Wednesday, 7 May 2014

അച്ചടക്കമെന്ന കൊടുവാൾ...

കിടന്നിട്ട് ഉറക്കം വരുന്നില്ല... ഇന്ന് ഞായറാഴ്ച്ചയാണല്ലോ... കുർബ്ബാനയ്ക്ക് പോകണം... അത് കഴിഞ്ഞ് പള്ളിയോഗമുണ്ട്... അവിടെ പോയി അച്ചനോടും നാട്ടുകാരോടും നാല് വാക്ക് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല... അത്രയും വലിയ അക്രമമല്ലേ ആ വികാരിയച്ചൻ കുർബ്ബാന സ്വീകരണം പഠിക്കാൻ പോയ പെൺകൊച്ചിനോട് ചെയ്തത്... പ്രതികരിക്കേണ്ടത് ഒരു വിശ്വാസി എന്ന നിലയിൽ എന്റെ കർത്തവ്യവുമാണ്... അതും ആ പ്രായത്തിലുള്ള രണ്ട് പെൺകുട്ടികളുടെ അപ്പനെന്ന ആശങ്കയുമായി... എങ്ങനേയോ നേരം വെളുത്തു... അതിപ്പോൾ ഞാൻ ഉറങ്ങിയാലും ഇല്ലെങ്കിലും നേരം വെളുത്തല്ലേ പറ്റൂ... വീട്ടുകാരൊക്കെ പള്ളിയിലേക്ക് വെച്ച് പിടിച്ചു... ഞാൻ പല്ല് തേച്ച് ഒരു കാക്കക്കുളിയൊക്കെ നടത്തി ജട്ടിയിടുന്ന സമയത്ത് തന്നെ അവസാനത്തെ പള്ളി മണിയും കൊട്ടി... കണ്ടോ സത്യം തന്നെ... പള്ളി മണി കൊട്ടുന്ന സമയത്ത് പറയുന്നതും ചെയ്യുന്നതും സത്യമായിരിക്കും... സംശയിക്കേണ്ട...

അച്ചന്റെ പ്രസംഗം കഴിയുമ്പോഴെയ്ക്കും പള്ളിയിലെത്തുകയെന്ന ലക്ഷ്യത്തോടെ പതുക്കെ നടന്ന് സുഹ്രുത്തിന്റെ വീട്ടിൽ കയറി... കൂടെ അവനും പള്ളിയിലേക്ക്... അങ്ങനെ ഞങ്ങളുടെ ചർച്ച പെൺകുട്ടിയെ പീഡിപ്പിച്ച അച്ചനിലേക്കായി... അവനും വികാരം അണപൊട്ടി... പൊട്ടാനുള്ളതൊക്കെ പൊട്ടിതന്നെ തീരണം... യോഗത്തിൽ പ്രശ്നം അവതരിപ്പിച്ച് അച്ചനെതിരെ സഭയെകൊണ്ട് നടപടി എടുപ്പിക്കണമെന്ന കാര്യത്തിൽ അവനും ഉറച്ചു... അവനൊരു ശങ്ക... ഞാനും കൂടി... വഴിയരികിൽ കണ്ട മരത്തിന് അല്പം വളത്തിന്റെ കുറവ് കണ്ടതുകൊണ്ട്... അവിടെ തന്നെ "പെടുത്തു"... പിന്നെ വേഗം പള്ളിയിലെത്തി... പ്രസംഗം തീരുമ്പോൾ പള്ളിയിലേക്ക് ഇടിച്ചുകയറുന്ന ഭക്തരോടൊപ്പം ഞങ്ങളും ചേർന്നു... അങ്ങനെ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ പള്ളിക്ക് വെളിയിൽ കാത്ത് നിൽക്കുന്നവരും ഞങ്ങളും ഒരേ പന്തിയിൽ... അതും ഒരു യോഗം...

അങ്ങനെ കാത്തിരുന്ന പള്ളിയോഗം സമാഗതമായി... മുൻ‌ ബെഞ്ചിൽ തന്നെ സ്ഥാനമുറപ്പിച്ചു... ഉശീരൻ പ്രകടനം കാഴ്ചവെയ്ക്കണമല്ലോ... കണക്ക് വായനയും മറ്റ് കാര്യപരിപാടികളും പതിവുപോലെ നടന്നു... ആരെങ്കിലും ശ്രദ്ധിച്ചോ... ആ... എല്ലാം കഴിഞ്ഞുവെന്ന് തോന്നിച്ച സമയത്ത്... ഞാൻ എഴുന്നേറ്റു... യോഗത്തിൽ വരാത്തവരും വന്നുതുടങ്ങിയോയെന്ന ചോദ്യം സ്ഥിരം കുറ്റികളുടെ വളഞ്ഞ പുരികത്തിനിടയിലൂടെ ഞാൻ വായിച്ചെടുത്തു...   ബാലപീഡകനച്ചന്റെ ലീലാവിലാസം പറഞ്ഞുതുടങ്ങി... സഭ ശക്തമായ നടപടിയെടുക്കണമെന്നും... മറ്റും... വികാരിയച്ചൻ വല്ലതും പറയുന്നതിന് മുൻപ് സുഹൃത്തിന്റെ വക നടപടിയും പ്രഖ്യാപിച്ചു... ഉടനെ ളോഹ ഊരിക്കണം... പോക്രിത്തരമല്ലേ അച്ചൻ കാണിച്ചത്... വികാരിയച്ചന്റെ മുഖം കറുത്തിരുണ്ടു... പണ്ടേ അങ്ങനെയാ... എല്ലാം പറഞ്ഞല്ലേ ശീലം; കേട്ട് ശീലമില്ലല്ലോ...

പന്തികേട് തോന്നിയ വികാരിയച്ചൻ ചാടിയെഴുന്നേറ്റു... ഇരിക്കാനായി ആംഗ്യം കാണിച്ചു... ദൈവത്തിൽ സ്നേഹമുള്ള ഇടവകക്കാരെ പ്രിയപ്പെട്ട സഹോദരി-സഹോദരന്മാരെ... പറയപ്പെടുന്ന വിഷയം സഭ പഠിച്ചുകൊണ്ടിരിക്കയാണ്... സഭ യുക്തമായ നടപടിയെടുക്കുമെന്ന് വിശ്വാസമുണ്ട്... (ഒരു കള്ളന് മറ്റൊരു കള്ളൻ കൂട്ടെന്ന സുവിശേഷവചനം പൂർത്തിയായി...) അച്ചൻ തുടർന്നു... ഈ വിഷയം ഇവിടെ ചർച്ച ചെയ്യാൻ നമ്മുടെ സഭാനിയമം അനുവദിക്കുന്നില്ല... നമ്മുടെ പള്ളിയതിർത്തിയിൽ നടന്ന സംഭവമായിരുന്നുവെങ്കിൽ നമുക്കത് ഇവിടെ ചർച്ച ചെയ്ത് രൂപതയെയറിയിക്കാമായിരുന്നു... ഇതിപ്പോൾ വേറെ ഏതോ പള്ളിയിൽ... അതുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു... എന്റെ പ്രതിഷേധം തുടർന്നു... ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ വികാരം എവിടെ പ്രകടിപ്പിക്കും... പള്ളിയോഗത്തിന് പുറത്ത്, പ്ലസിലോ ഫേസ് ബുക്കിലോ തെരുവിലോ പറയാൻ പാടില്ല... അപ്പോഴും അച്ചൻ പറയും സഭാനിയമം അനുവദിക്കുന്നില്ല... അച്ചടക്കമുള്ള വിശ്വാസിയാണ് സഭയുടെ കരുത്തെന്ന്... അച്ചടക്കമില്ലാതെ ഒരു സഭയ്ക്കും വളരാനാകില്ല... എന്നൊക്കെ... ഇത് ഒരു സാമൂഹിക പ്രശ്നമാണ്... ഒരു കുട്ടിയെ പീഡിപ്പിച്ച വിഷയം... ഞാൻ പ്രതികരിക്കും...

അച്ചൻ നയം വ്യക്തമാക്കി... സഭയോ സഭയിലെ പുരോഹിതരോ അല്ലെങ്കിൽ മറ്റ് വിശ്വാസികളോ ഉൾപ്പെടുന്ന ഏത് വിഷയവും സഭാനിയമം അനുസരിച്ചേ ചർച്ച ചെയ്യാനാകൂ... സഭയ്ക്ക് പ്രതികൂലമാകുന്ന ഒരു വിഷയവും പരസ്യ ചർച്ചയ്ക്ക് ഒരു വിശ്വാസിയും ഒരുമ്പെടരുത്. അതേ സമയം സഭാതാല്പര്യം ഇല്ലാത്ത ഏതൊരു വിഷയത്തിലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം ഏതൊരു വേദിയിലും ഉന്നയിക്കാം... ബാല പീഡനം തടയുകയെന്ന സഭയുടെ കർക്കശ്ശമായ നിലപാടിനോട് ചേർന്ന് നിന്ന് ഏതോ ശാന്തി ഏതോ ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കാമല്ലോ... അച്ചടക്കമെന്ന സഭാനിയമം സഭാതാല്പര്യമുള്ള വിഷയത്തിൽ മാത്രമാണ് ബാധകം... മനസിലായില്ലേ... അതിൽ ഭീക്ഷണിയുടെ സ്വരമുണ്ടായിരുന്നു... അങ്ങനെ വിശ്വാസികൾക്ക് പറയാനുള്ളത് പറയാനുള്ള യോഗം തീർന്നതായി മനസിലായി... അച്ചൻ എന്തോ പിറുപിറുത്ത് പ്രാർത്ഥന നടത്തി... വിശ്വാസികളെല്ലാവരും ആമേൻ...

അച്ചടക്കം പാലിക്കാത്തവർക്ക് സഭയിൽ സ്ഥാനമില്ല എന്നതും സത്യമായതുകൊണ്ട് ഹാളിൽ നിന്നിറങ്ങി നേരെ പോത്തിറച്ചി വാങ്ങനായി കവലയിലേക്ക്... അന്നുച്ചയ്ക്ക് പോത്തിറച്ചി കൂട്ടി കുറച്ചധികം ചോറുണ്ടു... വിരല് നക്കിയപ്പോഴും പേരറിയാത്ത ആ കുട്ടിയുടെ മുഖവും പേരും എനിക്ക് നല്ല തിട്ടമുണ്ട്...

അധികാരം പിടിച്ചടക്കിയവരുടെ കയ്യിലുള്ള കൊടുവാളാണ്... അച്ചടക്കം... അതേ നാവടപ്പിക്കാനുള്ളത്... ആരും ചോദ്യം ചെയ്യരുത്... അകത്തുയരുന്ന ചോദ്യങ്ങൾ ഓരോന്നായി വെട്ടി വീഴ്ത്താൻ സൗകര്യവും... എങ്ങനെ വേണമെങ്കിലും വളയ്ക്കാം... മാത്രമല്ല... ന്യുനപക്ഷത്തിന്റെ ശബ്ദം വെളിയിലും വരില്ല... സുഖം സുഖപ്രഥം...

വാൽകക്ഷണം... പാർട്ടികൾ പൊക്കികൊണ്ടു നടക്കുന്ന "അച്ചടക്കം" സഭയിലും നടപാക്കിയാൽ... ഇങ്ങനെയല്ലേ ഒല്ലൂര് നടന്ന ബാലപീഡനം ഒതുക്കുക...
Post a Comment