എനിക്ക് ഒരു പക്ഷമുണ്ട്... ഓരോ വിഷയത്തിലും ഓരോ പക്ഷമായിരിക്കുകയും ചെയ്യും... ആ പക്ഷം നീതിയുടേയും ന്യായത്തിന്റേയും പക്ഷമാണോ? അങ്ങനെയാകണമെന്നാഗ്രഹമുണ്ട്... പക്ഷേ പൂർണ്ണമായും സത്യസന്ധവും നീതിപൂർവമായ ഒരു പക്ഷം പിടിക്കാൻ സാധിക്കാറില്ല... എങ്കിലും ഏതെങ്ങിലുമൊരു കൂട്ടത്തോട് വിധേയത്വമോ അല്ലെങ്ങിൽ അനീതിയുടെ പക്ഷത്ത് നിൽക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്... എന്റെ പക്ഷം രൂപപ്പെടുന്നത് എന്റെ ചിന്തകളിൽ നിന്നാണ്, അതുകൊണ്ടുതന്നെ എന്റെ ചിന്തകളെ എന്റെ താല്പര്യം സ്വാധീനിക്കും... എന്റെ പക്ഷങ്ങൾക്ക് അതിന്റെ നിറവും കലരും... എന്റെ മുൻവിധികളും പക്ഷത്തെ നിർണ്ണയിക്കുന്നുണ്ടാകും... അതൊക്കെയാണ് കാക്കരയുടെ ഛായ...
ആശയവിനിമയം നടത്തുന്നത് വിവിധ ആശയങ്ങളോടാണ്... ആ ആശയങ്ങളൂടെ പുറകിൽ സ്ഥിരമായ ഒരു പേര് പോലും ഉണ്ടാകണമെന്നില്ല... സ്ഥിരമായ ഒരു പേരാണെങ്ങിൽ, ഒരു തുടർച്ച ലഭിക്കുമെന്ന ഗുണം മാത്രമേ കാണുന്നുള്ളൂ... ഒരു അനോണിയോടും പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടേണ്ടതില്ല... അനോണിയായിരിക്കാനുള്ള എല്ലാവിധ അവകാശങ്ങളും അയാൾക്കുണ്ടെന്ന് ഞാൻ കരുതുന്നു... ഒരു പേരിന് പിന്നിൽ ആരാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ ആശയസംവാദം നടത്താനാകില്ലല്ലോ... തനിക്ക് അനോണിയായി ഇരിക്കാനുള്ള അവകാശമുള്ളതുപോലെ മറ്റുള്ളവർക്കും അത്തരം അവകാശങ്ങളുണ്ടെന്ന് മനസിലാക്കുകയെങ്ങിലും ചെയ്യണം... എനിക്കിഷ്ടമുള്ളവർ അനോണിയായാലും കുഴപ്പമില്ല പക്ഷേ മറ്റുള്ളവർ അനോണിയാകുകയും ചെയ്യരുത്... ഓരോ ന്യായങ്ങൾ...
മതത്തിന്റെ അസ്കിത കൂടുതലുള്ളവരുടെ ധാരണയിൽ, എല്ലാ മനുഷ്യരും തന്നെപോലെ ഏതെങ്ങിലും ഒരു മതത്തിന്റെ ലേബലുമായാണ് ജീവിക്കുന്നതെന്ന് കരുതുന്നതുപോലെയാണ് മലയാളിയുടെ കക്ഷിരാഷ്ട്രീയബോധത്തിൽ എല്ലാ മലയാളിയും ഏതെങ്ങിലും പാർട്ടിയുടെ ലേബലണിയണമെന്ന ദുഃശാഠ്യം... ചിലയിടങ്ങളിൽ ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കുട്ടിക്ക് ബോയ് ഫ്രണ്ട് / ഗേൾ ഫ്രണ്ട് ഉണ്ടായിരിക്കും... അല്ലെങ്ങിൽ ഉണ്ടായിരിക്കണം എന്ന് പറഞ്ഞത് പോലെയാണ് മലയാളിക്ക് രാഷ്ട്രീയപാർട്ടി... ഏതാടാ ജാതിയെന്ന് ചോദിക്കുന്നതുപോലെ ഏതാടാ പാർട്ടിയെന്ന് ചോദിക്കുന്നത്... മതസ്ഥാപനങ്ങൾ വ്യക്തികളെ മത നിയമങ്ങൾക്കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ കേരളീയസമൂഹത്തെ അടക്കിവാഴുന്നത്... ആ കുഴലിലൂടെ നോക്കുകയെന്നതാണല്ലോ മലയാളിയുടെ മുഖമുദ്രയും...
മതം, ജാതി, കക്ഷിരാഷ്ട്രീയം, വർണ്ണം, ലിംഗം... ഇതിന്റെയൊക്കെ വക്താവായല്ല ഞാൻ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്... എനിക്ക് തോന്നിയത് മാന്യമായി പറയാനുള്ള വേദി... മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള വേദി... എങ്കിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി ആൾമാറാട്ടം നടത്തുന്ന ശൈലിയും സ്വീകരിച്ചിട്ടുമില്ല... പറയാനുള്ളത് സ്വന്തം ഐഡിയിൽ നിന്ന് പറയുക... അതിന് ലേബലൊന്നും ആവശ്യമില്ലായെന്ന് കരുതുന്നു...
നിങ്ങളുടെ ചിന്തയുടെയളവിന് നിങ്ങൾ തുന്നി തരുന്ന ഒരോ കുപ്പായത്തിലും കയറിയിരിക്കാൻ എനിക്കാവില്ലല്ലോ... കുപ്പായമിടാതെ നടന്ന് കുറച്ച് കാറ്റ് കൊണ്ട് നോക്കട്ടെ... ചിലപ്പോൾ നന്നായാലോ... ഒന്നുമില്ലെങ്ങിലും ജനാധിപത്യവിരുദ്ധമൊന്നുമല്ലല്ലോ... ഒരു കാര്യം പറയാതെ വയ്യ... സോഷ്യൽ മീഡിയയിലെ പ്രശസ്തതയ്യലുകാരൊക്കെ ഏതെങ്ങിലും പ്രത്യേക മതത്തിന്റേയോ, ജാതിയുടേയോ, പാർട്ടിയുടേയോ ശക്തരായ വക്താക്കളാണ്... അതിനപ്പുറത്ത് അതിരുകളില്ലായെന്ന് വിശ്വാസിക്കുന്നവർ...
രണ്ട് കുപ്പായമുള്ളവർ ഒരെണ്ണം കുപ്പായമില്ലാത്തവക്ക് കൊടുക്കുകയെന്ന് പറഞ്ഞ സ്നാപകയോഹന്നാന്റെ ശിഷ്യരാണല്ലോ സോഷ്യൽ മീഡിയയിൽ മുഴുവനും... തയ്യലുകാരെ വിശ്വാസിക്ക്... കുപ്പായത്തിലൊന്നും വലിയ കാര്യമില്ല... അതൊക്കെ പറിച്ചെറിഞ്ഞ് സർവസ്വതന്ത്ര്യത്തോടെ ജീവിക്ക്... ചിലപ്പോൾ നിങ്ങളും നാടും നന്നായാലോ... നിങ്ങൾ തൊഴിൽ ചെയ്യുന്നതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല... അസഹിഷ്ണതയോടുകൂടിയുള്ള പ്രതികരണമൊന്നും പ്രതിക്ഷിക്കേണ്ടതില്ല...
3 comments:
ചിലപ്പോൾ നിങ്ങളും നാടും നന്നായാലോ.
ശരിയാ, നന്നായിക്കൂടെന്നില്ല
സോഷ്യൽ മീഡിയയിലെ പ്രശസ്തതയ്യലുകാരൊക്കെ ഏതെങ്ങിലും പ്രത്യേക മതത്തിന്റേയോ, ജാതിയുടേയോ, പാർട്ടിയുടേയോ ശക്തരായ വക്താക്കളാണ്... അതിനപ്പുറത്ത് അതിരുകളില്ലായെന്ന് വിശ്വാസിക്കുന്നവർ...
ഷുവർ...!
Post a Comment