Monday, 29 July 2013

ഗാന്ധിജയന്തിയും നിയമവിരുദ്ധസേവനവും...

നാട്ടിൽ തെക്ക് വടക്ക് നടക്കുന്ന കാലം... മഴക്കാലത്തിനിടയിൽ ഗാന്ധിജയന്തി വരുന്നതും സേവനദിനം നടത്തുന്നതും റോഡിലെ കുഴികളടയ്ക്കാനാണെന്ന് സത്യമായും വിശ്വാസിച്ചിരുന്ന കാലം... വീടിന് കുറച്ചകലെ... വളരെയധികം ബസുകൾ പോകുന്ന വഴിയിൽ ശാസ്ത്രീയമായി പണിത റോഡ് ശാസ്ത്രീയമായി പൊളിഞ്ഞ് കുണ്ടും കുഴിയുമായി... സൈക്കിളിൽ പോകുന്ന ഞാനൊക്കെ എട്ടെടുത്ത് ഒരു വിധം അക്കരയെത്തും... ബൈക്ക്, ഓട്ടോറിക്ഷ, കാറ് തുടങ്ങിയ ബൂർഷാവാഹനങ്ങൾ കുഴിയിലിറങ്ങി കാണാതെയായി, പിന്നെ പൊന്തിവരുന്ന നയനമനോഹരമായ കാഴചയും... പ്രൈവറ്റ് ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ബ്രേക്കോഫോബിയ ഉള്ളതിനാൽ, കുഴിയിലൊക്കെ ചാടിച്ച്, ബസിന്റെ അടിഭാഗം കൊണ്ട് ഭൂമിദേവിക്ക് ഉമ്മ നൽകിയാണ് പോയിരുന്നത്... ബസിന്റെ പിന്നിലിരിക്കുന്നവരുടെ നടു ഉളുക്കിയാലും ബസിന്റെ നട്ടൊക്കെ ഇളകി പോയാലും... ബ്രേക്കിൽ കാല് വെയ്ക്കില്ലായെന്ന് ശപഥം ചെയ്തവരാണല്ലോ അവർ...

അങ്ങനെയിരിക്കെ സാമൂഹികപ്രതിബദ്ധത കാണിക്കാൻ നമുക്ക് കിട്ടിയ അവസരമായി നമ്മുടെ മുന്നിലേക്ക് ഓക്ടോബർ രണ്ട് കുതിച്ച് പാഞ്ഞുവരുന്നു... അന്ന് കപ്പയും ചമ്മന്തിയും ഫൈവ്സ്റ്റാർ ഭക്ഷണമായിട്ടില്ല... എന്നാലും സുഹൃത്തുക്കളുടെ കൂടെയുള്ള കപ്പ തീറ്റയ്ക്ക് ഒരു പ്രത്യേക സുഖം തന്നെയുണ്ടായിരുന്നു... ഞങ്ങളുടെ ക്ലബിന്റെ തീരുമാനപ്രകാരം ഏകദേശം 20 പേരടങ്ങുന്ന യുവാക്കൾ ആയുധങ്ങളുമായി ശാസ്ത്രീയമായി റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങി... കൈക്കോട്ട്, കൊട്ട, അരിവാൾ, വെട്ടുക്കത്തി തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുമായി യുദ്ധമുന്നണിയിലെത്തിയപ്പോഴല്ലെ കുഴിയുടെ ആഴത്തേക്കാൾ വലിയതാണ് പ്രശ്നത്തിന്റെ ആഴമെന്ന് മനസിലായത്... 50 മീറ്റർ നീളമുള്ള ഈ ഭാഗത്തെ വലിയ നാലോ അഞ്ചോ കുഴികളടക്കണമെങ്കിൽ, ലോഡ് കണക്കിന് കല്ലും മണ്ണും ആവശ്യമാണ്... ഇത്രയും വലിയ പദ്ധതിയൊക്കെ ഗൗരവമായ ആലോചനകളില്ലാതെ തീരുമാനിച്ചതിൽ പരസ്പരം ചീത്ത വിളിച്ച് ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചെങ്കിലും, നനഞ്ഞാൽ കുളിച്ച് കയറുകയെന്ന ശാസ്ത്രീയടിത്തറയിൽ എല്ലാവരും യോജിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

റോഡ് ചീത്തയാകുന്നത് റോഡിന് ഒരു വശത്തുള്ള തോട് കാടും പടലും പിടിച്ച് നിറഞ്ഞതുകൊണ്ട്, വെള്ളം റോഡിലൂടെ ഒഴുകിയതുകൊണ്ടായിരുന്നു.. സാധാരണയുണ്ടാകുന്ന ചെറിയ കുഴികൾക്ക് പകരം വലിയ കുഴികൾ ഈ പ്രാവശ്യമുണ്ടായതെന്നത് ആ പരിസരവാസികളായ ഞങ്ങൾ നടത്തിയ ശാസ്ത്രീയനിരീക്ഷണങ്ങൾക്കൊണ്ട് മനസിലാക്കിയിരുന്നു... ഒരു ടീമിനെ അരിവാളും വെട്ടുകത്തിയുമായി തോട് വൃത്തിയാക്കാൻ ഏല്പിച്ചു... ദേ... പിന്നേയും ശാസ്ത്രീയമായ കണ്ടുപിടിത്തം... ആ തോട് നിറച്ച് കരിങ്കലുകൾ... ആ കരിങ്കലിൽ മണ്ണ് തടഞ്ഞ് ചെടികൾ വളർന്നതുകൊണ്ടാണ് തോടിലൂടെ ഒഴുകിപോകേണ്ട വെള്ളം വഴിയിലേക്ക് കയറിയത്... പാമ്പായാലും നമ്മളായാലും, വഴി മുട്ടിയാൽ വേറെ വഴി നോക്കും... അത്രയേ വെള്ളവും ചെയ്തുള്ളൂ... കഴിഞ്ഞ വേനലിലാണ് തോടിനോട് ചേർന്ന മതിൽ കെട്ടിയത്... മതിൽ പണിയാൻ കൊണ്ടുവന്ന കരിങ്കല് ബാക്കിയായത് അവിടെ തൽക്കാലം ഉപേക്ഷിച്ചതാണെന്നും മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഞങ്ങൾക്കുണ്ടായി... റോഡ് പൊളിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ശാസ്ത്രീയ തെളിവുകളുടെയടിസ്ഥാനത്തിൽ ജനകീയവിചാരണ നടത്തി ആ സ്ഥലയുടമയിൽ കെട്ടപ്പെട്ടിരുന്നു...

ഞങ്ങളുടെ നല്ല മനസ്... ലക്ഷ്യം മാർഗ്ഗത്തെ സാധുകരിക്കുമെന്നല്ലേ... ആ കരിങ്കല്ലെടുത്ത് റോഡിൽ പാകി... അതിനുമുകളിൽ, തോടിൽ നിന്നും പരിസരങ്ങളിൽ നിന്നും ലഭിച്ച മണ്ണെടുത്ത് റോഡ് നിരപ്പാക്കി... കപ്പയും ചമ്മന്തിയും കട്ടൻ കാപ്പിയുംകുടിച്ച് വിജയശ്രീലാളിതരായി അടുത്ത വർഷം ഇതേ ദിവസം മറ്റൊരു റോഡിലെ കുഴികളടച്ചേക്കാമെന്ന് ഗാന്ധി അപ്പൂപ്പനെ ധ്യാനിച്ച് ഞങ്ങൾ പിരിഞ്ഞു... 

വൈകുന്നേരത്തെ കളിയൊക്കെ കഴിഞ്ഞ് പതിവ് തെണ്ടലിന് കവലയിലേക്കിറങ്ങിയപ്പോൾ...  കരിങ്കല്ലുടമയുടെ ശിങ്കിടികൾ... ചെറിയ ഭീക്ഷണിയുമായെത്തി... അയാളോട് ചോദിക്കാതെ കരിങ്കല്ലെടുത്തതിൽ പരാതിയുണ്ടെന്നും... നിങ്ങൾ ഷോ കാണിക്കാനാണ് കുഴികളടച്ചതെന്നും... നമ്മുടെ കൊച്ചി മേയറിന്റെ മുൻഗാമികൾ... അവരോട് തിരിച്ച് ചോദിച്ചത്... റോഡ് കുഴികളായപ്പോൾ നിങ്ങളെവിടെയായിരുന്നു... തോട് കവിഞ്ഞ് മഴവെള്ളം റോഡിലൂടെ ഒഴുകാൻ കാരണം, അയാൾ തോട്ടിലിട്ട കരിങ്കല്ലായിരുന്നു... റോഡ് നശിപ്പിച്ചതിന് അയാളാണുത്തരവാദി, അതുകൊണ്ട് തന്നെ അയാളുടെ കരിങ്കല്ലെടുത്ത് റോഡ് മൂടി... പരാതിയുണ്ടെങ്കിൽ കേസ് കോടുക്ക്... അതോടെ ശിങ്കിടികളുടെ വയറുകടി തീർന്നു...

ഓക്ടോബറിലെ മഴയൊന്നു മാറിയപ്പോൾ, നാട്ടിലെ ഇതുപോലെയുള്ള മറ്റ് കുഴികളടയ്ക്കുന്ന സമയത്ത്, ഇതേ റോഡും പി.ഡബ്ല്യു.ഡി മെറ്റലും ടാറുമിട്ട് പണിതിരുന്നു... അവരെ കാത്തിരുന്നുവെങ്കിൽ, ഒരു മാസമെങ്കിൽ ഒരു മാസം, അതിലെയുള്ള യാത്ര അപകടം പിടിച്ചതാകുമായിരുന്നു... അത്തരം ദുർഘടാവസ്ഥയിൽ സർക്കാർ മെഷിനറികൾ വരുന്നതുവരെ കാത്തിരിക്കാൻ, ജനാധിപത്യബോധമുള്ള ഒരു ജനതയ്ക്കും സാധ്യമല്ല... അതുതന്നെയാണ് ജയസൂര്യയും ചെയ്തത്... മേയറിനോ വകുപ്പ് മന്ത്രിക്കോ ജനാധിപത്യബോധമില്ലായെന്ന് അവർ തന്നെ നെറ്റിയിലൊട്ടിച്ച് വന്നാൽ, അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും പ്രബുദ്ധരായ വോട്ടർമാർ അവരെ രക്ഷിക്കണം...

Tuesday, 23 July 2013

മുഖ്യമന്ത്രി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുക...

ജനാധിപത്യ സർക്കാരുകളൂടെ നിലനിൽപ്പ് കേവല ഭൂരിപക്ഷത്തിലല്ല... മറിച്ച് എല്ലാവിധ ജനങ്ങളുടേയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമാണ് നില‌നിൽക്കുക... ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ഭൂരിപക്ഷം ലഭിച്ചാൽ, അടുത്ത 5 വർഷം പ്രതിപക്ഷവും ജനങ്ങളും അങ്ങട് മാറി നിന്നാൽ മതിയെന്ന മനോഭാവം ജനാധിപത്യവിരുദ്ധമാണ്... സംശയത്തിനതീതമായി ഭരിക്കാൻ സാധിക്കാതെ വരികയും അല്ലെങ്കിൽ എല്ലാവിധ ജനങ്ങളുടേയും വിശ്വാസം ആർജിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, ഭരണാധികാരികൾ സ്വയം അധികാരത്തിൽ നിന്ന് മാറി നിൽക്കണം... അല്ലെങ്കിൽ, ഭരണാധികാരികളെ നിയന്ത്രിക്കുന്ന പാർട്ടിക്കും അവരെ നിയന്ത്രിക്കുന്നവർക്കും ഉത്തരവാദിത്വമുണ്ട്... സമാധാനപരമായ അധികാരകൈമാറ്റത്തിന് നടപടികളെടുക്കാൻ... ജനാധിപത്യം പരാജയപ്പെടുന്നത്, ഈജിപ്സ്തിൽ മാത്രമല്ല മറിച്ച് ഇങ്ങ് കേരളത്തിലും സംഭവിക്കുന്നു... രണ്ട് രാജ്യത്തും ജനാധിപത്യം ഇടപെടലുകൾ ആവശ്യപ്പെടുന്നു...

മുഖ്യമന്ത്രിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് എന്റെ  നിരീക്ഷണം... സോളാർ ആരോപണം മുഖ്യമന്ത്രിയുടെ ആപ്പിസിനെ ചുറ്റിപ്പറ്റി, ചിലപ്പോളത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടും... വ്യക്തമായ അന്വേഷണം നടത്തി സംശയങ്ങൾ ദുരീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നോ ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നോ അവർ നിയമിച്ച പോലിസിന്റെ ഭാഗത്തുനിന്നോ പരിശ്രമമുണ്ടാകുന്നുവെന്ന് ഒരു "ധാരണയെങ്കിലും" സൃഷ്ടിക്കാൻ ഇതുവരെയായിട്ടില്ല... അതേസമയം സംശയങ്ങളുടെ കുന്തമുന ഓരോ ദിവസം കഴിയുന്തോഴും കൂടുതൽ ബലപ്പെട്ടുവരികയുമാണ്... കുറ്റവാളിയാണോ നിരപരാധിയാണോയെന്നതൊക്കെ കോടതി തീരുമാനിക്കേണ്ടതാണ്... പക്ഷേ സത്യസന്ധമായ ഒരു അന്വേഷണം നടക്കുന്നുണ്ടോയെന്ന് സംശയം നിലവിലുണ്ട്... ആ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയും ചെയ്യുന്നു... മുഖ്യമന്ത്രിയിലേക്ക് മാത്രമല്ല, വലിയൊരു കോക്കസിലേക്ക്...

ഉമ്മൻ ചാണ്ടിയെന്ന എന്ന വ്യക്തിയുടെ ജനാധിപത്യവും നിയമപരവുമായ അവകാശങ്ങളേക്കാൾ, മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന്റെ ശ്രേഷ്ടത കാത്തുസൂക്ഷിക്കുന്നതിനായിരിക്കണം ജനാധിപത്യത്തിൽ മുൻഗണന... ജനാധിപത്യം ഉന്നതനിലയിൽ കാത്തുസൂക്ഷിച്ചാൽ മാത്രമെ ഉമ്മൻ ചാണ്ടി മുതൽ ഇങ്ങേതലയ്ക്കൽ ജീവിക്കുന്ന കാക്കരയുടെ വരെ ജനാധിപത്യവും നിയമപരവുമായ അവകാശങ്ങളും സംരക്ഷിക്കുകയുള്ളൂ... ജനാധിപത്യപ്രവർത്തനങ്ങളിൽ അര നൂറ്റാണ്ട് കാലത്തെ പ്രവർത്തനപരിചയമുള്ള മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിക്ക് ഇതൊക്കെയറിയുകയും ചെയ്യാം... അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് സോളാർ വിഷയത്തിലെ സംശയത്തിന്റെ പുകമറ നീങ്ങുന്നതുവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ്, ഒരു ജനാധിപത്യവിശ്വാസി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്...

മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയിട്ടൂള്ള എം.എൽ.എ മാർ പാർട്ടി വേദിയിലും പൊതുവേദിയിലും സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ്, ഈ വിഷയത്തിൽ നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നറിയാനുള്ള ജനങ്ങളുടെ അവകാശം കാത്തുസൂക്ഷിക്കണം... ഇരുമ്പുമറ ജനാധിപത്യത്തിൽ നിന്ന് നിയമസഭാംഗങ്ങളും സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും ഘടകകക്ഷികളും പൊതുവേദിയിലേക്കിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... മൗനം അവലംബിക്കുന്നത് ജനാധിപത്യമല്ലായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... 

ജനാധിപത്യപരമായ പ്രതിക്ഷേധങ്ങൾ നടത്തുന്ന പ്രതിപക്ഷം, അവരുടെ കടമ നിർവഹിക്കുന്നുണ്ട്... അത് തുടർന്നും ജനാധിപത്യപരമായി തന്നെ മുന്നോട്ടുകൊണ്ടുപോകണം... കോടതിയും കാര്യങ്ങളെ നീതിപൂർവമായി കാണുന്നുണ്ടെന്നാണ് ഇതുവരെയുള്ള നിഗമനം... നമ്മുടെ ജനാധിപത്യം വിജയിക്കുകയാണ്... സത്യസന്ധമായ അന്വേഷണത്തിലൂടെ ഏതൊരു ഉന്നതനേയും നിയമത്തിന്റെ മുൻപിൽ തുല്യനാക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്... അതിനുള്ള അവസരം ഉമ്മൻ ചാണ്ടി തന്നെ തുറന്നിടണം...

മുഖ്യമന്ത്രി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുക... അതുമാത്രമാണ് പോംവഴി... അപ്പോൾ രാജി വെയ്ക്കുകയല്ലേ...

Sunday, 21 July 2013

മാറി താമസിച്ചാൽ പ്രശ്നം തീരില്ലെ...

സർക്കാർ എൻഡോസൾഫാൻ ഇരകളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും അതുകൊണ്ടാണ് ഇത്തരം സംഘത്തെ നിയമിച്ചതെന്നും ജസ്റ്റീസ് രാമചന്ദ്രൻ നായർ... ട്രൈബ്യൂണൽ സ്ഥാപിക്കണമോയെന്ന് പഠിക്കാനായി നിയമിച്ച സംഘത്തലവനാണ്... 

അതെ... ഇരകളോട് മൃദുസമീപനമല്ലേ വേണ്ടത്... അല്ലാതെ വേട്ടയാടുന്നവരോട് മൃദുസമീപനം സ്വീകരിക്കണമെന്ന് പറയാൻ, മനുഷത്വമുള്ളവർക്ക് സാധിക്കുമോ... കാസർഗോഡ് എൻഡോസൾഫാൻ ഇരകളൂണ്ടെന്നും എൻഡോസൾഫാൻ ശ്വസിച്ചതുകൊണ്ടാണ് മരണവും മാറാരോഗങ്ങളും പിടിപ്പെട്ടതെന്ന് ഏമ്മാനറിയാം... അതുകൊണ്ടാണല്ലോ മാറിതാമസിക്കണമായിരുന്നുവെന്ന ധിക്കാരപരമായ നിലപാട് എടുക്കാനായത്... അങ്ങനെയുള്ള മാരകവിഷം ഒരു മുൻകരുതലുമില്ലാതെ ഒരു ജനതയുടെ മുകളിൽ നിക്ഷേപിച്ചവർ കുറ്റക്കാരല്ലേ... ജനങ്ങൾക്ക് മാറി താമസിക്കാൻ സർക്കാരോ പ്ലാനേഷൻ കോർപ്പോറേഷനോ വല്ല സാഹചര്യവും ഏർപ്പെടുത്തിയിരുന്നോ... ഒന്നും ചെയ്യാതെയിരുന്ന സാഹചര്യത്തിൽ ട്രൈബ്യൂണൽ വേണമെന്ന് തന്നെയല്ലേ വെളിവാകുന്നത്... 

കീടനാശിനി ഏരിയൽ സ്പ്രേ അടിച്ച്, അത് ശ്വസിച്ചും കിണറിലും തോടുകളിലും കലർന്നും ആയിരക്കണക്കിന് പേർ ഇരകളായപ്പോൾ, ആ ജനങ്ങൾ അവിടെ നിന്ന് മാറി താമസിക്കണമായിരുന്നുവെന്ന് പറയണമെങ്കിൽ, ഈ ജഡ്ജി ജീവിതത്തിൽ ഒരിക്കലെങ്കിലും ചില്ലുകൊട്ടാരത്തിൽ നിന്ന് പുറത്തേക്ക് വന്നിട്ടില്ലായെന്ന് നിസംശയം പറയാം... ഒരു ജനത എങ്ങോട്ട് പോകും... ഹെലിക്കോപ്റ്ററിൽ വേറെയും ചിലയിടങ്ങളിൽ മരുന്നടിക്കുന്നുണ്ട്... അതിലും മാരകമായ വിഷങ്ങൽ ചേർത്ത്, അവിടേയും ജനങ്ങൾ തീരാദുരിതത്തിലായാൽ, ആ ജനങ്ങളും മാറി താമസിക്കണമായിരുന്നോ...

സോളാർ വിഷയത്തിൽ പ്രതിരോധത്തിലായ മുഖ്യമന്ത്രി, ഒരു പക്ഷേ നാളെ രാജി വെയ്ക്കേണ്ടി വന്നേക്കാം... എന്നാലും അതിന് മുൻപെ, ട്രൈബ്യൂണൽ പ്രഖ്യാപിച്ച്, ഒരു ജനത തങ്ങളിൽ ഏല്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെന്നാണ് പറയാനുള്ളത്... 
...
ഹലോ... ഇത് പോലിസ് സ്റ്റേഷനല്ലേ...
അതെ... ആരടാ വിളിക്കുന്നത്...
അ... ആ... ഞാൻ വല്യേക്കാട്ടെ കോടതിയിലെ ഏമാനാണ്...
ഏ...ഏമാനോ... എന്താ സാറെ പ്രശ്നം...
രാവിലെ തന്നെ ഒരുത്തൻ തൂറിയേച്ച് പോയേക്കുന്നു...
ങേ... ഒരുത്തൻ കാര്യം സാധിച്ചതിന് സാറിനെന്താ പ്രശ്നം...
ഗർർ... എന്റെ വീടിന് മുൻപിലാണ്... ഭയങ്കര നാറ്റമാണ്... മൂക്ക് തുറക്കാൻ പോലും സാധിക്കുന്നില്ല...
അല്ല... സാറെ... മാറി താമസിച്ചാൽ പ്രശ്നം തീരില്ലെ...

Saturday, 20 July 2013

ഹണി ബീ... കോപ്പിലെ നിരൂപണം...

പേര് സൂചിപ്പിക്കുന്നതുപോലെ "ഹണിബീ" തന്നെയാണ് സിനിമയിൽ തുടക്കം മുതൽ നിഴലിച്ച് നിന്നത്... എത്രയെത്ര കള്ള് പാർട്ടികൾ... കള്ളുംകുടിച്ച് ജീവിതം ആസ്വാദിക്കുന്ന ഒരു കൂട്ടം യുവതലമുറ... ബിവറേജസിന് മുൻപിൽ കൃത്യമായി ക്യൂ പാലിക്കുന്ന അച്ചടക്കമുള്ള ഒരു വലിയൊരു സമൂഹം... ആൺ-പെൺ വിത്യാസമില്ലാതെയുള്ള കൂടിചേരലുകൾ... പുതുകേരളത്തിന്റെ രേഖാചിത്രം... ആദ്യപകുതിയിൽ ന്യൂ ജനറേഷൻ സിനിമകളെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും ബോംബെ സിനിമകളിലൂടെയാണ് പര്യവസാനിക്കുന്നത്... ബോംബെയെന്നാൽ അധോലോകം... കൊച്ചിയെന്നാൽ ക്വട്ടേഷൻ കൊച്ചി... 

ഒരു പുരോഹിതനെ ഗുണ്ടയായും മദ്യപാനിയായും ചിത്രികരിക്കുക വഴി സിനിമ നൽകുന്ന സന്ദേശം കൃസ്ത്യൻ വിരോധമാണെന്ന് സംശയിക്കാമെങ്കിലും, ചൂഴ്ന്ന് നോക്കിയാൽ, അതിന്റെ പിന്നിലും സവർണ്ണത ദർശിക്കാവുന്നതാണ്... കൊന്തയും കുരിശുമൊക്കെയിട്ട ഒരു ചട്ടമ്പി കുടുംബത്തിലെ ഒരു സന്താനം, പുരോഹിതനായാലും ഗുണ്ടയായിരിക്കുമെന്ന് ചിത്രികരിക്കുന്നത് നമ്മളിൽ കുടികൊള്ളൂന്ന സവർണ്ണതയുടെ ബാക്കിപത്രമാണെന്ന് തിരിച്ചറിയാൻ സാധാരണക്കാരനുപോലും സാധിക്കുന്നു... കുടുംബപാരമ്പര്യം സൃഷിക്കുന്ന മായാജാലം... ഗുണ്ടായിസമൊക്കെ കാണിച്ച് കൊച്ചിയെ ഭരിക്കുന്ന ഒരു കൃസ്ത്യൻ കുടുംബം... എന്തുകൊണ്ട് അതൊരു ഹിന്ദുകുടുംബമായില്ല... സവർണ്ണത സൃഷ്ടിക്കുന്ന പൊതുബോധത്തിനപ്പുറത്തേക്ക് സഞ്ചരിക്കുവാൻ ലാലുകുട്ടനും സാധിക്കുന്നില്ലയെന്നത് മലയാള സിനിമയെ പുറകോട്ട് പിടിച്ചുവലിക്കുകയാണ്...

ശരീരത്തിന്റെ ഒരു അവയവം പോലെ നിസ്കാര തൊപ്പി ധരിക്കുന്ന അബു... മദ്യം ഹറാമാണെന്ന് വിശ്വാസിക്കുന്ന മുസ്ലീം മതത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അബുവിനെ സിനിമയിൽ കാസ്റ്റ് ചെയ്തിരിക്കുന്നത്... മദ്യം കഴിക്കുമ്പോഴും നിസ്കാര തൊപ്പി ധരിക്കുന്നത്... മുസ്ലീം സമുദായത്തെ  മുറിവേൽപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തേണ്ടത്... മുസ്ലീമിന് എപ്പോഴും  ഡ്രഗ്സ് സംഘങ്ങളുമായി രഹസ്യ ബന്ധങ്ങളുണ്ടാകുമെന്ന്, പൊതുബോധം സൃഷ്ടിക്കുന്നതിനാണ് അബുവിന്റെ മയയ്ക്കുമരുന്നടിക്കാരുമായുള്ള അഭേദ്യബന്ധം... എങ്കിലും മുസ്ലീം സമുദായത്തിന് ആശ്വാസിക്കാവുന്ന രംഗങ്ങളും സിനിമയിൽ ചേർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്... ഇഷ്ടക്കാർക്ക് ജീവൻ തന്നെ ബലി നൽകാൻ തയ്യാറുള്ള ഒരു സമുദായത്തിന്റെ പ്രതീകമായാണ് സ്വന്തം പേര് തന്നെ മൂന്ന് പ്രാവശ്യമെഴുതി നറുക്കെടുത്തതിലൂടെ തെളിയുന്നത്...  

ആത്യന്തികമായി സിനിമ ഭൂരിപക്ഷസമുദായത്തിനെതിരെയുള്ള ന്യൂനപക്ഷസമുദായങ്ങളുടെ കൂടിചേരലാണ്... ഒരു ഹിന്ദുവിനെ കൂടെകൂട്ടാതെയുള്ള കൊച്ചിയിലെ ബാൻഡ് സംഘം നമ്മുടെ രാഷ്ട്രീയരംഗത്തെ ഓർമിപ്പിക്കുന്നു... അതിലെ രാഷ്ട്രീയ ശരികൾ വരച്ചുകാണിക്കുന്ന ചിത്രമെന്ന് ചില പ്രേക്ഷകരെങ്കിലും അടക്കം പറയുന്നുണ്ട്... സഹോദരിയെ രക്ഷപ്പെടുത്താനായി സർവശക്തിയും ഉപയോഗിക്കുന്ന സഹോദരന്മാരിൽ നിന്ന് പള്ളി പ്രദക്ഷിണത്തിലേക്ക് ഓടികയറി രക്ഷപ്പെടുന്നത്,  കുറ്റവാളികളെ രക്ഷിക്കാൻ സഭയും സഭയുടെ ചട്ടുകങ്ങളൂം ഒരു മറയാകുന്നുവെന്ന ഒരു ഓർമപ്പെടുത്തലിലൂടെ സംവിധായകന്റെ സാമൂഹികപ്രബദ്ധതയാണ് നിഴലിക്കുന്നത്...

ഹണി ബീ പര്യവസാനം യുവാക്കളിൽ ശുഭാപ്തി വിശ്വാസം നൽകുന്നുവെന്നതാണ് സാധാരണ സിനിമകളിൽ നിന്ന് ഹണി ബീ യെ വേറിട്ട് നിർത്തുന്നത്.. ഒളിച്ചോടിയവരെ പിടിക്കാനായി വീട്ടുകാരും പോലിസും പരക്കം പായുമ്പോൾ ആത്മഹത്യയ്ക്ക് പകരം സർവശക്തിമെടുത്ത് രക്ഷപ്പെടുന്നു... രാത്രികളെ അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ ഇറാനിയൻ സിനിമകളിൽ കാണുന്നതുപോലെയുള്ള ഇരുട്ടിന്റെ ലോംഗ് ഷോട്ടുകൾ തുടരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബോട്ടിന്റെ മുനമ്പിൽ നിന്നുള്ള ഷോട്ടുകൾ ടൈറ്റാനിക്കിനെ ഓർമ്മപ്പെടുത്തുന്നതാണ്... ക്ലൈമാക്സ് രംഗത്തിനിടയിൽ നായകൻ പ്രേക്ഷകർക്ക് നേരെ നടുവിരൽ ഉയർത്തി കാണിക്കുന്നത് മലയാള സിനിമയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നതിനാൽ സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഒരു മലയാള തനിമ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നുവെന്ന് നിശംസയം പറയാം...

വാൽകക്ഷണം... സ്വന്തം മനസിലെ വർഗ്ഗീയതയും കുടിലതയും സിനിമയുടെ ഓരോ സിനീലും ആരോപിച്ച് ഇരവാദികളെ സൃഷ്ടിക്കുന്ന നിരൂപകർക്ക് സമർപ്പിക്കുന്നു...

Wednesday, 10 July 2013

ഭൂരിപക്ഷവും ജനാധിപത്യമൂല്യവും...

കേവല ഭൂരിപക്ഷമുള്ളതുകൊണ്ട് അവരെടുക്കുന്ന തീരുമാനങ്ങളെ ജനാധിപത്യമെന്ന് വിളിക്കുന്നത് ജനാധിപത്യമെന്നാൽ തിരഞ്ഞെടുമാത്രമാണെന്ന അബദ്ധധാരണയിൽ നിന്നാണ്... ജനാധിപത്യം ഒരു ഭരണവ്യവസ്ഥയാണ്, എല്ലാവർക്കും ഭരിക്കാനാകാത്തതുകൊണ്ട് എല്ലാവർക്കും തുല്യപങ്കാളിത്തം നൽകി ചെറിയൊരു ടീമിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയമാത്രമായി ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിനെ കാണണം... ജനാധിപത്യം വളരെ വിശലമാണ്... പട്ടാളഭരണം പോലെയോ ഏകധിപത്യം പോലെയോ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന ഒരു പ്രതിഭാസവുമല്ല... ജനം വളരുന്നതിനനുസരിച്ച് ജനാധിപത്യം വളർന്നുകൊണ്ടിരിക്കുകയാണ്... അതുകൊണ്ടാണ് സാമൂഹികമായ വളർച്ചയുടെ അന്തരത്തിനനുസരിച്ച് ഓരോ രാജ്യത്തും ജനാധിപത്യമൂല്യങ്ങൾ വിത്യസ്തപ്പെട്ടിരിക്കുന്നത്... 

ജനാധിപത്യമെന്നാൽ 51% പേരുടെ ശരിയല്ല... മറിച്ച് 100% ശരികൾ നടപ്പിലാക്കാൻ 51% പേരുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെടുന്നതാണ്... ശരിയും തെറ്റും നിർണ്ണയിക്കുന്നത് ഭൂരിപക്ഷാഭിപ്രായം നോക്കിയുമല്ലല്ലോ... അതുപോലെയാണ് ജനാധിപത്യമൂല്യങ്ങളും നിർണ്ണയിക്കുന്നതും ഭൂരിപക്ഷമടിസ്ഥാനത്തിലാകരുതെന്ന് കരുതുന്നത്...  രാജ്യത്തെ എല്ലാവിധ ജനങ്ങളേയും ഉൾക്കൊള്ളുന്നതാണ് ജനാധിപത്യം... വിശാലമായർത്ഥത്തിൽ ജനാധിപത്യത്തെ സമീപിക്കേണ്ടതുണ്ട്... അതില്ലാത്തവരാണ് കേവലം ഭൂരിപക്ഷം എന്ന മാന്ത്രിക നമ്പറിൽ തൂങ്ങി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത്... അത് മോബോക്രെസിയുടെ നിലവാരമേയുള്ളൂ... തിരഞ്ഞെടുക്കപ്പെട്ടതാണെന്ന നിയമപരമായ തൊടുന്യായം... 100% ശരി എന്നത് 100% മാർക്ക് നൽകുന്നതുപോലെയല്ല... ഒരു ഭരണം... കുറെ കള്ളികൾ വരച്ച് അതിനുള്ളിലെ ചാട്ടങ്ങളൂമല്ല... ഓരോ തീരുമാനത്തിന്റെ പിന്നിലും ഇന്ന് ജനാധിപത്യം കൈവരിച്ചിരിക്കുന്ന ഗുണഗണങ്ങളുണ്ടായിരിക്കണം... അതിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന തീരുമാനങ്ങളെടുക്കുന്നവർക്ക് ഭൂരിപക്ഷമുണ്ടെന്ന മോബൊക്രസിയുടെ ന്യായമുണ്ട് പക്ഷേ ജനാധിപത്യമല്ലായെന്ന് മനസിലാക്കണം... 

50% ശതമാനത്തിൽ താഴെയല്ല മറിച്ച് 90% വോട്ട് കിട്ടി അധികാരത്തിൽ വരുന്ന ഒരു പാർട്ടി ഇന്ത്യ ഭരിക്കുമ്പോൾ... അവർക്ക് കിട്ടിയ വോട്ടിന്റെ ബലത്തിൽ അവരെടുക്കുന്ന തീരുമാനം ജനാധിപത്യമാണോയെന്ന് നിശ്ചയിക്കനാകില്ലായെന്നാണെന്റെ അഭിപ്രായം... ഉദാഹരണം... 90% വോട്ട് കിട്ടിയ ഭരണകക്ഷി ഹിന്ദു മതം ഒഴിച്ച് മറ്റ് മതങ്ങൾ നിരോധിക്കുന്നു... അത് ജനാധിപത്യമല്ല... ഫാസിസമാണ്... അതേ സമയം 50% വോട്ട് കിട്ടാത്ത പാർട്ടി കേവലം ഭൂരിപക്ഷത്തിന്റെ കാരുണ്യത്തിൽ തീരുമാനിക്കുന്നു... ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി ഏതൊരു മതത്തിലും വിശ്വാസിക്കാം... ആരാധിക്കാം... അതാണ് ജനാധിപത്യം... അത്തരം മൂല്യങ്ങളും ഉൾക്കൊള്ളൂന്ന സമൂഹമാണ് ജനാധിപത്യസമൂഹം... ഓരോ തീരുമാനത്തിലും ജനാധിപത്യബോധം വിളിച്ചോതുന്നതായിരിക്കണം...

ജനാധിപത്യരാജ്യത്തും ഫാസിസ്റ്റുകൾക്കും ഭൂരിപക്ഷം ലഭിക്കും... അതുകൊണ്ട് ഫാസിസം നടപ്പിലാക്കാമെന്ന് കരുതുന്നത് ജനാധിപത്യവിരുദ്ധമാണ്... ഭൂരിപക്ഷമുള്ള ജനത തീരുമാനിക്കുന്നു... ഇവിടെ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയം മാത്രം മതി... ഭൂരിപക്ഷമുണ്ടെന്ന് കരുതി അതിനേയും ജനാധിപത്യമെന്ന് വിശേഷിക്കാമോ... 

ജനാധിപത്യത്തിന്റെ ശക്തി നിയമവ്യവസ്ഥയുടെ സ്ഥാപനമാണ്... അതിനാവശ്യമായ നിയമനിർമ്മാണമാകണം, ജനപ്രതിനിധികളൂടെ കർത്തവ്യം... ജനാധിപത്യത്തെ അട്ടിമറിക്കാൻ പട്ടാളത്തിനോ മറ്റൊരു ഏകാധിപതിക്കോ വിപ്ലവകാരികൾക്കോ അധികാരമില്ല.. അതേ സമയം രാജ്യത്ത് നിയമവ്യവസ്ഥ കുറ്റമറ്റരീതിയിൽ നില‌നിർത്തേണ്ടതും ആഭ്യന്തര-വിദേശ സുരക്ഷ സംരക്ഷിക്കേണ്ടതും ഭരണാധികാരികളൂടെ കടമയാണ്... അതിന് കോട്ടം വരുന്ന സാഹചര്യങ്ങളിൽ കോടതിയോ പട്ടാളമോ അല്ല്ലെങ്കിൽ ജനം തന്നെ, അവരുടെ അധികാരങ്ങളുടെ പരിധികൾ ലംഘിച്ചാൽ, തിരഞ്ഞെടുക്കപ്പെട്ടതാണെന്ന ന്യയം തൽക്കാലത്തേക്കെങ്കിലും അവഗണിക്കേണ്ടിവരും...

പട്ടാളമെന്നാൽ അതിർത്തി കാക്കാൻ മാത്രമല്ല... ആഭ്യന്തര സുരക്ഷ താറുമാറായാൽ ഭരണാധികാരികളൊടൊപ്പം നിന്ന് ജനത്തെ നിയന്ത്രിക്കേണ്ടവരാണ്... അതേസമയം രാജ്യം പൂർണ്ണമായും ആഭ്യന്തരകലാപത്തിലേക്ക് വഴിമാറുന്നത് തടയേണ്ടത് ഭരണാധികാരികളായിരുന്നു... അതിൽ പരാജയപ്പെട്ടാൽ, സൈന്യം താൽക്കാലികമായി സ്വന്തം നിലയ്ക്ക് ഇടപെടുന്നതിനെ ജനാധിപത്യപരമല്ലെങ്കിൽക്കൂടി എതിർക്കാനാകാത്ത അവസ്ഥയാണ്... ലക്ഷക്കണക്കിന് പേർ മരിക്കുന്നതിലും നല്ലത് താൽക്കാലികമായി സൈന്യം ഇടപെടുന്നതല്ലേ രാജ്യത്തിന് നല്ലത്... എന്നതാണ് യുക്തി... പ്രക്ഷോഭം കത്തിക്കയറി നാട് കുട്ടിച്ചോറാക്കുന്നത് നോക്കി അതിർത്തിയിലെ ബാരക്കിൽ സൈന്യം ഇരിക്കുന്നതുകൊണ്ടെന്ത് പ്രയോജനം... സ്ഥിരമാണോ താൽക്കാലികമാണോ എന്നത് സൈന്യം തന്നെ തീരുമാനിക്കേണ്ടിവരും എന്നന്നതുകൊണ്ട് സൈനീക നടപടിക്കല്ല മുൻഗണന കൊടുക്കേണ്ടത്... മറിച്ച് ഭരണത്തിലിരിക്കുന്നവർ ജനാധിപത്യപരമായി കാര്യങ്ങളെ കാണണമെന്നാണ്... നിയമവ്യവസ്ഥ സംരക്ഷിക്കണം...

"ജനാധിപത്യം പട്ടളഭരണത്തിലൂടെ" എന്ന മുദ്രവാക്യമൊന്നുമില്ല... രണ്ട് പേർ തെരുവിൽ തല്ല് കൂടുമ്പോൾ അവിടെ വരുന്ന മൂന്നാമൻ രണ്ട് പേരേയും ബലമായി തള്ളിമാറ്റി താൽക്കാലികസമാധാനം സൃഷ്ടിക്കുന്നു... അതുപോലെയുള്ള ഇടപെടലുകളെ ജനാധിപത്യരാജ്യത്ത് പട്ടാളത്തിന് നിർവഹിക്കാനുള്ളൂ... എത്രയും പെട്ടെന്ന് താൽക്കാലിക സർക്കാരിന് അധികാരം കൈമാറുകയും... അധികം താമസിയാതെ അവരും പൊതുതിരഞ്ഞെടുപ്പെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയിൽ മാറ്റുരയ്ക്കണം... ജനാധിപത്യം പുലരട്ടെ... മൂല്യങ്ങളും...