Sunday, 3 July 2011

ജാതിയാണ് താരം...

ഒരു പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാൾ കൂടുതൽ ജാതികൾ ഹിന്ദു മതത്തിലുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ജാതിപേരുകൾ... ഓരോ പ്രദേശത്തും ഓരോ പേരുകൾ... കുറെ പേരുകൾ ഇവിടേയും കിടക്കട്ടെ... നായർ, നമ്പൂതിരി, ഈഴവ, പുലയൻ, പണ്ടാരൻ, വേളാൻ(കുശവൻ), വണ്ണാൻ, വിളക്കിത്തല നായർ, പട്ടർ, പിള്ള, മാരാർ... 

ആർക്ക് വേണമെങ്ങിലും ഹിന്ദുവാകാം പക്ഷേ ജാതിയൊന്നും പതിച്ചു കിട്ടുകയില്ല... കാരണം ജാതിവ്യവസ്ഥ എങ്ങനെ കിട്ടി എന്നതിനേക്കാൾ  ശുദ്ധരക്തം എന്ന ചിന്തയിലാണല്ലോ നിലനിൽക്കുന്നത്... ഈ ചിന്തയ്ക്ക് സവർണ്ണ-അവർണ്ണ വിത്യാസം ഒന്നും ഇല്ലതാനും... സവർണ്ണർള്ളതുകൊണ്ടാണ് അവർണ്ണർ നിലനിൽക്കുന്നത് എന്ന വാദഗതിയും തള്ളികളയുന്നു... എല്ലാ ജാതിക്കാരും തങ്ങളാലാവും വിധം രക്തശുദ്ധി പരിപാലിക്കുന്നുണ്ട്... ഈ ജാതിവ്യവസ്ഥയിൽ താൻ താഴെയാണോ എന്നത് മാത്രമേ നമ്മളെ വ്യാകുലനാക്കുന്നുള്ളു... ജാതിവിരുദ്ധ ചിന്തയുടെ പരിച തന്നേക്കാൾ ഉയർന്ന ജാതിക്കെതിരേയും സ്വന്തം ജാതിചിന്തയുടെ കുന്തമുന താഴ്ന്ന ജാതിക്കെതിരെയും സൗകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നാം കാണുന്നത്...

ജാതീയത ഹിന്ദുമതത്തിൽ മാത്രമാണ് എന്നും കരുതണ്ട... ക്രിസ്തുമതത്തിലെ ക്നാനായ സമൂഹവും ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമാണ്... ശുദ്ധരക്തം പരിപാലിക്കുന്നതിനായി ഈ സമുദായത്തിലെ വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു...  ആണായാലും പെണ്ണായാലും സ്വന്തം സമുദായത്തിൽ നിന്നല്ലാതെ  വേറെ ആരെയെങ്ങിലും വിവാഹം നടത്തിയാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കി "സ്ത്രി-പുരുഷസമത്വം" നടപ്പിലാക്കുന്നു...

മറ്റു ക്രിസ്ത്യൻ സമുദായങ്ങൾ ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമല്ലെങ്ങിൽക്കൂടി സവർണ്ണ-അവർണ്ണ വിത്യാസം പല ചേരുവയിലും അളവിലും കാണാവുന്നതാണ്... എന്നാലും ഹിന്ദുമതത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള ജാതീയതയില്ലാതാനും... സമുദായപേര് വാലായി ഉപയോഗിക്കുകയും ചെയ്യുന്നില്ല... മതപ്രചരണം അടിസ്ഥാനധർമ്മമായി കണക്കാക്കുന്ന കൃസ്ത്യൻ മതങ്ങൾക്ക് രക്തശുദ്ധിയും പറഞ്ഞിരിക്കാൻ സാധ്യമല്ലല്ലോ... പക്ഷേ  ഒന്നോ രണ്ടോ തലമുറയിലെങ്ങിലും പഴയ ജാതിയുടെ ഇല്ലാകറകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ ഉയർന്നുവരുകയും ചെയ്യും... അതിന്റെ കൂടെ കുടുംബമഹിമയിൽ വിശ്വാസം ഉള്ളതുകൊണ്ട് കുടുംബപേരിനോട് ഒരു പഥ്യവുമുണ്ട്...  മുസ്ലീം സമുദായത്തിലാണെങ്ങിൽ ഗോത്രശുദ്ധിയാണ് താരം... എങ്ങിലും മുസ്ലീം എന്ന സ്വത്വബോധം മറ്റേതൊരു സ്വത്വബോധത്തേക്കാളും വളരെ ഉയർന്ന നിലയിലായതിനാൽ ഒരു പരിധിവരെ മുസ്ലീം സമുദായത്തിലെ ജാതീയത ഒരു വിഷയമായി ഭവിക്കുന്നില്ല...

ജന്മനാ കിട്ടുന്ന ഒരു കൂട്ടമായി ജാതിയെ കണക്കാക്കാം എന്നതിൽ കവിഞ്ഞ് ജാതിക്ക് ഒരു  പ്രാധാന്യവും ഇല്ല... നൽകേണ്ടതുമില്ല... പക്ഷേ ജാതിയിൽ ഉടലെടുക്കുന്ന സ്വത്വബോധം ജാതീയതയായി വളരുന്നതാണ് കുറ്റകൃത്യം... ജാതീയത മേൽക്കോയ്മയുടെ വാളായി സമൂഹത്തിൽ അഴിഞ്ഞാടുന്നത് ഒരു ജനാധിപത്യസമൂഹത്തിന് നോക്കി നിൽക്കുവാനും സാധ്യമല്ല... പക്ഷേ വാല് മുറിച്ച് പരിഹാരം നിശ്ചയിക്കുന്നത് മഠയത്തരമാണെന്ന് ഇ.എം.എസ്സും മന്നവും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു... മാത്രവുമല്ല, സ്വത്വബോധത്തിൽ നിലനിൽക്കുന്ന ജാതിവാല് മുറിക്കുന്നത് പുരോഗമനത്തിന്റെ അടയാളമായി കാണുന്ന കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല... ഒരാളെ തിരിച്ചറിയാൻ ഒരു പേർ മതി എന്ന് ന്യായം കണ്ടെത്തുന്നവർക്ക് വിജയനേയും ജയരാജനേയും ബാലകൃഷ്ണനേയും ജോയിയേയും ലളിതയേയും തിരിച്ചറിയണമല്ലോ... അവരൊക്കെ കൂടുതൽ തിരിച്ചറിയപ്പെടാനായി മറ്റു ചില വാലുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നു...എന്നാൽ പിന്നെ ജന്മന കിട്ടിയ വാല് തിരിച്ചറിയാനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്യുന്നു...

ജന്മനാ കിട്ടിയ ജാതി വാലിൽ അഭിമാനം കൂറുന്നത് പിന്തിരപ്പനാകുമ്പോൾ എന്റെ രാജ്യം, എന്റെ പ്രദേശം, എന്റെ കുടുംബപേര്, എന്റെ മതം, എന്റെ ഗോത്രം, എന്റെ മക്കൾ, ഞാൻ പഠിച്ച വിദ്യാലയം, ഞാൻ അഭിനയിച്ച നാടക / മിമിക്രി കമ്പനി അങ്ങനെ എന്തെല്ലാം കിടക്കുന്നു പിന്തിരിപ്പൻ അഭിമാനങ്ങൾ...

ജാതിയും ജാതിയതയും വേർതിരിച്ചറിയണം... ജാതീയത ഒരു കുറ്റമാകുമ്പോൾ ജാതി സ്വത്വബോധത്തിന്റെ ബഹിർസ്പുരണമായി മാത്രം കാണുക... മത്തായിയെന്ന പേര് നൽകുന്ന സന്ദേശം കൃസ്ത്യാനിയെന്നാണെങ്ങിൽ നായർ വാല് നൽകുന്ന സന്ദേശം നായരാണ്, ഇതില്പരം കൂടുതൽ ഒന്നുമില്ല...

ബ്രാഹ്മിൻസ് ഭക്ഷണശാലയെന്ന് പേരിടുന്നത് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രത്യേകത ആ പേരിനാൽ തന്നെ നാലാളെ അറിയിക്കുക എന്ന ലക്ഷ്യമാണല്ലോ... ബ്രാഹ്മണർ പൂർണ്ണ സസ്യഹാരിയാണ്, അതിനാൽ തന്നെ ഇവിടെ ലഭിക്കുന്ന ഭക്ഷണം പൂർണ്ണമായും ബ്രാഹ്മണർ പുലർത്തുന്ന ജീവിതരീതിയിൽ തന്നെയായിരിക്കും തയ്യാറാക്കുന്ന എന്ന വിശ്വാസത്തെ ചൂക്ഷണം ചെയ്യുക എന്ന വിപണിലക്ഷ്യവുണ്ട്... ഈ വിശ്വാസം മാറുമ്പോൾ ആ പേരിലെ ആകർഷണവും മാറും... ഇൻഫോസിസ് / ഇൻഫൊറ്റെക് എന്നൊക്കെ കേട്ടാൽ അവിടത്തെ പ്രോഡക്റ്റ് എന്തായിരിക്കുമെന്ന് നാം ഊഹിക്കുന്നതുപോലെ തന്നെയല്ലേ ബ്രാഹ്മിൺസ് എന്ന പേരിലും...

ജാതീയതക്കെതിരെ യുദ്ധം ചെയ്യേണ്ടത് സർവർണ്ണരുടെ വാലിൽ തൂങ്ങിയല്ല, പകരം അവർണ്ണരെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-വിദ്യഭ്യാസ-പൗരോഹിത്യ കാര്യങ്ങളിൽ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടായിരിക്കണം... സ്വയം പര്യാപ്തത നേടികൊണ്ടായിരിക്കണം... അങ്ങനെ പുരോഗമിച്ച ഒരു സമൂഹത്തിൽ പിള്ളയെന്ന് കേട്ടാൽ കാക്കര എന്ന് കേൾക്കുന്ന പോലെ ഒരു പേരിനപ്പുറത്ത് ഒന്നുമുണ്ടായിരിക്കില്ല... അതായിരിക്കണം നമ്മുടെ ലക്ഷ്യവും...

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന്  നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...

ഇതാണ് ജനാധിപത്യം ഇതു മാത്രമാണ് ജനാധിപത്യം...

15 comments:

ഷൈജൻ കാക്കര said...

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന് നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...

Muralee Mukundan , ബിലാത്തിപട്ടണം said...

വാലില്ലാത്തെ നടക്കാൻ ഇപ്പോഴും പലർക്കും എന്തോ പോരായ്മപോലെയാണിപ്പോൾ...

ChethuVasu said...

"കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല.."

അങ്ങനെ അല്ലല്ലോ കാക്കാരെ ,
കുഞ്ഞഹമാമാദ് എന്നത് ഒരു സര്‍വ്വനാമം അല്ല . അതെ സമയം , ഹിന്ദു,നമ്പുതിരി , നായര്‍, മുസ്ലിം, സുന്നി, ക്രിസ്ടിയാനി , റോമന്‍ കത്തോലിക്കന്‍ എന്നിവ സര്‍വ നാമ രൂപങ്ങളും ആണ് . അത് കൊണ്ട് അത്തരം സര്‍വ നാമ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍, താന്‍ ഇന്ന വിഭാഗത്തില്‍ പെടുന്ന ആളാണ്, എന്ന് ഒരാള്‍ അങ്ങ് വിളിച്ചു പറയുകയാണ്‌ .

അത് കൊണ്ട്
1 . കുഞ്ഞമ്മദ് എന്ന് പറയുംബോള്‍ അല്ല അല്ല കുഞ്ഞഹമ്മദ് സുന്നി അല്ലെങ്ങില്‍ കുഞ്ഞഹമ്മദ് മുസ്ലിം എന്നും മറ്റും പറയുമ്പോള്‍ ആണ് അത് മാധവന്‍ നായര്‍ എന്നതിന് തുല്യമായി വരുന്നത് .

2 .രണ്ടാമത്തെ കാര്യം ,പേരിടുമ്പോള്‍ , കുഞ്ഞഹമ്മദ് എന്നും മാധവന്‍ എന്നും ആണ് പേരിടല്‍ നടത്തുമ്പോള്‍ വിളിക്കുന്നത്‌ , പക്ഷെ അതിനു ശേഷം കുഞ്ഞഹമ്മദ് കുഞ്ഞഹമ്മദ് ആയി തുടര്രുമ്പോള്‍ , മാധവന്‍ സ്കൂള്‍ ബൂകിലെതുന്നതോടെ ( അല്ലെങ്ങില്‍ പ്രായപൂര്‍ത്തി ആകുന്നതോടെ) മാധവന്‍ നായരായി മാറുന്നു . അവിടെയും വ്യത്യാസമുണ്ട്

3 .മൂന്നാമത്തെ കാര്യം , തന്റെ പേര് ഒരാള്‍ക്ക്‌ മാറാന്‍ സാധിക്കും , അതായതു പക്ഷെ തന്റെ സര്‍നെയിം മാറ്റാന്‍ പറ്റില്ല . ഹിന്ദുവല്ലാത്ത ഒരു ക്രിസ്ത്യാനിക്ക് ഹിന്ദു പേരിടാം ,അത് സമൂഹത്തിനു സ്വാകര്യം ആണ് ഒരു കൃഷ്ണന്‍ നായര്‍ക്കു തന്റെ പേര് നാളെ മുതല്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് എന്ന് പറഞ്ഞാല്‍ അത് സമൂഹത്തിനു സ്വീകാര്യം അല്ലല്ലോ

പൊതുവില്‍ ശരിയാണ് , വ്യത്യസ്ത മത വിഭാഗക്കാരുടെ പേരുകള്‍ മറ്റാളുകള്‍ക്ക് അവര്‍ ഇതു മതത്തില്‍ പെടുന്ന ആള്‍ എന്നാ സൂചന നല്‍കുന്നു .പക്ഷെ അവരുടെ പേരില്‍ അവര്‍ക്കുള്ള പങ്കു എത്രയാനെന്ന്തന്നു ശ്രദ്ധേയം
പക്ഷെ ബാലകൃഷ്ണന്‍ എന്നോ തോമസ്‌ എന്നോ പേരുള്ള ഒരാള്‍ തന്‍ ഒരു മതത്തിലും വിശ്വസിക്കുനീല്ല എന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ വിഷമം ഇല്ല . എന്നാല്‍ ഒരു ബാലകൃഷ്ണന്‍ നായര്‍ തന്‍ നായരല്ല എന്ന് പരുമ്പോള്‍ അവിടെ ഒരു വൈരുധ്യം ഉണ്ട്. അത് പോലെ ഒരു രാമന്‍ താന്‍ ഒരു ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നില്ല താന്‍ ഒരു നാസ്തികന്‍ ആണെന്ന് പറഞ്ഞാല്‍ അതില്‍ വൈരുദ്ധ്യമായി ഒന്നും തന്നെ ഇല്ല . അതെ സമയം "ബാലകൃഷന്‍ ഹിന്ദു" എന്ന് ഒരാള്‍ക്ക്‌ പേരുണ്ട് എന്നിരിക്കട്ടെ അയാള്‍ ആ പേര് നിലനിര്‍ത്തിക്കൊണ്ട് താന്‍ ഹിന്ദുവല്ല എന്ന് പറയുമ്പോള്‍ അവിടെ വൈരുധ്യം ഉണ്ട് . There is a difference in what is proclaimed in the first name and in a surname.

Another point to note is that while the Hindu , Muslim Christians names indicate the possible religious identity of a person ,it do not carry any prejudice against that person. More or less people accept that all religions are at par.At the same time cast names are reflective of the caste inequality because unlike religions that are seen on a level platform ,people have relative perceptions on quality when it come to caste.

പറഞ്ഞു വന്നത് , തന്റെ ജാതി ഉയര്തിക്കാട്ടുവാനും , തന്റെ ജാതി ലോകത്തെ അറിയിക്കുവാണോ തനെയാണ്‌ ആളുകള്‍ (intentionally or unintentionally )ഇത് ചെയ്യുന്നത് , അങ്ങനെ ചെയ്യുക വഴി അവര്‍ക്ക് നേട്ടം ലഭിക്കുന്നു എന്നത് കൊണ്ടാണ് അത് നില നില്‍ക്കപ്പെടുന്നതും . ബോധാപൂര്‍വ്വമാണോ അബോധപൂര്‍വ്വമാണോ അവര്‍ അങ്ങെനെ ചെയ്യുന്നത് എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കും . പക്ഷെ സമൂഹത്തില്‍ അതിനു ഒരു incentive ഉണ്ട് എന്നത് തന്നെയാണ് മറ്റേതൊരു കാര്യത്തെപോലെ ഇതും നില നിന്ന് പോരാന്‍ അല്ലെങ്കില്‍ കൂടുതല്‍ ശക്തമാകാന്‍ കാരണം , അത് കൊണ്ട് തന്നെ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു dis incentive ആയാല്‍ മാത്രമേ അവ ഇല്ലാതാകുക ഉള്ളൂ സാമൂഹ്യ നീതി , തുല്യ അവസരം തുടങ്ങിയ ആഗ്രഹിക്കുന്നവര്‍ , ഇതിനെ dis incentivise ചെയാന്‍ ആണ് ശ്രമിക്കേണ്ടത് . അതായത് it should come at cost. Then as you said automatically it will disappear.

Concluding with an example , if Santhosh PK is a Hindu and Santosh JD is a christian . Let us assume that both applies for an interview in a country where people consider christian ethos as superior to others. Now if in the his resume, Mr Sanosh JD changes his name to Santhosh J Daniel, that means he knows and expects an incentive for that. And it puts Santhosh PK at a disadvantage, while Santosh JD benefits from it.

PS:-And every time a child is born and he is grown, his parents are preparing his resume to submit before the society. And the parents(and later the child as he grows up) does make use of the existing incentives that the society offers.

സസ്നേഹം

ശ്രീജിത് കൊണ്ടോട്ടി. said...

ജാതി വാലുകളെ കുറിച്ചുള്ള കെ.ഇ.എന്‍-ന്റെ അഭിമുഖം വയിച്ചുന്നു..

Manoj മനോജ് said...

പേര് കേട്ട് കഴിയുമ്പോള്‍ ലാസ്റ്റ് നെയിം എടുത്ത് ചോദിക്കുമ്പോള്‍ വീട്ട്പേരു കേട്ട് നിരാശരായി ഒടുവില്‍ ജാതി ഏതെന്ന് ചോദിക്കുന്ന നോര്‍ത്തിന്ത്യന്മാര്‍ മുംബൈയില്‍ മാത്രമല്ല അമേരിക്കയിലും ഉണ്ടെന്ന തിരിച്ചറിവ് ആദ്യം അത്ഭുതം നല്‍കിയെങ്കിലും പിന്നീട് ഇപ്പോള്‍ ലാസ്റ്റ് നെയിം പറഞ്ഞ് കഴിഞ്ഞും ജാതി മനസ്സിലാകാതെ നിരാശ പരക്കുന്ന അവരുടെ മുഖം കണ്ട് രസിക്കാറുണ്ട് :)

അനില്‍@ബ്ലോഗ് // anil said...

വാസ്തവം!
ജാതി ചിന്ത ഒരു മയക്കു മരുന്നു കണക്കെ ആണെന്നാ തോന്നുന്നത്.
എന്തായാലും ഒരു ട്രാക്കിടാനുള്ള ചര്‍ച്ച നടക്കും എന്ന് കരുതാം.

ഷൈജൻ കാക്കര said...

വായിക്കാത്തവർക്കായി...

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/11932/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%95%E0%B5%86-%E0%B4%87-%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%A3%E0%B4%82

ഷൈജൻ കാക്കര said...

അവർണ്ണരുടെ ശക്തി കൂടുന്നതിനനുസരിച്ച് ജാതി പേരിട്ടാൽ കിട്ടുന്ന മേൽക്കോയ്മ കുറഞ്ഞുവരും... ജാതി വാലും കൊണ്ടുനടക്കുന്നവർ ജനാധിപത്യപരമായി തന്നെ മാറ്റുന്ന അവസ്ഥയിൽ എത്തിയിരിക്കും... അതിന്റെ വേഗത കൂട്ടുന്ന ഒന്നായിരിക്കും ജാതി പേരുകളുടെ ചരിത്രവും... അതിനാൽ അതും ചർച്ച ചെയ്യപ്പെടണം... ഒരു പ്രശ്നവുമില്ല... അതും പുരോഗമനജനാധിപത്യത്തിന്റെ ഭാഗമാണ്...

ഷൈജൻ കാക്കര said...

ജാതി വാലുമായി നേരിട്ട് താരതമ്യം ചെയ്യാൻ സാധ്യമല്ലെങ്ങിൽകൂടി ഹാജ്യാർ എന്ന വിശേഷണം ഓർക്കാവുന്നതാണ്...

മുസ്ലീം സമുദായത്തിൽ ഹജ്ജ് ചെയ്തവർ പേരിന്റെ കൂടെ ഒരു വാലായി ഹാജിയെന്ന വിശേഷണം കൂട്ടി ചേർക്കുമായിരുന്നു... അങ്ങനെയുള്ളവർക്ക് നാട്ടിലും സമുദായത്തിലും പ്രത്യേക പരിഗണനയും കിട്ടുമായിരുന്നു... കാലം മാറി, പലവിധ കാരണങ്ങളാൽ ഹാജികളുടെ എണ്ണം കൂടി... ഹാജിയെന്ന വാല് കൂട്ടിച്ചേർത്തതുകൊണ്ട് പ്രത്യേക പരിഗണനയും ഇല്ലാതായി... പുതുതലമുറയിൽപ്പെട്ട എത്ര പേർ ഹാജിയെന്ന പേർ ചേർക്കുന്നുണ്ട്?

ഷൈജൻ കാക്കര said...

ബിലാത്തിപട്ടണം... ശ്രിജിത്... മനോജ്, അനിൽ... വാസു... എല്ലാവർക്കും നന്ദി...

കുഞ്ഞഹമദ് സർവനാമമല്ല, പക്ഷേ മുസ്ലീം നാമമാണ്... ഞാൻ മുസ്ലീമാണെന്ന് ലോകത്തെ അറിയിക്കുന്ന രീതി... അത് കുറച്ചുകൂടി വ്യക്തമാക്കി നായർ എന്ന വാലും ചേർത്ത് മറ്റൊരാൾ ഞാൻ നായർ ജാതിക്കാരനാണെന്ന് വിളിച്ചു പറയുന്നു... പേരിൽ നിന്ന് മതം തിരിച്ചറിയുന്നത് വരെ കുഴപ്പമില്ല സുന്നിയെന്നൊ ഷിയയെന്നോ അറിയുന്നതാണ് പ്രശ്നമെന്ന് കരുതുന്നത് ന്യായമല്ലല്ലോ... താങ്ങൾ തന്ന ഉദാഹരണമുണ്ടല്ലോ ദാനിയൽ... ഒരു സ്ഥലത്ത് നായർ എന്ന പേരിന് മേൽക്കോയ്മ ലഭിക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ കുഞ്ഞഹമദിനും മേൽക്കോയമയുണ്ടല്ലോ...

മേൽക്കോയ്ക്കായി ജാതിവാലും ആവശ്യമില്ല എന്നതാണ് സത്യം... ജാതി വാലില്ലാത്ത ഈഴവർ പുലയരുടെ മുകളിൽ മേൽക്കോയ്മ സ്ഥാപിക്കുന്നുണ്ടല്ലൊ... അതേ സമയം ജാതിവ്യവസ്ഥയിൽ മേൽജാതിക്കാരുമായി ഈഴവർക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഇപ്പോൾ വളരെ കുറവായിട്ടുണ്ട്... ഇതിന് കാരണം നായർ വാലുകൾ കുറഞ്ഞതല്ല മറിച്ച് ഈഴവർ സ്വയം പര്യാപ്തത നേടിയതാണ്... സാമ്പത്തിക പുരോഗതി നേടിയതുകൊണ്ടാണ്...

ChethuVasu said...

മെല്‍ക്കൊയ്മക്കായി പല രീതികളും ആളുകള്‍ ഉപയോഗിക്കാറുണ്ട് . സ്വത്ത് , സ്ഥാനമാനങ്ങള്‍ തുടങ്ങിയവ . അത് കൊണ്ട് ജാതി മാത്രമാണ് മേക്കൊയമയുടെ മാനദണ്ഡം എന്ന് പറയാനാവില്ല . എന്നാല്‍ ജാതിയുടെ പേരിലുള്ള മേല്‍ക്കോയ്മ കൂടുതല്‍ രൂടമൂലമാണ് എന്ന് പറയേണ്ടി വരും .. അകാരണം അതിന്റെ സ്ഥിര സ്വഭാവം കൊണ്ടാണത് , മേല്ക്കൊയമാക്കുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ (മതം ഉലപ്പെടെ ) സ്വപ്രവര്തനതിലൂടെ ഒരാള്‍ക്ക്‌ നേടിയെടുക്കമെങ്ങില്‍ അയാള്‍ക്ക്‌ മറ്റൊരു തന്‍റെ ജാതി മാറി മറ്റൊരു ജാതിചിഹ്നം എത്ര ശ്രമിച്ചാലും കൈവശമാക്കാന്‍ സാധിക്കില്ലല്ലോ ..

മതപരായുള്ള മേല്ക്കൊയ്മകള്‍ നില്‍ക്കുന്ന സമൂഹങ്ങളില്‍ തീര്‍ച്ചയായും മതത്തെ സൂചിപ്പിക്കുന്ന നാമങ്ങള്‍ക്ക് പ്രിജിടിസ് ഉണ്ടാക്കിയെടുക്കാന്‍ പറ്റും തര്‍ക്കമില്ല (ഉദാ : വടക്കേ ഇന്ത്യയില്‍ പലയിടത്തും മുസ്ലിം നാമധാരികള്‍ ആയവര്‍ക്ക് ജോലി കിട്ടാന്‍ ബുദ്ധിമുട്ടുണ്ട് - (പക്ഷെ കേരളത്തിന്റെ അവസ്ഥ അങ്ങനെ ആണെന്ന് തോന്നുന്നില്ല ). എന്നിരുന്നാലും മതവും ജാതയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം മറന്നു കൊണ്ട് ഈ വിഷയത്തെ സമീപിച്ചാല്‍ അത് പൂര്നമാവുകയില്ല .

അതായത് കൃഷന്‍ നായര്‍ക്കു വേണം എങ്കില്‍ കുഞ്ഞഹമ്മദ് ആകാം , പക്ഷെ കൃഷന്‍ നായര്‍ക്കു കൃഷന്‍ നമ്ബൂതിരിയാകാന്‍ സാധിക്കില്ല . അതായത് മതം വ്യക്തിപരം ആയ, ആള്‍ട്ടര്‍ ചെയ്യാവുന്ന ഒരു ചോയ്സ് ആണ് . ജാതി അങ്ങനെ അല്ല . അത് കൊണ്ട് ഇവ രണ്ടും അടിസ്ഥനപരം ആയി ഒരേ രീതിയില്‍ വിലയിരുതപെടാവുന്ന ഒന്നല്ല തന്നെ .

കൂടാതെ മേല്‍ കമന്റില്‍ സൂചിപ്പിച്ച പോലെ ഒരു കുഞ്ഞഹമ്മദ് തന്‍ ഇസ്ലാം മത വിശ്വാസിയല്ല ഒരു നാസ്തികന്‍ ആണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ കുറെ പേരെങ്കിലും അത് ഉള്‍ക്കൊള്ളും , പക്ഷെ കൃഷന്‍ നായര്‍ക്ക്‌ താന്‍ നായരല്ല എന്ന് സമൂഹത്തോട് പറയാന്‍ കഴിയില്ലല്ലോ . അതായതു കുഞ്ഞഹമ്മദിന് തന്‍റെ പേരിന്റെ വട്ടത്തിനുള്ളില്‍ നിന്ന് മാറി സ്വന്തം നിലനിപ്പ് കുറച്ചൊക്കെ സാധ്യമാണ് , കൃഷന്‍ നായര്‍ക്ക്‌ അത്ര തന്നെ അത് സാധ്യമല്ല .

അതെ സമയം താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ യോജിപ്പാണ് ,തന്റെ മതത്തിനു മാറ്റം സാധ്യമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തി , മത വിവേചനം നില നില്‍ക്കുന്ന ഇടങ്ങളില്‍ തന്റെ നാമധേയം കൊണ്ട് പിന്തള്ളപ്പെടും എന്നും സംശയം ഇല്ല. അത് മേല്‍ സൂചിപ്പിച്ച പോലെ വിവേചനത്തിന്റെ ഒരു ലെഗസി അവിടെ ചരിത്രത്തിന്റെ ഭാഗമായി നില നിര്തപെടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും .(ഉദാ : വടക്കേ ഇന്ത്യ,ചില മുസ്ലിം രാജ്യങ്ങള്‍ ).

കേരളത്തിന്റെ പശ്ചാത്തലത്തില്‍ മത വിവേചനം ജാതി വിവേചനം പോലെ അത്ര തന്നെ ശക്തമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുന്ടെകില്‍ തകള്‍ പറയുന്നതില്‍ കാര്യം ഉണ്ട് . (പക്ഷെ തിരുവിതാംകൂറിലെയും , സാമൂതിരിയുടെയും രാജ്യ നിയമങ്ങളും അക്കാലത്തെ സാമൂഹ്യ രീതിയും അത്തരത്തില്‍ ജാതി- മത വിവേചന തുല്യത ഉള്ളത് ആണ് എന്ന് കരുതാന്‍ ന്യായം ഇല്ല .)

ഇപ്പറഞ്ഞത്‌ എല്ലാം മേല്ക്കൊയ്മയുടെയും , മുന്‍ വിധികളുടെയും അടയാളങ്ങള്‍ തന്നെ. അതിന്റെ അളവിലും , സ്വഭാവത്തിലും , ഒരു വ്യക്തിക്ക് എത്രമാത്രം അതിനെ നേരിടാന്‍ കഴിയും എന്നതിലും മാത്രമാണ് വ്യത്യാസം ഉള്ളത് .പക്ഷെ ആ വ്യത്യാസം പ്രധാനം ആണ് .

സസ്നേഹം

ഷൈജൻ കാക്കര said...

വാസു... താങ്ങളുടെ കമന്റിന്റെ അവസാന വരികളിലാണ് എന്റെ ശ്രദ്ധ... ഒരു വിവേചനത്തെ ഒരു വ്യക്തിക്ക് എങ്ങനെ നേരിടാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു... അതിനായി അവർണ്ണരെ ശക്തരാക്കുന്നതിന് പകരം അന്യന്റെ വാലിൽ തൂങ്ങിയുള്ള അഭ്യാസം ഒരു ഗുണവും ചെയ്യുന്നില്ല... പക്ഷേ ശക്തരാകുന്ന സമൂഹം ജാതിവാല് നോക്കി സർവർണ്ണരെ ബഹുമാനിക്കുകയും ഇല്ല...

Prasanna Raghavan said...

എന്റെ പ്രതികരണം

http://goweri2.blogspot.com/2011/07/blog-post.html

വഴിപോക്കന്‍ | YK said...

Good thoughts,

Also, I agree with Chethukaran Vasu

ഷൈജൻ കാക്കര said...

ബിലാത്തിപട്ടണം... നന്ദി...