Saturday 20 July 2013

ഹണി ബീ... കോപ്പിലെ നിരൂപണം...

പേര് സൂചിപ്പിക്കുന്നതുപോലെ "ഹണിബീ" തന്നെയാണ് സിനിമയിൽ തുടക്കം മുതൽ നിഴലിച്ച് നിന്നത്... എത്രയെത്ര കള്ള് പാർട്ടികൾ... കള്ളുംകുടിച്ച് ജീവിതം ആസ്വാദിക്കുന്ന ഒരു കൂട്ടം യുവതലമുറ... ബിവറേജസിന് മുൻപിൽ കൃത്യമായി ക്യൂ പാലിക്കുന്ന അച്ചടക്കമുള്ള ഒരു വലിയൊരു സമൂഹം... ആൺ-പെൺ വിത്യാസമില്ലാതെയുള്ള കൂടിചേരലുകൾ... പുതുകേരളത്തിന്റെ രേഖാചിത്രം... ആദ്യപകുതിയിൽ ന്യൂ ജനറേഷൻ സിനിമകളെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും ബോംബെ സിനിമകളിലൂടെയാണ് പര്യവസാനിക്കുന്നത്... ബോംബെയെന്നാൽ അധോലോകം... കൊച്ചിയെന്നാൽ ക്വട്ടേഷൻ കൊച്ചി... 

ഒരു പുരോഹിതനെ ഗുണ്ടയായും മദ്യപാനിയായും ചിത്രികരിക്കുക വഴി സിനിമ നൽകുന്ന സന്ദേശം കൃസ്ത്യൻ വിരോധമാണെന്ന് സംശയിക്കാമെങ്കിലും, ചൂഴ്ന്ന് നോക്കിയാൽ, അതിന്റെ പിന്നിലും സവർണ്ണത ദർശിക്കാവുന്നതാണ്... കൊന്തയും കുരിശുമൊക്കെയിട്ട ഒരു ചട്ടമ്പി കുടുംബത്തിലെ ഒരു സന്താനം, പുരോഹിതനായാലും ഗുണ്ടയായിരിക്കുമെന്ന് ചിത്രികരിക്കുന്നത് നമ്മളിൽ കുടികൊള്ളൂന്ന സവർണ്ണതയുടെ ബാക്കിപത്രമാണെന്ന് തിരിച്ചറിയാൻ സാധാരണക്കാരനുപോലും സാധിക്കുന്നു... കുടുംബപാരമ്പര്യം സൃഷിക്കുന്ന മായാജാലം... ഗുണ്ടായിസമൊക്കെ കാണിച്ച് കൊച്ചിയെ ഭരിക്കുന്ന ഒരു കൃസ്ത്യൻ കുടുംബം... എന്തുകൊണ്ട് അതൊരു ഹിന്ദുകുടുംബമായില്ല... സവർണ്ണത സൃഷ്ടിക്കുന്ന പൊതുബോധത്തിനപ്പുറത്തേക്ക് സഞ്ചരിക്കുവാൻ ലാലുകുട്ടനും സാധിക്കുന്നില്ലയെന്നത് മലയാള സിനിമയെ പുറകോട്ട് പിടിച്ചുവലിക്കുകയാണ്...

ശരീരത്തിന്റെ ഒരു അവയവം പോലെ നിസ്കാര തൊപ്പി ധരിക്കുന്ന അബു... മദ്യം ഹറാമാണെന്ന് വിശ്വാസിക്കുന്ന മുസ്ലീം മതത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അബുവിനെ സിനിമയിൽ കാസ്റ്റ് ചെയ്തിരിക്കുന്നത്... മദ്യം കഴിക്കുമ്പോഴും നിസ്കാര തൊപ്പി ധരിക്കുന്നത്... മുസ്ലീം സമുദായത്തെ  മുറിവേൽപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തേണ്ടത്... മുസ്ലീമിന് എപ്പോഴും  ഡ്രഗ്സ് സംഘങ്ങളുമായി രഹസ്യ ബന്ധങ്ങളുണ്ടാകുമെന്ന്, പൊതുബോധം സൃഷ്ടിക്കുന്നതിനാണ് അബുവിന്റെ മയയ്ക്കുമരുന്നടിക്കാരുമായുള്ള അഭേദ്യബന്ധം... എങ്കിലും മുസ്ലീം സമുദായത്തിന് ആശ്വാസിക്കാവുന്ന രംഗങ്ങളും സിനിമയിൽ ചേർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്... ഇഷ്ടക്കാർക്ക് ജീവൻ തന്നെ ബലി നൽകാൻ തയ്യാറുള്ള ഒരു സമുദായത്തിന്റെ പ്രതീകമായാണ് സ്വന്തം പേര് തന്നെ മൂന്ന് പ്രാവശ്യമെഴുതി നറുക്കെടുത്തതിലൂടെ തെളിയുന്നത്...  

ആത്യന്തികമായി സിനിമ ഭൂരിപക്ഷസമുദായത്തിനെതിരെയുള്ള ന്യൂനപക്ഷസമുദായങ്ങളുടെ കൂടിചേരലാണ്... ഒരു ഹിന്ദുവിനെ കൂടെകൂട്ടാതെയുള്ള കൊച്ചിയിലെ ബാൻഡ് സംഘം നമ്മുടെ രാഷ്ട്രീയരംഗത്തെ ഓർമിപ്പിക്കുന്നു... അതിലെ രാഷ്ട്രീയ ശരികൾ വരച്ചുകാണിക്കുന്ന ചിത്രമെന്ന് ചില പ്രേക്ഷകരെങ്കിലും അടക്കം പറയുന്നുണ്ട്... സഹോദരിയെ രക്ഷപ്പെടുത്താനായി സർവശക്തിയും ഉപയോഗിക്കുന്ന സഹോദരന്മാരിൽ നിന്ന് പള്ളി പ്രദക്ഷിണത്തിലേക്ക് ഓടികയറി രക്ഷപ്പെടുന്നത്,  കുറ്റവാളികളെ രക്ഷിക്കാൻ സഭയും സഭയുടെ ചട്ടുകങ്ങളൂം ഒരു മറയാകുന്നുവെന്ന ഒരു ഓർമപ്പെടുത്തലിലൂടെ സംവിധായകന്റെ സാമൂഹികപ്രബദ്ധതയാണ് നിഴലിക്കുന്നത്...

ഹണി ബീ പര്യവസാനം യുവാക്കളിൽ ശുഭാപ്തി വിശ്വാസം നൽകുന്നുവെന്നതാണ് സാധാരണ സിനിമകളിൽ നിന്ന് ഹണി ബീ യെ വേറിട്ട് നിർത്തുന്നത്.. ഒളിച്ചോടിയവരെ പിടിക്കാനായി വീട്ടുകാരും പോലിസും പരക്കം പായുമ്പോൾ ആത്മഹത്യയ്ക്ക് പകരം സർവശക്തിമെടുത്ത് രക്ഷപ്പെടുന്നു... രാത്രികളെ അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ ഇറാനിയൻ സിനിമകളിൽ കാണുന്നതുപോലെയുള്ള ഇരുട്ടിന്റെ ലോംഗ് ഷോട്ടുകൾ തുടരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബോട്ടിന്റെ മുനമ്പിൽ നിന്നുള്ള ഷോട്ടുകൾ ടൈറ്റാനിക്കിനെ ഓർമ്മപ്പെടുത്തുന്നതാണ്... ക്ലൈമാക്സ് രംഗത്തിനിടയിൽ നായകൻ പ്രേക്ഷകർക്ക് നേരെ നടുവിരൽ ഉയർത്തി കാണിക്കുന്നത് മലയാള സിനിമയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നതിനാൽ സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഒരു മലയാള തനിമ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നുവെന്ന് നിശംസയം പറയാം...

വാൽകക്ഷണം... സ്വന്തം മനസിലെ വർഗ്ഗീയതയും കുടിലതയും സിനിമയുടെ ഓരോ സിനീലും ആരോപിച്ച് ഇരവാദികളെ സൃഷ്ടിക്കുന്ന നിരൂപകർക്ക് സമർപ്പിക്കുന്നു...

No comments: