീഗിന്റേയും നേതാക്കൾക്കും അണികൾക്കും വിയോജിപ്പുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കേണ്ടതാണ്, അല്ലെങ്കിൽ, അവരുടെ മൗനം പിന്തുണയായി കണക്കാക്കപ്പെടും...

പിന്തുണയായാലും വിയോജിപ്പായാലും, പ്രതികരിക്കണം... വിയോജിപ്പാണെങ്കിൽ, കൂടുതൽ സർവശക്തിയുമെടുത്ത് ഉച്ചത്തിൽ തന്നെ...
Post a Comment