Wednesday 11 September 2013

ബറാബാസിനെ വെറുതെ വിടുക, യേശുവിനെ ക്രൂശിക്കുക...

ബറാബാസിനെ വെറുതെ വിടുക...
യേശുവിനെ ക്രൂശിക്കുക...

2000 വർഷം മുൻപ് പറഞ്ഞ കഥയല്ല... ഇന്നും അങ്ങനെയാകണമെന്ന് നാം ശഠിക്കുന്നുണ്ടോയെന്ന സംശയമാണ്... വിധികൾ ജനക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്ക് നടുവിൽ പ്രഖ്യാപിക്കേണ്ടിവരുന്നത്, നമ്മുടെ നീതിന്യായവ്യവസ്ഥയുടേയും സമൂഹത്തിന്റേയും വളർച്ചയുടെ പരിമിതിയാണ് വെളിവാക്കുന്നത്... നീതിന്യായവ്യവസ്ഥയുടെ വളർച്ചയ്ക്ക്  ആക്രോശിക്കുന്ന സമൂഹം വിഘാതവുമാണ്...

റോമൻ ഭരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു...  പോലിസ് അന്വേഷണം നടത്തി, കോടതി മുറികളിൽ തെളിവും ന്യായങ്ങളും നിരത്തി, വാദിക്കും പ്രതിക്കും സ്വന്തം ഭാഗം കോടതിക്ക് മുൻപിൽ അവതരിപ്പിക്കാൻ ആവശ്യത്തിലധികം സമയം നൽകിയാണ് നിയമവ്യവസ്ഥയിൽ ഒരു വിധി നടപ്പിലാക്കുന്നത്... എല്ലാ വിധികളിലും പൂർണ്ണമായും നീതി നടപ്പിലാക്കിയെന്ന് നമുക്ക് പറയാനാകില്ല... വികാരപരമായി ചിന്തിച്ചാൽ, ഒരിക്കലും നീതി കിട്ടിയെന്ന വിശ്വാസം നമുക്കുണ്ടാകില്ല... പ്രത്യേകിച്ച് വികാരത്തിന് മുൻതൂക്കം ലഭിക്കുന്ന കേസുകളിൽ... എന്നാലും... ജനക്കൂട്ടത്തിന്റെ ആക്രോശത്തിനനുസരിച്ച് ബറാബാസിനെ വെറുതെ വിടുകയും യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നയവസ്ഥ നിയമവ്യവസ്ഥയുടെ നില‌നിൽപ്പിന് അപകടകരമാണെന്ന സത്യം നാം തിരിച്ചറിയണം... കോടതികളെ സമ്മർദ്ധത്തിലാക്കുന്ന പ്രക്ഷോഭങ്ങളും നമ്മുടെ വികാരത്തെ ശമിപ്പിക്കാൻ തക്ക വിധത്തിലുള്ള വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നതും നിരപരാധികളും ശിക്ഷിക്കപ്പെടാനെ ഉപകരിക്കൂ... തെരുവിൽ ശക്തി കാണിക്കുന്നതിനനുസരിച്ച് വിധികൾ പുറപ്പെടുന്ന ഒരു കാലത്തേക്ക് നമുക്ക് തിരിച്ചുപോകാനാകില്ലല്ലോ...

എനിക്ക് പൂർണ്ണമായ നീതി കിട്ടിയെന്നുള്ള എന്റെ വിശ്വാസത്തിനപ്പുറത്ത് കോടതി വിധികളെ സ്വീകരിക്കാൻ ഞാൻ എന്റെ മനസിനെ പ്രാപ്തരാക്കുന്നു... ഇരകൾ പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറയുന്ന ലാഘവത്തോടെ കേന്ദ്രമന്ത്രിമാർ മുതൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് നീതികരിക്കാനാകില്ല... ഡൽഹിയിൽ ബസിൽ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അവകാശമുണ്ട്... അതേസമയം അധികാരത്തിലിരിക്കുന്ന വ്യക്തികൾ, കോടതികളെ സ്വാധീനിക്കാൻ സാധ്യതയുള്ള എങ്ങനെയാകണം വിധികളെന്ന് സൂചന നൽകുന്നതിനോട് യോജിക്കാനാകില്ല... 

നമ്മുടെ പ്രതിഷേധങ്ങളും നമ്മുടെ സമർദ്ധങ്ങളും സുതാര്യമായി വേഗത്തിലും നീതി നടപ്പിലാക്കുകയെന്ന ഉദ്ദേശ്യത്തിനപ്പുറത്തേക്ക് നീങ്ങരുതെന്ന ഒരു കാഴ്ചപ്പാടാണ്... സമയത്തിന്റെ കാര്യത്തിൽ ഡൽഹിയിലെ ബസിലെ കൂട്ടബലാസംഘത്തിനുശേഷമുള്ള കൊലപാതകത്തിൽ അന്വേഷണൗദ്യോഗസ്ഥരും കോടതിയും സുത്യർഹമായ രീതിയിലാണ് പ്രവർത്തിച്ചത്... അല്ലാതെ തെരുവിലെ ശബ്ദത്തിനനുസരിച്ച് കോടതികൾ പ്രവർത്തിക്കരുതല്ലോ...

ഡൽഹി ബലാൽസംഘം ചെയ്ത് കൊന്ന കേസിലായാലും ഇന്ത്യൻ ദേശീയതയെ അക്രമിക്കുന്ന കേസിലായാലും... വികാരത്തിനപ്പുറത്ത് നിയമത്തിന്റെ വിചാരമായിരിക്കണം ഒരു സമൂഹത്തെ നയിക്കേണ്ടത്... ഏതെങ്കിലും ഒരു വ്യക്തിയെ തൂക്കിലേറ്റിയാൽ, വികാരം ശമിപ്പിക്കാൻ സാധിക്കുമെങ്കിൽ, ഭരണകൂടം ഒരു നിരപരാധിയെ തൂക്കിലേറ്റാനും മടിക്കില്ലായെന്ന് നാം മനസിലാക്കണം... അങ്ങനെയല്ലേ യേശുവിന്റെ കുരിശിലേറ്റലിലൂടെ നടന്നതെന്ന് ബൈബിളും നമ്മെ ബോധവത്ക്കരിക്കുന്നത്... 

No comments: