Saturday, 14 September 2013

ഓണം നമ്മുടെ സ്വന്തം ഓണം...

ഓണം കൊയ്തുൽസവമാണോ അതോ തേനും പാലും ഒഴുകിയിരുന്ന കേരളവും അത് ഭരിച്ചിരുന്ന മഹാബലി രാജാവും ഉണ്ടായിരുന്നോ... അദ്ദേഹത്തിന്റെ മരണത്തിന്റെ വാർഷികമാണോ ഓണം... അതോ ഹിന്ദു ഐതീഹ്യപ്രകാരം മഹാബലിയും വാമനനും തുടങ്ങി... ഓണം ഹിന്ദു ആഘോഷമാണോയെന്നൊന്നും തീർച്ചയില്ല... അല്ലെങ്കിലും ഓണത്തിനിടയ്ക്ക് എന്ത് പുട്ടുകച്ചവടം... ഓണം നമ്മുടെ ദേശീയോൽസവമാണ്... അതങ്ങട് ആഘോഷിക്ക... എല്ലാം കഥകളല്ലേ... നമുക്കിഷ്ടമുള്ള കഥകൾ സ്വീകരിക്കുക...

വള്ളി ടൗസറിട്ട് നടന്ന കാലം മുതൽ... അത്തം മുതൽ തിരുവോണം വരെ... എല്ലാദിവസവും വീട്ടിൽ പൂക്കളമിടുകയും തിരുവോണത്തിന്റെയന്ന് സാമ്പാറും പപ്പടവും കൂടെ ഉപ്പേരിയും (തോരൻ‌) കുത്തരിച്ചോറും ഇലയിൽ കഴിക്കുന്നതാണ് ഓർമ്മയിൽ... ഓണക്കോടിയും കൈനീട്ടവും ജീവിതത്തിന്റെ ഭാഗമേയായിരുന്നില്ല... ഉത്രാടപാച്ചിലിൽ കടം വാങ്ങിയ പണവുമായി ഓണമാഘോഷിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും ഓണക്കോടിയൊക്കെ ആർഭാടമായിരുന്നിരിക്കണം... സുഹ്രുത്തുക്കൾക്കൊന്നും ഓണക്കോടിയൊന്നും കിട്ടിയ കഥയൊന്നും കേൾക്കാത്തതുകൊണ്ട് ഓണക്കോടിയൊന്നും എന്റെ മനസിനെ അലട്ടിയിരുന്നുമില്ല... ഓണനാളുകളിൽ സുഹൃത്തുക്കളുടെകൂടെ  സിനിമതീയറ്ററിലേക്ക് വരമ്പിലൂടെ വരിവരിയായി നടന്നുപോയി ബഞ്ചിലിരുന്ന് ഒരു സിനിമയും... മാറ്റിനി... അതൊക്കെയൊരു കാലം... ങാ... ഓണമൊക്കെ കഴിഞ്ഞു... ഇനി പുസ്തകമെടുത്ത് നാലക്ഷരം പഠിക്കടായെന്ന ഓർമ്മപ്പെടുത്തലോടെ ഓണത്തിന്റെ ശവമടക്കും കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നത്...

പള്ളികളും ഓണത്തേയും ഓണവുമായി ബന്ധപ്പെട്ട പൂക്കളങ്ങളേയും സ്വീകരിച്ചിരുന്നുവെന്നതും ഓണാഘോഷങ്ങൾ എന്റേയും ജീവിതത്തിന്റെ ഭാഗമാകുന്നതിൽ പ്രധാനഘടകമായിട്ടുണ്ട്... എല്ലാവർഷവും പള്ളിയിലെ ഏതെങ്കിലും സംഘടനകൾ നടത്തുന്ന പൂക്കളമൽസരങ്ങളും... തിരുവോണത്തിന്റെയന്ന് പള്ളിയിലിടുന്ന വലിയ പൂക്കളവും... കുർബാനമധ്യേ പുരോഹിതൻ വിശ്വാസികൾക്ക് നൽകുന്ന ഓണാശംസകളും ഓണം കേരളത്തിന്റെ ദേശീയോൽസവമാണെന്ന ധാരണ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്... അങ്ങനേയും ഓണം എന്റേതുമായി...

വിദ്യാലയങ്ങളിലേയും കോളേജുകളിലേയും പൂക്കളമൽസരവും ഓണത്തെ സ്വന്തം ഉൽസവമായി സ്വീകരിക്കാൻ സർവരേയും പ്രാപ്തരാക്കിയിട്ടുണ്ട്... അതിലൊക്കെ പങ്കെടുക്കുന്നത് എനിക്കും ഹരമായിരുന്നു... പ്രാദേശികമായി നടത്തുന്ന "അഖിലകേരളപൂക്കളമൽസരങ്ങളിൽ" എല്ലാവർഷവും ഒന്നിലധികം സ്ഥലങ്ങളിൽ ക്ലബിന്റെ പേരിൽ ഒരു ടീം പങ്കെടുക്കുന്നതും ഓണത്തെ സജീവമായി നില‌നിർത്തുന്ന പ്രധാനഘടമായിരുന്നു... ഓണദിവസം, തൊട്ടടുത്ത ഗ്രാമത്തിൽ, കൈകൊട്ടിക്കളി  (ഓണംകളി) മൽസരവും വടം വലി മൽസരവുമുണ്ടാകുമായിരുന്നു... ഓണസദ്യ കഴിഞ്ഞാൽ, അതായിരുന്നു ആ കാലങ്ങളിലെ ഓണവിരുന്ന്... ങും മസിലൊക്കെ പെരുപ്പിച്ച് കക്ഷത്ത് ഇഷ്ടിക വെച്ച് നടക്കുന്ന ജിമ്മൻ ചേട്ടന്മാരെ അസൂയയോടെ നോക്കി, നെടുവീർപ്പിടുന്നതും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു...

പിന്നെ പ്രവാസമാണ്... ആദ്യകാലപ്രവാസത്തിനിടയിൽ, എന്ത് ഓണം എന്ത് സദ്യ... കുറെ കഴിഞ്ഞപ്പോൾ ഓണം തിരിച്ചുവന്നു... ഓണസദ്യയും... കുടുംബവും കുട്ടികളുമായപ്പോൾ തിരുവോണത്തിന്റെയന്ന് പൂക്കളവും... ഓണസദ്യകൾ ഒന്നിലധികം... ഓണവസ്ത്രമെന്ന പേരിൽ പട്ടുവസ്തങ്ങൾ... ഓണത്തിനുടുക്കാൻ എനിക്കൊരു മുണ്ടും... ഹോ... കസവ് മുണ്ടില്ലാതെയെന്ത് ഓണം...

പറഞ്ഞുവന്നത്... ഓണം എന്റേതാണ്... എന്റെ മനസിൽ മാവേലിയുണ്ട്... മാവേലി നാട് വാണിടും കാലം... ഇനിയും തിരിച്ചുവരും.... പ്രത്യാശയുടെ കിരണങ്ങളുമായി ഓണമെത്തുമ്പോൾ... ഞാനും ആഘോഷിക്കുന്നു ഓണം... നമ്മുടെ സ്വന്തം ഓണം...

ഉത്രാടപാച്ചിലും... മരണപാച്ചിലും...
http://georos.blogspot.com/2011/09/blog-post.html

ഓണവും സംസ്കാരവും...

http://georos.blogspot.com/2010/08/blog-post_05.html

Post a Comment