Wednesday, 4 November 2015

ഭൂമി കയ്യടയ്ക്കുന്ന ന്യൂനപക്ഷങ്ങൾ... സംഘി നുണ...

ഹിന്ദുക്കളിൽ അനാവശ്യ ഭീതിയും, അവരിൽ ചിലരെ കൃസ്ത്യൻ-മുസ്ലീം വിരുദ്ധരാക്കാനും സംഘികൾ പടച്ചുവിടുന്ന അനേകം നുണകളിൽ ഒന്നാണ് ന്യൂനപക്ഷങ്ങൾ കേരളത്തിലെ ഭൂമി കയ്യടയ്ക്കുന്നുവെന്നത്... നിയമപ്രകാരം കയ്യടക്കുന്ന ഭൂമിയാണെങ്കിൽ അതിൽ പ്രശ്നമൊന്നുമില്ലല്ലോ... അല്ലേ... പക്ഷേ അതിലേക്ക് കപ്പലിൽ പണം വന്നതും പാകിസ്ഥാൻ-ഗൾഫ് വഴിയും അമേരിക്കൻ-യൂറോപ്യൻ വഴിയും വരുന്ന കള്ളപ്പണം / ഹവാല പണം ഭൂമി വാങ്ങാൻ ഉപയോഗിക്കുന്നുവെന്നൊക്കെ മസാല ചേർത്ത് പ്രചരിപ്പിക്കുന്നു... നിയമപരമായതും അല്ലാത്തതുമൊക്കെ സർക്കാർ അന്വേഷിക്കട്ടെ... വിദേശ പണമൊക്കെയല്ലേ, സംഘി സർക്കാരും അന്വേഷിക്കട്ടെ... എന്റെ കൈയ്യിൽ ഡാറ്റയില്ല... അതേസമയം നമ്മുടെ കൺമുന്നിൽ കണ്ട ഭൂമി കച്ചവടം എഴുതട്ടെ... മനസിൽ തോന്നിയത്... അതുകൊണ്ട് ഡാറ്റയുമില്ല...

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജന്മിമാർ ഹിന്ദുക്കളായിരുന്നു... ഹിന്ദുക്കളെന്ന് മാത്രം പറഞ്ഞാൽ അങ്ങട് കൃത്യമാകില്ല... സവർണ്ണ ഹിന്ദുക്കൾ... അവരുടെ കൈയ്യിലിരുന്ന കുറെ ഭൂമികൾ എങ്ങനെ മറ്റുള്ളവരുടെ കൈയ്യിലെത്തിയെന്ന് ശാഖയിൽ പഠിപ്പിക്കുന്നില്ല, അതുകൊണ്ട് എഴുതട്ടെ... 

1... ഭൂപരിഷ്കരണം - എല്ലാ മതത്തിലുമുള്ള ജന്മിമാരുടേയും മിച്ച ഭൂമി സർക്കാർ പിടിച്ചടക്കി വിതരണം നടത്തിയിട്ടുണ്ട്... അതിലും ഏറ്റവും കൂടുതൽ ഭൂമി കിട്ടിയത് ഈഴവർക്കാണ്... അവരും ഹിന്ദുക്കളാണ്... അല്ലേ... 

2... മലയോര മേഖലയിലേക്കൂള്ള കുടിയേറ്റം... കണ്ണെത്താത്ത ദൂരത്തിലുള്ള ഭൂമിയുടെ ജന്മിമാർ, ദേ ആ കാണുന്ന വലിയ ആഞ്ഞിലി മുതൽ ആ കാണുന്ന കുന്ന് വരെ... അഞ്ച് ഏക്കർ കാണും... പിന്നെ കാര്യസ്ഥനാണ് അതിര് കാണിക്കാൻ പോകുക... വില നൽകി ജന്മിമാരുടെ കൈയ്യിൽ നിന്ന് വാങ്ങിയതാണ്... പണിയെടുക്കാതെ തിന്ന് നടന്ന ജന്മിമാരിൽ നിന്ന് ഭൂമി വാങ്ങി, ആ ഭൂമിയിൽ പണിയെടുത്താണ് ഇന്ന് കാണുന്ന കൃഷി തോട്ടമാക്കിയത്... മലമ്പനിയും കാട്ടുജീവികളുമായി മല്ലിട്ട് തന്നെ... അർഹതപ്പെട്ട വിജയമാണ്... ശാഖയിലിരുന്ന് കുശുമ്പ് പറയുന്ന നേരം മഠിയന്മാരായ ജന്മിമാരെ പള്ള് വിളിക്ക്... ഹിന്ദുസമൂഹത്തിൽ നിന്ന് കുടിയേറ്റം നടത്തുന്നതിന് വിലക്കൊന്നുമുണ്ടായിരുന്നില്ലല്ലോ...

3... ഗൾഫ് പണം... നാട്ടിൽ അഷ്ടിക്ക് വകയുണ്ടായിരുന്ന സമൂഹങ്ങൾ കടൽ കടന്ന് മരുഭൂമിയിലെത്തിയിരുന്നില്ല... ആദ്യകാലങ്ങളിൽ ഉരുകളിൽ എത്തുകയായിരുന്നു... അങ്ങനെ എത്തിയവരിൽ ഭൂരിഭാഗവും മുസ്ലീം സമൂഹവും കൃസ്ത്യൻ സമൂഹമായിരുന്നു... അതും വിദ്യഭ്യാസമില്ലാത്തവർ / ചെറിയ വിദ്യഭ്യാസമുള്ളവർ... അവരൊക്കെ നാട്ടിൽ ഭൂമി വാങ്ങുകയും വീട് വെയ്ക്കുകയും ചെയ്തു... വിദ്യഭ്യാസമുള്ള സവർണ്ണ ജാതിയിൽപ്പെട്ടവരൊക്കെ ഗൾഫിലേക്ക് വന്ന് തുടങ്ങിയത്, 90 കൾക്ക് ശേഷമാണ്... അതുവരെ നാട്ടിൽ തന്നെ ജോലി എന്ന മനോഭാവമായിരുന്നു... അതിന് മുൻപേ ഈഴവർ ഗൾഫിലേക്ക് വന്ന് തുടങ്ങിയിരുന്നു... അവരും ഭൂമി ഉടമകളായിട്ടുണ്ട്...

4... യൂറോപ്യൻ-അമേരിക്കൻ പ്രവാസം കൃസ്ത്യാനികളെ ഭൂവുടമകളാക്കുന്നതിൽ ഗണ്യമായി സഹായിച്ചിട്ടുണ്ട്... അവരിൽ ബഹുഭൂരിപക്ഷവും അവിടെ എത്തിയത് നേഴ്സിംഗ് മേഖലയിലൂടെയാണ്... അവഗണനയും പരിഹാസവും നില‌നിൽക്കുന്ന തൊഴിൽമേഖലയായിരുന്നു... അതിലൂടെ മുന്നേറിയ ജനവിഭാഗം ലോകം മുഴുവൻ സഞ്ചരിച്ച്, ജോലി ചെയ്ത് നാട്ടിൽ കുറച്ച് ഭൂമി വാങ്ങുന്നതിൽ എന്താണ് ശരികേട്... ശാഖയിലിരുന്ന് കുശുമ്പ് പറയുമ്പോൾ, എന്തുകൊണ്ട് നമ്മുടെ ഹിന്ദുക്കൾ ആ തൊഴിൽ മേഖലയെ അവഗണിച്ചു എന്നന്വേഷിക്കൂ... 

5... 2000-ന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിലുള്ള റിയൽ എസ്റ്റേറ്റ് ഭൂമി വാങ്ങലുകൾ സാധാരണക്കാരുടെയിടയിലേക്കെത്തിയത്... അതുവരെ കൃഷി ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഭൂമി വാങ്ങുന്ന കർഷകരായിരുന്നു നമുക്ക് ചുറ്റും... കൃഷി ചെയ്യുന്നത് കുറ്റകരവുമല്ല...

വാൽകക്ഷണം... നാട്ടിൽ തെണ്ടി തിരിഞ്ഞ് നടന്നവൻ, ഗൾഫിലെത്തി പത്ത് പുത്തനുണ്ടാക്കി... നാട്ടിൽ ഭൂമിയും വാങ്ങി വീട് വെച്ച് കഴിയുമ്പോൾ... ഓ, അതൊന്നും നേരായ മാർഗ്ഗത്തിലൊന്നുമല്ല, ഇവിടെ തേങ്ങ മോഷ്ടിച്ചതിന് പിടിച്ചിട്ടുള്ളതാണ്... അതുതന്നെയായിരിക്കും അവിടേയുമെന്ന് കലുങ്ങിലിരുന്ന് കുശുമ്പ് പറയുന്ന സമയം പണിയെടുക്കാൻ നോക്ക്... കുറെ കഴിയുമ്പോൾ എല്ലാവർക്കും ആവശ്യമുള്ള ഭൂമി വാങ്ങാം... അത് ഏത് സമുദായക്കാരാണെന്ന് അന്വേഷിക്കേണ്ടതുമില്ല...
Post a Comment