Wednesday 2 December 2015

ദേശീയഗാനവും ജനാധിപത്യബോധവും...

തോക്ക് ചൂണ്ടി ആരേയും ദേശസ്നേഹികളാക്കരുത്... പ്ലീസ്... ദേശസ്നേഹത്തിന്റേയും ദേശബോധത്തിന്റേയും അതിർവരമ്പുകൾ, അതിനുള്ളിൽ നിന്നില്ലെങ്കിൽ, ലവരെ പിടിച്ച് ദേശവിരുദ്ധരാക്കുന്ന ദേശീയതയുടെ വക്താക്കളോട് (സംഘികൾ മാത്രമല്ല), ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ മനസിൽ ജനാധിപത്യബോധത്തിൽ അടിയുറച്ച ദേശസ്നേഹമില്ല... ഒരു തരിമ്പുപോലും...

ദേശീയ ഗാനം ആലപിക്കുമ്പോൾ, ഇഷ്ടമുള്ളവർ അറ്റൻഷനിൽ നിൽക്കുകയോ എഴുന്നേറ്റ് നിൽക്കുകയോ, പാടുകയോ പാടാതിരിക്കുകയോ ചെയ്യട്ടെ... നിങ്ങളിരുന്നാലും നിങ്ങൾ പാടിയില്ലെങ്കിലും "നമ്മുടെ ദേശീയഗാനം" ഏറ്റവും വലിയ ബഹുമാനം നൽകി, ഞങ്ങൾ അറ്റൻഷനിൽ നിന്ന് ഉച്ചത്തിൽ പാടുന്നു... അതായിരിക്കണം ഇന്ത്യൻ ജനാധിപത്യം ഉയർത്തിപിടിക്കേണ്ട ജനാധിപത്യ മൂല്യം... അല്ലാതെ തിണ്ണബലം കൊണ്ട് ഒരു കുടുംബത്തെ തിയറ്ററിൽ നിന്ന് ഇറക്കിവിടുകയും അതിന് കൈയ്യടിക്കുകയും ചെയ്യുന്നത് നാം പോലുമറിയാതെ നമ്മുടെ മനസിൽ വളർന്നിരിക്കുന്ന ദേശീയതയുടെ വിത്തുകൾ മരമായികൊണ്ടിരിക്കുന്നതാണ്...

നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്തായാലും നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ... അല്ലെങ്കിൽ ദേശബോധവും ദേശസ്നേഹവുമൊക്കെ അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയം ഫാസിസത്തിലേക്ക് കൂപ്പുകുത്തുന്ന ഈ കാലത്ത്, കഞ്ഞികുടി മുട്ടുക മാത്രമല്ല  ദേശവിരുദ്ധരാകുകയും ചെയ്യും... മാത്രമല്ല ഇതാണ് നിയമം അവർ കുറ്റക്കാരെന്ന് നിങ്ങൾ വിധിക്കുന്നത് തെറ്റുകയും ചെയ്യരുതല്ലോ...

1971-ൽ പാസാക്കിയതും 2005-ൽ അമന്റെമെന്റ് നടത്തിയതുമായ ദി പ്രിവൻഷൻ ഒഫ് ഇൽസൾട്സ് ടു നാഷണൽ ഹോണർ ആക്ട്, 1971 നിയമ പ്രകാരം ദേശീയഗാനം ആലപിക്കുമ്പോൾ മനഃപൂർവ്വം തടസ്സപ്പെടുത്തുന്നതും ശല്ല്യമുണ്ടാക്കുന്നതും മൂന്ന് വർഷം വരെ തടവ് കിട്ടാവുന്നതും ഫൈൻ ലഭിക്കാവുന്നതും, രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ്...

നിയമം ഏത് ഭാഷയിൽ എഴുതിയാലും, ഇന്ത്യയിൽ ഇംഗ്ലീഷിൽ നിർബദ്ധമാണല്ലോ, അതാണ്ട് ചട്ടം... നിയമം നേരിട്ട് വായിച്ച് ബോധ്യപ്പെടുക...

"3. PREVENTION OF SINGING OF NATIONAL ANTHEM Whoever intentionally prevents the singing of the Indian National Anthem or causes disturbances to any assembly engaged in such singing shall be punished with imprisonment for a term, which may extend to three years, or with fine, or with both."

കേന്ദ്രആഭ്യന്തര വകുപ്പ് ഒരു ഉത്തരവിലൂടെ ചില മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്...  ആ ഉത്തരവിന്റെ പൊതുവിഭാഗത്തിൽ പറയുന്നത്... ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും അറ്റൻഷനിൽ എഴുന്നേറ്റ് നിൽക്കണമെന്നാണ്... അതേസമയം ഇത് ലംഘിക്കുന്നവർക്ക് എന്തെങ്കിലും ശിക്ഷ നൽകുന്ന കാര്യം ഉത്തരവിൽ പറയുന്നുമില്ല... അതേ സമയം സിനിമ തിയറ്ററിൽ സിനിമയുടെ ഭാഗമായ ന്യൂസ് റിലിലോ ഡോക്യുമെന്ററിയിലോ ദേശീയ ഗാനം ആലപിക്കുകയാണെങ്കിൽ, സിനിമയുടെ പ്രദർശനത്തെ തടസ്സപ്പെടുത്തുന്നതുകൊണ്ട് എഴുന്നേറ്റ് നിൽക്കുന്നത് പ്രതീക്ഷിക്കുന്നില്ല എന്ന് കൃത്യമായും നിർദേശിക്കുന്നുണ്ട്... എഴുന്നേറ്റ് നിൽക്കേണ്ടതില്ല എന്ന് തന്നെ വായിക്കാം...

"Whenever the Anthem is sung or played, the audience shall stand to attention. However, when in the course of a newsreel or documentary the Anthem is played as a part of the film, it is not expected of the audience to stand as standing is bound to interrupt the exhibition of the film and would create disorder and confusion rather than add to the dignity of the Anthem."
http://mha.nic.in/sites/upload_files/mha/files/pdf/NationalAnthem(E).pdf

ഇന്ത്യയിലെ പലയിടങ്ങളിലും പ്രാദേശികമായ നിയമത്തിന്റെ ഫലമായും മറ്റ് ചിലയിടങ്ങളിൽ നടത്തിപ്പുകാരുടെ താല്പര്യം മൂലവും സിനിമ തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയഗാനം ആലപിക്കുന്നത് പതിവാണ്... അത് സിനിമയുടെ ഭാഗമല്ലല്ലോ... ആ സമയങ്ങളിൽ എഴുന്നേറ്റ് നിൽക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാം... പക്ഷേ അങ്ങനെ എഴുന്നേറ്റ് നിന്നില്ലെങ്കിൽ, അത് കുറ്റകരമാണെന്നോ, അതിനുള്ള ശിക്ഷ എന്താണെന്നോ ഒരു നിയമ പുസ്തകത്തിലും എഴുതി വെച്ചിട്ടുമില്ല... അതേ സമയം ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് കുറ്റകരമല്ലായെന്ന് ഇൻഡോറിലെ കോടതി 2005-ൽ വിധി പ്രഖ്യാപിക്കുകയുണ്ടായി. ലല്ലു പ്രസാദ് യാദവും റാബ്രി ദേവിയും ദേശീയ ഗാനം ആലപിക്കുമ്പോൾ ഇരുന്നുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം...

"It is the moral duty of a person to stand in the attention position when the national anthem is played. But if they do not do so, then, prima facie, it is not a crime under the 1971 Act."
http://in.rediff.com/news/2005/feb/04anthem.htm

ഇതിൽ നിന്ന് മനസിലാകുന്നത്, ദേശീയഗാനം ആലപിക്കുമ്പോൾ ഇരിക്കുന്നത് കുറ്റകരമല്ല... തിയറ്ററിൽ നിന്ന് എന്നല്ല ഒരു സ്ഥലത്ത് നിന്നും ആരേയും തല്ലിപുറത്താക്കാൻ ആർക്കും അവകാശമില്ല, നിയമപരമായി ഒരു കുറ്റവും ചെയ്തിട്ടുമില്ല... കേന്ദ്രആഭ്യന്തര വകുപ്പിന്റെ അറ്റൻഷനിൽ എഴുന്നേറ്റ് നിൽക്കണമെന്നത്, നിർബദ്ധപൂർവ്വം ചെയ്യേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല...

നിയമങ്ങൾക്ക് വ്യക്തതയുണ്ടാകണം... അതില്ലാത്തതുകൊണ്ടാണ്, ദേശീയഗാനം ആലപിക്കാത്തതിന് കേരളത്തിലെ രണ്ട് കുട്ടികളെ സ്കൂൾ അധികൃതർ പുറത്താക്കിയതും ഹൈക്കോടതി ആ വിധി ശരി വെച്ചതും... അതേ സമയം കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ, ദേശീയഗാനം പാടിയില്ല എന്നത് കുറ്റകരമായി കാണാനാകില്ലായെന്നും അത് ദേശീയഗാനത്തെ അപമാനിച്ചതായി കാണുന്നില്ലെന്ന് പറഞ്ഞ് കുട്ടികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്... അതിൽ കോടതി എടുത്ത് പറഞ്ഞത്, ആ കുട്ടികൾ എഴുന്നേറ്റ് നിൽക്കുകയും, ദേശീയഗാനാലപനത്തെ തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തില്ല എന്നതാണ്...

കേന്ദ്രആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ദേശീയഗാനം ആലപിക്കുമ്പോൾ, അവിടെ കൂടിയിരിക്കുന്നവർ എല്ലാവരും പാടുന്നതാണ് അഭികാമ്യമെന്ന് പറയുന്നുണ്ട്... പാടിയില്ലെങ്കിൽ അത് കുറ്റമാണെന്ന് പറയാത്തിടത്തോളം, അവർക്കെതിരെ ഒരു നിയമ നടപടിയും എടുക്കാൻ ആർക്കും അവകാശമില്ല... സുപ്രീം കോടതി വിധി നമ്മുടെ മുന്നിലുണ്ട്...

എവിടെയൊക്കെ ദേശീയഗാനം ഉണ്ടാകണമെന്ന് നിർദേശം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്... അതിൽ സിനിമ തിയറ്ററുകൾ ഉൾപ്പെടുത്തിയിട്ടില്ല... പക്ഷേ പ്രാദേശിക സർക്കാരുകൾക്കോ പൊതുജനങ്ങൾക്കോ താല്പര്യമുണ്ടെങ്കിൽ, അവിടെയൊക്കെ ദേശീയഗാനം ആലപിക്കാം... അപ്പോഴൊക്കെ ദേശീയ ഗാനം ആലപിക്കുമ്പോൾ പുലർത്തേണ്ട രീതികൾക്ക് മാറ്റമില്ലാതെയിരിക്കുന്നുണ്ട്...

കുറിപ്പ്... ജനഗണമന പാടി കഴിയുമ്പോൾ ജയ് ഹിന്ദ് എന്ന് കൈ ഉയർത്തി പറയുന്നുണ്ടല്ലോ... അത് ദേശീയഗാനത്തിന്റെ ഭാഗമല്ല... സ്കൂളീൽ അങ്ങനെ ശീലിച്ചതുകൊണ്ട്, അതും ദേശീയഗാനമാണെന്ന് കരുതുന്നവർ കുറവല്ല...

അവലംബം...
1. http://www.caravanmagazine.in/vantage/are-we-legally-bound-stand-during-national-anthem
2. http://indiankanoon.org/doc/1508089/

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


നിയമങ്ങൾക്ക് വ്യക്തതയുണ്ടാകണം... അതില്ലാത്തതുകൊണ്ടാണ്, ദേശീയഗാനം ആലപിക്കാത്തതിന് കേരളത്തിലെ രണ്ട് കുട്ടികളെ സ്കൂൾ അധികൃതർ പുറത്താക്കിയതും ഹൈക്കോടതി ആ വിധി ശരി വെച്ചതും... അതേ സമയം കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ, ദേശീയഗാനം പാടിയില്ല എന്നത് കുറ്റകരമായി കാണാനാകില്ലായെന്നും അത് ദേശീയഗാനത്തെ അപമാനിച്ചതായി കാണുന്നില്ലെന്ന് പറഞ്ഞ് കുട്ടികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്... അതിൽ കോടതി എടുത്ത് പറഞ്ഞത്, ആ കുട്ടികൾ എഴുന്നേറ്റ് നിൽക്കുകയും, ദേശീയഗാനാലപനത്തെ തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തില്ല എന്നതാണ്...