Monday 29 July 2013

ഗാന്ധിജയന്തിയും നിയമവിരുദ്ധസേവനവും...

നാട്ടിൽ തെക്ക് വടക്ക് നടക്കുന്ന കാലം... മഴക്കാലത്തിനിടയിൽ ഗാന്ധിജയന്തി വരുന്നതും സേവനദിനം നടത്തുന്നതും റോഡിലെ കുഴികളടയ്ക്കാനാണെന്ന് സത്യമായും വിശ്വാസിച്ചിരുന്ന കാലം... വീടിന് കുറച്ചകലെ... വളരെയധികം ബസുകൾ പോകുന്ന വഴിയിൽ ശാസ്ത്രീയമായി പണിത റോഡ് ശാസ്ത്രീയമായി പൊളിഞ്ഞ് കുണ്ടും കുഴിയുമായി... സൈക്കിളിൽ പോകുന്ന ഞാനൊക്കെ എട്ടെടുത്ത് ഒരു വിധം അക്കരയെത്തും... ബൈക്ക്, ഓട്ടോറിക്ഷ, കാറ് തുടങ്ങിയ ബൂർഷാവാഹനങ്ങൾ കുഴിയിലിറങ്ങി കാണാതെയായി, പിന്നെ പൊന്തിവരുന്ന നയനമനോഹരമായ കാഴചയും... പ്രൈവറ്റ് ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ബ്രേക്കോഫോബിയ ഉള്ളതിനാൽ, കുഴിയിലൊക്കെ ചാടിച്ച്, ബസിന്റെ അടിഭാഗം കൊണ്ട് ഭൂമിദേവിക്ക് ഉമ്മ നൽകിയാണ് പോയിരുന്നത്... ബസിന്റെ പിന്നിലിരിക്കുന്നവരുടെ നടു ഉളുക്കിയാലും ബസിന്റെ നട്ടൊക്കെ ഇളകി പോയാലും... ബ്രേക്കിൽ കാല് വെയ്ക്കില്ലായെന്ന് ശപഥം ചെയ്തവരാണല്ലോ അവർ...

അങ്ങനെയിരിക്കെ സാമൂഹികപ്രതിബദ്ധത കാണിക്കാൻ നമുക്ക് കിട്ടിയ അവസരമായി നമ്മുടെ മുന്നിലേക്ക് ഓക്ടോബർ രണ്ട് കുതിച്ച് പാഞ്ഞുവരുന്നു... അന്ന് കപ്പയും ചമ്മന്തിയും ഫൈവ്സ്റ്റാർ ഭക്ഷണമായിട്ടില്ല... എന്നാലും സുഹൃത്തുക്കളുടെ കൂടെയുള്ള കപ്പ തീറ്റയ്ക്ക് ഒരു പ്രത്യേക സുഖം തന്നെയുണ്ടായിരുന്നു... ഞങ്ങളുടെ ക്ലബിന്റെ തീരുമാനപ്രകാരം ഏകദേശം 20 പേരടങ്ങുന്ന യുവാക്കൾ ആയുധങ്ങളുമായി ശാസ്ത്രീയമായി റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങി... കൈക്കോട്ട്, കൊട്ട, അരിവാൾ, വെട്ടുക്കത്തി തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുമായി യുദ്ധമുന്നണിയിലെത്തിയപ്പോഴല്ലെ കുഴിയുടെ ആഴത്തേക്കാൾ വലിയതാണ് പ്രശ്നത്തിന്റെ ആഴമെന്ന് മനസിലായത്... 50 മീറ്റർ നീളമുള്ള ഈ ഭാഗത്തെ വലിയ നാലോ അഞ്ചോ കുഴികളടക്കണമെങ്കിൽ, ലോഡ് കണക്കിന് കല്ലും മണ്ണും ആവശ്യമാണ്... ഇത്രയും വലിയ പദ്ധതിയൊക്കെ ഗൗരവമായ ആലോചനകളില്ലാതെ തീരുമാനിച്ചതിൽ പരസ്പരം ചീത്ത വിളിച്ച് ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചെങ്കിലും, നനഞ്ഞാൽ കുളിച്ച് കയറുകയെന്ന ശാസ്ത്രീയടിത്തറയിൽ എല്ലാവരും യോജിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

റോഡ് ചീത്തയാകുന്നത് റോഡിന് ഒരു വശത്തുള്ള തോട് കാടും പടലും പിടിച്ച് നിറഞ്ഞതുകൊണ്ട്, വെള്ളം റോഡിലൂടെ ഒഴുകിയതുകൊണ്ടായിരുന്നു.. സാധാരണയുണ്ടാകുന്ന ചെറിയ കുഴികൾക്ക് പകരം വലിയ കുഴികൾ ഈ പ്രാവശ്യമുണ്ടായതെന്നത് ആ പരിസരവാസികളായ ഞങ്ങൾ നടത്തിയ ശാസ്ത്രീയനിരീക്ഷണങ്ങൾക്കൊണ്ട് മനസിലാക്കിയിരുന്നു... ഒരു ടീമിനെ അരിവാളും വെട്ടുകത്തിയുമായി തോട് വൃത്തിയാക്കാൻ ഏല്പിച്ചു... ദേ... പിന്നേയും ശാസ്ത്രീയമായ കണ്ടുപിടിത്തം... ആ തോട് നിറച്ച് കരിങ്കലുകൾ... ആ കരിങ്കലിൽ മണ്ണ് തടഞ്ഞ് ചെടികൾ വളർന്നതുകൊണ്ടാണ് തോടിലൂടെ ഒഴുകിപോകേണ്ട വെള്ളം വഴിയിലേക്ക് കയറിയത്... പാമ്പായാലും നമ്മളായാലും, വഴി മുട്ടിയാൽ വേറെ വഴി നോക്കും... അത്രയേ വെള്ളവും ചെയ്തുള്ളൂ... കഴിഞ്ഞ വേനലിലാണ് തോടിനോട് ചേർന്ന മതിൽ കെട്ടിയത്... മതിൽ പണിയാൻ കൊണ്ടുവന്ന കരിങ്കല് ബാക്കിയായത് അവിടെ തൽക്കാലം ഉപേക്ഷിച്ചതാണെന്നും മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഞങ്ങൾക്കുണ്ടായി... റോഡ് പൊളിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ശാസ്ത്രീയ തെളിവുകളുടെയടിസ്ഥാനത്തിൽ ജനകീയവിചാരണ നടത്തി ആ സ്ഥലയുടമയിൽ കെട്ടപ്പെട്ടിരുന്നു...

ഞങ്ങളുടെ നല്ല മനസ്... ലക്ഷ്യം മാർഗ്ഗത്തെ സാധുകരിക്കുമെന്നല്ലേ... ആ കരിങ്കല്ലെടുത്ത് റോഡിൽ പാകി... അതിനുമുകളിൽ, തോടിൽ നിന്നും പരിസരങ്ങളിൽ നിന്നും ലഭിച്ച മണ്ണെടുത്ത് റോഡ് നിരപ്പാക്കി... കപ്പയും ചമ്മന്തിയും കട്ടൻ കാപ്പിയുംകുടിച്ച് വിജയശ്രീലാളിതരായി അടുത്ത വർഷം ഇതേ ദിവസം മറ്റൊരു റോഡിലെ കുഴികളടച്ചേക്കാമെന്ന് ഗാന്ധി അപ്പൂപ്പനെ ധ്യാനിച്ച് ഞങ്ങൾ പിരിഞ്ഞു... 

വൈകുന്നേരത്തെ കളിയൊക്കെ കഴിഞ്ഞ് പതിവ് തെണ്ടലിന് കവലയിലേക്കിറങ്ങിയപ്പോൾ...  കരിങ്കല്ലുടമയുടെ ശിങ്കിടികൾ... ചെറിയ ഭീക്ഷണിയുമായെത്തി... അയാളോട് ചോദിക്കാതെ കരിങ്കല്ലെടുത്തതിൽ പരാതിയുണ്ടെന്നും... നിങ്ങൾ ഷോ കാണിക്കാനാണ് കുഴികളടച്ചതെന്നും... നമ്മുടെ കൊച്ചി മേയറിന്റെ മുൻഗാമികൾ... അവരോട് തിരിച്ച് ചോദിച്ചത്... റോഡ് കുഴികളായപ്പോൾ നിങ്ങളെവിടെയായിരുന്നു... തോട് കവിഞ്ഞ് മഴവെള്ളം റോഡിലൂടെ ഒഴുകാൻ കാരണം, അയാൾ തോട്ടിലിട്ട കരിങ്കല്ലായിരുന്നു... റോഡ് നശിപ്പിച്ചതിന് അയാളാണുത്തരവാദി, അതുകൊണ്ട് തന്നെ അയാളുടെ കരിങ്കല്ലെടുത്ത് റോഡ് മൂടി... പരാതിയുണ്ടെങ്കിൽ കേസ് കോടുക്ക്... അതോടെ ശിങ്കിടികളുടെ വയറുകടി തീർന്നു...

ഓക്ടോബറിലെ മഴയൊന്നു മാറിയപ്പോൾ, നാട്ടിലെ ഇതുപോലെയുള്ള മറ്റ് കുഴികളടയ്ക്കുന്ന സമയത്ത്, ഇതേ റോഡും പി.ഡബ്ല്യു.ഡി മെറ്റലും ടാറുമിട്ട് പണിതിരുന്നു... അവരെ കാത്തിരുന്നുവെങ്കിൽ, ഒരു മാസമെങ്കിൽ ഒരു മാസം, അതിലെയുള്ള യാത്ര അപകടം പിടിച്ചതാകുമായിരുന്നു... അത്തരം ദുർഘടാവസ്ഥയിൽ സർക്കാർ മെഷിനറികൾ വരുന്നതുവരെ കാത്തിരിക്കാൻ, ജനാധിപത്യബോധമുള്ള ഒരു ജനതയ്ക്കും സാധ്യമല്ല... അതുതന്നെയാണ് ജയസൂര്യയും ചെയ്തത്... മേയറിനോ വകുപ്പ് മന്ത്രിക്കോ ജനാധിപത്യബോധമില്ലായെന്ന് അവർ തന്നെ നെറ്റിയിലൊട്ടിച്ച് വന്നാൽ, അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും പ്രബുദ്ധരായ വോട്ടർമാർ അവരെ രക്ഷിക്കണം...

No comments: