Tuesday 23 July 2013

മുഖ്യമന്ത്രി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുക...

ജനാധിപത്യ സർക്കാരുകളൂടെ നിലനിൽപ്പ് കേവല ഭൂരിപക്ഷത്തിലല്ല... മറിച്ച് എല്ലാവിധ ജനങ്ങളുടേയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമാണ് നില‌നിൽക്കുക... ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ഭൂരിപക്ഷം ലഭിച്ചാൽ, അടുത്ത 5 വർഷം പ്രതിപക്ഷവും ജനങ്ങളും അങ്ങട് മാറി നിന്നാൽ മതിയെന്ന മനോഭാവം ജനാധിപത്യവിരുദ്ധമാണ്... സംശയത്തിനതീതമായി ഭരിക്കാൻ സാധിക്കാതെ വരികയും അല്ലെങ്കിൽ എല്ലാവിധ ജനങ്ങളുടേയും വിശ്വാസം ആർജിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, ഭരണാധികാരികൾ സ്വയം അധികാരത്തിൽ നിന്ന് മാറി നിൽക്കണം... അല്ലെങ്കിൽ, ഭരണാധികാരികളെ നിയന്ത്രിക്കുന്ന പാർട്ടിക്കും അവരെ നിയന്ത്രിക്കുന്നവർക്കും ഉത്തരവാദിത്വമുണ്ട്... സമാധാനപരമായ അധികാരകൈമാറ്റത്തിന് നടപടികളെടുക്കാൻ... ജനാധിപത്യം പരാജയപ്പെടുന്നത്, ഈജിപ്സ്തിൽ മാത്രമല്ല മറിച്ച് ഇങ്ങ് കേരളത്തിലും സംഭവിക്കുന്നു... രണ്ട് രാജ്യത്തും ജനാധിപത്യം ഇടപെടലുകൾ ആവശ്യപ്പെടുന്നു...

മുഖ്യമന്ത്രിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് എന്റെ  നിരീക്ഷണം... സോളാർ ആരോപണം മുഖ്യമന്ത്രിയുടെ ആപ്പിസിനെ ചുറ്റിപ്പറ്റി, ചിലപ്പോളത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടും... വ്യക്തമായ അന്വേഷണം നടത്തി സംശയങ്ങൾ ദുരീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നോ ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നോ അവർ നിയമിച്ച പോലിസിന്റെ ഭാഗത്തുനിന്നോ പരിശ്രമമുണ്ടാകുന്നുവെന്ന് ഒരു "ധാരണയെങ്കിലും" സൃഷ്ടിക്കാൻ ഇതുവരെയായിട്ടില്ല... അതേസമയം സംശയങ്ങളുടെ കുന്തമുന ഓരോ ദിവസം കഴിയുന്തോഴും കൂടുതൽ ബലപ്പെട്ടുവരികയുമാണ്... കുറ്റവാളിയാണോ നിരപരാധിയാണോയെന്നതൊക്കെ കോടതി തീരുമാനിക്കേണ്ടതാണ്... പക്ഷേ സത്യസന്ധമായ ഒരു അന്വേഷണം നടക്കുന്നുണ്ടോയെന്ന് സംശയം നിലവിലുണ്ട്... ആ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയും ചെയ്യുന്നു... മുഖ്യമന്ത്രിയിലേക്ക് മാത്രമല്ല, വലിയൊരു കോക്കസിലേക്ക്...

ഉമ്മൻ ചാണ്ടിയെന്ന എന്ന വ്യക്തിയുടെ ജനാധിപത്യവും നിയമപരവുമായ അവകാശങ്ങളേക്കാൾ, മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന്റെ ശ്രേഷ്ടത കാത്തുസൂക്ഷിക്കുന്നതിനായിരിക്കണം ജനാധിപത്യത്തിൽ മുൻഗണന... ജനാധിപത്യം ഉന്നതനിലയിൽ കാത്തുസൂക്ഷിച്ചാൽ മാത്രമെ ഉമ്മൻ ചാണ്ടി മുതൽ ഇങ്ങേതലയ്ക്കൽ ജീവിക്കുന്ന കാക്കരയുടെ വരെ ജനാധിപത്യവും നിയമപരവുമായ അവകാശങ്ങളും സംരക്ഷിക്കുകയുള്ളൂ... ജനാധിപത്യപ്രവർത്തനങ്ങളിൽ അര നൂറ്റാണ്ട് കാലത്തെ പ്രവർത്തനപരിചയമുള്ള മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിക്ക് ഇതൊക്കെയറിയുകയും ചെയ്യാം... അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് സോളാർ വിഷയത്തിലെ സംശയത്തിന്റെ പുകമറ നീങ്ങുന്നതുവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ്, ഒരു ജനാധിപത്യവിശ്വാസി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്...

മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയിട്ടൂള്ള എം.എൽ.എ മാർ പാർട്ടി വേദിയിലും പൊതുവേദിയിലും സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ്, ഈ വിഷയത്തിൽ നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നറിയാനുള്ള ജനങ്ങളുടെ അവകാശം കാത്തുസൂക്ഷിക്കണം... ഇരുമ്പുമറ ജനാധിപത്യത്തിൽ നിന്ന് നിയമസഭാംഗങ്ങളും സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും ഘടകകക്ഷികളും പൊതുവേദിയിലേക്കിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... മൗനം അവലംബിക്കുന്നത് ജനാധിപത്യമല്ലായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... 

ജനാധിപത്യപരമായ പ്രതിക്ഷേധങ്ങൾ നടത്തുന്ന പ്രതിപക്ഷം, അവരുടെ കടമ നിർവഹിക്കുന്നുണ്ട്... അത് തുടർന്നും ജനാധിപത്യപരമായി തന്നെ മുന്നോട്ടുകൊണ്ടുപോകണം... കോടതിയും കാര്യങ്ങളെ നീതിപൂർവമായി കാണുന്നുണ്ടെന്നാണ് ഇതുവരെയുള്ള നിഗമനം... നമ്മുടെ ജനാധിപത്യം വിജയിക്കുകയാണ്... സത്യസന്ധമായ അന്വേഷണത്തിലൂടെ ഏതൊരു ഉന്നതനേയും നിയമത്തിന്റെ മുൻപിൽ തുല്യനാക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്... അതിനുള്ള അവസരം ഉമ്മൻ ചാണ്ടി തന്നെ തുറന്നിടണം...

മുഖ്യമന്ത്രി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുക... അതുമാത്രമാണ് പോംവഴി... അപ്പോൾ രാജി വെയ്ക്കുകയല്ലേ...

No comments: