യു.ഡി.എഫ് ഭരിച്ചിറങ്ങുമ്പോൾ പിന്നാലെ വരുന്ന എൽ.ഡി.എഫ് സർക്കാർ ഇതുപോലെ കുറെ കേസുകൾ കുത്തിപ്പൊക്കാറുണ്ട്, ചിലത് ക്ലച്ച് പിടിക്കും, മറ്റുചിലത് ഒരു പുകമറ സൃഷ്ടിച്ചെടുക്കാൻ സാധിക്കും... ഇപ്പോൾ യു.ഡി.എഫും അതേ പാതയിൽ...
വി.എസ് ഒരു വിഗ്രഹമാണെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം, അങ്ങനെയല്ല രാഷ്ട്രീയത്തിൽ ഒരു പരിധിവരെ സംശുദ്ധി കാത്തുപരിപാലിച്ച ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളായി കണക്കാക്കണമെങ്ങിൽ, അച്യുതമേനോൻ, ആന്റണി, പി.കെ.വി എന്നിവരുടെ കൂടെ ഒരു കസേര കൊടുത്തിരുത്താം... പത്ത് വർഷത്തിനപ്പുറത്തും ഒരു വി.എസ് ഉണ്ടായിരുന്നു... വ്യക്തിവൈരാഗ്യത്തിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലും വെട്ടിനിരത്തുന്നതിലും വി.എസ് പ്രത്യകശ്രദ്ധപുലർത്തിയിരുന്നു അതും മറക്കുന്നില്ല... മകൻ അരുണിന്റെ കാര്യത്തിൽ വി.എസ് വെറുമൊരു അച്ചനായോയെന്ന് സംശയിക്കുന്നു, അപ്പോഴും തെളിവുകൾ വരട്ടെ എന്നതാണ് ശരി...
...
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നിയമവ്യവസ്ഥയിലെ ആപ്തവാക്യം... അതേ യുക്തി നമ്മുടെ അവകാശങ്ങൾ ദിനംപ്രതി ചവിട്ടിമെതിക്കുന്ന ഉദ്യോഗസ്ഥരും പരിപാലിക്കേണ്ടതല്ലേ... അങ്ങനെയൊന്നില്ലായെന്നതാണ് സത്യം...
വി.എസ്സിനെതിരെ ഉയർന്ന ഭൂമിയിടപാട് ചർച്ച ചെയ്യുമ്പോൾ സാമുഹ്യപ്രസ്ക്തമായ വിഷയമായി നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ അത്താഴം ഏതെങ്ങിലും നിയമത്തിന്റേയോ / ചട്ടങ്ങളുടേയോ / കീഴ്വഴക്കത്തിന്റേയോ നൂലാമാലയിൽപ്പെട്ട് മുടങ്ങിയാൽ, സത്യസന്ധനായ ഒരു വ്യക്തിക്ക് തന്റെ അവകാശം മറക്കുകയേ നിർവാഹമുള്ളൂ, അല്ലെങ്ങിൽ വളരെചിലവേറിയ കോടതിവരാന്തയിൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടാം...
തീർച്ചയായും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാം, സ്വാധീനം ഉപയോഗപ്പെടുത്താം, അങ്ങനെ നൂറുകൂട്ടം വഴികളുണ്ട്... പക്ഷേ നാം ഉന്നയിക്കുന്നത് നമ്മുടെ അവകാശമാണെന്നോ, അതിലെ നീതിയും യുക്തിയും ഒന്നും തന്നെ നമ്മളെ രക്ഷക്കെത്തില്ല... ഒറ്റപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടാകാം പക്ഷേ കൂടുതലും ഒരു ഗുണവും ചെയ്യാറില്ല... ആദർശശാലിയായ ഉദ്യോഗസ്ഥരായതുകൊണ്ട് കാര്യമില്ല, നീതിയുടെ പക്ഷത്ത് നിൽക്കാനുള്ള മനസ്സും ശക്തിയും വേണം...
ജനസമ്പർക്കപരിപാടിയുമായി മുഖ്യമന്ത്രി ഊരുചുറ്റുന്നു... നായന്നാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫോൺ വിളിയിലൂടെയായിരുന്നു പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്... ഇതിലെ ജനപ്രിയരാഷ്ട്രീയം മാറ്റിവെച്ചാൽ തന്നെ താഴെതട്ടിൽ ഉദ്യോഗസ്ഥർ ഒരു പ്രശ്നവും നീതിയും നിയമവും യുക്തിയും നോക്കി പരിഹരിക്കുന്നില്ല എന്നതല്ലേ വിളിച്ചുകൂവുന്നത്... നിയമത്തിന്റെ നൂലാമാല ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ നമ്മുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു എന്നതല്ലേ സത്യം... ഉദ്യോഗസ്ഥർ കാണിക്കുന്ന തെറ്റിന് ജനമല്ലേ പിഴയിടുന്നത്...
രണ്ട് ഉദാഹരണം...
നെല്പാടത്തിന് നടുവിൽ ഒരേക്കർ സ്ഥലം ഒരു പ്രവാസി വാങ്ങി, മണ്ണിട്ട് നികത്തുകയെന്നതായിരുന്നു ലക്ഷ്യം, അതിനാൽ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൃഷിഭൂമിയെന്നതിന് പകരം ആധാരത്തിൽ "പറമ്പ്" എന്ന് രേഖപ്പെടുത്തി... സാമ്പത്തികമാന്ദ്യവും പുതിയ നിയമങ്ങളൂം കാരണം മണ്ണിട്ട് നികത്തലും ചുറ്റുമുള്ള ഭൂമിവാങ്ങലും വിചാരിച്ചപോലെ നടന്നില്ല... ഭുമി മറിച്ചു വിൽക്കുന്നു... നെൽകൃഷി ചെയ്യാനുള്ള താല്പര്യവുമായി യഥാർത്ഥ കൃഷിക്കാരൻ ഭൂമി വാങ്ങുവാൻ മുന്നോട്ട് വരുന്നു... കരാർ എഴുതി കുറെ പൈസകൊടുത്തു, തീറ് നടത്തുന്ന സമയമായപ്പോൾ പുതിയ പ്രശ്നം ഉടലെടുത്തു... ഭൂമി വാങ്ങുന്ന വ്യക്തിക്ക് വാങ്ങിയ ഭൂമിയിൽ നെൽകൃഷി ചെയ്യുകയെന്ന ഒരൊറ്റ ലക്ഷ്യമെയുള്ളൂ, അതിനാൽ തന്നെ വാങ്ങുന്ന ഭൂമി "പറമ്പ്" എന്ന ഗണത്തിൽ നിന്ന് മാറ്റി "കൃഷിഭൂമി"യെന്ന ഗണത്തിൽ ആധാരം നടത്തിതരണം... കാരണം കൃഷിഭൂമിയായാൽ മാത്രമെ നെൽകൃഷിക്കുള്ള സർക്കാർ സഹായം ലഭിക്കുകയുള്ളൂ... ആധാരനടത്തിപ്പിന്റെ നികുതിയും കുറയും...
പൈസ കുറെ കൊടുത്തതുകൊണ്ടും പ്രവാസി സുഹൃത്തുകൂടി ആയതിനാൽ കൃഷിക്കാരൻ മുക്ത്യാർ ഉള്ള പിതാവിനേയുംകൂട്ടി നേരിട്ട് ഉദ്യോഗസ്ഥരെ കാണുന്നു... ഉടനെ ഉദ്യോഗസ്ഥൻ നിയമപ്രശ്നം എടുത്തിട്ടു... "പറമ്പ്" എന്ന് രേഖപ്പെടുത്തിയ ഭൂമി "പറമ്പ്" എന്ന് മാത്രമേ എഴുതിതരുകയുള്ളു... ഇനി എന്തെങ്ങിലും മാറ്റിയെഴുതണമെങ്ങിൽ ആ രേഖയുണ്ടാക്കി വാ, ഈ രേഖയുണ്ടാക്കി വാ... കൃഷിക്കാരൻ മൂന്നാല് മാസത്തോളം വില്ലേജാപ്പിസ്, റജിസ്റ്റ്റാപ്പീസ്, താലുക്കാപ്പിസ്, ജില്ലാപ്പീസ് കയറിയിറങ്ങി... എല്ലാവർക്കും വേണ്ടത്, ആ രേഖയും ഈ രേഖയുമാണ്... കൃഷിക്കാരന്റെ കയ്യിൽ കൈരേഖമാത്രമേയുള്ളൂ...
അങ്ങനെയിരിക്കെ ദൈവദൂതനെപോലെ ഒരു രാഷ്ട്രീയക്കാരൻ ഇടപെടുന്നു... അദ്ദേഹത്തിന്റെ ഉപദേശപ്രകാരം എം.എൽ.എ യുമായി ബദ്ധമുള്ള മറ്റൊരു നേതാവിലൂടെ എം.എൽ.എ യുടെ പി.എ യുമായി ബദ്ധപ്പെടുന്നു... അവരുടെ നിർദേശപ്രകാരം ഒരു ദിവസം എം.എൽ.എ യുമായി കൂടികാഴ്ച്ച തരപ്പെടുന്നു... കാര്യങ്ങൾ എല്ലാം കേട്ടു, പഴയ ആധാരത്തിന്റെ കോപ്പിയും ഇപ്പോൾ കയ്യിലുള്ള അധാരത്തിന്റെ കോപ്പിയും കാണിച്ച് കാര്യങ്ങൾ എം.എൽ.എ യെ ബോധ്യപ്പെടുത്തുന്നു... ഉടനെ പി.എ. കൊണ്ട് റജിസ്റ്റ്റാപ്പീസറെ ഫോൺ ചെയ്യുന്നു... എം.എൽ.എ സംസാരിക്കുന്നു... പതിവുപോലെ ആപ്പീസർ നിയമപ്രശ്നം എടുത്തിട്ടു... നമ്മുടെ പേനയുടെ അധികാരം ഉപയോഗിച്ച് ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതില്ലല്ലോ നമ്മുടെ ശ്രദ്ധ...
ഫോണിൽ എം.എൽ.എ ആപ്പീസറോട് പറഞ്ഞത്... വില്ലേജാപ്പീസർ നേരിട്ട് പോയി സ്ഥലം കണ്ടാൽ, ഇത് കൃഷിഭൂമിയാണോ പറമ്പാണോയെന്ന് മനസ്സിലാകും... കീഴാധാരം പരിശോധിച്ചാൽ താങ്ങൾക്കും മനസ്സിലാകും എന്ന് മുതലാണ് പറമ്പ് എന്ന് രേഖപ്പെടുത്തിയത്... പറമ്പ് എന്ന ഗണത്തിൽപ്പെട്ടത് കൃഷിഭൂമിയാക്കുന്നത് കൃഷിചെയ്യുകയെന്ന ഉദേശ്യത്താലായതിനാൽ അങ്ങനെ ചെയ്തുകൊടുക്കുന്നതിന് എന്താണ് തടസ്സം... യഥാർത്ഥത്തിൽ കൃഷിഭൂമിയായ ഒരു സ്ഥലം പറമ്പ് എന്ന ഗണത്തിൽപ്പെടുത്തി ആധാരം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഒരു പരാതി മുകളിലേക്ക് അയയ്ക്കുക... അവസാനം പറഞ്ഞ ഉപദേശമായിരിക്കും ആപ്പിസറെ "ഞാൻ ചെയ്തുകൊടുക്കാം എന്ന് പറയിപ്പിച്ചിട്ടുണ്ടാകുക"... രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പറമ്പ് കൃഷിഭൂമിയായി തീറാധാരം നടന്നു...
മറ്റൊരു കേസ്... ദേ കോടതിയിലൂടെ തീർപ്പാക്കുന്നു...
നീതി നഷ്ടപ്പെട്ട് കേസ്സുമായി മുന്നോട്ട് പോകേണ്ടി വന്ന പുന്നപ്രവയലാർ സമരസേനാനി... ഒരേ സമയം ജയിലിൽ കിടന്ന ഒരു വ്യക്തിക്ക് എല്ലാ പെൻഷനും ലഭിക്കുമ്പോൾ മറ്റൊരു വ്യക്തി കേസുമായി പോകേണ്ടിവരുന്നു...
http://www.mathrubhumi.com/online/malayalam/news/story/1391402/2012-01-14/kerala
വാർത്തയിൽ നിന്ന്... "കൃഷ്ണനോടൊപ്പം തടവില്‍ കിടന്ന കെ. രാമന്‍കുട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാമന്‍കുട്ടി 9573-ാം നമ്പര്‍ തടവുകാരനായിരുന്നെങ്കില്‍ കൃഷ്ണന് 9572-ാം നമ്പര്‍ തടവുകാരനായിരുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു. രാമന്‍കുട്ടിക്ക് പെന്ഷന് നല്‍കാനായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണന്റെ കാര്യത്തില്‍ അനുകൂല ശുപാര്‍ശ ചെയ്യാതെ പുറം തിരിഞ്ഞു നിന്നതിന് ന്യായീകരണമില്ല എന്ന് ഉത്തരവില്‍ പറയുന്നു. രാമന്‍കുട്ടിക്ക് തെറ്റായി നല്‍കിയതാണെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെന്ഷന് നല്‍കുന്നത് സംബന്ധിച്ച അനുകൂല ശുപാര്‍ശയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ 2009 മെയ് 15-ന് കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടും 2010 ജനവരി 4-ന് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണന്റെ അപേക്ഷ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്."
12 comments:
വി.എസ്സിനെതിരെ ഉയർന്ന ഭൂമിയിടപാട് ചർച്ച ചെയ്യുമ്പോൾ സാമുഹ്യപ്രസ്ക്തമായ വിഷയമായി നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ അത്താഴം ഏതെങ്ങിലും നിയമത്തിന്റേയോ / ചട്ടങ്ങളുടേയോ / കീഴ്വഴക്കത്തിന്റേയോ നൂലാമാലയിൽപ്പെട്ട് മുടങ്ങിയാൽ, സത്യസന്ധനായ ഒരു വ്യക്തിക്ക് തന്റെ അവകാശം മറക്കുകയേ നിർവാഹമുള്ളൂ, അല്ലെങ്ങിൽ വളരെചിലവേറിയ കോടതിവരാന്തയിൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടാം...
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നിയമവ്യവസ്ഥയിലെ ആപ്തവാക്യം... അതേ യുക്തി നമ്മുടെ അവകാശങ്ങൾ ദിനംപ്രതി ചവിട്ടിമെതിക്കുന്ന ഉദ്യോഗസ്ഥരും പരിപാലിക്കേണ്ടതല്ലേ... അങ്ങനെയൊന്നില്ലായെന്നതാണ് സത്യം...
കാക്കരേ........എവിടെയോ വി.യെസിന് താളപ്പിഴകള്‍ പറ്റിയിട്ടുണ്ട്.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ സത്യസന്ധതക്ക് കോട്ടം തട്ടും എന്നു തോന്നുന്നില്ല.
നിയമത്തിന്റെ മുൻപിൻ എല്ലാവരും തുല്യം.. എന്നൊക്കെ എഴുതിപിടിപ്പിച്ചിരിക്കുന്നത് കൃഷ്ണയ്യർ കണ്ടിട്ടുണ്ടാവോ ആവോ... 7 പതിറ്റാണ്ട് സംശുദ്ധപൊതുജീവിതം വി.എസ്. നയിച്ചതുകൊണ്ട് ഇപ്പോഴത്തെ കേസിൽ ആദ്യം ഒരു ഉന്നതസമിതി അന്വേഷിക്കട്ടെ എന്നൊക്കെ പറയുന്നത് ശരിയല്ലല്ലോ... നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ... അതല്ലേ ശരി...
http://www.gulfmalayaly.com/gulfmalayaly_news_in.php?id=2674
1977 ഏപ്രിൽ 16 ന് 3 ഏക്കർ ഭൂമി സോമന് നൽകി ഉത്തരവിട്ടത്... കരുണാകരന്റെ കാലത്ത്... ഭൂമി പതിച്ചുനൽകുന്നതിനുവേണ്ടി സോമൻ കളക്ടറെ ബദ്ധപ്പെട്ടു... പക്ഷേ നാരയണഭട്ടും മറ്റു ചിലരും ഈ ഭൂമി അവരുടെ കുടുംബസ്വത്താണെന്ന് പറഞ്ഞ് കോടതിയിലെത്തി... 1979 ൽ കേസ് തള്ളി പോയി... (പിന്നെ ഈ ഭൂമി സർക്കാർ മറ്റൊരാൾക്ക് പതിച്ചു നൽകി)... ഇതൊന്നുമറിയാതെ സോമൻ പട്ടാള ആസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു...
2005 ൽ സോമൻ കോടതിയിലെത്തി... 2006 ൽ തഹസിൽദാർക്ക് അപേക്ഷ കൊടുത്തു... 2007 ൽ വി.എസിന് പരാതി കൊടുക്കുന്നു... 2010 ൽ 2.33 ഏക്കർ ഭൂമി 73,051 രൂപ കൈപ്പറ്റി കളക്ടർ പതിച്ചുകൊടുത്തു... ഇതുവരെ എല്ലാം നിയമപരമായി തന്നെ മുന്നോട്ട് പോയി...
സർക്കാർ നിയമ പ്രകാരം, സർക്കാർ പതിച്ചുനൽകുന്ന ഭൂമി 25 വർഷം കഴിഞ്ഞിട്ടേ, വില്പനാവകാശം ലഭിക്കുകയുള്ളൂ... അതിനാൽ സോമൻ റവന്യു മന്ത്രിക്ക് അപേക്ഷ നൽകി... സോമന് 1977 മുതലേ ഭൂമിക്ക് അർഹതയുണ്ടെന്നും, സോമന്റേതല്ലാത്ത കാരണത്താലാണ് പതിച്ചു നൽകൽ നടക്കാതെപോയതുമെന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്... അർഹതപ്പെട്ട ഭൂമി ലഭിക്കാതെ പോയത് 30 വർഷമാണ്... അത്തരം സന്ദർഭങ്ങളിൽ മാനുഷികപരിഗണന നൽകുകയെന്നതാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു...
കുറ്റവാളികൾക്ക് കോടതിയിൽ ശിക്ഷാവിധി പ്രസ്താവിക്കുമ്പോൾ, കേട്ടിട്ടില്ലേ, വിചാരണ കാലയളവിലെ തടവ്, ശിക്ഷാകാലാവധിയായി കണക്കാക്കണമെന്ന്... ആ ഒരു ദയ, ഒരു വിമുക്തഭടന് നല്‍കണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു...
മുകളിലെ താങ്കളുടെ അഭിപ്രായം വളരെ യുക്തമായി തോന്നുന്നു.വാര്‍ത്താകുറിപ്പില്‍ വെളിച്ചം പ്രസരിച്ചപോലെ വ്യക്തം.ആശംസകള്‍
അച്യുതമേനോൻ, ആന്റണി, പി.കെ.വി - താങ്കള്‍ക്ക് തെറ്റി - ചാലാട്ട് അച്ചുതമേനോനാണ് മുല്ലപ്പെരിയാറിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. എ.കെ. ആന്റണിക്ക് എന്ത് "കഴിവാണൊ" ഉള്ളത്.?? സ്വാശ്രയ ലോബിക്ക് വിദ്യാഭ്യാസ രംഗം തീറെഴുതിയിട്ട് "പുശ്പഗിരി മനേജ്മെന്റ് ശര്ക്കാരിനെ ചതിച്ചു" എന്നു ടിയാന് വിലപിച്ചത് ഓറ്മ്മയില്ലേ?
അച്യുത മേനോനെ ഞാന്‍ മാറ്റി നിര്‍ത്തുന്നു..
പി.കെ.വിയ്ക്ക് കൂടുതല്‍ സമയം ലഭിച്ചില്ല, ആന്റണിയെ ഭരിക്കാന്‍ അനുവദിച്ചില്ല അല്ലെങ്കില്‍ അദ്ദേഹം ഇന്നത്തെ അച്യുതാനന്ദനെപ്പോലെ പാര്‍ട്ടിയുടെ വെറുമൊരു പൊയ്മുഖം മാത്രം. അത് എന്തു തന്നെയായാലും ഇവെര്ക്കൊപ്പം എങ്ങനെയാണു വി.എസ്സിനെ പ്രതിഷ്ഠിക്കുക. നിരന്തരം വൈര നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുക എന്നതാണ് വി.എസ്സ് ശൈലി. അതിന്റെ ഗുണ ഭോക്താക്കളല്ലേ എം.വി. രാഘവനും, കെ. ആര്. ഗൌരിയമ്മയും, പിണറായി വിജയനും. ആര്. ബാലക്രിഷ്ണപിള്ളയും മറ്റും.
ഇതെല്ലാം മറന്നേക്കൂ ഞാന്‍ മറ്റൊരു കാര്യം ചോദിച്ചോട്ടേ. ഒരു തുണ്ട് ഭൂമിയില്ലാത്ത ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ നാടാണ് കേരളം. ഒരു വിമുക്ത ഭടന് എന്ന ലേബല്‍ മാത്രമുള്ള ഒരു കോടീശ്വരന് ഭൂമി പതിച്ചു നല്‍കുന്നത് അധാര്‍മ്മികതയല്ലേ.. ഒരു പക്ഷേ കെ. കരുണാകരന് മന്ത്രി സഭയുടെ കാലത്ത് അദ്ദേഹത്തിന് ഇന്നുള്ളയത്ര സ്വത്തുണ്ടായിരുന്നില്ലായിരിക്കാം. എല്ലാം നിയമത്തിന്റെ വഴിയെ പോകട്ടേയെന്ന് പറയുമ്പോള്‍ നാം വഞ്ചിക്കുന്നത് രാജ്യത്തിന് വേണ്ടി സ്തുത്യര്‍ഹ്യ സേവനം ചെയ്ത ധീര ജവാന്മാരേയും, ഉടുതുണിക്ക് മറുതുണിയില്ലാത്ത നാട്ടിലെ പട്ടിണി പാവങ്ങളെയുമാണ്.
ജീവിച്ചിരിക്കുന്ന വിഗ്രഹങ്ങളെല്ലാം മാധ്യമങ്ങള്‍ മെനഞ്ഞേടുത്തവയാണ്, അവ കാലപ്പഴക്കം ചെല്ലുമ്പോള്‍ താനെ ഉടഞ്ഞു പോകും....
മുരളിമുകുന്ദൻ... മുഹമ്മദ്... അഭിപ്രായത്തിന് നന്ദി...
നട്സ്... സാങ്കേതികമായി തെറ്റു സംഭവിച്ചിട്ടുണ്ട്... എന്നാലും അഴിമതിക്കാരനെന്നൊക്കെ വിളിക്കണമെങ്ങിൽ ബന്ധുവിന് നൽകിയ ഭൂമിയുടെ കഥയും അറിഞ്ഞിരിക്കണമല്ലോ...
കരുണാകരനാണല്ലോ അദ്യം ഭൂമി നൽകിയത്, അതും സി.പി.ഐ യുടെ കൂടെ ഭരിക്കുമ്പോൾ... ഭൂമി സോമന് ആദ്യം ലഭിക്കാതിരുന്നത് സോമന്റെ തെറ്റുകൊണ്ടല്ല... കാസർഗോഡിലുള്ള ഭൂമി മറിച്ചു വിറ്റാൽ തന്നെ എത്ര കോടിയൊക്കെ ലഭിക്കുമെന്നും നമ്മുക്കറിയണമല്ലോ...
ഫിയോനിക്സ്... മനോജ്... കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരുടെ ലിസ്റ്റൊന്നുമല്ല ഇട്ടത്... അതുകൊണ്ട് തന്നെ അവരുടെ ഭരണ നൈപുണ്യം ഇവിടെ ചർച്ചയാകുന്നില്ലല്ലോ...
"രാഷ്ട്രീയത്തിൽ ഒരു പരിധിവരെ സംശുദ്ധി കാത്തുപരിപാലിച്ച ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളായി കണക്കാക്കണമെങ്ങിൽ, അച്യുതമേനോൻ, ആന്റണി, പി.കെ.വി എന്നിവരുടെ കൂടെ ഒരു കസേര കൊടുത്തിരുത്താം..." എന്നതാണെന്റെ നിലപാട്... ഏത് കച്ചവടത്തിൽ നിന്നും ലാഭം വേണമെന്ന് കരുതാത്ത, കോടികളുടെ അഴിമതിയില്ലാത്ത, വ്യക്തിജീവിതത്തിൽ സംശുദ്ധി പരിപാലിച്ച, ചുരുക്കം ചില നേതാക്കളിൽ ഒരാൾ...
മനോജ്... ഒരു തുണ്ട് ഭൂമിയില്ലാത്തെ ആയിരക്കണക്കിന് പാവങ്ങളുള്ള കേരളത്തിൽ വിമുക്തഭടന് ഭൂമി പതിച്ചുനൽകുന്നത് ധാർമികമാണോയെന്നതാണ് താങ്ങളുടെ ചോദ്യം...
ഇതൊരു കേന്ദ്രസർക്കാർ പദ്ധതിയാണ്... അതിനനുസരിച്ച് അതാത് സംസ്ഥാനങ്ങൾ മിച്ചഭൂമി നൽകുന്നു... ഇദ്ദേഹം ഭൂമിക്കർഹനാണെന്ന് 1977 ൽ അന്നത്തെ സർക്കാർ അംഗീകരിച്ചതാണ്... അദ്ദേഹത്തിന് ഭൂമി ലഭിക്കാതിരുന്നത് സർക്കാരിന്റെ തെറ്റുകൊണ്ടാണ്... ഇതൊന്നും എന്താണാവോ കാണാത്തത്...
കേരളത്തില്‍ എല്ലാവർക്കും ഭൂമി നൽകിയിട്ടാണോ എം.എൽ.എ മാരുടെ വീട് മോടി പിടിപ്പിക്കുന്നത്... കേരളത്തിൽ എല്ലാവർക്കും ഭൂമി കൊടുത്തിട്ടേ, ഇനി സർക്കാർ ജോലിക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കുകയുള്ളൂ, കേരളത്തിൽ എല്ലാവർക്കും ഭൂമി നൽകിയിട്ടേ, വഴിവിളക്കുകൾ സ്ഥാപിക്കു... കേരളത്തിലെല്ലാവർക്കും ഭൂമി നൽകിയിട്ടേ, സർക്കാർ വക പാർക്കുകൾ പണിയു... അതൊന്നും പ്രശ്നമല്ല, അല്ലേ...
മനോജ് ഭാസ്കര്‍ ,
ഒരാള്‍ കോടീശ്വരന് ആയ സര്‍ക്കാര്‍ അദ്ധ്യാപകന് ആണ് എന്നിരിക്കട്ടെ . അയാള്‍ക്ക് ഇന്ക്രിമെന്ടോ , ബോണസോ , മറ്റാനുകൂല്യങ്ങലോ കൊടുക്കുന്നതില്‍ അധാര്മികതയുണ്ടോ..? ഇല്ലേ ..? ഉണ്ടില്ലേ..?
ഇനി അന്ന് സ്ഥലം ലഭിച്ച മറ്റുള്ള ആളുകള്‍ പിലക്കാലത്ത് പണക്കരായപ്പോള്.. അവര്‍ക്ക് മുന്‍പ് അനുവദിച്ച സ്ഥലം തിരിചെടുക്കണമോ..അത് ധാര്മികതയല്ലേ..?
സുപ്രീം കോടതിയിൽ അപ്പീൽ നൽകാതിരിക്കട്ടെ... അതിനുള്ള സാമാന്യബുദ്ധി ഉമ്മൻ ചാണ്ടി കാണിക്കട്ടെ... വി.എസ് അഴിമതി കാണിച്ചുവെന്ന കേസ് വിജിലൻസ് അന്വേഷിച്ചു... തെളിവുകൾ ഹാജരാക്കി... ഹൈക്കോടതി തള്ളി... ഇനി സുപ്രീം കോടതിയിലേക്ക് ഈ കേസ് വലിച്ചുനീട്ടുമ്പോൾ, സ്വജനപക്ഷപാതം നടത്തിയെന്ന് പറയുന്ന ഭൂമിദാനകേസിന്റെ വലുപ്പം കൂടി നാം കണക്കിലെടുക്കണം... സർക്കാരാണ് വാദി... അതിനാൽ തന്നെ, കേസ് നടത്തിപ്പിനാവശ്യമായ ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്നാകും ചിലവിടുക... അതിര് മാന്തിയെന്ന് പറഞ്ഞ് കേസ് നടത്തി കുത്തുപാളയെടുക്കുന്ന ശാഠ്യക്കാരനാകരുത് സർക്കാർ...
Post a Comment