Monday, 31 December 2012

ഡൽഹിയിലെ പ്രതിക്ഷേധം ക്ലാസ് വാറോ...

തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെയാണ് ജാതിയുടെ കാര്യം... സമൂഹത്തിലും പറമ്പിലും ജാതിയാണ് താരം... എല്ലാവർക്കും ജാതിയോടാണ് പഥ്യം... ഹോ പ്രാർത്ഥിക്കാൻ ഓരോ കാരണം എന്ന് പറഞ്ഞതുപോലെ ഇവിടേയും കാരണങ്ങൾ വിത്യസ്തമാണ്...

ജാതി പേര് വാലായി വെച്ച് ഇല്ലാതഴമ്പും തടവി പാരമ്പര്യത്തിന്റെ ഇല്ലാ മഹിമയും തടവി സുഖം അനുഭവിക്കുന്നവർ... സമൂഹത്തിൽ മേൽക്കൈ പ്രദർശിപ്പിക്കുക... അതിലൂടെ ഗുണവും... സ്വന്തം ജാതിയിൽപ്പെട്ടവരോട് ഒരിതും സൂക്ഷിക്കുന്നവരുണ്ട്... മതമേതായാലും ജാതി വാൽ വെച്ചാലും ഇല്ലെങ്ങിലും ഒരു വിധത്തിലല്ലെങ്ങിൽ മറ്റൊരു വിധത്തിൽ ജാതി ചിന്തകൾ സമൂഹത്തിലുണ്ട്... പ്രകടനപരത ഏറിയും കുറഞ്ഞുമിരിക്കും... ഒരു സംവാദത്തിനിടയിൽ കേട്ടതുപ്രകാരം, പർദ്ദ ധരിക്കുന്ന സ്ത്രീകളെ ബലാൽസംഘം ചെയ്യാൻ പലരും മടിക്കാനുള്ള സാധ്യതയുണ്ടെന്നും കാരണം അതിന്റെ പിന്നിലുള്ള സമൂഹത്തെ പേടിച്ചിട്ടാണെന്നും സാധ്യത കാണുന്നവരും പർദ്ദയെ ഒരു ജാതിയായി പ്രദർശിപ്പിക്കുകയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... 

ജാതിയോട് പഥ്യമുള്ള മറ്റൊരു കൂട്ടർ... യഥാർത്ഥത്തിൽ "ജാതി വിരുദ്ധരാണ്"... ജാതി ചിന്തകളെ തല്ലിക്കൊല്ലാനായി എല്ലാ പ്രശ്നങ്ങളിലും ജാതിയെ പ്രതിഷ്ഠിച്ച് ജാതി വിരുദ്ധതയ്ക്കായി വാചാലരാകുന്നത്... പലരും റിവേർസ് ജാതിയതയിൽ വരെ എത്തിയിരിക്കുന്നു... ജാതിയത പ്രധാനഘടകമാകാത്ത വിഷയങ്ങളേയും ജാതീയതയിലൂടെ കാണുന്ന അപകടകരമായ അവസ്ഥയിലാണെന്ന് തോന്നുന്നു... ജാതിയെന്നാൽ ഹിന്ദുസമൂഹത്തിലെ ജാതി മാത്രമല്ലായെന്നും ഓർക്കുക... അടിസ്ഥാനവർഗ്ഗം - മധ്യവർഗ്ഗം - ഉപരിവർഗ്ഗം തുടങ്ങി... എന്തും ഏതും വർഗ്ഗത്തിലൂടെ കാണുക... കോൾഡ് വാർ പോലെ ക്ലാസ് വാർ...

ഡൽഹിയിലെ പീഡനവും അതിനെതുടർന്ന് അസാധാരണമായി ഉയർന്ന പ്രതിക്ഷേധവും ക്ലാസ് വാറിലൂടെ കാണാൻ ശ്രമിക്കുന്നതിനെ പൂർണ്ണമായും തള്ളിക്കളയുന്നു... ഡൽഹിയിലെ പിള്ളേരിൽ വർഗ്ഗബോധം ആരോപിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ തന്നെ അതേ വിഷയത്തിൽ ഇങ്ങ് തിരുവനന്തപുരത്തും സോഷ്യൽ മീഡിയയിലൊക്കെ പ്രതിക്ഷേധം നടത്തുന്നു... അത് ജാതീയതയല്ലാതാനും... അതാണ് രസകരം... എന്റെ പ്രതിക്ഷേധം മാനവികബോധത്തിലും നിന്റെ പ്രതിക്ഷേധം ജാതി ചിന്തയിലും...

കേരളത്തിൽ സൗമ്യയെന്ന പെൺകുട്ടിയെ ഗോവിന്ദച്ചാമി പീഡിപ്പിച്ച് അതിക്രൂരമായി കൊന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളിലല്ല പ്രതിക്ഷേധം അലയടിച്ചത്... കേരളത്തിലാണ്... അത് സ്വാഭാവികമല്ലേ... തമിഴ്നാട്ടിൽ ജനങ്ങൾ പ്രതിക്ഷേധിക്കാത്തത് അവരുടെ മനസിൽ ഓ മലയാളിയല്ലേ പീഡിപ്പിക്കപ്പെട്ടത് എന്ന് ചിന്തയുണ്ടായിരുന്നതുകൊണ്ടാണോ... അർദ്ധരാത്രിയിലും സ്ഥിരമായും അല്ലെങ്ങിൽ വല്ലപ്പോഴും ഒറ്റയ്ക്കോ അല്ലെങ്ങിൽ ആരുടെയെങ്ങിലും കൂടെയോ ബസിലും തീവണ്ടിയിലൊക്കെ സഞ്ചരിക്കുന്ന ഡൽഹി നിവാസികൾക്ക് ഈ പീഡനം നാളെ എനിക്കും വരാമെന്ന ഭീതിയുണ്ടാക്കിയിട്ടുണ്ടാകും... വിഷയത്തോട് താതാദ്മ്യം പ്രാപിക്കുകയെന്നയവസ്ഥ... അതുകൊണ്ട് ഡൽഹിയിലെ പ്രതിക്ഷേധത്തിന്റെ ശക്തി കേരളത്തിലുണ്ടാകണമെന്നില്ല... ഡൽഹിയിലെ അതേ രോഷം മുമ്പൈയിലുണ്ടാകില്ല... മധ്യവർഗ്ഗം അവിടേയുമുണ്ട്...  വീമാനയാത്രക്കാരെ വീമാനറാഞ്ചികളായി ചിത്രികരിച്ച വിഷയത്തിൽ പ്രവാസ നാടുകളിലുണ്ടാകുന്ന പ്രതിക്ഷേധം നാട്ടിൽ ജോലി ചെയ്യുന്നവരിലും മറ്റും ഉണ്ടാകില്ല... അതിൽ തന്നെ ഗൾഫ് പ്രവാസികളാണ് പ്രതിക്ഷേധത്തിന്റെ മുൻപന്തിയിലുണ്ടായത്... കാരണം നാമെല്ലാവരും പ്രതിക്ഷേധിച്ചവരിൽ നമ്മളെ കാണുകയാണ്... നാളെയും എയർ ഇന്ത്യയിൽ യാത്ര ചെയ്യേണ്ടവരാണ്... അതെല്ല്ലാം പ്രതിക്ഷേധങ്ങൾ സ്വാധീനിക്കും... എല്ലാ സ്ത്രീകൾക്കും പ്രസവവേദനയുണ്ടാകും... പക്ഷേ എന്റെ ഭാര്യ പ്രസവിക്കുമ്പോഴല്ലേ എനിക്ക് അനുഭവവേദ്യമാകുക... അതെല്ലാം ക്ലാസ് വാറിലൂടെ കാണുന്നത് ബുദ്ധിശൂന്യതയാണ്...

ബലാൽസംഘം അശക്തരെ കീഴ്പ്പെടുത്തുന്ന ഒന്നാണ്... ദളിതന്റെ മുകളിൽ സവർണ്ണന്റെ അധികാരം... പാവപ്പെട്ടവന്റെ മുകളിൽ പണക്കാരന്റെ അധികാരം... കറുത്തവരുടെ മുന്നിൽ വെള്ളക്കാരുടെ... ജനത്തിന്റെ മുകളിൽ പട്ടാളക്കാരന്റെ അധികാരം... ഒരു രാജ്യത്തിന്റെ മുകളിൽ മറ്റൊരു രാജ്യത്തിന്റെ അധികാരം... എല്ലാം പ്രതിഫലിക്കും... പക്ഷേ ആത്യന്തികമായി സ്തീകളുടെ മുകളിൽ പുരുഷന്റെ അധികാരം... അധികാരം സ്ഥാപിക്കൽ മാത്രമാണെന്ന് കരുതുമ്പോൾ അവിടെയാണ് വർഗ്ഗം ഉരുത്തിരിയുന്നത്... പക്ഷേ ബലാൽസംഘം കാമവെറിയോടെയുള്ള അധികാരം സ്ഥാപിക്കലാണ്... കാമവെറിയെ മറന്ന് അധികാരസ്ഥാപിക്കലിലേക്ക് മാത്രമായി പീഡനത്തെ ചുരുക്കയുമരുത്... അപരിചിതമായ സ്ത്രീയെ കാമവെറിയോടെയാണ് പീഡിപ്പിക്കുന്നത്...

സോഷ്യൽ മീഡിയയിലൂടെ സംഘടിപ്പിക്കുന്ന പ്രതിക്ഷേധങ്ങൾ അല്ലെങ്ങിൽ സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതിക്ഷേധങ്ങളിൽ പങ്കെടുക്കുക കൂടുതലും മധ്യവർഗ്ഗമായിരിക്കും... സോഷ്യൽ മീഡിയയിൽ അവരാണല്ലോ ഭൂരിപക്ഷം... ഡൽഹിയിലും അതുതന്നെയല്ലേ സംഭവിച്ചത്... മാനവികതയിലൂന്നികൊണ്ട് ഏതൊരു മനുഷ്യനും എല്ലാ ബലാൽസംഘത്തേയും എതിർക്കും, പ്രതിക്ഷേധിക്കും... ചില പ്രതിക്ഷേധങ്ങൾ ശക്തിയാർജ്ജിക്കും... ഡൽഹിയിലെ പീഡനം നടത്തിയതാരാണെന്നോ പീഡിപ്പിക്ക പെൺകുട്ടിയുടെ ക്ലാസോ കാസ്റ്റോ എന്നൊന്നും നോക്കിയല്ല ഞാൻ പ്രതിക്ഷേധിച്ചത്... അങ്ങനെ തന്നെയല്ലേ നിങ്ങളും... പിന്നെന്തുകൊണ്ട് ഡൽഹിയിലെ യുവത്വം അങ്ങനെയല്ലായെന്ന നിഗമനത്തിലെത്തുന്നത്... ബലാൽസംഘം ചെയ്യുന്നവരുടേയും ചെയ്യപ്പെടുന്നവരുടേയും വർഗ്ഗം നോക്കി പ്രതികരിക്കുമെന്ന് ആരോപിക്കുമ്പോൾ... അങ്ങനെ പ്രതികരിക്കുന്നവരുടെ മനസ്സിലെങ്ങിലും രണ്ട് തരം ബലാൽസംഘമുണ്ടെന്നല്ലേ പറയാതെ പറയുന്നത്... ഡൽഹിയിലെ പ്രതിക്ഷേധത്തെ വർഗ്ഗീകരിക്കുന്നില്ല... അണ്ണാഹസാരയുടെ സമരത്തിന്റെ പാശ്ചാത്തലത്തിൽ, തെരുവിലേക്കിറങ്ങുന്ന ഒരു പ്രക്ഷുബ്ദകൂട്ടം... അവരെയാണ് ഡൽഹി സമരത്തിൽ കാണൂന്നത്...

മധ്യവർഗ്ഗവിരുദ്ധ മനോഭാവം ഒരു ഫാഷനാകുന്ന കാലമാണോയിത്...

Wednesday, 19 December 2012

ഗോമാതാവെന്ന തുറുപ്പുശീട്ട്...

അധികാരത്തിലേക്കുള്ള ചവിട്ടുപടി
ഇന്ത്യയിലെ ഹിന്ദുത്വ അജണ്ടയുടെ തുറുപ്പുശീട്ടുകളിലൊന്നാണ് ഗോവധനിരോധനം... ഗോമാതാവ് എന്ന സങ്കൽപ്പത്തിലൂന്നിയാണ് പ്രചരണവും... മറ്റൊരിടത്ത് പാല് തരുന്ന മൃഗത്തെ കൊന്ന് തിന്നുന്നത്, കുട്ടികൾക്കുള്ള പോഷകാഹാരത്തിന് കുറവ് വരുമെന്നായിരിക്കും... വെളുത്തവാവിനും കറുത്തവാവിനും ഓരോ രീതി... വർഗ്ഗീയമായ പ്രചരണങ്ങൾക്കൊണ്ട് മുഖരിതമാണ് ഗോവധത്തിനായി മുറവിളികൾ... വഴുതിവീഴുന്നവർ, നിരവധിയാണ്... രാജ്യത്ത് സമ്പൂർണ്ണ ഗോവധ നിരോധനം ഹിന്ദുശക്തി തെളിയിക്കലിന്റെ ഒരു പ്രധാനശിലയാണെന്ന് പ്രചരിപ്പിക്കുന്നതിൽ ഹിന്ദുത്വക്കാർ വിജയിച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത്... ബാ‌ബ്റി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ പള്ളി തകർക്കുന്നയിടത്തേക്ക് കാര്യങ്ങളെത്തിയത്, രാമനെ ഇഷ്ടദൈവമായി ആരാധിച്ചിരുന്ന ജനവിഭാഗങ്ങളിലൂടെയല്ല, മറിച്ച് മുസ്ലീമിന് മുകളിൽ ഹിന്ദുവിന്റെ വിജയമായി രാമക്ഷേത്രവിഷയം ഉയർത്തുവാൻ കഴിഞ്ഞുവെന്നതിലാണ്... രാമനെ ആരാധിക്കാത്തവർപോലും ഈശ്വരവിശ്വാസിയല്ലാത്തവർപോലും ഹിന്ദുലേബലിൽ അഭയം കണ്ട് ക്ഷേത്രം പണിയണമെന്ന് പറയുന്നു... അദ്വാനിയോടും അവരുടെ പാർട്ടിയോടും കൂറില്ലാത്തവരും അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിൽ സന്തുഷ്ടരാണ്... അതിന്റെ മറ്റൊരു പതിപ്പാണ് ജീവിതത്തിൽ ഇന്നുവരേയും പശുവിനെ ഗോമാതാവായി കാണാത്തവരും ആരാധിക്കാത്തവരും ഗോവധനിരോധനത്തെ ന്യായികരിക്കുന്നത്... അവരിൽ പലരും പശുയിറച്ചി തിന്നുകൊണ്ടാണ് നിരോധനം ആവശ്യപ്പെടുന്നതെന്നതാണ് രസകരം... മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണല്ലോ ഫാസിസത്തിന്റെ രീതി... സൗദിയിൽ പന്നിയെ കൊല്ലുന്നതും തിന്നുന്നതും നിരോധിച്ചതുപോലെ ഇന്ത്യയിൽ ഗോവധം നിരോധിക്കണമെന്നാണ് മറ്റൊരു കൂട്ടർ... ഹോ... ആട് ഏതാ പൂട ഏതായെന്നറിയാത്തവരാണിവർ...  

മറ്റ് സംസ്ഥാനങ്ങളിലെ പ്രചരണവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ പ്രചരണം ശൈശവദശയിലാണ്... അതിന്റെ പ്രധാനകാരണം കേരളത്തിലെ ഹിന്ദുക്കളിൽ തന്നെ വലിയൊരു ജനവിഭാഗം, പശുയിറച്ചി കാലങ്ങളായി തിന്നുന്നവരാണ്... പൂർണ്ണമായും സസ്യാഹാരികളായ ജനങ്ങൾ കേരളത്തിൽ തുലോം കുറവാണ്... മുസ്ലീമുകളും ക്രിസ്ത്യാനികളും ദളിതരും പശുയിറച്ചിയോട് അകൽച്ച സൂക്ഷിക്കുന്നവരുമല്ല... ഗോവധ നിരോധനത്തിനെതിരെ നിലപാടുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളൂടെ ശക്തമായ സ്വാധീനവും അത്തരം പ്രചരണങ്ങൾക്ക് വിലങ്ങുതടിയാണ്... കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് പലപ്പോഴും ഗോവധനിരോധനത്തിനനുകൂലമായി നിൽക്കുകയാണ്... കാറ്റിനനുകൂലമായ അഴകൊഴമ്പൻ നിലപാട്...

ഗോമാതാവ് പ്രചാരകർ... ഗോവധപ്രചരണത്തിന്റെ അടിസ്ഥാനമായി ഭരണഘടനയിലെ ചില വരികൾ തെറ്റായി ഉദ്ധരിക്കാറുണ്ട്... ഗോവധനിരോധനം ഭരണഘടനയിലുള്ളതാണത്രെ... പക്ഷേ അങ്ങനെയൊന്നില്ലായെന്നതാണ് സത്യം... പക്ഷേ തെറ്റായി ഉദ്ധരിക്കാനുള്ള വരികൾ ഡയറക്ടീവ് പ്രിൻസിപ്പൽസ് ഒഫ് സ്റ്റേറ്റ് പോളിസിയിൽ പറയുന്നുമുണ്ട്... പക്ഷേ അത് ഹിന്ദുക്കൾ പശുവിനെ ഗോമാതാവായി കാണുന്നതുകൊണ്ടല്ല മറിച്ച് കൃഷിയുടേയും കന്നുകാലി വളർത്തലിന്റേയും നയത്തിന്റെ ഭാഗമായി ബ്രീഡുകളൂടെ സംരക്ഷണവും വളർച്ചയും ഉറപ്പിക്കുകയാണ്... പശുവിനേയും അതിന്റെ കുട്ടികളേയും പാൽ തരുന്ന മറ്റ് മൃഗങ്ങളേയും കന്നുകാലി കുട്ടികളേയും കൊല്ലരുതെന്നാണ് സ്റ്റേറ്റിനുള്ള നിർദ്ദേശങ്ങളിൽ പറയുന്നത്... പക്ഷേ ഗോമാതാവ് പ്രചാരകർ പശുവിന്റെ കാര്യം മാത്രമാണ് പ്രചരിപ്പിക്കുന്നത്... മതപരമായ വിശ്വാസങ്ങളുടെയടിസ്ഥാനത്തിലുമല്ല ഗോവധം നടപ്പിലാക്കാൻ നിർദേശിച്ചിട്ടുള്ളത്...

ഭരണഘടനയിലെ വാക്കുകൾ പകർത്തിയേക്കാം...

http://lawmin.nic.in/olwing/coi/coi-english/Const.Pock%202Pg.Rom8Fsss(7).pdf

48. Organisation of agriculture and animal husbandry.—The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and draught cattle.

പട്ടിണിയകറ്റാൻ പശു വരട്ടിയത്
ഗോമാതാവിനെ ആദരിക്കേണ്ടവർക്ക് ആദരിക്കാം... കൊല്ലാതിരിക്കാം... തിന്നാതിരിക്കാം... പക്ഷേ തിന്നുന്നവരെ തടയരുത്... അത് ഫാസിസമാണ്... നിങ്ങൾ പശുയിറച്ചി തിന്നണമെന്ന് ഞാൻ പറയുന്നില്ല, അതുപോലെ ഞാൻ തിന്നരുതെന്ന് പറയാൻ നിങ്ങൾക്കെന്തവകാശം... ഒരു കൂട്ടർ ആദരിക്കുന്നതിനെ മറ്റൊരു കൂട്ടർ ആദരിക്കണമെന്ന ഫാസിസ്റ്റ് നയമാണ് ഹിന്ദുത്വ അജണ്ടകൾക്ക് പിന്നിൽ... ഇന്ന് ഗോമാതാവ്... നാളെ ഗണപതിയുടെ വാഹനം... പിന്നേയും കിടക്കുകയല്ലേ വ്രണപ്പെടാനുള്ള വിശ്വാസങ്ങൾ...

Monday, 17 December 2012

ക്രിസ്തുമസ് രാവിലേക്ക്...

യേശു ദൈവമോ ദൈവപുത്രനോ പ്രവാചകനോ... ങാ... അതൊന്നും തെളിയിക്കാനാവില്ല... അതെന്റെ വിഷയവുമല്ല... ചരിത്രപുരുഷനാണെങ്ങിൽ, ചില തെളിവുകൾ ഉണ്ടായേക്കാം... അതും അതിന്റെ വഴിക്ക് പോകട്ടെ... എന്നാണ് ജനിച്ചതെന്നും എവിടെയാണ് ജനിച്ചതെന്നും വ്യക്തമല്ല... പിന്നെ രണ്ടായിരം വർഷം മുൻപുള്ള കാര്യമല്ലേ... വ്യക്തതയുണ്ടായാലാണ് സംശയിക്കേണ്ടത്... ക്രിസ്തുമസ് ദിനം തന്നെ വിത്യസ്തമാണ്... ഡിസംബർ 25 നും ജനുവരി 7 നും ക്രിസ്തുമസ് ആഘോഷിക്കുന്നവരുണ്ട്... അതെന്തെങ്ങിലുമാകട്ടെ നമുക്ക് ക്രിസ്തുമസ് അടിച്ചുപൊളിക്കാം... എല്ലാവരും ഒത്തുകൂടുന്ന കൃസ്തുമസ്സ്...
നക്ഷത്രം

ലോകത്തെല്ലായിടത്തുമുള്ള ആഘോഷങ്ങൾ വിത്യസ്തമാണ്... പലതും പല രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചതാണ്... കൂടുതലും ജർമനിയിൽ നിന്നാണത്രെ... ചിലതൊക്കെ എങ്ങനെ കടന്നുകൂടിയെന്നുപോലുമറിയില്ല... മതപരമായ ആഘോഷം എന്നതിൽ നിന്ന് ഒരു സാംസ്കാരിക തലത്തിലേക്ക് ക്രിസ്തുമസിന്റെ ആഘോഷം വളർന്നിട്ടുണ്ട്... ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഉൾപ്പെടാത്തവരും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കാർഡുകൾ പരസ്പരം കൈമാറുക, നക്ഷത്രങ്ങൾ തൂക്കുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങിയവയിൽ പങ്കുചേരുന്നു... ക്രിസ്തുമസുമായി ബദ്ധപ്പെട്ട ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ രുപരേഖയൊന്നുമില്ല... ഇന്ത്യക്ക് പുറത്തും സഭകൾ തമ്മിലും പ്രദേശീകമായും വിത്യസ്തമാണ്...

ഡിസംബർ ഒന്നുമുതൽ ക്രിസ്തുമസിന്റെ ഭാഗമായി മതപരമായും ആഘോഷപരമായും ചടങ്ങുകൾ ആരംഭിക്കുന്നു... ഡിസംബർ ഒന്ന് മുതൽ 24 ന് രാത്രിവരെ... നോമ്പ് കാലമാണ്... മൽസ്യ-മാംസാദികൾ, മുട്ട, പാല് മുതലായവ ഉപേക്ഷിച്ച് പൂർണ്ണമായും സസ്യാഹാരി... ചിലർ അതിൽ മൽസ്യം-മാംസവും മാത്രം ഉപേക്ഷിക്കും... മദ്യവും പുകവലിയും ഉപേക്ഷിക്കും... നോമ്പിൽ ദമ്പതികൾ തമ്മിലുള്ള ലൈംഗീകത ഉൾപ്പെടുന്നില്ല... നോമ്പിന്റെയടിസ്ഥാനം ആശയടക്കമാണ്... ങും... എനിക്ക് ഒന്നിനോടും "ആശയില്ലാത്തതുകൊണ്ട്" നോമ്പാചരണവുമില്ല... പക്ഷേ ക്രിസ്തുമസിന് കൃത്യമായി നോമ്പ് വീടും... നോമ്പ് ഒരു നിർബദ്ധിതമായ ഒന്നായല്ല കണക്കാക്കുന്നത്... എന്നാലും നോമ്പിന് വളരെയധികം സ്വീകാര്യത വിശ്വാസികൾക്കിടയിലുണ്ട്... നോമ്പ് കാലം മറ്റ് ആഘോഷങ്ങൾക്ക് വഴിമാറരുതെന്ന നിഗമനത്താൽ, കല്യാണം പോലെയുള്ള ആഘോഷങ്ങൾ ക്രിസ്തുമസ് കാലത്ത് അനുവദനീയമല്ല... ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്ങിൽ, രൂപതയുടെ പ്രത്യേക അനുമതിയോടെ വിവാഹവും നടത്താവുന്നതാണ്... അതിന് പ്രത്യേക ഫീസുമുണ്ട്, നിയന്ത്രണങ്ങളുമുണ്ട്... കണ്ണില്ലാത്ത നിയമം മൂലം വിവാഹ കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഭാര്യയെ നാട്ടിലാക്കി രണ്ട് വർഷത്തേക്ക് പ്രവാസം തിരഞ്ഞെടുക്കേണ്ടിവരുന്ന ഹതഭാഗ്യരെ അവധിയെന്ന് തീരുമെന്ന ചോദ്യം പോപ്പ് ചോദിച്ചാലും, നോമ്പിന്റെ കാലത്തെ ഒരു തീയ്യതി പറയുക... സത്യ വിശ്വാസികൾക്ക് പാലും വെള്ളത്തിൽ പണി തരുന്നവരാണ് രൂപതയിലിരിക്കുന്നവർ...

8 മീറ്റർ നീളമുള്ള വലിയ നക്ഷത്രം
ഡിസംബർ ഒന്ന് മുതൽ വീടുകളിലും പള്ളികളിലും നക്ഷത്രം ദീപാലങ്കൃതമായി തൂക്കുന്ന പതിവുണ്ട്... ചിലർ തെങ്ങിന്റെ മണ്ടയിൽ തോട്ടി കെട്ടി അതിനും മുകളിൽ നക്ഷത്രം കെട്ടിയിടുമ്പോൾ, മറ്റു ചിലർ മരത്തിന് മുകളിൽ, അല്ലെങ്ങിൽ വീടിന് ചുറ്റും... അങ്ങനെ എവിടെ നോക്കിയാലും നക്ഷത്രം എന്നതാണവസ്ഥ... കവലകളിലൂടെ പോകുമ്പോൾ കടകളുടെ മുന്നിൽ തൂക്കിയിടുന്ന നക്ഷത്രങ്ങൾ കൃസ്തുമസിന്റെ വരവറിയിക്കുന്നു... ആദ്യകാലങ്ങളിൽ നക്ഷത്രങ്ങളിലും ഉറിയിലും മറ്റും മെഴുകുതിരി കത്തിക്കുകയായിരുന്നു... ഇപ്പോൾ എല്ലാം വൈദ്യുതിമയമാണ്... പല വിദേശരാജ്യങ്ങളിലും അലങ്കരിച്ച ക്രിസ്തുമസ് ട്രീ ആഘോഷത്തിന്റെ അവിഭാജ്യഘടമാണ്... പതുക്കെ പതുക്കെ കേരളത്തിലേക്കും ക്രിസ്തുമസ് ട്രീ കടന്നുകയറുകയാണ്... വിപണിയിൽ നിന്ന് കിട്ടുന്ന പ്രത്യേകതരത്തിലുള്ള ക്രിസ്തുമസ് ട്രീക്ക് പകരം മരം തന്നെ അലങ്കരിക്കുന്നതും കാണാവുന്നതാണ്...

ഡിസംബർ ആരംഭിക്കുമ്പോൾ മുതൽ ആശംസകാർഡുകളുടെ കൈമാറ്റമാണ് മറ്റൊരു ആഘോഷം... കാർഡ് തുറക്കുമ്പോൾ പല നിലകളിൽ തുറക്കുന്ന കാർഡ് മുതൽ മ്യൂസിക് വരെ കാർഡുകളിൽ താരങ്ങളാകാറുണ്ട്... ഇപ്പോൾ ഇ-മെയിൽ ആശംസകൾ വന്നപ്പോൾ ചിലവേറിയ കാർഡ് രണ്ടാനിരയിലേക്ക് പിൻമാറി... ഇപ്പോൾ പ്ലസിലും ഫേസ്‌ബുക്കിലും ആശംസകളുടെ കൊടിയേറ്റമാണ്...

22 അടി ഉയരമുള്ള പപ്പയുടെ മാതൃക
യേശു ജനിച്ചത് പുൽക്കൂട്ടിലാണെന്ന വിശ്വാസം എങ്ങനെ വന്നുവെന്നറിയില്ല... അതിനെ പ്രതിപാദിക്കുന്ന ഗാനങ്ങളും പ്രഭാഷണങ്ങളുമായി, അത്തരം വിശ്വാസം വേരോടിയിട്ടുണ്ട്... അതിന്റെ ഓർമ്മയ്ക്കായി പുൽക്കൂട് പണിയുകയാണ് കുട്ടികളുടെ പ്രധാനപരിപാടി... പുൽക്കൂട് മൽസരവും നാട്ടിൽ നടത്തപ്പെടുന്നു... പുൽക്കൂട്ടിൽ ഉണ്ണീശോ സെറ്റ് (Nativity Set) വെയ്ക്കും, മോടി പിടിപ്പിക്കലിന്റെ ഭാഗമായി കുളങ്ങൾ നിർമ്മിക്കുക, നടപാത നിർമ്മിക്കുക, കോട്ട പണിയുക, വീടുകൾ നിർമ്മിക്കുക, അങ്ങനെ കലാപരമായി നിർമ്മിക്കുന്ന പുൽക്കൂടുകൾ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞുകവിയും... മറ്റുചിലർ കവലകളിലും ക്ലബുകളിലും പള്ളികളിലും മറ്റും കൂറ്റൻ നക്ഷത്രങ്ങൾ മുതൽ വിത്യസ്തത നിറയുന്ന കലാസൃഷ്ടികൾ പണിതുകൊണ്ടായിരിക്കും ക്രിസ്തുമസിനെ വരവേൽക്കുക... പുൽക്കൂടുകളിൽ ഉണ്ണീശോയുടെ രൂപം ഡിസംബർ 24ന് രാത്രിയിലാണ് വെയ്ക്കുക... ജനിക്കാതെ പ്രദർശിപ്പിക്കരുതല്ലോ... ഉണ്ണീശോ സെറ്റിലെ പ്രധാനരൂപങ്ങൾ, ഉണ്ണീശോ, ഔസേപ്പ് പിതാവ്, മാതാവ് മറിയം, മാലാഖ, നക്ഷത്രങ്ങൾ വഴികാട്ടിയായി യേശുവിനെ സന്ദർശിച്ച് സുഗന്ധദ്രവ്യങ്ങൾ സമ്മാനിച്ച മൂന്ന് രാജാക്കന്മാർ, ആട്ടിടയനും ആടുമാടുകളും... ഉണ്ണീശോ സെറ്റില്ലെങ്ങിലും പുൽക്കൂടുണ്ടാക്കുന്നവരുണ്ട്... ക്രിസ്തുമസ് കാർഡുകളും മറ്റ് പടങ്ങളും വെച്ച് അലങ്കരിക്കും... അതായിരുന്നു ഒരു കാലത്തെ ക്രിസ്തുമസ്, പല വീടുകളിലും...

കരോൾ സംഘത്തിന്റെ കൂടെ വരുന്ന സാന്താക്ലോസ്
ഡിസംബർ 24 ന് ക്രിസ്തുമസ് കരോൾ ഇറങ്ങുന്ന ദിവസമാണ്... ആട്ടും പാട്ടുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങും... ബാൻഡ് സെന്റ്, തപ്പ്, അതുമല്ലെങ്ങിൽ, മൈക്ക് സെറ്റ്, ടേപ്പ്, അല്ലെങ്ങിൽ, പാട്ട് സംഘം... അങ്ങനെ വിത്യസ്തമായിരിക്കും കരോൾ സംഘങ്ങൾ... കരോൾ സംഘത്തിന്റെ പ്രധാന ആകർഷണം പാപ്പയാണ്... ക്രിസ്തുമസ് പപ്പ... സാന്തക്ലോസ്സ്... തലയിണവെച്ച് വയറ് വീർപ്പിച്ച്, ഒരു താങ്ങുവടിയും വെള്ളതാടിയൊക്കെയുള്ള സാന്താക്ലോസ്, തോളിൽ വലിയ "സമ്മാനങ്ങളുടെ ഭാണ്ഡവുമായി" എല്ലാ വീടുകളിലും വന്ന് ആശംസ നൽകുകയും മിഠായി നൽകുകയും ചെയ്യും... കൂടെയുള്ള ആരെങ്ങിലും ഒരു പാത്രത്തിൽ ഉണ്ണീശോയുടെ രുപവും വെച്ച് വീട്ടുകാർക്ക് ഉണ്ണീശോയെ തൊട്ടുമുത്താനായി നീട്ടും... അതിൽ നേർച്ച‌യിടുകയെന്നത് അവരുടെ വിശ്വാസവും കരോൾ നടത്തിപ്പിന്റെ ചിലവിന് പൈസ കിട്ടുകയെന്നതാണ് സംഘാടകരുടെ ആവശ്യവും... നേർച്ചയായി കിട്ടുന്ന പൈസയിൽ നിന്ന് ചെറിയരോഹരി പള്ളിയിൽ നേർച്ചയിടുമ്പോൾ "താൻ പാതി ദൈവം പാതി" എന്ന "ദൈവവചനം" നിറവേറുകയായിരുന്നു... എല്ലാ വീടുകളിലും കയറിയിറങ്ങിയാൽ, രാത്രിയിൽ കരോൾ സംഘങ്ങൾ പള്ളികളിലേക്ക് ഘോഷയാത്രയായി പോകും... താളമേളത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന കരോൾ സംഘത്തിന്റെ കൂടെ കുട്ടികളും യുവാക്കളും നൃത്തം ചെയ്ത് ആഘോഷിക്കും സ്ത്രീകളും മറ്റും അകമ്പടിയുമുണ്ടാകും...
പുൽക്കൂട്, ഉണ്ണീശോ സെറ്റും കാണാം

ഡിസംബർ 24 ന് അർദ്ധരാത്രിയിൽ പള്ളിയിൽ കുർബാനയുണ്ടായിരിക്കും, വിശ്വാസപരമായ ചടങ്ങുകൾ ആരംഭിക്കുന്നതിവിടെയാണ്...  ഉണ്ണീശോയുടെ രുപത്തെ പുൽക്കൂടിൽ വെയ്ക്കാതിരിക്കുന്നതുപോലെ പള്ളിയിൽ വെച്ചിരിക്കുന്ന ഉണ്ണീശോയുടെ രുപം ഒരു തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരിക്കും... കുർബാന മധ്യേ പുരോഹിതൻ യേശു ജനിച്ചതിന്റെ ഓർമ്മയ്ക്കായി ഉണ്ണീശോയെ പൊതിഞ്ഞിരുന്ന തുണി മാറ്റി വിശ്വാസികൾക്കായി സമർപ്പിക്കും... അപ്പോൾ പള്ളിപറമ്പിൽ  കതിനവെടിക്ക് തീ കൊളുത്തും... പള്ളിയിലിരുന്ന് ഉറങ്ങിയവർ ഞെട്ടിയുണരും... തണുപ്പല്ലേ, ചിലപ്പോൾ കതിന പൊട്ടാൻ വൈകുന്നതും പള്ളിയിൽ അടക്കിപിടിച്ച ചിരിയുണർത്തും... അതിനുശേഷം പള്ളിക്കുചുറ്റും അല്ലെങ്ങിൽ അടുത്തുള്ള കപ്പേളയെ ചുറ്റി ചെറിയ പ്രദക്ഷിണവും ഉണ്ടായിരിക്കും... പുരോഹിതനായിരിക്കും ഉണ്ണീശോയെ കൈകളിലേന്തുക... ആഘോഷത്തിന്റെ ഭാഗമായി കമ്പിതിരി, പൂത്തിരി, മേശപൂവ് തുടങ്ങിയവ കത്തിച്ച് കുട്ടികൾ അർമാദിക്കുന്നത് കാണാം...  അതിനുശേഷം പുരോഹിതന്റെ വലിച്ചുനീട്ടിയ പ്രസംഗവും ക്ഷീണിതരായ ചില വിശ്വാസികളുടെ കൂർക്കം വലിയും ഇരുന്നാടി വീഴുന്നതും പള്ളിയെ "ഭക്തിമുഖരിതമാക്കും"... യുവാക്കളുടേയും മറ്റും ഒരു വലിയ പട തന്നെ പള്ളിമേടയിലും പള്ളി ഹാളുകളിലും സ്വറ പറഞ്ഞിരിക്കുകയെന്നത് കൃസ്തുമസിന്റെ ആഘോഷത്തിൽപ്പെടുമോയെന്നറിയില്ല... കുർബ്ബാന കഴിയുമ്പോൾ എല്ലാ വിശ്വാസികളും വരിവരിയായി (ഇല്ലാട്ടോ ബിവറേജ‌സിലെ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ട) ഉണ്ണീശോയെ തൊട്ടുമുത്തി, ചിലർ നേർച്ചയിട്ട് പുലർച്ചയോടെ (ഡിസംബർ 25) വീടുകളിലേക്ക് മടങ്ങും... പോകുന്ന വഴിയിൽ ടീ, എന്താടിയുണ്ടാക്കിയത്, എന്റെ പണിയൊന്നും കഴിഞ്ഞിട്ടില്ല, വട്ടയപ്പത്തിന് കലക്കി വെച്ചിട്ടാണ് വന്നിരിക്കുന്നത്... വീട്ടിൽ ചെന്നിട്ട് വേണം ഉണ്ടാക്കാൻ... അത് അമ്മമാരുടെ ആഘോഷം...

ഡിസംബർ 25 നാണല്ലോ നോമ്പ് വീടുക... കുട്ടികളായിരിക്കുമ്പോൾ, രാത്രിയിലെ കുർബാന കഴിഞ്ഞ് വീട്ടിൽ  വന്ന് കലത്തിൽ കയ്യിട്ട് രണ്ട് കക്ഷണം ഇറച്ചി തിന്നിട്ട് ഉറങ്ങാൻ പോകുന്നത്, മുതിർന്നവർ കളിയാക്കുമായിരുന്നു... നേരം വെളുക്കാൻ പോലും ക്ഷമയില്ലേടാ... നേരം പുലർന്നാൽ പിന്നെ തീറ്റയുടെ ആഘോഷമാണ്... രാവിലെ ഒരു കേക്ക് മുറിച്ച് എല്ലാവരും പങ്കിട്ട് തുടങ്ങും... കേക്കിന്റെ കൂടെ വൈൻ എന്നത് ചിലയിടങ്ങളിലും പ്രചാരത്തിലുണ്ട്... പോത്ത് / പശു, കോഴി, പോർക്ക്, മീൻ എന്നിവയാണ് സാധാരണ തീൻമേശയിലേക്കെത്തുക...

മദ്യം... ഹോ... മദ്യമില്ലാതെയെന്താഘോഷം...

Wednesday, 12 December 2012

നാം രണ്ട് നമുക്ക് രണ്ട്, വിശ്വാസിക്ക് പന്ത്രണ്ടും...

നാം രണ്ട് നമുക്ക് രണ്ട്... എന്ന മുദ്രാവാക്യം... നമ്മുടെ മനസിലേക്കെത്തുകയും അതനുസരിച്ച് നമ്മുടെ ജീവിതവീക്ഷണത്തിന് മാറ്റം വരുകയും ചെയ്തത്, ഒന്നോ രണ്ടോ ദിനംകൊണ്ടല്ല... ഭരണാധികാരികളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമാണത്... കവലയിലിരുന്നുകൊണ്ട് നാം രണ്ട് നമുക്ക് രണ്ട് എന്ന നയത്തിനനുകൂലമായി തർക്കിച്ചവരിലൂടെയാണ്... ഇന്ത്യയിൽ കുതിച്ചുയരുന്ന ജനസംഖ്യനിരക്കിനെ ജനാധിപത്യപരമായ രീതികളിലൂടെ പിടിച്ചുകെട്ടുവാൻ നമുക്ക് സാധിച്ചു... അടിയന്തിരാവസ്ഥയുടെ മറവിൽ നിർബദ്ധിത വന്ധീകരണവും മറ്റും നടന്നുവെങ്ങിലും രണ്ട് കുട്ടികളെന്ന നമ്മുടെ നയം നടപ്പിലാക്കിയത് പൂർണ്ണമായും ബോധവൽക്കരണത്തിലൂടെയായിരുന്നു... വന്ധീകരണത്തിന് വളരെ ചെറിയ തോതിൽ പ്രോൽസാഹനങ്ങൾ നൽകിയിട്ടുണ്ടെങ്ങിലും രണ്ടിൽ കൂട്ടുതൽ കുട്ടികളുള്ള കുടുംബങ്ങളെ സാമ്പത്തികമായോ സാമൂഹികമായോ വേർതിരിച്ചിട്ടുണ്ടായിരുന്നില്ല... 


ചൈനയിലെ പോലെ ഒരു കുട്ടിയെന്നതൊക്കെ നിയമപരമായി ഇന്ത്യയിൽ നടപ്പിലാക്കാത്തതും  ആവശ്യമുന്നയിക്കാത്തതും ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടി
ൽ നിലനിൽക്കുന്നതുകൊണ്ടാണ്... നിയമ നിർമ്മാണമെന്ന ഘട്ടത്തിലേക്ക് കടന്നാൽ, വ്യക്തികളുടെ അവകാശങ്ങളിലുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാകുകയും ചെയ്യും... കുട്ടികളുടെ എണ്ണം വ്യക്തിപരമായ ആഗ്രഹങ്ങളുടെയടിസ്ഥാനത്തിലാകട്ടെ... ഒന്നോ രണ്ടോ പത്തോ... അതിൽ സ്റ്റേറ്റ് നിയമപരമായി ഇടപെടുന്നില്ല... നിയമമായി നടപ്പിലാക്കാത്തതുകൊണ്ട്, ഇന്ത്യയിലെ ഒരു നിയമവും സഭ ലംഘിക്കുന്നില്ല... അതിനാൽ തന്നെ അവർ നിയമപരമായി കുറ്റക്കാരല്ല... ഒരു കോടതിക്കും ശിക്ഷിക്കാനും സാധിക്കില്ല... മാതാപിതാക്കളെ ശിക്ഷിക്കുകയും അസാധ്യം...  അത് നിയമം... പക്ഷേ രാജ്യതാല്പര്യത്തിനും മനുഷ്യനന്മയ്ക്കും എതിരാണ് സഭയുടെ ഇപ്പോഴത്തെ നിലപാട്... സഭ തെറ്റ് തിരുത്തുക തന്നെ വേണം... ജനാധിപത്യസ്വാതന്ത്ര്യങ്ങൾ ബുദ്ധിപൂർവം സാമൂഹികമായ കാഴ്‌ചപ്പാടിനുള്ളിൽ നിന്ന് നിർവഹിക്കാനുള്ളതാണെന്ന ബോധം മതാധികാരികൾക്കുമുണ്ടാകണം...


നാം രണ്ട് നമുക്ക് രണ്ട് എന്ന വാദത്തെ മുസ്ലീം മതാധികാരികളും കൃസ്ത്യൻ മതാധികാരികളും ഒരു കാലത്തും തത്വത്തിൽ അംഗീകരിച്ചിരുന്നില്ലെങ്ങിലും, വളരെ വലിയ എതിർപ്പൊന്നും ഉയർത്തിയിരുന്നില്ല... പലപ്പോഴും മുസ്ലീം സമുദായത്തിൽ നിന്ന്  ഒറ്റപ്പെട്ട എതിർപ്പുകളുണ്ടായിരുന്നുവെങ്ങിലും കൃസ്ത്യൻ സമുദായത്തിൽ നിന്ന് അതുപോലുമുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം... പക്ഷേ ഈയടുത്തകാലത്ത് വളരെ ശ്രദ്ധേയമാറ്റം കൃസ്ത്യൻ മതാധികാരികളുടെ നിലപാടുകളിലുണ്ട്... നാലോ അഞ്ചോ വർഷമായി കൂടുതൽ കുട്ടികളെന്ന പരസ്യനിലപാടിലേക്ക് പതുക്കെപതുക്കെ കത്തോലിക്ക സഭ മാറുകയാണ്... അതിന്റെ ഭാഗമായി... കൂടുതൽ കുട്ടികളുള്ള ദമ്പതികളെ ആദരിക്കുക... കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുന്നവർക്ക് ചെറിയ ധനസഹായം നൽകുക... കൂടുതൽ പ്രസവിക്കുന്നവരുടെ പ്രസവചിലവ് സഭ വഹിക്കുക... തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്... പതിനായിരം രൂപയ്ക്ക് വേണ്ടിയൊന്നും മൂന്നാമത്തെ കുട്ടിയെ ഉണ്ടാക്കുന്ന മാനസികാവസ്ഥയിലല്ല മലയാളികൾ... പക്ഷേ അത്തരം ബോധവൽക്കരണം ഉയർത്തുന്ന അപകടകരമായ ഒരു സന്ദേശമുണ്ട്... കൂടുതൽ കുട്ടികൾ ദൈവത്തിന് പ്രിയങ്കരമാക്കുമെന്ന്... അല്ലെങ്ങിൽ കുടുംബത്തിന്റെ ഐശ്വര്യമാണ്... അതുകൊണ്ടാണ് സഭ ചെറിയതെങ്ങിലും ഇത്തരം സഹായങ്ങൾ ചെയ്യുന്നത്... കൂടുതൽ കുട്ടികളുള്ളവർ, ദൈവത്തിന്റെ ഇഷ്ടക്കാരാണെന്ന, രീതിയിലാണ് ആദരിക്കുന്നത്... അത്തരം വിചാരങ്ങളിൽ വീണുപോകുന്നവരെയാണ് സഭ ലക്ഷ്യമിടുന്നത്...


കൃസ്ത്യൻ-മുസ്ലീം സമുദായങ്ങളിൽ നിന്നുയരുന്ന ഇത്തരം വാദഗതികളെ വർഗ്ഗീയമായാണ് ഹിന്ദുസമുദായത്തിൽ നിന്നുള്ള വളരെ ചെറിയ ന്യൂനപക്ഷവും എതിരിടുന്നത്... ഇങ്ങനെപോയാൽ, ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന ഭീതിയാണവരുയർത്തുന്നത്...  എല്ലാംകൂടി ക്ലച്ച് പിടിച്ചാൽ... ഹോ എന്തൊരു സുന്ദരഭാരതമായിരിക്കും നമ്മുടേത്...


ഇന്ത്യൻ സർക്കാരിന്റെ കുടുംബാസൂത്രണനയപ്രകാരം ഒരു ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്... അതിന്റെ ശരിയും തെറ്റും മറ്റൊരു ചർച്ചയാണ്... സർക്കാരിന് ഇപ്പോൾ ശരിയെന്ന് തോന്നുന്ന കാര്യത്തിനായി സർക്കാർ തലത്തിൽ പ്രചരണം നടത്തുന്നു... അത് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രോൽസാഹനം നൽകുന്നതിനും സർക്കാരിന് അവകാശമുണ്ട്... ഉദാഹരണം... ഇപ്പോൾ നൽകുന്ന ഒരു പെൺകുട്ടി സ്കോളർഷിപ്പ് പരിപാടി... നാളെ രണ്ട് കുട്ടി സ്കോളർഷിപ്പാക്കുമ്പോൾ സ്വഭാവികമായും മൂന്ന് കുട്ടികൾ ഉള്ള കുടുംബക്കാർ സഹായത്തിന് പുറത്താകും... ഇപ്പോൾ തന്നെ സർക്കാരിന്റെ സഹായങ്ങൾ... ഒരു കുടുംബത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ എന്ന കണക്കിലാണ് തയ്യാറാക്കുന്നത്... ഗ്യാസ് സബ്‌സിഡി ആറാക്കി നിജപ്പെടുത്തിയത്... അത്തരം കണക്കിന്റെയടിസ്ഥാനത്തിലാണെന്ന് വായിച്ചിരുന്നു... അത് കൂടുതൽ സഹായങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോൾ... സഹായത്തിനായി സഭയൊന്നുമുണ്ടാകില്ല... അഞ്ചപ്പവും രണ്ട് മീനും കൊണ്ട്  അയ്യായിരം പേരെ തീറ്റിക്കാനൊന്നും രാജ്യത്തിന് സാധിക്കില്ല...


രണ്ട് ടീമിനും ഒരേ പ്രതലവും ഒരേ നിയമവുമാകണം... അതാണ് കളി നിയമം... മതാധികാരികൾ നിയന്ത്രണരേഖ ലംഘിച്ചാൽ, രാജ്യവും തുറുപ്പു ശീട്ടുകളിറക്കും... അത് മറക്കേണ്ട... സർക്കാരുകൾ പലവിധസഹായങ്ങളും രണ്ട് കുട്ടികളുള്ള വീട്ടുകാർക്കായി നിജപ്പെടുത്തണം... ന്യായവില ഷോപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളിലല്ല നിയന്ത്രണം ഏർപ്പെടുത്തേണ്ടത്... അതൊക്കെ ജനിക്കുന്ന കുട്ടിയുടെ മനുഷ്യവകാശമാണ്... എങ്ങനെ നടപ്പിലാക്കുമെന്നത് പ്രശ്നമാണ് എന്നാലും... വിവരം കെട്ട മതാധികാരികളുടെ ഇത്തരം പ്രഖ്യാപനങ്ങളെ രാജ്യവും നേരിട്ടേ മതിയാകൂ... പക്ഷേ വ്യക്തിസ്വാതന്ത്ര്യത്തെയോ മനുഷ്യവകാശത്തേയോ ഹനിക്കരുത്...

ജനസംഖ്യായടിസ്ഥാനത്തിലാണ് പാർലമെന്റ്-നിയമസഭ മണ്ഡലങ്ങളെ നിർണ്ണയിച്ചത്... ഇപ്പോൾ മാറ്റം വന്ന ജനസംഖ്യയടിസ്ഥാനത്തിൽ മണ്ഡലങ്ങളൂടെ അതിർത്തികളെ പുനർനിർണ്ണയം നടത്തേണ്ടതില്ലായിരുന്നുവെന്നാണെന്റെ ചിന്ത... സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തേണ്ടതില്ലായെന്ന തീരുമാനത്തിന്റെ ചുവടുപിടിച്ച് അതിർത്തിക്കും മാറ്റം വേണ്ട... രാജ്യത്തിന്റെ നയത്തോട് യോജിച്ചു നിന്നവർ തിരഞ്ഞെടുത്തയക്കുന്നവരുടെ ശബ്ദം കൂടുതൽ മുഴങ്ങട്ടെ... അതല്ലേ നീതി...

വാൽകക്ഷണം... രാജ്യ താല്പര്യങ്ങൾക്കെതിരെയെന്നത്... എങ്ങനേയും വളച്ചുനീട്ടാം... അതിലൂടെ രാജ്യദ്രോഹവുമാക്കാം... അതൊക്കെ കുടിലബുദ്ധിയാണ്... ഹോ രാജ്യദ്രോഹം ചുമത്താൻ കണ്ട കുറ്റം... രണ്ട് കുട്ടികൾ എന്നത് നിയമപരമായി നടപ്പിലാക്കുന്ന ഒന്നല്ല... നിയമമായാൽ പോലും, നിയമലംഘനമേയാകുന്നുള്ളൂ... രാജ്യദ്രോഹമെന്ന കുറ്റമൊക്കെ മറ്റൊരു തലത്തിൽ ഉയർത്തേണ്ടതാണെന്ന് മനസിലാക്കുക...  മതാധികാരികൾക്കെതിരെയല്ലേ രാജ്യദ്രോഹം എന്ന ഉറുമിയെടുത്ത് വീശിയേക്കാം അല്ലേ...

Monday, 10 December 2012

നെല്ലിനെ പോലെ കൂലിയും കുറഞ്ഞാലോ...

കേരളത്തിൽ അനിയന്ത്രിതമായി കൂലി വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബംഗാൾ, ബീഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യഥാക്രമം ഒരു ലക്ഷം രണ്ട് ലക്ഷം മൂന്ന് ലക്ഷം തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ഒരു മന്ത്രി തല സംഘത്തെ വിവിധ സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു... ഇതിന് പുറമെ കേന്ദ്ര മന്ത്രിമാർ ഇടപെട്ട് കേന്ദ്രപൂളിൽ നിന്ന് 10 ലക്ഷം തൊഴിലാളികളെ അനുവദിച്ചിട്ടുണ്ട്... ആവശ്യമെങ്ങിൽ 5 ലക്ഷം തൊഴിലാളികളെ അനുവദിക്കാമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രി നയിച്ച് സംഘത്തിന് ഉറപ്പു നൽകിയിട്ടുണ്ട്... 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കൂലിയുടെ കുറവും കേരളത്തിലെ ഉയർന്ന കൂലിയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു... ആസന്നമായ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഭരണത്തിൽ വന്നാൽ തൊഴിൽ വിപണിയിലെ മാഫിയകളെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ ഉശീരൻ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് പാർട്ടിയണികൾ സ്വീകരിച്ചത്...

കേരളത്തിലെ സ്ത്രീ തൊഴിലാളികൾ 300 / 350 രൂപയൊക്കെയാണ് ചോദിക്കുന്നത്... പുരുഷന്മാരെ 500 / 600 രൂപയ്ക്ക് പോലും കിട്ടാത്തയവസ്ഥ... തൊഴിലുറപ്പ് പദ്ധതിയിൽ വെറും 150 രൂപയ്ക്ക് ജോലി ചെയ്യുന്നവർ അതേ കൂലിയിൽ പൊതുവിപണിയിൽ ജോലി ചെയ്യാത്തത് തൊഴിൽ വിപണിയിലെ പൂഴ്ത്തിവെയ്പ്പാണെന്ന് കർഷകസംഘം പ്രസിഡന്റ് ആരോപിച്ചു... സർക്കാർ പൊതുവിതരണശ്രിംഖല വഴി അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ 100 രൂപയ്ക്കും പുരുഷന്മാരെ 200 രൂപയ്ക്കുമാണ് ബി.പി.എൽ കർഷകർക്ക് വിതരണം ചെയ്യുന്നത്... പക്ഷേ എ.പി.എൽ കർഷകർക്ക് സ്ത്രീകളെ 150 രൂപയ്ക്കും പുരുഷന്മാരെ 250 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്... ബാങ്ക് വഴി സബ്‌സിഡി ലഭിക്കുന്നതിന് ആധാർ കാർഡ് നിർബദ്ധമാക്കിയത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്... കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 300 കോടി രൂപ ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്... ഇതിന് പുറമെയാണ് കേന്ദ്ര സർക്കാർ നൽകാമെന്ന് പറഞ്ഞ 500 കോടിയും... 

ഗൾഫിലേക്കും മറ്റുമുള്ള അനിയന്ത്രിതമായ മനുഷ്യവിഭവകയറ്റുമതിയാണ് കേരളത്തിൽ തൊഴിലാളിക്ഷാമം ഉണ്ടാക്കുന്നതും കൂലി വർദ്ധിക്കാൻ ഇട വരുത്തുന്നതുമെന്ന ആസൂത്രണക്കമീഷന്റെ കണ്ടെത്തലിന്റെയടിസ്ഥാനത്തിൽ,അവിടേക്കുള്ള മനുഷ്യവിഭവ കയറ്റുമതി അടുത്ത പത്ത് വർഷത്തേക്ക് നിരോധിച്ചിരിക്കുന്നത് ബി.പി.എൽ എ.പി.എൽ ഭേദമെന്യേ എല്ലാ കർഷകരും സ്വാഗതം ചെയ്തു... യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യകയറ്റുമതിക്ക് 200% സൂപ്പർ ലക്ഷ്വറി ടാക്സും ഏർപ്പെടുത്തിയത് കൃഷി വിപണിയിൽ ഉണർവേകിയിട്ടുണ്ട്... എയർ ഇന്ത്യയുടെ ഗിന്നസ്സ് റെക്കോർഡ് പ്രകടനമായ വീമാനം റദ്ദാക്കൽ മൂലം പലരുടേയും വിസകൾ കാൻസലായതും അനുകുലഘടകമാണെന്ന് വ്യോമയാന മന്ത്രിയും പറഞ്ഞു... 

മനുഷ്യവിഭവശേഷിയുടെ പൂഴ്ത്തിവെയ്പ്പാണ് തൊലിലാളി ക്ഷാമത്തിനിടയാക്കുന്ന പ്രധാനകാരണം... അതിനാൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ജോലി ചെയ്യാതെ മറ്റ് കാര്യങ്ങൾക്കായി പോകുന്നവരെ കണ്ടെത്തുന്നതിനായി സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സർവകക്ഷിയോഗത്തിൽ ആവശ്യമുയർന്നു... കഴിഞ്ഞ സർക്കാർ നിയമസഭയിൽ പാസാക്കിയ മാനവശേഷി പൂഴ്ത്തിവെയ്പ്പ് നിരോധിത നിയമം കർശ്നമായി നടപ്പിലാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സർവകക്ഷിപ്രതിനിധികൾക്ക് ഉറപ്പു നൽകി... ഈ നിയമം കർക്കശമായി നടപ്പിലാക്കിയതിന് ശേഷം, കവലയിൽ സൊറ പറഞ്ഞിരിക്കുന്ന ഒരു ലക്ഷം യുവാക്കളെ പ്രത്യേക വിജിലൻസ് സംഘം പിടികൂടി പാടത്തെത്തിച്ചിരുന്നുവെന്ന് കണക്കുകൾ നിരത്തി ആഭ്യന്തരമന്ത്രിയും പറഞ്ഞു... ആരാധനാലയങ്ങളേയും പാർട്ടിയാപ്പിസുകളേയും അവരുടെ ആഘോഷങ്ങളും സമരങ്ങളും ഈ നിയമത്തിൽ നിന്ന് ഒഴുവാക്കിയതിനാൽ, ഇപ്പോഴും 20 ലക്ഷം തൊഴിലാളികളെ വിപണിയിൽ ലഭ്യമല്ലാതായിട്ടുണ്ട്... അവരേയും ഉൾപ്പെടുത്തണമെന്ന് വിവിധ തുറകളിൽ നിന്ന് ആവശ്യം ശക്തമായിട്ടുണ്ടെങ്ങിലും, സ്വന്തം കഞ്ഞിയിൽ പാറ്റയിടാൻ സർവകക്ഷിയോഗത്തിൽ പങ്കെടുത്തവരാരും തയ്യാറായില്ല... 

നെല്ലിനെ പോലെ കൂലിയും കുറഞ്ഞാലോ... അറിയാലോ മലയാളിയുടെ ഇരട്ടതാപ്പ്...

Monday, 19 November 2012

ബാൽ താക്കറെ... ഒരു അനുസ്മരണം...

ദേഹം വെടിഞ്ഞാൽ... നല്ല രണ്ട് വാക്ക് പറഞ്ഞേക്കാം... ഞാൻ കുറെ തിരഞ്ഞു... ആകെ കിട്ടിയത്... കാശ്മീരി പണ്ഡിറ്റുകൾക്ക് മഹാരാഷ്ട്രയിലെ വിദ്യഭ്യാസസ്ഥാപനങ്ങളിൽ 2 സീറ്റ് വീതം സംവരണം നൽകിയതാണ്... ബാൽ താക്കറെ മാത്രമല്ല വിദ്യഭ്യാസകാര്യങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുള്ളത്... മധ്യപ്രദേശിലെ ബി.ജെ.പി സർക്കാരും ഡൽഹിയിലെ കോൺഗ്രസ്സ് സർക്കാരും സഹായങ്ങൾ നൽകിയതായി കാണുന്നുണ്ട്... പക്ഷേ അത്തരം സഹായങ്ങൾക്കപ്പുറത്ത് ബി.ജെ.പി യോ കോൺഗ്രസ്സോ സി.പി.എമ്മോ എടുക്കാത്ത ഒരു നിലപാടാണ് അന്യസംസ്ഥാനകുടിയേറ്റക്കാർക്കെതിരെ താക്കറെയുടേത്... കാഷ്മീരി പണ്ഡിറ്റുകൾ പാലായനത്തിന്റെ ഭാഗമായിട്ടാണെങ്ങിലും മുമ്പൈയിലേക്ക് വന്നത്, ഭരണഘടന നൽകിയ അവകാശത്തിന്റെ പുറത്താണ്... ഇന്ത്യയിലെവിടേയും സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം... അതിന് നേർ വിപരീതമാണ് താക്കറയുടെ മറാത്താവാദവും പ്രാദേശികവാദവും...

പക്ഷേ അതൊന്നുമല്ല താക്കറെയും ശിവസേനയും... ശിവന്റെ പട്ടാളമോ ശിവജിയുടെ പട്ടാളമോ... രണ്ടായാലും ഗുണ്ടായിസമാണ് മുഖമുദ്ര... ഭാഷാതീവ്രവാദവും പ്രദേശിക തീവ്രവാദവും കൂട്ടികുഴച്ച് അതിൽ മതതീവ്രവാദം അല്പാല്പം ഒഴിക്കുകയായിരുന്നു താക്കറെ... എല്ലാ തീവ്രവാദവും ഒരു പോലെ അപകടകരമാണ്... അപ്പോൾ പിന്നെ എല്ലാകൂടി ഒരുമിക്കുന്നതായാലോ... അതാണ് ശിവസേനയും താക്കറെയും... 60 കളിൽ ബോബെയിലെ ഫാക്ടറികളിൽ കമ്യൂണിസ്റ്റ് സ്വാധീനം ശക്തമായിരുന്നു... തൊഴിലാളികൾ മദ്രാസികളും (മലയാളികളും തമിഴരും)... അവരെ തല്ലിയോടിച്ചുകൊണ്ടായിരുന്നു, ശിവസേനയുടെ അരങ്ങേറ്റം...  മദ്രാസികൾക്കെതിരെയുള്ള നീക്കങ്ങളെ ഗുജറാത്തികളും ഉത്തരേന്ത്യൻ സമൂഹവും മൗനം കൊണ്ടാണ് നേരിട്ടത്... മദ്രാസികളുടെ പിൻമാറ്റം അവർക്കാണല്ലോ ഗുണപ്രദം... ഉത്തരേന്ത്യയിലും അവർക്കവകാശപ്പെട്ട ജോലികൾ മദ്രാസികൾ തട്ടിയെടുക്കുന്നുവെന്ന ചിന്തകൾ അവരേയും അലറ്റുന്നുണ്ടായിരുന്നു... കാലനെന്ത് ചങ്ക്രാന്തി (സംക്രാന്തി)... ഗുജറാത്തികളേയും ഉത്തരേന്ത്യക്കാർക്കെതിരേയും തിരിഞ്ഞുകൊണ്ടാണ് താക്കറെ വളർന്ന് പന്തലിച്ചത്... ഗുജറാത്തി / മാർവാഡി കമ്പനി മുതലാളിമാർ കപ്പം കൊടുക്കണമായിരുന്നു... ശിവസേനക്കാർ ഗുണ്ടാപിരിവും നടത്തിയിരുന്നു... മറ്റൊരു അധോലോകം...

പ്രദേശികവാദി പിന്നെങ്ങനെ കാഷ്മീരി പണ്ഡിറ്റുകൾക്ക്  മാത്രം ഇഷ്ടതാരമാകുന്നു... അതാണ് താക്കറെയുടെ തുറുപ്പുഗുലാൻ...  മുസ്ലീം വിരോധവും പാകിസ്ഥാൻ വിരോധവും... അത് കത്തിച്ചാൽ, മുമ്പൈയിലെ ഹിന്ദുക്കളിലും മുസ്ലീം തീവ്രവാദത്തിന്റെ ഇരകളായ പണ്ഡിറ്റുകളിലും നായകനാകാം... അധോലോകരാജാവ് ദാവൂദിന്റെ പ്രവർത്തനങ്ങളും കാഷ്മീരിലെ പാക്കിസ്ഥാൻ കടന്നാക്രമണങ്ങളും മുമ്പൈയിലെ മുസ്ലീം തീവ്രവാദവും എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു എന്നതും മറക്കുന്നില്ല... ബാബറി മസ്ജിദ് തകർന്നതിനുശേഷമുള്ള അക്രമവും തിരിച്ചടിയും മുമ്പൈയെ വർഗ്ഗീതയുടേയും ഭീതിയുടേയും പാരമതയിലെത്തിച്ചു...

മറാത്ത എന്നാൽ മഹാരാഷ്ട്രീയർ എന്നൊന്നും തെറ്റിദ്ധരിക്കല്ലേ.. മറാട്ടി ഹിന്ദുക്കൾ മാത്രമേ ശിവസേനയുടെ ലക്ഷ്യങ്ങളിലുള്ളൂ, അതും ക്ഷത്രിയരും സവർണ്ണ മറാത്തികളും... മഹാരാഷ്ട്രയിലെ മുസ്ലീമുകളും കൃസ്ത്യാനികളും ആഗ്ലൊ ഇന്ത്യൻസും എല്ലാം പടിക്ക് പുറത്താണ്... ഹിന്ദുമതത്തിലുള്ളവർ മാത്രമല്ല ഹിന്ദുക്കൾ നിരീശ്വരവാദികളടക്കം സിന്ധു നദിയുടെ തീരത്ത് താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് പക്ഷേ കൃസ്ത്യാനികളും മുസ്ലീമുകളും ഹിന്ദുക്കളല്ലാതാകുന്ന അതേ മാജിക്...

അനുസ്മരണമല്ലേ... സ്വന്തം അനുഭവകുറിപ്പുമാകട്ടെ... 1996 ബോംബെയിൽ വന്ന് അധികകാലമായില്ല... ന്യൂ ബോംബെയിൽ സാൻപഡ റെയിൽവേ സ്റ്റേഷൻ (വാശി സ്റ്റേഷനുശേഷം) പരിസരത്ത് തുർബ ചേരി ആരംഭിക്കുന്നിടത്ത് താമസം. പതിവുപോലെ ജോലിക്ക് പോകുമ്പോൾ, കുറച്ചകലെയായി ഒരു കൂട്ടം ചെറുപ്പക്കാർ, വലിയ വടികളുമായി കണ്ണിൽ കണ്ടവരെയൊക്കെ അക്രമിക്കുന്നു... വരിയോര കടകളും, ആ പരിസരത്തുള്ള കടകളും തല്ലി തകർക്കുന്നു... കാര്യം ഒന്നും മനസ്സിലായില്ല... പക്ഷേ അക്രമികൾ മറാട്ടികളാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം... ദേ... അവർ ഇങ്ങോട്ട്... ആക്രോശിച്ച് വടിയുമായി അടുക്കുന്നു... വാഹനങ്ങളൊക്കെ നിശ്ചലമായി... ചിലതും ആക്രമിക്കപ്പെട്ടു... കാര്യമൊന്നും മനസിലായില്ല... അല്ലെങ്ങിലും കാര്യമറിഞ്ഞിട്ടെന്ത് കാര്യം... തടി രക്ഷിക്കുക... ഞാൻ ഓടി തുടങ്ങുമ്പോഴെയ്ക്കും... മൂന്നാല് ജീപ്പുകൾ വന്ന് നിന്നു... തല്ലിനടന്നവരൊക്കെ അതിൽകയറി പോയി... സമാധാനമായി... പിന്നെയവിടെ കേട്ടത്... ശിവസേനകാരാണത്രെ... താക്കറെയുടെ മകനെ കൊന്നതാണെന്ന് ധരിച്ച് അക്രമത്തിനിറങ്ങിയതാണ്... ആക്സിഡന്റാണെന്നറിഞ്ഞപ്പോൾ പോയതാണ്... 

അവർ ശിവസേനക്കാരാണോ... അതെ... അവരാണ് ഗുണ്ടകൾ... പാർട്ടി ലേബലൊട്ടിച്ച ഗുണ്ടകൾ... തീവ്രവാദമാണ് മുഖമുദ്ര... ഇത് ശിവസേനക്ക് മാത്രം ബാധകമായതല്ല... ആരെങ്ങിലും എവിടെയെങ്ങിലും മരിക്കുകയോ കൊല്ലുകയോ ചെയ്താൽ, നാട് കാത്തിക്കുന്ന എല്ലാവർക്കും ബാധകമാണ്... ശിവസേനക്കാരുടെ അക്രമത്തിന് മുൻപിൽ നിസഹയാനായി നോക്കി നിൽക്കുന്ന എന്നെതന്നെയാണ് ഏതൊരു അക്രമത്തിലും ഞാൻ കാണുന്നത്...

മകനും മരുമകനും തമ്മിൽതല്ലി അധികാരം പിടിക്കുന്നതിനായി ഭാഷാഭ്രാന്തും മണ്ണിന്റെ മക്കൾ വാദവും വർഗ്ഗീയഭ്രാന്തും ഉപയോഗിക്കാതിരിക്കട്ടെ... ഉപയോഗിച്ചാൽ അതിനെ നേരിടേണ്ടത് ഇന്ത്യൻ ഭരണഘടനയുടെ കർത്തവ്യമാണ്... മറ്റൊരു താക്കറെയെ തല ഉയർത്താൻ അനുവദിക്കരുത്...

വാൽകക്ഷണം... മലയാളികളെ ബോംബെയിൽ നിന്ന് തല്ലിയോടിച്ച താക്കറേക്ക് കേരളത്തിൽ യൂണിറ്റുകളുണ്ട്... ഒരു സംഘടന രൂപികരിക്കുമ്പോൾ ആ സംഘടനയുടെ ലക്ഷ്യങ്ങളെന്താണെന്ന് നാം നോക്കില്ലേ? രണ്ട് ആൻബുലൻസ് നാട്ടാർക്ക് നൽകിയാൽ കൊന്നതിന്റെ രക്തക്കറ മായുമോ... ശിവസേനയുടെ ലക്ഷ്യങ്ങൾ സാധൂകരിക്കുന്ന എന്താണ് കേരളത്തിലുണ്ടാകുക... അതാണ് മതവർഗ്ഗീയതയുടെ ഗുണം... ലോകത്തിന്റെ ഏത് കോണിലായാലും ഒരേ നൂലിൽ കോർത്ത ബന്ധം... രക്തം രക്തത്തെ തിരിച്ചറിയുന്നു... പക്ഷേ ആ രക്തത്തിന് മതമുണ്ടായിരിക്കണം... അത്രയേയുള്ളൂ... താക്കറെയെ അനുകുലിക്കാൻ പറ്റാത്തവർ മൗനം കൊണ്ട് പിന്തുണയ്ക്കും... ശ്രദ്ധിച്ചാൽ അതും കാണാം...

Tuesday, 27 March 2012

15 കോടിയും കൈകഴുകാനുള്ള വെള്ളവും...

പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ശ്രമം... ഒരു വർഷം മുൻപേ ജനറൽ വി.കെ. സിംഗ് മന്ത്രി ആന്റണിയെ അറിയിച്ചിരുന്നു... രണ്ടുപേരും നടപടി എടുക്കേണ്ടവരായിരുന്നു... രണ്ടും ഉണ്ടായില്ലായെന്ന് മാത്രമല്ല, രണ്ടും പേരും കൈകഴുകാനുള്ള വെള്ളം എടുത്ത് വെയ്ക്കുകയും ചെയ്തിരിക്കുന്നു...

ഞാൻ മന്ത്രിയെ അറിയിച്ചു... വി.കെ. സിംഗ്... രേഖാമൂലം പരാതി നൽകിയില്ലായെന്ന് മാത്രമല്ല, ഒരു വർഷമായി മൂടി വെച്ചു... 

നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു... ആന്റണി... പരാതി രേഖാമൂലം ആവശ്യപ്പെടാമായിരുന്നു... തുടർ നടപടിയെപ്പറ്റിയും അന്വേഷിക്കാമായിരുന്നു... ഒന്നുമുണ്ടായില്ല...

പ്രായവിവാദത്തിൽ കേന്ദ്രസർക്കാരും കോടതിയും വി.കെ സിംഗിന്റെ വാദത്തെ തള്ളിക്കളഞ്ഞതിന് ശേഷം ഒരു വർഷം മുൻപ് അഴിമതിശ്രമം മന്ത്രിയോട് പറഞ്ഞിരുന്നുവെന്നത് വിവാദമാക്കുന്നത് വ്യക്തിപരമായ നേട്ടത്തിനായിട്ടേ കാണുവാൻ സാധിക്കു... അഴിമതിശ്രമത്തിന് വിധേയനായ വ്യക്തി, രേഖാമൂലം പരാതി നൽകിയിരുന്നെങ്ങിൽ, അത് അന്വേഷിക്കാനും നടപടിയെടുക്കാനും മന്ത്രിയെന്ന നിലയിൽ ആന്റണിയും നിർബദ്ധിതനാകുമായിരുന്നു...

ഒരു സ്വകാര്യം പറയുന്ന തലത്തിൽ അഴിമതി ശ്രമത്തെ കണ്ട വി.കെ സിംഗും, ഇനിയിത് ഞാനായിട്ട് കുത്തിപ്പൊക്കി കേന്ദ്രസർക്കാരിനും വി.കെ.സിംഗിനും "തനിക്കും" പണിയുണ്ടാക്കേണ്ട,  എന്ന് കരുതിയ ആന്റണിയും കുറ്റക്കാരാണ്... തന്നെ വിലയ്ക്ക് വാങ്ങുവാൻ ശ്രമിച്ചതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടാമായിരുന്നു... സൈന്യത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചവരെ രാജാധികാരം ഉപയോഗിച്ച് അന്വേഷിക്കാമായിരുന്നു... വാഗ്ദാനങ്ങൾ നിരസിച്ച് പോകുന്ന അവസരങ്ങളേക്കാൾ വാഗ്ദാനങ്ങളിലൂടേ നടക്കുന്ന സംഭവങ്ങളായിരിക്കും കൂടുതൽ... അതിനാൽ തന്നെ പ്രതിരോധമന്ത്രാലയം അഴിമതിമുക്തമാണമെങ്ങിൽ, കിട്ടുന്ന അവസരങ്ങളിൽ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു...

സൈന്യവും പ്രതിരോധമന്ത്രാലയവും രാഷ്ട്രപതിയും  പരസ്പരം എങ്ങനെ ഇടപെടുന്നുവെന്ന് അറിയില്ല... വാമൊഴിയിൽ കിട്ടുന്ന വാർത്തകൾ വെച്ച് എങ്ങനെ നടപടിയെടുക്കാമെന്നും അറിയില്ല... സൈന്യാധിപനും മന്ത്രിയും തമ്മിൽ വളരയധികം കാര്യങ്ങൾ ഔദ്യോഗികമായും അല്ലാതേയും ചർച്ച ചെയ്തിട്ടുണ്ടാകം... പലതും മുൻകരുതൽ എടുക്കുന്നതിനുള്ള അറിവായി മാത്രം അവശേഷിക്കും... വിവാദം ഉണ്ടാകുമ്പോൾ... ഞാൻ പറഞ്ഞിരുന്നു, നടപടി ആവശ്യപ്പെട്ടിരുന്നു... അങ്ങനെ കൈകഴുകിയിട്ട് കാര്യമില്ല...

സൈന്യമായാലും വാണിജ്യകാര്യങ്ങളിൽ എത്രത്തോളം സുതാര്യമായി നടപടികളെടുക്കാമോ, അത്രയ്ക്കും സുരക്ഷ രാജ്യത്തിനും ജനത്തിനും സൈന്യത്തിനുമുണ്ടാകും... വ്യാജ ഏറ്റുമുട്ടലുകൾ പോലെ വ്യാജയുദ്ധങ്ങളും നമുക്കൊഴിവാക്കണം...

Saturday, 17 March 2012

ടിപ്സ് (കൈമടക്ക്) കൈക്കൂലിയാണ്...

ടിപ്സിൽ (കൈമടക്ക്) ഒരു മാനുഷികമുഖമുണ്ട്... അതിനാൽ തന്നെ നോക്കുക്കൂലിയെപോലെയോ കൈക്കൂലിയെപോലെയോ ഉടനെ നിരോധിക്കേണ്ട ഒന്നല്ല കൈമടക്കെന്നും കരുതുന്നു...

പരിചരണം നീട്ടിവെയ്ക്കുമെന്ന് കരുതി നൽകുന്ന കൈമടക്ക് കൈക്കൂലിയാണ്. സന്തോഷം പങ്കിടുന്നത് കൈക്കൂലിയാകുന്നില്ല എന്നാൽ സന്തോഷം ഒരു ചട്ടമായി പ്രകടിപ്പിക്കുമ്പോൾ കൈക്കൂലിയായി കണക്കാക്കേണ്ടി വരും. പരിചാരകർ ഭക്ഷണം വിളമ്പി തരുന്നതിന്റെ ചിലവടക്കം കണക്കാക്കി ഒരു രസീതായി തരുമ്പോൾ, സർക്കാർ ആപ്പിസിൽ നിന്ന് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്... ചുരുക്കിപ്പറഞ്ഞാൽ നിയമപരമായി ലഭിക്കേണ്ട അവകാശം നിരാകരിക്കുമെന്ന ഭീതിയിൽ നൽകുന്നത് കൈക്കൂലിയായി കണക്കാക്കണം...

കൈമടക്ക് കിട്ടുന്ന ഭക്ഷണശാലയിലെ മുതലാളിക്ക് ഒരു ഗുണം കൂടിയുണ്ട്... എത്ര കൈമടക്ക് കിട്ടുമെന്ന് കണക്കുകൂട്ടി മുതലാളി കുറഞ്ഞ ശമ്പളം പറയുന്നത്... കൂടെ ഒരു കാര്യം പറയും... ഇവിടെ നന്നായി കൈമടക്ക് കിട്ടും... അതിൽ തൊഴിലാളിയും വീഴും... കൈമടക്ക് ഒരു സമ്പ്രദായമായി വളർന്നാൽ തൊഴിലാളിക്ക് ഒരു പ്രയോജനം ഇല്ലായെന്ന് മാത്രമല്ല തൊഴിലാളിക്ക് ദോഷമുണ്ടുതാനും... നിശ്ചിതവരുമാനം ലഭിക്കാതെ വരുന്നതിനോടൊപ്പം ജോലി ചെയ്തിട്ട് "കാരുണ്യത്തിന്" കാത്തിരിക്കണം... കൈമടക്ക് എന്ന ചട്ടമില്ലെങ്ങിൽ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുവാൻ മുതലാളിമാർ നിർബദ്ധിതമാകും. സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വേതനം ഉയർത്തുകയാണ് തൊഴിലാളികളെ സംരക്ഷിക്കുന്നവർ ചെയ്യേണ്ടത്...

നല്ല പരിചരണം നൽകി കൂടുതൽ കൈമടക്ക് എന്നത് ഒരു മുതലാളിത്ത ന്യായമാണ്. തൊഴിലാളിയുടെ ജോലിക്ക് ഓരോരുത്തർ സ്വന്തം മനോനിലയനുസരിച്ചാണ് "ദാനം" നൽകുന്നത്... തമ്പ്രാന്റെ കീഴിൽ പണിയെടുക്കുമ്പോൾ കിട്ടുന്നതും വാങ്ങിച്ച് പോയിക്കൊള്ളണം എന്നതായിരുന്നു ന്യായം...  പരിചരണം കഴിഞ്ഞ് കിട്ടുന്നതും വാങ്ങി പോയിക്കൊള്ളണമെന്നതാണ് കൈമടക്കിലെ ന്യായം... ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം... പരിചാരകർ മാത്രം വിചാരിച്ചാൽ കൈമടക്ക് കൂടുതൽ കിട്ടിക്കോളണമെന്നില്ല... ഭക്ഷണശാലയുടെ മൊത്തത്തിലുള്ള പ്രവർത്തനവും കൈമടക്കിനെ സ്വാധീനിക്കും... കൈമടക്ക് കുറഞ്ഞാലും മുതലാളിക്ക് ബില്ലിലെ തുക കൃത്യമായി കിട്ടും...

കൈമടക്കിനെ ന്യായികരിക്കുന്നവർ പറയുന്ന മറ്റൊരു ന്യായം, പരിചരണത്തിന് ശേഷമാണ് കൈമടക്ക് നൽകുന്നത്... നമ്മുടെ നാട്ടിൽ മണിയോർഡറുമായി വരുന്ന തപാൽ ജീവനക്കാരന് "സന്തോഷസൂചകമായി" ഒരു കൈമടക്ക് നൽകണമായിരുന്നു... രണ്ടും ഒരേ തട്ടിൽ...

പരിചരണം ലഭിച്ചതിന് കൈമടക്ക് നൽകുന്നതിനെ ന്യായികരിക്കുന്നവർ തന്നെ കൈമടക്ക് പ്രത്യേകതരം ജോലികൾക്കായി നിജപ്പെടുത്തുന്നതും കാണാവുന്നതാണ്... നേഴ്സുമാർക്കോ അതുപോലെയുള്ള വൈറ്റ്കോളർ ജോലികൾ ചെയ്യുന്നവർക്കോ കൈമടക്ക് നൽകുവാൻ പാടില്ല പക്ഷേ പരിചാരകർ ഡ്രൈവേർസ് തുടങ്ങിയവർക്ക് നൽകുകയും വേണം... ഒന്നാതരം ഫ്യൂഡലിസ്റ്റ് ചിന്ത... താഴ്ന്ന ജോലി ചെയ്യുന്നവർ! 

ഇന്ത്യയിലൊക്കെ പരിചരണത്തിന് കൈമടക്ക് നൽകാത്തത് ഫ്യൂഡൽ സിസ്റ്റം ഇപ്പോഴും നില‌നിൽക്കുന്നതുകൊണ്ടാണെന്നാണ് അടുത്ത വാദം... അതും തെറ്റാണ്... തിരുവനന്തപുരത്ത് ബാറിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നവൻ ബാർബർ ഷോപ്പിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നില്ല... ബാറിലൊരു ചട്ടമായി വളർന്നു ബാർബർ ഷോപ്പിൽ അങ്ങനെയൊരു ചട്ടമായി വളർന്നിട്ടില്ല... അത്ര തന്നെ...

Monday, 6 February 2012

അന്ത്യത്താഴവും ഭീതിയും...

അന്ത്യത്താഴത്തിന്റെ രൂപത്തിൽ അല്ലെങ്ങിൽ അതേ ആശയത്തിൽ ഒരു പടമിട്ടാൽ എവിടെ മതവികാരം വ്രണപ്പെടും... കെ.സി.വൈ.എം കേസിന് പോകുമത്രെ... ജാഥകൾ നടക്കുന്നു... എല്ലാവരും പ്രതിക്ഷേധിക്കുന്നു... പിണറായി പറയുന്നു, പാർട്ടിക്കാരല്ല, ഞങ്ങളറിഞ്ഞപ്പോൾ ബോർഡ് ഉടനെ മാറ്റി... വ്രണപ്പെടലിൽ ആർക്കും ഒരു സംശയവും ഇല്ലായെന്ന് ചുരുക്കം...

ബോർഡ് ഉയർത്തിയ സി.ഐ.റ്റി.യു ഒരു വിധത്തിലും യേശുവിനെ അപമാനിച്ചിട്ടില്ല... ഒബാമക്ക് പകരം യേശുവായിരുന്നു ചിത്രത്തിലെങ്ങിൽ വ്രണപ്പെട്ടു എന്ന് പറയുന്നതിൽ അല്പമെങ്ങിലും യുക്തിയുണ്ടാകുമായിരുന്നു... മത ചിഹ്നങ്ങളെടുത്ത് ആശയപ്രചാരണത്തിന് നാം ഇതിന് മുൻപും ഉപയോഗിച്ചിട്ടുണ്ട്... അന്ത്യത്താഴം മാത്രമല്ല ഇങ്ങനെ നാം ഉപയോഗിച്ചിട്ടുള്ളത്... ഒരുപക്ഷേ കൃസ്ത്യാനികളുടെ ഏറ്റവും വലിയ മതചിഹ്നമാണ് കുരിശ്... ആ കുരിശിനെ ഉപയോഗിച്ച് നാം എത്ര കാർട്ടൂണുകൾ കാണുന്നു, ചിത്രങ്ങൾ കാണുന്നു, എത്ര നിത്യജീവിതത്തിൽ എത്ര വാചകങ്ങൾ ഉണ്ടാക്കുന്നു... ബുഷിന്റെ കുരിശുയുദ്ധം... അതും കുരിശായി...

മറ്റൊന്ന് നാം കാണേണ്ടത്, ഈ ബോർഡ് സ്ഥാപിച്ചവരുടെ ലക്ഷ്യമാണ്... ഈ ലക്ഷ്യം ഒരു വിധത്തിലും യേശുവിരുദ്ധമായിരുന്നില്ല... സഭാവിരുദ്ധമായിരുന്നില്ല... കൃസ്ത്യൻ വിരുദ്ധമായിരുന്നില്ല... അതിനാൽ തന്നെ ഒരു വികാരവും വ്രണപ്പെടേണ്ടതില്ല... പിന്നെ നടക്കുന്നത് കണക്കുതീർക്കലുകളാണ്... താല്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്... സി.പി.എം ലാഭത്തിനായി കരുക്കൾ നീക്കുമ്പോൾ സഭക്ക് കിട്ടിയ വടി സഭ ഉപയോഗിക്കുന്നു... കിട്ടുന്ന ലാഭം കോൺഗ്രസ്സും എടുക്കുന്നു... അത് രാഷ്ട്രീയം...

സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചിത്രപ്രദർശനത്തിൽ യേശുവിന്റെ പടം വെക്കുന്നത് യേശുവിനൊരു അംഗീകാരമാണ്... യേശുവിനെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എല്ലാവർക്കും സന്തോഷിക്കാം... അവിടെ ഒരു വികാരവും വ്രണപ്പെടുന്നില്ല... പക്ഷേ സി.പി.എം. ഇന്നുവരെ ഉയർത്തിയിരുന്ന ആശയങ്ങളിൽ നിന്ന് വ്യക്തമായതും പക്ഷേ താൽക്കാലികവുമായ വ്യതിചലനമാണ്... അതിനാൽ തന്നെ വിമർശനവും പരിഹാസവും ഉയരുക സ്വാഭാവികമാണ്...

മതവികാരം വ്രണപ്പെട്ടു, യേശുവിനെ അപമാനിച്ചു എന്നൊക്കെ വികാരം കൊള്ളുന്നവരും പ്രതിക്ഷേധിക്കുന്നവരും പറയാതെ ഉയർത്തുന്ന ഒരു ഭീതിയുണ്ട്... ദൈവത്തേയോ മതത്തേയോ മതചിഹ്നങ്ങളേയോ ഞങ്ങളുടെ താല്പര്യത്തേയോ തൊടുന്നത് വളരെ സൂക്ഷിച്ച് വേണം... അക്കളി ഇക്കളി തീക്കളിയാണ്... ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഉത്തരവാദിത്വപ്പെട്ടവർ അറിഞ്ഞപ്പോൾ തന്നെ ബോർഡ് എടുത്ത് മാറ്റിയത്... പെരുമ്പാവൂരിലെ പശുവിവാദം കെട്ടടങ്ങിയതുപോലെ അന്ത്യത്താഴ വിവാദവും പ്രദർശനവിവാദവും താനെ കെട്ടടങ്ങും പക്ഷേ ഉയരുന്ന ഭീതികൾ, അത് നിലനിൽക്കും... അടുത്ത തീപ്പൊരിക്കായി...

വാൽകഷ്ണം... ഇ.എം.എസ് ഉണ്ടായിരുന്നുവെങ്ങിൽ, ബോർഡ് എടുത്ത് മാറ്റിയവനെ ചീത്തവിളിച്ച്, ആവീഷ്ക്കാര സ്വാതന്ത്ര്യത്തിലൂന്നി ഒരു സംവാദമാക്കി മാറ്റുമായിരുന്നില്ലേ?

Sunday, 15 January 2012

മേരാ പിശാബ് ബറാബറേ...

പ്രവാസലോകമെന്നാൽ അറബിനാടാകുന്നതിന് മുൻപ് ചെമ്പൂരും വിക്രോളിയും ധാരാവിയും ഹാജിമസ്ഥാനും ദാവൂദും ചുവന്ന തെരുവും ബോളിവുഡ് രാജാക്കന്മാരും പവാറും താക്കറയും ഡബാവാലകളും എല്ലാം അടങ്ങിയ നമ്മുടെ സ്വന്തം മുംബൈയിൽ...

ജോലിക്കായി പുറത്തുപോകുമ്പോഴുണ്ടാകുന്ന ചിലവുകൾ ഒരു സ്റ്റേറ്റ്മെന്റായി ആഴ്ച്ചയിലൊരിക്കൽ ഒരു ഹിന്ദിക്കാരി മാഡത്തിന് സമർപ്പിച്ച് പൈസ വസൂലാക്കുകയാണ് കമ്പനിയിലെ നടപ്പുരീതി...  മുംബൈയിൽ വന്ന് ഹിന്ദി കുറേശ്ശേ പഠിച്ചുതുടങ്ങുകയായിരുന്നു... ഏട്ടിലെ പശു പുല്ല് തിന്നുകയില്ലായെന്നതുപോലെ ക്ലാസിൽ പഠിച്ച ഹെ, ഹൈ, ഹും കൊണ്ട് മുംബൈയിലെ കഞ്ഞി വേവില്ലായെന്ന് മനസ്സിലായ കാലഘട്ടം... 

ണിം ണിം... മാഡം ഫോണെടുത്തു...

മാഡം, മേരാ സ്റ്റേറ്റ്മെന്റ് മാനേജർ സൈൻ കിയേകാ?

തേരാ ഹിസാബ്, ബറാബർ നയി...

നയീ? മേരാ പിശാബ് ബറാബറേ...

തൂ ക്യാ ബോൽത്തേ...

മേ  ക്യാ ബോൽത്തേ! മേ ബോൽത്തേ, മേരാ പിശാബ് ബറാബറെ... മാഡം ഉദർ പിശാബ് കർക്കേ ദേക്കോ...

അരേ ബാപ്പ്‌രേ... തൂ ക്യാ ബോൽത്തേ, തൂ പാഹലേക്കാ...

മെ പാഹൽ നയി, മെ അഭീ ഭി പിശാബ് കർക്കേ ദേക്കാ... മേരാ പിശാബ് ബറാബറെ...

പാഹൽ... പിശാബ് നയി ഹിസാബ്, ഹിസാബ്... ടിം...

ഹിസാബിന്റെ അർത്ഥമൊക്കെ പഠിച്ചുവെച്ചിട്ടുണ്ടായിരുന്നുവെങ്ങിലും കള്ളക്കണക്ക് പിടിക്കപ്പെടുവോയെന്ന ഭയം ഉള്ളതുകൊണ്ടായിരുന്നു ഫോൺ ചെയ്തപ്പോൾ ഹിസാബ് പിശാബിലേക്ക് വഴുതിയത്...

പിറ്റെ ദിവസം കമ്പനിയിലെ എല്ലാവർക്കും ഒരൊറ്റ ഭാവം... ജയറാമിന്റെ ഭാവം... ഒരോറ്റ ചോദ്യം...

ആയിയേ ആയിയേ, ആപ്കാ പിശാബ് ബറാബറേക്യ...

സന്തോഷ് പണ്ഡിറ്റിന്റെ ചങ്കൂറ്റത്തോടെ, വിളറിയ ചിരിയുമായി അവരെയൊക്കെ നേരിട്ട്, നേരെ മാഡത്തിന്റെ കാബിനിലേക്ക് രക്ഷപ്പെട്ടു... മാഡം ഒന്നു ചിരിച്ചു, പിന്നെ കാര്യത്തിലേക്ക്...

ആപ്കാ പൈസ...

എണ്ണി നോക്കിയപ്പോൾ പത്ത് രൂപ കൂടുതൽ... ഇതെന്തുപറ്റിയെന്ന മുഖഭാവത്തോടെ മാഡത്തെ നോക്കിയപ്പോൾ...

തേരാ പിശാബ് ബറാബറെ...

മാഡത്തിന്റെ ആക്കിയ ഡയലോഗിന്, കാക്കരയുടെ ആത്മഗതം ഇങ്ങനെയായിരുന്നു... കണക്കിൽ  അവിടേയും ഇവിടേയും കൂട്ടിയെഴുതി, രൂപ 150 ആണ് ഈയാഴ്ച്ചയിൽ അടിച്ചുമാറ്റിയത്... കാക്കരയോട് കളിക്കല്ലെ തള്ളേ...
...
മുൻകൂർ ജാമ്യം... ഈ കഥ എന്റെ കണക്കിലെഴുതിയെന്ന് മാത്രം...
ഹിസാബ് = കണക്ക്
പിശാബ് = മൂത്രം

Saturday, 14 January 2012

വി.എസും അത്താഴമുടക്കികളും...

വി.എസിനെതിരെയുള്ള ഭൂമിയിടപാടുമായി ബദ്ധപ്പെട്ട് നടക്കുന്ന കേസിൽ, ഒരു കുംഭകോണം അല്ലെങ്ങിൽ ബന്ധുവിന് വഴിവിട്ടസഹായം നൽകി തുടങ്ങിയതൊന്നും ആരോപിക്കാനുള്ളതോ ഗൂഢാലോചനയോ ഒന്നുംതന്നെ ഞാൻ കണ്ടില്ല... നിയമത്തിന്റെ നൂലാമാലയിൽ കിടന്ന് ഒരു മുൻസൈനീകന് ലഭിക്കേണ്ട ഭൂമി ഇനിയും വർഷങ്ങൾ നീണ്ടുപോകരുത്, അതിനാൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഇടപ്പെട്ടു... ബന്ധുവായതിനാൽ വ്യക്തിപരമായി പലപ്പോഴും ഉയർത്തിപ്പിടുക്കുന്ന നിയമത്തിന്റെ നൂലാമാലകൾ ഉണ്ടാക്കേണ്ടയെന്നും കരുതികാണും... നിയമം കീറിമുറിച്ച് പ്രതിപക്ഷമാകാം പക്ഷേ നല്ല ഭരണാധികാരിയാവില്ലല്ലോ...

യു.ഡി.എഫ് ഭരിച്ചിറങ്ങുമ്പോൾ പിന്നാലെ വരുന്ന എൽ.ഡി.എഫ് സർക്കാർ ഇതുപോലെ കുറെ കേസുകൾ കുത്തിപ്പൊക്കാറുണ്ട്, ചിലത് ക്ലച്ച് പിടിക്കും, മറ്റുചിലത് ഒരു പുകമറ സൃഷ്ടിച്ചെടുക്കാൻ സാധിക്കും... ഇപ്പോൾ യു.ഡി.എഫും അതേ പാതയിൽ...

വി.എസ് ഒരു വിഗ്രഹമാണെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം, അങ്ങനെയല്ല രാഷ്ട്രീയത്തിൽ ഒരു പരിധിവരെ സംശുദ്ധി കാത്തുപരിപാലിച്ച ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളായി കണക്കാക്കണമെങ്ങിൽ, അച്യുതമേനോൻ, ആന്റണി, പി.കെ.വി എന്നിവരുടെ കൂടെ ഒരു കസേര കൊടുത്തിരുത്താം... പത്ത് വർഷത്തിനപ്പുറത്തും ഒരു വി.എസ് ഉണ്ടായിരുന്നു... വ്യക്തിവൈരാഗ്യത്തിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലും വെട്ടിനിരത്തുന്നതിലും വി.എസ് പ്രത്യകശ്രദ്ധപുലർത്തിയിരുന്നു അതും മറക്കുന്നില്ല... മകൻ അരുണിന്റെ കാര്യത്തിൽ വി.എസ് വെറുമൊരു അച്ചനായോയെന്ന് സംശയിക്കുന്നു, അപ്പോഴും തെളിവുകൾ വരട്ടെ എന്നതാണ് ശരി...

...
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നിയമവ്യവസ്ഥയിലെ ആപ്തവാക്യം... അതേ യുക്തി നമ്മുടെ അവകാശങ്ങൾ ദിനം‌പ്രതി ചവിട്ടിമെതിക്കുന്ന ഉദ്യോഗസ്ഥരും പരിപാലിക്കേണ്ടതല്ലേ... അങ്ങനെയൊന്നില്ലായെന്നതാണ്  സത്യം...

വി.എസ്സിനെതിരെ ഉയർന്ന ഭൂമിയിടപാട് ചർച്ച ചെയ്യുമ്പോൾ സാമുഹ്യപ്രസ്ക്തമായ വിഷയമായി നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ അത്താഴം ഏതെങ്ങിലും നിയമത്തിന്റേയോ / ചട്ടങ്ങളുടേയോ / കീഴ്‌വഴക്കത്തിന്റേയോ നൂലാമാലയിൽപ്പെട്ട് മുടങ്ങിയാൽ, സത്യസന്ധനായ ഒരു വ്യക്തിക്ക് തന്റെ അവകാശം മറക്കുകയേ നിർവാഹമുള്ളൂ, അല്ലെങ്ങിൽ വളരെചിലവേറിയ കോടതിവരാന്തയിൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടാം...

തീർച്ചയായും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാം, സ്വാധീനം ഉപയോഗപ്പെടുത്താം, അങ്ങനെ നൂറുകൂട്ടം വഴികളുണ്ട്... പക്ഷേ നാം ഉന്നയിക്കുന്നത് നമ്മുടെ അവകാശമാണെന്നോ, അതിലെ നീതിയും യുക്തിയും ഒന്നും തന്നെ നമ്മളെ രക്ഷക്കെത്തില്ല... ഒറ്റപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടാകാം പക്ഷേ കൂടുതലും ഒരു ഗുണവും ചെയ്യാറില്ല... ആദർശശാലിയായ ഉദ്യോഗസ്ഥരായതുകൊണ്ട് കാര്യമില്ല, നീതിയുടെ പക്ഷത്ത് നിൽക്കാനുള്ള മനസ്സും ശക്തിയും വേണം...

ജനസമ്പർക്കപരിപാടിയുമായി മുഖ്യമന്ത്രി ഊരുചുറ്റുന്നു... നായന്നാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫോൺ വിളിയിലൂടെയായിരുന്നു പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്... ഇതിലെ ജനപ്രിയരാഷ്ട്രീയം മാറ്റിവെച്ചാൽ തന്നെ താഴെതട്ടിൽ ഉദ്യോഗസ്ഥർ ഒരു പ്രശ്നവും നീതിയും നിയമവും യുക്തിയും നോക്കി പരിഹരിക്കുന്നില്ല എന്നതല്ലേ വിളിച്ചുകൂവുന്നത്... നിയമത്തിന്റെ നൂലാമാല ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ നമ്മുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു എന്നതല്ലേ സത്യം... ഉദ്യോഗസ്ഥർ കാണിക്കുന്ന തെറ്റിന് ജനമല്ലേ പിഴയിടുന്നത്...

രണ്ട് ഉദാഹരണം...

നെല്പാടത്തിന് നടുവിൽ ഒരേക്കർ സ്ഥലം ഒരു പ്രവാസി വാങ്ങി, മണ്ണിട്ട് നികത്തുകയെന്നതായിരുന്നു ലക്ഷ്യം, അതിനാൽ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൃഷിഭൂമിയെന്നതിന് പകരം ആധാരത്തിൽ "പറമ്പ്" എന്ന് രേഖപ്പെടുത്തി... സാമ്പത്തികമാന്ദ്യവും പുതിയ നിയമങ്ങളൂം കാരണം മണ്ണിട്ട് നികത്തലും ചുറ്റുമുള്ള ഭൂമിവാങ്ങലും വിചാരിച്ചപോലെ നടന്നില്ല...  ഭുമി മറിച്ചു വിൽക്കുന്നു... നെൽകൃഷി ചെയ്യാനുള്ള താല്പര്യവുമായി യഥാർത്ഥ കൃഷിക്കാരൻ ഭൂമി വാങ്ങുവാൻ മുന്നോട്ട് വരുന്നു... കരാർ  എഴുതി കുറെ പൈസകൊടുത്തു, തീറ് നടത്തുന്ന സമയമായപ്പോൾ പുതിയ പ്രശ്നം ഉടലെടുത്തു... ഭൂമി വാങ്ങുന്ന വ്യക്തിക്ക് വാങ്ങിയ ഭൂമിയിൽ നെൽകൃഷി ചെയ്യുകയെന്ന ഒരൊറ്റ ലക്ഷ്യമെയുള്ളൂ, അതിനാൽ തന്നെ വാങ്ങുന്ന ഭൂമി "പറമ്പ്" എന്ന ഗണത്തിൽ നിന്ന് മാറ്റി "കൃഷിഭൂമി"യെന്ന ഗണത്തിൽ ആധാരം നടത്തിതരണം... കാരണം കൃഷിഭൂമിയായാൽ മാത്രമെ നെൽകൃഷിക്കുള്ള സർക്കാർ സഹായം ലഭിക്കുകയുള്ളൂ... ആധാരനടത്തിപ്പിന്റെ നികുതിയും കുറയും...

പൈസ കുറെ കൊടുത്തതുകൊണ്ടും പ്രവാസി സുഹൃത്തുകൂടി ആയതിനാൽ കൃഷിക്കാരൻ മുക്ത്യാർ ഉള്ള പിതാവിനേയുംകൂട്ടി നേരിട്ട് ഉദ്യോഗസ്ഥരെ കാണുന്നു... ഉടനെ ഉദ്യോഗസ്ഥൻ നിയമപ്രശ്നം എടുത്തിട്ടു... "പറമ്പ്" എന്ന് രേഖപ്പെടുത്തിയ ഭൂമി "പറമ്പ്" എന്ന് മാത്രമേ എഴുതിതരുകയുള്ളു... ഇനി എന്തെങ്ങിലും മാറ്റിയെഴുതണമെങ്ങിൽ ആ രേഖയുണ്ടാക്കി വാ, ഈ രേഖയുണ്ടാക്കി വാ... കൃഷിക്കാരൻ മൂന്നാല് മാസത്തോളം വില്ലേജാപ്പിസ്, റജിസ്റ്റ്റാപ്പീസ്, താലുക്കാപ്പിസ്, ജില്ലാപ്പീസ് കയറിയിറങ്ങി... എല്ലാവർക്കും വേണ്ടത്, ആ രേഖയും ഈ രേഖയുമാണ്... കൃഷിക്കാരന്റെ കയ്യിൽ കൈരേഖമാത്രമേയുള്ളൂ...

അങ്ങനെയിരിക്കെ ദൈവദൂതനെപോലെ ഒരു രാഷ്ട്രീയക്കാരൻ ഇടപെടുന്നു... അദ്ദേഹത്തിന്റെ ഉപദേശപ്രകാരം എം.എൽ.എ യുമായി ബദ്ധമുള്ള മറ്റൊരു നേതാവിലൂടെ എം.എൽ.എ യുടെ പി.എ യുമായി ബദ്ധപ്പെടുന്നു... അവരുടെ നിർദേശപ്രകാരം ഒരു ദിവസം എം.എൽ.എ യുമായി കൂടികാഴ്ച്ച തരപ്പെടുന്നു... കാര്യങ്ങൾ എല്ലാം കേട്ടു, പഴയ ആധാരത്തിന്റെ കോപ്പിയും ഇപ്പോൾ കയ്യിലുള്ള അധാരത്തിന്റെ കോപ്പിയും കാണിച്ച് കാര്യങ്ങൾ എം.എൽ.എ യെ ബോധ്യപ്പെടുത്തുന്നു... ഉടനെ പി.എ. കൊണ്ട് റജിസ്റ്റ്റാപ്പീസറെ ഫോൺ ചെയ്യുന്നു... എം.എൽ.എ സംസാരിക്കുന്നു... പതിവുപോലെ ആപ്പീസർ നിയമപ്രശ്നം എടുത്തിട്ടു... നമ്മുടെ പേനയുടെ അധികാരം ഉപയോഗിച്ച് ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതില്ലല്ലോ നമ്മുടെ ശ്രദ്ധ...

ഫോണിൽ എം.എൽ.എ ആപ്പീസറോട് പറഞ്ഞത്... വില്ലേജാപ്പീസർ നേരിട്ട് പോയി സ്ഥലം കണ്ടാൽ, ഇത് കൃഷിഭൂമിയാണോ പറമ്പാണോയെന്ന് മനസ്സിലാകും... കീഴാധാരം പരിശോധിച്ചാൽ താങ്ങൾക്കും മനസ്സിലാകും എന്ന് മുതലാണ് പറമ്പ് എന്ന് രേഖപ്പെടുത്തിയത്... പറമ്പ് എന്ന ഗണത്തിൽപ്പെട്ടത് കൃഷിഭൂമിയാക്കുന്നത് കൃഷിചെയ്യുകയെന്ന ഉദേശ്യത്താലായതിനാൽ അങ്ങനെ ചെയ്തുകൊടുക്കുന്നതിന് എന്താണ് തടസ്സം... യഥാർത്ഥത്തിൽ കൃഷിഭൂമിയായ ഒരു സ്ഥലം പറമ്പ് എന്ന ഗണത്തിൽപ്പെടുത്തി ആധാരം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഒരു പരാതി മുകളിലേക്ക് അയയ്ക്കുക... അവസാനം പറഞ്ഞ ഉപദേശമായിരിക്കും ആപ്പിസറെ "ഞാൻ ചെയ്തുകൊടുക്കാം എന്ന് പറയിപ്പിച്ചിട്ടുണ്ടാകുക"... രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പറമ്പ് കൃഷിഭൂമിയായി തീറാധാരം നടന്നു...

മറ്റൊരു കേസ്... ദേ കോടതിയിലൂടെ തീർപ്പാക്കുന്നു...

നീതി നഷ്ടപ്പെട്ട് കേസ്സുമായി മുന്നോട്ട് പോകേണ്ടി വന്ന പുന്നപ്രവയലാർ സമരസേനാനി... ഒരേ സമയം ജയിലിൽ കിടന്ന ഒരു വ്യക്തിക്ക് എല്ലാ പെൻഷനും ലഭിക്കുമ്പോൾ മറ്റൊരു വ്യക്തി കേസുമായി പോകേണ്ടിവരുന്നു...

http://www.mathrubhumi.com/online/malayalam/news/story/1391402/2012-01-14/kerala

വാർത്തയിൽ നിന്ന്... "കൃഷ്ണനോടൊപ്പം തടവില്‍ കിടന്ന കെ. രാമന്‍കുട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാമന്‍കുട്ടി 9573-ാം നമ്പര്‍ തടവുകാരനായിരുന്നെങ്കില്‍ കൃഷ്ണന്‍ 9572-ാം നമ്പര്‍ തടവുകാരനായിരുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു. രാമന്‍കുട്ടിക്ക് പെന്‍ഷന്‍ നല്‍കാനായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണന്റെ കാര്യത്തില്‍ അനുകൂല ശുപാര്‍ശ ചെയ്യാതെ പുറം തിരിഞ്ഞു നിന്നതിന് ന്യായീകരണമില്ല എന്ന് ഉത്തരവില്‍ പറയുന്നു. രാമന്‍കുട്ടിക്ക് തെറ്റായി നല്‍കിയതാണെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച അനുകൂല ശുപാര്‍ശയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ 2009 മെയ് 15-ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടും 2010 ജനവരി 4-ന് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണന്റെ അപേക്ഷ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്."

Sunday, 8 January 2012

അടിയന്തിരാവസ്ഥയിലെ കൂട്ടുപ്രതികൾ...

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം മൂന്ന് അടിയന്തിരാവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്... ഇന്ത്യ-ചൈന യുദ്ധസമയത്തും ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്തും... പിന്നെ 1975 ൽ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിൽ ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ ശുപാർശയിൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ 1977 വരെ നീണ്ടു നിന്നിരുന്നു... ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത കാലഘട്ടമെന്ന് തന്നെ നമ്മുക്ക് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഇത്... ഇന്ത്യൻ പൗരന്മാരുടെ മൗലീകാവകാശങ്ങൾ എല്ലാം തന്നെ നിഷേധിക്കുന്നതായിരുന്നു അടിയന്തിരാവസ്ഥ...  അഭിപ്രായസ്വാതന്ത്ര്യം, യാത്രാസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനപരമായി നമുക്ക് ലഭിച്ചിരുന്ന ആറ് സ്വാത്രന്ത്രാവകാശങ്ങളും മരവിപ്പിച്ചിരുന്നു... ചായക്കട ചർച്ചകൾ പോലും നിഷേധിക്കപ്പെട്ടിരുന്നു... ഇന്നായിരുന്നുവെങ്ങിൽ ഓൺലൈൻ സംവാദവും...

ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ പഴി തീർച്ചയായും ഇന്ദിരാഗാന്ധി, കോൺഗ്രസ്സ്, ഇന്ത്യൻ പ്രസിഡന്റ്, അടുക്കളമന്ത്രിസഭാംഗങ്ങൾ, സഞ്ജയ്ഗാന്ധി തുടങ്ങി ആരോക്കെ പരസ്യമായും രഹസ്യമായും പിന്തുണ നൽകിയോ, അവരിൽ നിക്ഷിപ്തമാണ്... അടിയന്തിരാവസ്ഥ നടപ്പിലാക്കിയവരും അതിന്റെ ഗുണം ലഭിച്ചവരുമാണല്ലോ ഉത്തരവാദിത്വവും പേറേണ്ടത്...

കേരളത്തിൽ നടപ്പിലാക്കിയ അടിയന്തിരാവസ്ഥയുടെ പഴിയും പങ്കും ഉത്തരവാദിത്വവും കരുണാകരനിലും കോൺഗ്രസ്സിലും മാത്രമായി അടിച്ചേല്പിച്ചു... ശക്തനായ കരുണാകരനായിരുന്നു ആഭ്യന്തരം ഭരിച്ചിരുന്നത്, പോലിസിന്റെമേൽ നേരിട്ട് നിയന്ത്രണമുണ്ടായിരുന്നതും കരുണാകരന്... അതിനാൽ തന്നെ അടിയന്തിരാവസ്ഥയുടെ എല്ലാംവിധ ജനാധിപത്യ-മനുഷ്യവകാശ ധ്വംസനങ്ങളിലും കരുണാകരൻ ഉത്തരം പറഞ്ഞേ മതിയാകു... ഒന്നാം പ്രതിയായി നമ്മുടെ മുന്നിൽ കരുണാകരൻ ഉണ്ട്... അതിൽ ആർക്കും തർക്കമുണ്ടാകാനും തരമില്ല... പക്ഷേ തർക്കം ഉടലെടുക്കുന്നത്, ആരൊക്കെയായിരുന്നു കൂട്ടുപ്രതികൾ എന്ന തലത്തിലാണ്...

ദേശീയതലത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പെട്ട സമയത്ത് കേരളം ഭരിച്ചിരുന്നത് സി.പി.ഐ യുടെ പ്രതിനിധി സി. അച്യുതമേനോൻ ആയിരുന്നു... 1970 ൽ നിലവിൽവന്ന അച്യുതമേനോൻ മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ  സഹായത്താൽ വീണ്ടും രണ്ടുവർഷം കൂടി ഭരണത്തിലിരുന്നു... കോൺഗ്രസ്സിലെ കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി... പോലിസ് രാജ് തന്നെയായിരുന്നു കേരളത്തിലും... അടിയന്തിരാവസ്ഥയുടെ ഒരു ഘട്ടത്തിലും സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപറഞ്ഞിരുന്നില്ല... സി. അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി... മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിയാൻ പാർട്ടിയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നതും മറക്കുന്നില്ല... അടിയന്തിരാവസ്ഥയുടെ പേർ കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിവരുന്ന അടിയന്തിരാവസ്ഥയിലെ രക്തസാക്ഷി രാജനെ കാണാതായിട്ട് പിതാവ് ഈച്ചരവാര്യർ, സുഹൃത്തും മുഖ്യമന്ത്രിയുമായ അച്യുതമേനോനെ സമീപിക്കുന്നുണ്ട്... അച്യുതമേനോന്റെ മറുപടി " “ഞാനിനി ഒരു തോര്‍ത്തും തോളത്തിട്ട് തന്റെ മകനെ തപ്പി നാടായ പോലിസ് സ്റ്റേഷനൊക്കെ കയറിയിറങ്ങണമെന്നാണോ?”  എന്ത് തന്നെയായാലും അച്യുതമേനോൻ അധികാരരാഷ്ടീയം ഉപേക്ഷിച്ചു...

പിന്നെ തിരഞ്ഞെടുപ്പ് വരുന്നത് 1977 ൽ അപ്പോഴും സി.പി.ഐ കോൺഗ്രസ്സിന്റെ കൂടെയാണ്... ഇന്ത്യ മുഴുവനും കോൺഗ്രസ്സിനെതിരെ ഇന്ദിരാഗാന്ധിക്കെതിരെ വികാരം അലയടിച്ചു, കോൺഗ്രസ്സ് പരാജയപ്പെട്ടു പക്ഷേ കേരളത്തിൽ ഐക്യമുന്നണി 111 സീറ്റുമായി ഭരണത്തിലെത്തി... 16 സീറ്റുണ്ടായിരുന്ന സി.പി.ഐ 23 സീറ്റിലെത്തി... ഉത്തരേന്ത്യയിലുണ്ടായ രീതിയിലുള്ള കൊടുംക്രൂരതകൾ കേരളത്തിലുണ്ടായിരുന്നില്ല... പോലിസ് നടപടികൾക്കപ്പുറത്ത് അടിയന്തിരാവസ്ഥയുടെ ഗുണഗണമായി നക്സലേറ്റുകളെ അടിച്ചമർത്തിയതും തീവണ്ടികളും സർക്കാർ ജോലിക്കാരും കൃത്യസമയത്ത് എത്തിയതും വോട്ടായി മാറി... കേരള കോൺഗ്രസ്സ് കോൺഗ്രസ്സിന്റെ കൂടെ കൂടിയതും മറ്റൊരു വിജയഘടകമായി...

അങ്ങനെ 38 സീറ്റുള്ള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കരുണാകരൻ മുഖ്യമന്ത്രിയായി... രാജൻ കേസിൽ കരുണാകരന് രാജി വെയ്ക്കേണ്ടിവന്നു... എ.കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു...  അപ്പോഴും സി.പി.ഐ ഭരണത്തിലായിരുന്നു... അടിയന്തിരാവസ്ഥയുടെ ക്രൂരതകൾ അലട്ടിയിരുന്നില്ല... ചിക്മംഗ്ലൂരിലെ ഇന്ദിരാഗാന്ധിയുടെ മൽസരത്തിൽ പ്രതിക്ഷേധിച്ച് ആന്റണി രാജിവെച്ചപ്പോൾ പകരം സി.പി.ഐ യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു...

കാലം മാറികൊണ്ടിരുന്നു... ദേശീയതലത്തിൽ ഇടതുപക്ഷഐക്യം രൂപപ്പെടണം എന്ന രീതിയിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയകാലാവസ്ഥയും മാറിയിരുന്നു... ഇടതുപക്ഷഐക്യം നടപ്പിലാക്കുന്നതിനായി 1979 ൽ സി.പി.ഐ ഭരണത്തിൽ നിന്ന് പിന്മാറുന്നു... 1980 ഓടെ സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞു...

ധാർമികതയുടെ പുറത്ത് അച്യുതമേനോൻ അധികാരരാഷ്ട്രീയം ഉപേക്ഷിച്ചതും സംഖ്യം വിട്ടതിനുശേഷമാണെങ്ങിൽ കൂടി സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞതും മുഖവിലയ്ക്കെടുക്കുമ്പോൾ തന്നെ കരുണാകരനും കോൺഗ്രസ്സും കേരളത്തിലെ അടിയന്തിരാവസ്ഥയിലെ ഒന്നാം പ്രതിയായി നമ്മുടെ മുന്നിലുണ്ടാകുമ്പോൾ, അടിയന്തിരാവസ്ഥയ്ക്ക് ചൂട്ടുപിടിച്ചുകൊണ്ട് സി.പി.ഐ യും അച്യുതമേനോനും ഉണ്ടായിരുന്നുവെന്ന് നാലാൾ അറിയുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതിയാണ്... ഇന്നത്തെ രാഷ്ട്രീയ സഖ്യത്തിനനുസരിച്ച് ചരിത്രം മാറ്റിയെഴുതേണ്ടതില്ലല്ലോ അല്ലേ?