Saturday 31 December 2011

സുതാര്യതയായിരിക്കട്ടെ 2012 ലെ നമ്മുടെ ലക്ഷ്യം...


പൊതുസമൂഹത്തെ പ്രതിനിധികരിക്കുന്നവർ ചോദ്യംചെയ്യപ്പെടും... ചോദ്യം ചെയ്യപ്പെടണം... അതവരുടെ മാറ്റ് കൂട്ടുകയേയുള്ളൂ... ചോദ്യം ചെയ്യപ്പെടാതെപോകുന്ന ഏതൊരു പ്രസ്ഥാനവും ചെളിക്കുണ്ടിലേക്ക് ഇറങ്ങിയ ചരിത്രമേയുള്ളൂ... ഏതൊരു പ്രസ്ഥാനത്തിന്റേയും പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം... വരവും ചിലവും പൊതുസമൂഹവും അറിഞ്ഞിരിക്കണം... പ്രവർത്തനറിപ്പോർട്ടും വരവുചിലവ് കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽ മതി... അത് ന്യായം... പക്ഷേ ആ ന്യായം ഇടുങ്ങിയ ചിന്തയുടെ ഭാഗം മാത്രമാണ്...  സത്യത്തിൽ ഇന്നത്തെ നിലയിൽ അതുതന്നെ വലിയ കാര്യമാണ്... കാരണം ഭൂരിഭാഗം പ്രസ്ഥാനങ്ങളും അംഗങ്ങളെ പോലും കാര്യങ്ങൾ അറിയിക്കുന്നില്ലല്ലോ, അല്ലേ...

സുതാര്യമായ ഇന്നത്തെ പ്രവർത്തനറിപ്പോർട്ടും കണക്കുകളും കണ്ട് ഒരു പ്രസ്ഥാനത്തെ വിലയിരുത്തുന്നവരായിരിക്കും മറ്റൊരുവസരത്തിൽ ഇതേ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയുള്ളൂ... ഇനി പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അവരുടെ പ്രവർത്തനറിപ്പോർട്ടും കണക്കുകളും പരസ്യമാക്കുവാൻ താല്പര്യമില്ലെങ്ങിൽ നിയമപരമായി അത് വെളിപ്പെടുത്തുവാൻ നമുക്ക് സാധ്യമല്ലായിരിക്കാം, പക്ഷേ പ്രസ്ഥാനങ്ങളുടെ പരാജയം അവിടെ തുടങ്ങുന്നു... പ്രസ്ഥാനത്തെ മുന്നിൽ നിറുത്തി, പലരും കളിക്കുന്നു...

സംഭാവനകൾ നൽകിയവർ പേർ വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്ന സന്ദർഭം ഉണ്ടാകാം... അപ്പോഴും പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ എന്ന് ഉൾപ്പെടുത്തി വരവുചിലവുകൾ പരസ്യപ്പെടുത്തുന്നതിൽ വൈക്ലബ്യം കാണേണ്ടതില്ല... എന്റെ അഭിപ്രായത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ ഏതെങ്ങിലും ഒരു അപരനാമത്തില്ലെങ്ങിലും സംഭാവനകൾ നൽകുകയെന്നതാണ് അഭികാമ്യം... സ്വന്തമായെങ്ങിലും ഒരു നിരീക്ഷണത്തിന് അതുപകരിക്കും... സ്വന്തം പണത്തേക്കാൾ നാമൊക്കെ സ്വപ്നം കാണുന്ന സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കതുപകരിക്കും...

എല്ലാ സംഘടനകളും, അത് മതമാകാം, രാഷ്ട്രീയമാകാം, എൻ.ജി.ഒ.കളാകാം ഓൺലൈൻ കൂട്ടായ്മകളാകാം... അവരവരുടെ വരവുചിലവ് കണക്കുകൾ പരസ്യപ്പെടുത്തി സമൂഹത്തോട് പ്രതിബദ്ധത കാണിക്കണം... നാം കണക്കുകൾ വെളിപ്പെടുത്തി സുതാര്യമായി മുന്നേറുമ്പോൾ, സുതാര്യമായ പ്രവർത്തനത്തിനായി സമൂഹം പതുക്കെപതുക്കെ ശബ്ദം ഉയർത്തും... അത് മറ്റു സംഘടനകളെ സമർദ്ധത്തിലാഴ്ത്തും... സർക്കാരിൽ മാത്രം സുതാര്യത നില നിന്നാൽ പോരാ... സുതാര്യത താഴെതലം മുതൽ തുടങ്ങണം...

അതൊക്കെ പോട്ടെ... കോടികളിട്ട് അമ്മാനമാടുന്ന രാഷ്ട്രീയ-മതപ്രസ്ഥാനങ്ങളുടെ കണക്കുകൾ *ആരും* അറിയുന്നില്ല... (ഔദ്യോഗികമായി സർക്കാരിനെ അറിയിക്കുന്നുണ്ട്, അത് *കണക്കായിരിക്കും*)... കണക്കിൽ ആർക്കും സംശയം ഇല്ല... ഏല്ലാവർക്കും വിശ്വാസമാണ്... പക്ഷേ സത്യമതാണോ? അവരുടെ പ്രവർത്തനവും കണക്കും സുതാര്യമാകണമെന്ന് ആവശ്യപ്പെടുന്ന നമ്മുക്കുമില്ലേ ചില ധാർമികത...

ചെറിയതോ വലിയതോ ആകട്ടെ, എല്ലാ പ്രസ്ഥാനങ്ങളും പൊതുസ്വത്താണ്... പ്രസ്ഥാനങ്ങൾ അംഗങ്ങളുടെ സ്വകാര്യസ്വത്താണെന്ന ചിന്ത നമ്മളിൽ കുടികൊള്ളുന്നതുകൊണ്ടാണ്, പലപ്പോഴും പ്രവർത്തനറിപ്പോർട്ടും കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽമതിയെന്ന നിലപാടിലേക്ക് നാം എത്തുന്നത്... എന്തിന് പ്രസ്ഥാനത്തെ വിമർശിക്കണമെങ്ങിൽ പോലും അംഗമാകണമെന്ന് ശഠിക്കുന്നവരെയാണ് നാം ചുറ്റും കാണുന്നത്...

സുതാര്യതയായിരിക്കട്ടെ 2012 ലെ നമ്മുടെ ലക്ഷ്യം...

7 comments:

ഷൈജൻ കാക്കര said...

ചെറിയതോ വലിയതോ ആകട്ടെ, എല്ലാ പ്രസ്ഥാനങ്ങളും പൊതുസ്വത്താണ്... പ്രസ്ഥാനങ്ങൾ അംഗങ്ങളുടെ സ്വകാര്യസ്വത്താണെന്ന ചിന്ത നമ്മളിൽ കുടികൊള്ളുന്നതുകൊണ്ടാണ്, പലപ്പോഴും പ്രവർത്തനറിപ്പോർട്ടും കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽമതിയെന്ന നിലപാടിലേക്ക് നാം എത്തുന്നത്... എന്തിന് പ്രസ്ഥാനത്തെ വിമർശിക്കണമെങ്ങിൽ പോലും അംഗമാകണമെന്ന് ശഠിക്കുന്നവരെയാണ് നാം ചുറ്റും കാണുന്നത്...

Pheonix said...

നല്ല ചിന്തകള്‍......Carry on

പ്രിയ said...

ഒരു സ്മോൾ സർക്കിൾ, അവരവർ തന്നെ കോണ്ട്രിബ്യൂട്ട് ചെയ്ത് നടത്തുന്ന പ്രവർത്തനത്തിലെ വരവ് ചിലവുകൾ അറിയേണ്ടതും തിരുമാനിക്കേണ്ടതും അതിനോട് ഒരു അനുഭാവവും കാണിക്കാത്തവർ ആകുന്നതിന്റെ ആവശ്യകത മനസ്സിലായില്ല. ഒരാൾ ഒരു ഗ്രൂപ്പിലേക്ക് ചേരേണ്ടത് അതിന്റെ പ്രവർത്തനത്തെ ബേസ് ചെയ്താണൂ. അല്ലാതെ അതിലെ ഫണ്ടിനെ ബേസ് ചെയ്തല്ല. ഒരു കുറിയിൽ ചേരാൻ പോലും അതിലെ അംഗങ്ങളുടേ വിശ്വാസതയാണു മുഖ്യം
വിമർശനങ്ങൾ ആണു സപ്പോർട്ടിനേക്കാൾ കൂടുതൽ എളുപ്പത്തിൽ അവെയ്ലബിൾ ആയിട്ടുള്ളത്. ആർക്കും എപ്പോഴും വാരിക്കോരികൊടുക്കാൻ നമ്മുടെ പക്കൽ ഉള്ളത് അത് മാത്രമാണു. ഒരു ചെറിയ ഗ്രൂപ്പിന്റെ കണക്കുകൾ അതിലെ തീരുമാനങ്ങൾ അതിലെ അംഗങ്ങൾ തന്നെയാണു തീരുമാനിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തനം സമൂഹത്തിനു ദോഷകരമായ രീതിയിൽ ആണെങ്കിൽ അതിനെ വിമരശിക്കാൻ ആർക്കും അധികാരമുണ്ട്.

ഷൈജൻ കാക്കര said...

നമ്മുക്കെല്ലാവർക്കും അറിയുന്ന വിഷയത്തിൽ നിന്നുകൊണ്ടല്ല എന്റെ പോസ്റ്റ്... (ഈ പോസ്റ്റെഴുതാൻ അതൊരു കാരണമായി എന്ന് മാത്രമേയുള്ളൂ)... പൊതുവായി സംഘടനകളുടെ സുതാര്യതയാണ് എന്റെ വിഷയം...

നമ്മുടെ നാട്ടിലെ സംഘടനകൾ പലപ്പോഴും സുതാര്യമായല്ല പ്രവർത്തിക്കുന്നത്... എൻ.ജി.ഓ കൾ അക്കാര്യത്തിൽ വളരെ പിന്നിലാണ്... പരസ്യമായി സംഭാവനകൾ പിരിക്കാത്ത എൻ.ജി.ഒ കൾ നമ്മുടെ നാട്ടിലുണ്ട്... പക്ഷേ അവരും സംഭാവനകൾ നൽകുന്നവരും തമ്മിൽ കണക്കുകൾ അറിഞ്ഞാൽ മതിയെന്ന നിലപാടിനെതിരെയാണ് എന്റെ പോസ്റ്റ്...

പട്ടേപ്പാടം റാംജി said...

കണക്കുകള്‍ കൊണ്ട് കളിക്കാന്‍ തുടങ്ങുന്നതാണ് കള്ളക്കണക്കിന് വഴി വെക്കുന്നത്. എല്ലാം സുതാര്യമാകുമ്പോള്‍ മാത്രമെ ഒരു വിശ്വാസം സംഭവിക്കുന്നുള്ളൂ. അത്തരം വിശ്വാസം ഇല്ലാത്തത്‌ തന്നെ പ്രസ്ഥാനങ്ങളെ ജനങ്ങളില്‍ നിന്നകറ്റുന്നത്.
അതുകൊണ്ട് തന്നെ സുതാര്യമാകട്ടെ പുതുവര്‍ഷം എന്നാഗ്രഹിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ സംഘടനകളും, അത് മതമാകാം, രാഷ്ട്രീയമാകാം, എൻ.ജി.ഒ.കളാകാം ഓൺലൈൻ കൂട്ടായ്മകളാകാം... അവരവരുടെ വരവുചിലവ് കണക്കുകൾ പരസ്യപ്പെടുത്തി സമൂഹത്തോട് പ്രതിബദ്ധത കാണിക്കണം... നാം കണക്കുകൾ വെളിപ്പെടുത്തി സുതാര്യമായി മുന്നേറുമ്പോൾ, സുതാര്യമായ പ്രവർത്തനത്തിനായി സമൂഹം പതുക്കെപതുക്കെ ശബ്ദം ഉയർത്തും... അത് മറ്റു സംഘടനകളെ സമർദ്ധത്തിലാഴ്ത്തും... സർക്കാരിൽ മാത്രം സുതാര്യത നില നിന്നാൽ പോരാ... സുതാര്യത താഴെതലം മുതൽ തുടങ്ങണം...

ഈ പുതുവർഷം ഒരു സുതര്യതയുടെ വർഷമായി തീരട്ടേ...!

ഷൈജൻ കാക്കര said...

"രജിസ്റ്റർ ചെയ്യാത്ത ഒരു ഫ്രണ്ട്സ് സർക്കിൾ പോലുള്ള ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനത്തിന്റെ കണക്കും കാര്യങ്ങളും അതിൽ താല്പര്യമേതുമില്ലാത്തവർക്കായി നൽകേണ്ടതുണ്ടോ?"

ഈ ചോദ്യം ബസിൽ പ്രിയ ഉയർത്തിയതാണ്... അതിനുള്ള എന്റെ മറുപടി ഇവിടേയും പകർത്തുന്നു...

"റജിസ്റ്റർ ചെയ്തതോ ചെയ്യാത്തതോ എന്നത് ഒരു വേർതിരിവില്ല പക്ഷേ ചെറിയ ഫ്രണ്ട് സർക്കിൾ എന്നത് ഒരു ഘടകമായി നമുക്ക് കണക്കാക്കാം... നമ്മൾ കുറച്ചുപേർ കൂടി കളക്ഷനെടുത്ത് വല്ലതും ചെയ്യുന്നതിന്റെ കണക്കെടുത്ത് പരസ്യപ്പെടുത്തണമെന്നില്ല... അപ്പോഴും സർക്കിളിന്റെ വലുപ്പവും പരസ്യം ചെയ്യപ്പെട്ടതിന്റേയും വ്യാപ്തിയും പ്രവർത്തനമേഖലയും വലുതാണെങ്ങിൽ കണക്കുകൾ പരസ്യപ്പെടുത്തുന്നതാണ് നല്ലത്... സുതാര്യമാകുന്നതാണ് കൂടുതൽ അഭികാമ്യം...

കണക്കുകൾ അംഗങ്ങൾക്ക് മാത്രം നൽകിയാൽ മതിയെന്ന നിലപാടണ് പലർക്കും... രാഷ്ട്രീയപാർട്ടികൾ / മത സംഘടനകൾ നാട്ടിലുടനീളം സംഭാവന പിരിക്കുന്നുണ്ട്... കണക്കിന്റെ കാര്യം വരുമ്പോൾ... ഓ അതൊക്കെ പൊതുയോഗത്തിൽ അവതരിപ്പിക്കും... അവരും പറയുന്നത് അവരുടെ ന്യായം... ഇമേജുള്ള വ്യക്തിക്ക് സ്വന്തമായി സംഭാവന പിരിക്കാം... പകുതി പരസ്യമായി ചിലവഴിക്കാം... എത്രകിട്ടിയെന്ന് സംഭാവന നൽകിയവർ അറിയുന്നില്ലല്ലോ... ആ വ്യക്തി ഒറ്റയാൾ പട്ടാളമാണ്... അതിനാൽ തന്നെ കണക്കും ബോധിപ്പിക്കേണ്ട... വിശ്വാസത്തിന്റെ പുറത്തായതിനാൽ സംഭാവന നൽകിയവർക്കും ഉത്ക്കണ്ഠയില്ല...

പൊതുകാര്യപ്രസക്തമായ കാര്യങ്ങളുമായി വരുന്ന എല്ലാവരും അവരവരുടെ കണക്കുകളും പ്രവർത്തനറിപ്പോർട്ടും പരസ്യപ്പെടുത്തുന്നതാണ് നല്ലത്... നമ്മുടെയൊക്കെ സംഘടനകൾ സത്യസന്ധമായിട്ടാണ് മുന്നോട്ടുപോകുന്നത് എന്ന് നാം തീർച്ചപ്പെടുത്തുന്നതോടൊപ്പം വ്യാജസംഘടനകളെ സമർദ്ധത്തിലാക്കാൻ നാം പരിശ്രമിക്കണം..."