Monday, 17 December 2012

ക്രിസ്തുമസ് രാവിലേക്ക്...

യേശു ദൈവമോ ദൈവപുത്രനോ പ്രവാചകനോ... ങാ... അതൊന്നും തെളിയിക്കാനാവില്ല... അതെന്റെ വിഷയവുമല്ല... ചരിത്രപുരുഷനാണെങ്ങിൽ, ചില തെളിവുകൾ ഉണ്ടായേക്കാം... അതും അതിന്റെ വഴിക്ക് പോകട്ടെ... എന്നാണ് ജനിച്ചതെന്നും എവിടെയാണ് ജനിച്ചതെന്നും വ്യക്തമല്ല... പിന്നെ രണ്ടായിരം വർഷം മുൻപുള്ള കാര്യമല്ലേ... വ്യക്തതയുണ്ടായാലാണ് സംശയിക്കേണ്ടത്... ക്രിസ്തുമസ് ദിനം തന്നെ വിത്യസ്തമാണ്... ഡിസംബർ 25 നും ജനുവരി 7 നും ക്രിസ്തുമസ് ആഘോഷിക്കുന്നവരുണ്ട്... അതെന്തെങ്ങിലുമാകട്ടെ നമുക്ക് ക്രിസ്തുമസ് അടിച്ചുപൊളിക്കാം... എല്ലാവരും ഒത്തുകൂടുന്ന കൃസ്തുമസ്സ്...
നക്ഷത്രം

ലോകത്തെല്ലായിടത്തുമുള്ള ആഘോഷങ്ങൾ വിത്യസ്തമാണ്... പലതും പല രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചതാണ്... കൂടുതലും ജർമനിയിൽ നിന്നാണത്രെ... ചിലതൊക്കെ എങ്ങനെ കടന്നുകൂടിയെന്നുപോലുമറിയില്ല... മതപരമായ ആഘോഷം എന്നതിൽ നിന്ന് ഒരു സാംസ്കാരിക തലത്തിലേക്ക് ക്രിസ്തുമസിന്റെ ആഘോഷം വളർന്നിട്ടുണ്ട്... ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഉൾപ്പെടാത്തവരും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കാർഡുകൾ പരസ്പരം കൈമാറുക, നക്ഷത്രങ്ങൾ തൂക്കുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങിയവയിൽ പങ്കുചേരുന്നു... ക്രിസ്തുമസുമായി ബദ്ധപ്പെട്ട ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ രുപരേഖയൊന്നുമില്ല... ഇന്ത്യക്ക് പുറത്തും സഭകൾ തമ്മിലും പ്രദേശീകമായും വിത്യസ്തമാണ്...

ഡിസംബർ ഒന്നുമുതൽ ക്രിസ്തുമസിന്റെ ഭാഗമായി മതപരമായും ആഘോഷപരമായും ചടങ്ങുകൾ ആരംഭിക്കുന്നു... ഡിസംബർ ഒന്ന് മുതൽ 24 ന് രാത്രിവരെ... നോമ്പ് കാലമാണ്... മൽസ്യ-മാംസാദികൾ, മുട്ട, പാല് മുതലായവ ഉപേക്ഷിച്ച് പൂർണ്ണമായും സസ്യാഹാരി... ചിലർ അതിൽ മൽസ്യം-മാംസവും മാത്രം ഉപേക്ഷിക്കും... മദ്യവും പുകവലിയും ഉപേക്ഷിക്കും... നോമ്പിൽ ദമ്പതികൾ തമ്മിലുള്ള ലൈംഗീകത ഉൾപ്പെടുന്നില്ല... നോമ്പിന്റെയടിസ്ഥാനം ആശയടക്കമാണ്... ങും... എനിക്ക് ഒന്നിനോടും "ആശയില്ലാത്തതുകൊണ്ട്" നോമ്പാചരണവുമില്ല... പക്ഷേ ക്രിസ്തുമസിന് കൃത്യമായി നോമ്പ് വീടും... നോമ്പ് ഒരു നിർബദ്ധിതമായ ഒന്നായല്ല കണക്കാക്കുന്നത്... എന്നാലും നോമ്പിന് വളരെയധികം സ്വീകാര്യത വിശ്വാസികൾക്കിടയിലുണ്ട്... നോമ്പ് കാലം മറ്റ് ആഘോഷങ്ങൾക്ക് വഴിമാറരുതെന്ന നിഗമനത്താൽ, കല്യാണം പോലെയുള്ള ആഘോഷങ്ങൾ ക്രിസ്തുമസ് കാലത്ത് അനുവദനീയമല്ല... ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്ങിൽ, രൂപതയുടെ പ്രത്യേക അനുമതിയോടെ വിവാഹവും നടത്താവുന്നതാണ്... അതിന് പ്രത്യേക ഫീസുമുണ്ട്, നിയന്ത്രണങ്ങളുമുണ്ട്... കണ്ണില്ലാത്ത നിയമം മൂലം വിവാഹ കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഭാര്യയെ നാട്ടിലാക്കി രണ്ട് വർഷത്തേക്ക് പ്രവാസം തിരഞ്ഞെടുക്കേണ്ടിവരുന്ന ഹതഭാഗ്യരെ അവധിയെന്ന് തീരുമെന്ന ചോദ്യം പോപ്പ് ചോദിച്ചാലും, നോമ്പിന്റെ കാലത്തെ ഒരു തീയ്യതി പറയുക... സത്യ വിശ്വാസികൾക്ക് പാലും വെള്ളത്തിൽ പണി തരുന്നവരാണ് രൂപതയിലിരിക്കുന്നവർ...

8 മീറ്റർ നീളമുള്ള വലിയ നക്ഷത്രം
ഡിസംബർ ഒന്ന് മുതൽ വീടുകളിലും പള്ളികളിലും നക്ഷത്രം ദീപാലങ്കൃതമായി തൂക്കുന്ന പതിവുണ്ട്... ചിലർ തെങ്ങിന്റെ മണ്ടയിൽ തോട്ടി കെട്ടി അതിനും മുകളിൽ നക്ഷത്രം കെട്ടിയിടുമ്പോൾ, മറ്റു ചിലർ മരത്തിന് മുകളിൽ, അല്ലെങ്ങിൽ വീടിന് ചുറ്റും... അങ്ങനെ എവിടെ നോക്കിയാലും നക്ഷത്രം എന്നതാണവസ്ഥ... കവലകളിലൂടെ പോകുമ്പോൾ കടകളുടെ മുന്നിൽ തൂക്കിയിടുന്ന നക്ഷത്രങ്ങൾ കൃസ്തുമസിന്റെ വരവറിയിക്കുന്നു... ആദ്യകാലങ്ങളിൽ നക്ഷത്രങ്ങളിലും ഉറിയിലും മറ്റും മെഴുകുതിരി കത്തിക്കുകയായിരുന്നു... ഇപ്പോൾ എല്ലാം വൈദ്യുതിമയമാണ്... പല വിദേശരാജ്യങ്ങളിലും അലങ്കരിച്ച ക്രിസ്തുമസ് ട്രീ ആഘോഷത്തിന്റെ അവിഭാജ്യഘടമാണ്... പതുക്കെ പതുക്കെ കേരളത്തിലേക്കും ക്രിസ്തുമസ് ട്രീ കടന്നുകയറുകയാണ്... വിപണിയിൽ നിന്ന് കിട്ടുന്ന പ്രത്യേകതരത്തിലുള്ള ക്രിസ്തുമസ് ട്രീക്ക് പകരം മരം തന്നെ അലങ്കരിക്കുന്നതും കാണാവുന്നതാണ്...

ഡിസംബർ ആരംഭിക്കുമ്പോൾ മുതൽ ആശംസകാർഡുകളുടെ കൈമാറ്റമാണ് മറ്റൊരു ആഘോഷം... കാർഡ് തുറക്കുമ്പോൾ പല നിലകളിൽ തുറക്കുന്ന കാർഡ് മുതൽ മ്യൂസിക് വരെ കാർഡുകളിൽ താരങ്ങളാകാറുണ്ട്... ഇപ്പോൾ ഇ-മെയിൽ ആശംസകൾ വന്നപ്പോൾ ചിലവേറിയ കാർഡ് രണ്ടാനിരയിലേക്ക് പിൻമാറി... ഇപ്പോൾ പ്ലസിലും ഫേസ്‌ബുക്കിലും ആശംസകളുടെ കൊടിയേറ്റമാണ്...

22 അടി ഉയരമുള്ള പപ്പയുടെ മാതൃക
യേശു ജനിച്ചത് പുൽക്കൂട്ടിലാണെന്ന വിശ്വാസം എങ്ങനെ വന്നുവെന്നറിയില്ല... അതിനെ പ്രതിപാദിക്കുന്ന ഗാനങ്ങളും പ്രഭാഷണങ്ങളുമായി, അത്തരം വിശ്വാസം വേരോടിയിട്ടുണ്ട്... അതിന്റെ ഓർമ്മയ്ക്കായി പുൽക്കൂട് പണിയുകയാണ് കുട്ടികളുടെ പ്രധാനപരിപാടി... പുൽക്കൂട് മൽസരവും നാട്ടിൽ നടത്തപ്പെടുന്നു... പുൽക്കൂട്ടിൽ ഉണ്ണീശോ സെറ്റ് (Nativity Set) വെയ്ക്കും, മോടി പിടിപ്പിക്കലിന്റെ ഭാഗമായി കുളങ്ങൾ നിർമ്മിക്കുക, നടപാത നിർമ്മിക്കുക, കോട്ട പണിയുക, വീടുകൾ നിർമ്മിക്കുക, അങ്ങനെ കലാപരമായി നിർമ്മിക്കുന്ന പുൽക്കൂടുകൾ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞുകവിയും... മറ്റുചിലർ കവലകളിലും ക്ലബുകളിലും പള്ളികളിലും മറ്റും കൂറ്റൻ നക്ഷത്രങ്ങൾ മുതൽ വിത്യസ്തത നിറയുന്ന കലാസൃഷ്ടികൾ പണിതുകൊണ്ടായിരിക്കും ക്രിസ്തുമസിനെ വരവേൽക്കുക... പുൽക്കൂടുകളിൽ ഉണ്ണീശോയുടെ രൂപം ഡിസംബർ 24ന് രാത്രിയിലാണ് വെയ്ക്കുക... ജനിക്കാതെ പ്രദർശിപ്പിക്കരുതല്ലോ... ഉണ്ണീശോ സെറ്റിലെ പ്രധാനരൂപങ്ങൾ, ഉണ്ണീശോ, ഔസേപ്പ് പിതാവ്, മാതാവ് മറിയം, മാലാഖ, നക്ഷത്രങ്ങൾ വഴികാട്ടിയായി യേശുവിനെ സന്ദർശിച്ച് സുഗന്ധദ്രവ്യങ്ങൾ സമ്മാനിച്ച മൂന്ന് രാജാക്കന്മാർ, ആട്ടിടയനും ആടുമാടുകളും... ഉണ്ണീശോ സെറ്റില്ലെങ്ങിലും പുൽക്കൂടുണ്ടാക്കുന്നവരുണ്ട്... ക്രിസ്തുമസ് കാർഡുകളും മറ്റ് പടങ്ങളും വെച്ച് അലങ്കരിക്കും... അതായിരുന്നു ഒരു കാലത്തെ ക്രിസ്തുമസ്, പല വീടുകളിലും...

കരോൾ സംഘത്തിന്റെ കൂടെ വരുന്ന സാന്താക്ലോസ്
ഡിസംബർ 24 ന് ക്രിസ്തുമസ് കരോൾ ഇറങ്ങുന്ന ദിവസമാണ്... ആട്ടും പാട്ടുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങും... ബാൻഡ് സെന്റ്, തപ്പ്, അതുമല്ലെങ്ങിൽ, മൈക്ക് സെറ്റ്, ടേപ്പ്, അല്ലെങ്ങിൽ, പാട്ട് സംഘം... അങ്ങനെ വിത്യസ്തമായിരിക്കും കരോൾ സംഘങ്ങൾ... കരോൾ സംഘത്തിന്റെ പ്രധാന ആകർഷണം പാപ്പയാണ്... ക്രിസ്തുമസ് പപ്പ... സാന്തക്ലോസ്സ്... തലയിണവെച്ച് വയറ് വീർപ്പിച്ച്, ഒരു താങ്ങുവടിയും വെള്ളതാടിയൊക്കെയുള്ള സാന്താക്ലോസ്, തോളിൽ വലിയ "സമ്മാനങ്ങളുടെ ഭാണ്ഡവുമായി" എല്ലാ വീടുകളിലും വന്ന് ആശംസ നൽകുകയും മിഠായി നൽകുകയും ചെയ്യും... കൂടെയുള്ള ആരെങ്ങിലും ഒരു പാത്രത്തിൽ ഉണ്ണീശോയുടെ രുപവും വെച്ച് വീട്ടുകാർക്ക് ഉണ്ണീശോയെ തൊട്ടുമുത്താനായി നീട്ടും... അതിൽ നേർച്ച‌യിടുകയെന്നത് അവരുടെ വിശ്വാസവും കരോൾ നടത്തിപ്പിന്റെ ചിലവിന് പൈസ കിട്ടുകയെന്നതാണ് സംഘാടകരുടെ ആവശ്യവും... നേർച്ചയായി കിട്ടുന്ന പൈസയിൽ നിന്ന് ചെറിയരോഹരി പള്ളിയിൽ നേർച്ചയിടുമ്പോൾ "താൻ പാതി ദൈവം പാതി" എന്ന "ദൈവവചനം" നിറവേറുകയായിരുന്നു... എല്ലാ വീടുകളിലും കയറിയിറങ്ങിയാൽ, രാത്രിയിൽ കരോൾ സംഘങ്ങൾ പള്ളികളിലേക്ക് ഘോഷയാത്രയായി പോകും... താളമേളത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന കരോൾ സംഘത്തിന്റെ കൂടെ കുട്ടികളും യുവാക്കളും നൃത്തം ചെയ്ത് ആഘോഷിക്കും സ്ത്രീകളും മറ്റും അകമ്പടിയുമുണ്ടാകും...
പുൽക്കൂട്, ഉണ്ണീശോ സെറ്റും കാണാം

ഡിസംബർ 24 ന് അർദ്ധരാത്രിയിൽ പള്ളിയിൽ കുർബാനയുണ്ടായിരിക്കും, വിശ്വാസപരമായ ചടങ്ങുകൾ ആരംഭിക്കുന്നതിവിടെയാണ്...  ഉണ്ണീശോയുടെ രുപത്തെ പുൽക്കൂടിൽ വെയ്ക്കാതിരിക്കുന്നതുപോലെ പള്ളിയിൽ വെച്ചിരിക്കുന്ന ഉണ്ണീശോയുടെ രുപം ഒരു തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരിക്കും... കുർബാന മധ്യേ പുരോഹിതൻ യേശു ജനിച്ചതിന്റെ ഓർമ്മയ്ക്കായി ഉണ്ണീശോയെ പൊതിഞ്ഞിരുന്ന തുണി മാറ്റി വിശ്വാസികൾക്കായി സമർപ്പിക്കും... അപ്പോൾ പള്ളിപറമ്പിൽ  കതിനവെടിക്ക് തീ കൊളുത്തും... പള്ളിയിലിരുന്ന് ഉറങ്ങിയവർ ഞെട്ടിയുണരും... തണുപ്പല്ലേ, ചിലപ്പോൾ കതിന പൊട്ടാൻ വൈകുന്നതും പള്ളിയിൽ അടക്കിപിടിച്ച ചിരിയുണർത്തും... അതിനുശേഷം പള്ളിക്കുചുറ്റും അല്ലെങ്ങിൽ അടുത്തുള്ള കപ്പേളയെ ചുറ്റി ചെറിയ പ്രദക്ഷിണവും ഉണ്ടായിരിക്കും... പുരോഹിതനായിരിക്കും ഉണ്ണീശോയെ കൈകളിലേന്തുക... ആഘോഷത്തിന്റെ ഭാഗമായി കമ്പിതിരി, പൂത്തിരി, മേശപൂവ് തുടങ്ങിയവ കത്തിച്ച് കുട്ടികൾ അർമാദിക്കുന്നത് കാണാം...  അതിനുശേഷം പുരോഹിതന്റെ വലിച്ചുനീട്ടിയ പ്രസംഗവും ക്ഷീണിതരായ ചില വിശ്വാസികളുടെ കൂർക്കം വലിയും ഇരുന്നാടി വീഴുന്നതും പള്ളിയെ "ഭക്തിമുഖരിതമാക്കും"... യുവാക്കളുടേയും മറ്റും ഒരു വലിയ പട തന്നെ പള്ളിമേടയിലും പള്ളി ഹാളുകളിലും സ്വറ പറഞ്ഞിരിക്കുകയെന്നത് കൃസ്തുമസിന്റെ ആഘോഷത്തിൽപ്പെടുമോയെന്നറിയില്ല... കുർബ്ബാന കഴിയുമ്പോൾ എല്ലാ വിശ്വാസികളും വരിവരിയായി (ഇല്ലാട്ടോ ബിവറേജ‌സിലെ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ട) ഉണ്ണീശോയെ തൊട്ടുമുത്തി, ചിലർ നേർച്ചയിട്ട് പുലർച്ചയോടെ (ഡിസംബർ 25) വീടുകളിലേക്ക് മടങ്ങും... പോകുന്ന വഴിയിൽ ടീ, എന്താടിയുണ്ടാക്കിയത്, എന്റെ പണിയൊന്നും കഴിഞ്ഞിട്ടില്ല, വട്ടയപ്പത്തിന് കലക്കി വെച്ചിട്ടാണ് വന്നിരിക്കുന്നത്... വീട്ടിൽ ചെന്നിട്ട് വേണം ഉണ്ടാക്കാൻ... അത് അമ്മമാരുടെ ആഘോഷം...

ഡിസംബർ 25 നാണല്ലോ നോമ്പ് വീടുക... കുട്ടികളായിരിക്കുമ്പോൾ, രാത്രിയിലെ കുർബാന കഴിഞ്ഞ് വീട്ടിൽ  വന്ന് കലത്തിൽ കയ്യിട്ട് രണ്ട് കക്ഷണം ഇറച്ചി തിന്നിട്ട് ഉറങ്ങാൻ പോകുന്നത്, മുതിർന്നവർ കളിയാക്കുമായിരുന്നു... നേരം വെളുക്കാൻ പോലും ക്ഷമയില്ലേടാ... നേരം പുലർന്നാൽ പിന്നെ തീറ്റയുടെ ആഘോഷമാണ്... രാവിലെ ഒരു കേക്ക് മുറിച്ച് എല്ലാവരും പങ്കിട്ട് തുടങ്ങും... കേക്കിന്റെ കൂടെ വൈൻ എന്നത് ചിലയിടങ്ങളിലും പ്രചാരത്തിലുണ്ട്... പോത്ത് / പശു, കോഴി, പോർക്ക്, മീൻ എന്നിവയാണ് സാധാരണ തീൻമേശയിലേക്കെത്തുക...

മദ്യം... ഹോ... മദ്യമില്ലാതെയെന്താഘോഷം...

No comments: