Thursday, 7 April 2011

വി.എസ്സും ഉണ്ണിത്താനും രമണിയെന്ന "പ്രസ്ഥാനവും"...

ഒരു ചായ... ബസ്സിറങ്ങി വന്ന ഒരു കാർന്നോര്‌...

ചായ എടുക്കുന്നതിനിടയിൽ, മത്തായിച്ചേട്ടന്റെ കുശലാന്വേഷണം....  അല്ല്ലാ, ചേട്ടനെ ഈ പരിസരത്ത്‌ ഒന്നും കണ്ടിട്ടില്ലല്ലോ...

ഇല്ല... ഇത്തിരി അകലേന്നാ... എന്റെ മോന്‌ ഒരു ആലോചന വന്നിട്ടുണ്ട്‌... ഇവിടെ അടുത്താ... പെണ്ണിനെക്കുറിച്ച്‌ ഒന്ന്‌ അന്വേഷിക്കാൻ വന്നതാ... ഒരു രമണി... മണൽക്കാറ്റിൽ രാമന്റെ മോളാ...

ഇതേതാ രമണി... കാക്കരേ... നീയറിയോടാ ഈ പറയുന്ന രമണിയെ... ചായക്കടക്കാരൻ തഞ്ചത്തിൽ ബാറ്റൻ കാക്കരയ്‌ക്ക്‌ കൈമാറി...

ചുമ്മാ കവലയിൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര അറിയാത്ത പെണ്ണോ? അൽപം ഊറി ചിരിച്ച്‌... പിന്നെ ഗൗരവത്തിൽ... എന്നാ മത്തായി ചേട്ടാ, രമണിയെ അറിയില്ലേന്നോ... കോളേജിലവൾ ഒരു പ്രസ്ഥാനമായിരുന്നില്ലേ?

ഏന്തോന്നാ മോനേ... പ്രസ്ഥാനമെന്നൊക്കെ പറയുന്നേ... കാർന്നോര്‌ കാത്‌ കൂർപ്പിച്ചു...

ഓ, ആ കഥയൊന്നും പറയേണ്ട... നാറ്റകേസ്സാ... കാക്കരയുടെ നാവിന്‌ എല്ലില്ലല്ലോ...

എന്റേ കാക്കരേ... നീ ചായ കുടിച്ച്‌ ഒന്ന്‌ എഴുന്നേറ്റ്‌ പോയേ... മത്തായിച്ചേട്ടൻ ഇടയിൽ കയറി...

പകുതി കുടിച്ച ചായ ഗ്ലാസ്‌ അവിടെ വെച്ച്‌ പൈസയും കൊടുത്ത്‌ കാർന്നോര്‌ ബ്രോക്കറെ തേടി പോയി... ആത്മഗതം... ഒരു ചായകുടിക്കാൻ തോന്നിയത്‌ നന്നായി...

അല്ലാ കാക്കരെ, നീ എന്ത്‌ പണിയാ ചെയ്തത്‌... മുടക്കിയിട്ട്‌ നിനക്ക്‌ എന്ത്‌ കിട്ടാനാ... അല്ലാ, അവൾ ശരിക്കും വശപിശകായിരുന്നോ? മത്തായിച്ചേട്ടൻ ഒന്ന്‌ ചികഞ്ഞു...

അല്ലാ, ഞാനിപ്പോൾ എന്താ പറഞ്ഞേ, പ്രസ്ഥാനമാണെന്നല്ലേ പറഞ്ഞുള്ളു... കോളേജിൽ പഠിക്കുമ്പോൾ അവൾക്കൊരു "അടിച്ചുവാരൽ" പ്രസ്ഥാനമുണ്ടായിരുന്നു... കോളേജും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഗ്രൂപ്പ്‌... ചപ്പും ചവറും പിന്നെ മറ്റു മാല്യന്യവും അടിച്ചുവാരി കോളേജിന്റെ ഒരു മൂലയിൽ കൊണ്ടുവന്ന്‌ തള്ളുമായിരുന്നു... അവിടെ നിന്ന്‌ മുൻസിപ്പാലിറ്റിക്കാര്‌ വന്ന്‌ കൊണ്ടുപോകും... ഡിഗ്രി അവസാനവർഷം കോളേജിന്റെ വക ഒരു സമ്മാനം കൊടുത്തിരുന്നു... കോളേജ്‌ മാഗസിനിൽ അവളുടേ ഫോട്ടോയും ഗ്രൂപ്പിനെ അനുമോദിച്ച്‌ റിപ്പോർട്ടും ഒക്കെയുണ്ടായിരുന്നു... ഈ രമണിയല്ലേ അവരുടെ ടീം ലീഡർ... ഞാനോക്കെ ചുമ്മാ "പ്രസ്ഥാനം" എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുമായിരുന്നു... ഇപ്പോൾ അതൊന്ന്‌ ഓർത്തതാ...

ഇത്രേയുള്ളു... പക്ഷെ നീ നാറ്റകേസ്സാണ്‌ എന്ന്‌ പറഞ്ഞല്ലോ... മത്തായിച്ചേട്ടനും സംശയമായി...

സമയാസമത്ത്‌ മുൻസിപ്പാലിറ്റിക്കാര്‌ മാലിന്യം കൊണ്ടുപോയില്ലെങ്ങിൽ നാറ്റം ഉണ്ടാകില്ലേ? സർക്കാർ കാര്യമല്ലേ... വണ്ടി വന്നാൽ വന്നു... അത്ര തന്നെ... പിന്നെ നാറ്റവും...

മറ്റേ കേസ്സല്ലല്ലേ... ഒരു കോള്‌ നഷ്ടപ്പെട്ട ദുഃഖത്തിൽ... മത്തായിച്ചേട്ടൻ...

ഛേ... അല്ലെങ്ങിലും നേർസറിയിൽ പഠിക്കുമ്പോൾ റഹീം എന്ന "ഒരുത്തൻ" ഈ രമണിയെ പെൻസിൽ കൊണ്ട്‌ കുത്തിയപ്പോൾ കരയേണ്ട എന്നും പറഞ്ഞ്‌ "സംരക്ഷിച്ച" ഞാൻ അങ്ങനെ വല്ലതും പറയുമോ?

വാൽകഷ്ണം... കഥകൾ ഉണ്ടാക്കാനും ദ്വയാർത്ഥപ്രയോഗം നടത്തുവാനും വളരെ എളുപ്പമാണ്‌... അത്‌ വി.എസ്സ്‌ ആയാലും ഉണ്ണിത്താൻ ആയാലും... അതിനാൽ മുഖ്യമന്ത്രി വി.എസ്സ്‌ മുതൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര വരെ വാക്കുകൾ സൂക്ഷിച്ച്‌ ഉപയോഗിക്കുക... ആയിരക്കണക്കിന്‌ വനിതകൾ കടന്നുവരേണ്ട രാഷ്ട്രീയമേഖല അപവാദമേഖലയാവരുത്‌...
Post a Comment