Monday, 4 January 2010

സംവരണം എന്റെ ജന്മവകാശമോ?

സംവരണം എന്നത്‌ പലവിധ കാരണങ്ങളാൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്താനുള്ള താൽക്കാലിക സമ്പ്രദായംമാത്രമാണ്‌, ഒരു എളുപ്പ വഴി. അതിനാൽ തന്നെയാണ്‌ സംവരണം പത്തു വർഷത്തേക്ക്‌ നിശ്ചയിച്ചതും വേണമെങ്ങിൽ കേന്ദ്ര സർക്കാരിന്‌ 15 സംസ്ഥാനങ്ങളുടെ അനുവാദത്തോടെ പത്ത്‌ വർഷ കാലവധിയിൽ പുതുക്കാവുന്നതും എന്ന്‌ തീരുമാനിച്ചതും.


ഭാരതത്തിൽ നിലവിലുണ്ടായിരുന്ന പ്രതേക സാഹചര്യം മൂലം സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ സംവരണത്തിലൂടെ മറ്റുള്ളവരുമായി മൽസരിക്കാൻ പ്രാപ്തരാക്കുകയാണ്‌ സംവരണത്തിന്റെ ലക്ഷ്യം. പക്ഷെ വിദ്യഭ്യാസ സംവരണം മുതൽ ജീവിതത്തിന്റെ നാനതുറയിലും സംവരണം പടർന്ന്‌ പന്തലിച്ച്‌ ജനസഖ്യാനുപാതമായി എന്തും ഭാഗിച്ചെടുക്കുന്ന ചിന്തയിലേക്ക്‌ കാര്യങ്ങൾ എത്തിനിൽക്കുന്നു. നിലനിൽക്കുന്ന സംവരണത്തിന്റെ പോരായ്‌മകളിലേക്കും സാമ്പത്തിക സംവരണത്തിലൂടെ മുന്നോക്ക ജാതിയിലുള്ളവരേയും കൂടി സംവരണത്തിന്‌ അർഹരാക്കി സംവരണത്തിന്റെ ലക്ഷ്യം എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നുള്ളതും ഇത്തരുണത്തിൽ ചിന്തിക്കേണ്ടതാണ്‌.

സംവരണ വിഷയം എത്രത്തോളം സ്പോടനാത്‌മകമാണെന്ന്‌ മനസിലാക്കണമെങ്ങിൽ അടുത്ത പത്ത്‌ വർഷത്തേക്ക്‌ സംവരണം പുതുക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വെറും ഒരു മിനിറ്റിൽ കയ്യടിച്ച്‌ പാസാക്കി എന്നുള്ളത്‌ ഇവിടെ കൂട്ടി വായിക്കുക. എല്ലാവരും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്നു. അഭിപ്രായം പറയാൻപോലും ഭയപ്പെടുന്നു. അഭിപ്രായം പറഞ്ഞവർ ഒറ്റ രാത്രികൊണ്ട്‌ മാറ്റിപറയുന്നു.

സംവരണം ഒരു കാരണവശാലും മതത്തിന്റെയോ ജാതിയുടെയോ മതിൽകെട്ടിനുള്ളിൽ തളച്ചിടേണ്ട കാര്യവുമല്ല. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാവരും സംവരണത്തിന്‌ അർഹരാണ്‌. സംവരണമുള്ള ഒരാൾ മതം മാറിയാൽ ചേരുന്ന മതത്തിനനുസരിച്ച്‌ സംവരണം നിശ്ചയിക്കുന്നതിന്റെ യുക്തിയും ചോദ്യംചെയ്യപ്പെടുന്നു. മതത്തിന്റേയോ ജാതിയുടേയോ പേരാണോ സാമൂഹിക മുന്നേറ്റത്തിന്റെ അളവ്‌കോൽ?

മുന്നോക്കജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ വിദ്യഭ്യാസമോ ജോലിയോ ആയ ഒരു സംവരണവും അനുവദിക്കേണ്ടതില്ല. അതിനുള്ള ഓരോ ശ്രമവും സംവരണത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുകയും സംവരണം എന്നത്‌ ജാതികോമരങ്ങളുടെ ഭാഗംവെയ്‌പ്പിന്‌ ആക്കം കൂട്ടുകയും ചെയ്യും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായാണ്‌ സഹയിക്കേണ്ടത്‌, അല്ലാതെ സാമൂഹികമായി പിന്നോക്കം നിൽകുന്നവർക്കുള്ള സംവരണം എങ്ങനെ ആവ്യശ്യപ്പെടും? സാമ്പത്തികസംവരണം ആവ്യശ്യപ്പെടുന്നത്‌ ഒരു രാഷ്ട്രീയ തട്ടിപ്പും എന്തിനും ഏതിനും ജാതി ഒരു ഉപകരണം അക്കുക എന്ന ഗൂഢ ലഷ്യവും ഉണ്ട്‌.

ഇപ്പോൾ സംവരണത്തിന്‌ അർഹരായ വിഭാഗത്തിൽ നിന്ന്‌ ക്രീമിലയർ പ്രകാരം എല്ലാ പത്തു വർഷത്തിലും കാനേഷ്കുമാരി കണക്കെടുപ്പിനോട്‌ ചേർന്ന്‌ സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരെ സംവരണത്തിൽ നിന്ന്‌ ഒഴിവാക്കി പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൈ പിടിച്ചുയർത്തണം. അല്ലെങ്ങിൽ എല്ലാ കാലവും പിന്നോക്ക ജാതിയിലെ മുന്നോക്കക്കാർ എല്ലാവിധ സംവരണവും തട്ടിയെടുത്ത്‌ സ്വന്തം ജാതിയെ എന്നും പിന്നോക്കമായി നിലനിർത്തി സ്വന്തം കാര്യം നേടുന്ന അനീതി നിലനിൽക്കും.

സംവരണം പുഴകളെപോലെ ഒഴുകിയൊഴുകി തീരങ്ങൾ സമ്പുഷ്ടമാക്കി സമുദ്രത്തിൽ ലയിച്ച്‌ കടമ നിറവേറ്റട്ടെ!

വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ മറ്റൊരു കൃഷിയിടമാണ്‌ സ്ത്രി സംവരണം. ഇതിന്റെ കൂടെ ചേർത്ത്‌ വായിക്കേണ്ട മറ്റൊരു തരം സംവരണമാണ്‌ നിയമസഭയിലെ ആഗ്ലോ ഇന്ത്യൻസിനുള്ള നോമിനേഷൻ. ഹാ കഷ്ടം ജനാധിപത്യത്തിൽ ജനപ്രതിനിധിയും നോമിനേഷനിലൂടെ! ന്യുനപക്ഷ നിയമവും കടലിൽ ഒഴുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2047-ലെങ്ങിലും സംവരണം തുടച്ച്‌ നീക്കുവാനായി ഒരു കർമപദ്ധതി നമ്മുക്ക്‌ നടപ്പിലാക്കണം. പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ വിദ്യഭ്യാസമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, പോസിറ്റിവ്‌ മനോഭാവമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌. സ്വതന്ത്ര ചിന്തയാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, അല്ലാതെ സംവരണം നമ്മുടെ ജന്മവകാശം എന്ന അധമ വികാരമല്ല കുത്തിവെയ്‌ക്കേണ്ടത്‌.

ഞാൻ ഉറക്കെ ചിന്തിക്കുന്നു - 2047-ന്‌ ശേഷം 10% ശതമാനത്തിലൊതുങ്ങുന്ന സംവരണം ശാരീരിക വൈകല്യമുള്ളവർ, സൈനീകർ, കായിക താരങ്ങൾ, സർവീസിൽ ഇരിക്കെ ജോലിചെയ്യുമ്പോഴുള്ള അപകടം മൂലം മരണപ്പെടുന്നവർ (സർവീസിൽ ഇരിക്കുമ്പോൾ രോഗം വന്ന്‌ മരിക്കുന്നവർക്കില്ല) കർമ്മം മൂലം സമൂഹത്തിന്റെ കൈതാങ്ങ്‌ വേണ്ടവർക്കായി, സമൂഹത്തിന്റെ സംരക്ഷകർക്കായി സംവരണം മാറ്റിയെഴുതണം.

നാരായണപണിക്കരുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാലോളിയുടെയും വെള്ളാപ്പള്ളിയുടെയും മറ്റു വീതം വെയ്പ്പ്‌ രാഷ്ട്രീയക്കാരുടെയും സമുദായങ്ങളുടെയും പോലെയാണ്‌ നമ്മുടെ മനോഭാവവുമെങ്ങിൽ മതത്തിന്റെയും ജാതിയുടെയും കണക്കനുസരിച്ച്‌ വീതം വെയ്‌പ്പ്‌ തുടരുകയും ഇന്ത്യക്കാർക്കയി ഒന്നും ബാക്കിയുണ്ടാവാത്ത കാലം അതിവിദൂരമല്ല.
Post a Comment