Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Tuesday, 12 April 2011

കൊട്ടികലാശവും അമേരിക്കൻ ജനാധിപത്യവും...

എന്തുകൊണ്ട്‌ രാഷ്ട്രീയത്തിൽ അക്രമ മനോഭാവമുള്ള നേതാക്കൾ ഉയർന്നു വരുന്നു... ഇന്നലത്തെ കൊട്ടികലാശം മാത്രം ശ്രദ്ധിക്കുക...

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ടികലാശത്തിലെ നീതി... അക്രമ പരമ്പരകൾ... എതിരാളികളെ കായികമായി നേരിടുക എന്നതായിരുന്നില്ലോ പദ്ധതികൾ... കൈയൂക്കിൽ വോട്ട് തേടുന്നത്‌ ഗുണ്ടായിസം തന്നെയല്ലേ... രാഷ്ട്രീയ ലേബലിൽ കാണിക്കുന്ന ഗുണ്ടായിസത്തിനെ മലയാളി സമൂഹം തള്ളികളയാത്തത്‌ നമ്മുടെ ജീർണ്ണിച്ച രാഷ്ട്രീയബോധമല്ലേ വെളിവാക്കുന്നത്‌...

മന്ത്രിക്കും എം.എൽ.എക്കും പരിക്ക്‌... പോലീസുകാർക്കും പരിക്ക്‌... പലയിടങ്ങളിൽ ലാത്തിചാർജ്... വാഹനങ്ങൾ തല്ലി തകർക്കുക... ഇതായിരുന്നില്ലേ കൊട്ടികലാശത്തിന്റെ സാമ്പിളുകൾ...

ഇതാണോ രാഷ്ട്രീയബോധം... ഇത്‌ മാത്രമാണ്‌ രാഷ്ട്രീയപ്രവർത്തനം... എന്ന്‌ ധരിച്ചിരിക്കുന്ന കുറെ ആഘോഷക്കാർ ഇന്നലെ തെരുവിൽ ഇറങ്ങി... എല്ലാ കവലകളും അവർ കയ്യടിക്കിയിരുന്നു... ഇവരിൽ നിന്ന്‌ ഉയർന്നുവരുന്ന നേതാക്കൾ തെരുവിനെ പ്രക്ഷുബ്ദമാക്കികൊണ്ടേയിരിക്കും... സാധാരണകാരന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടേയിരിക്കും... രാഷ്ട്രീയത്തിൽ മുഴുനീളം തുടരുന്ന ഇത്തരം കൊട്ടികലാശങ്ങൾ രാഷ്ട്രീയബോധമുള്ള നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന്‌ അകറ്റിനിർത്തുന്നു... രാഷ്ട്രീയ ജീർണ്ണതക്കെതിരെ ശബ്ദമുയർത്തിയാൽ, അവരെ അരാഷ്ട്രീയവാദികൾ എന്ന ലേബലിൽ തളച്ചിടുന്നു...

ഇതിനൊരു മാറ്റം നമ്മുക്കെന്ന്‌... ഉണ്ടാകും, ഉണ്ടാകണമല്ലോ...

പഴയ ഒരു ഓർമ്മ...

ജോർജ്‌ ബുഷും അൽ ഗോറും തമ്മിൽ നടന്ന മൽസരം കോടതിയിൽ തീർപ്പ്‌ കല്പിക്കുന്നു... കോടതിയിൽ നിന്ന്‌ ഇറങ്ങി വരുന്ന ജോർജ്‌ ബുഷ്‌ പുറത്ത്‌ കാത്ത്‌ നില്കുന്ന വളരെ ചെറിയ ഒരു കൂട്ടം അണികൾക്ക്‌ കൈ കൊടുക്കുന്നു... അവരുടെയിടയിൽ “അൽ ഗോറിന്‌” പിന്തുണയുമായി ഒരു വൃദ്ധ ഒരു ചെറിയ പ്ലക്കാർഡുമായി നിൽക്കുന്നു... വൃദ്ധയുടെ ചുമലിൽ തട്ടി ഒരു ചിരിയും നല്കി ജോർജ്‌ ബുഷ്‌ നടന്നു പോകുന്നു...

ഇങ്ങനെയൊരു അവസ്ഥ ഇന്ത്യൻ സാഹചര്യത്തിൽ, ചുരുങ്ങിയ പക്ഷം ഇന്നലത്തെ കലാശകൊട്ടിന്റെ സാഹചര്യത്തിൽ ഒന്ന്‌ സങ്കൽപ്പിച്ചു നോക്കു...

Tuesday, 8 March 2011

അനാഥമാകുന്ന മണ്ഡലങ്ങൾ...

നാമൊരാളെ അടുത്ത അഞ്ച്‌ വർഷത്തേക്ക്‌ നമ്മുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നു... അടുത്ത അഞ്ച്‌ വർഷം മണ്ഡലത്തിന്റെ പ്രതിനിധിയായി നമ്മുടെ കാര്യങ്ങൾ നിയമസഭയിലോ പാർലമെന്റിലോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലോ ഉന്നയിക്കാമെന്നും നിയമനിർമ്മാണങ്ങളിലും പങ്കാളിയാകാം എന്നുമുള്ള ഉറപ്പിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌... അതല്ലേ ജനാധിപത്യം...

ഇന്ന്‌ നടക്കുന്നതോ? തിരഞ്ഞെടുപ്പ്‌ എല്ല്ലാം കഴിഞ്ഞ്‌... ഒരാൾ ജനപ്രതിനിധിയാകുന്നു... പ്രത്യേകിച്ച്‌ കാരണം ഒന്നും ഇല്ലാതെ, രാജിവെയ്ക്കുന്നു... മണ്ഡലം അനാഥമാകുന്നു... ചുരുങ്ങിയ പക്ഷം 6 മാസമെങ്ങിലും...

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷം രാജി വെയ്ക്കുന്നവർ, ആ സഭയുടെ കാലവധിക്ക്‌ ശേഷം മാത്രമേ മറ്റൊരു തിരഞ്ഞെടുപ്പിൽ മൽസരിക്കാവു... ഒരു സുപ്രഭാതത്തിൽ രാജിവെച്ച്‌ ഒരു മണ്ഡലത്തെ അനാഥമാക്കി മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ഇന്നത്തെ നിയമം മാറ്റിയെഴുതണം... 6 മാസത്തിനുള്ളിൽ അടുത്ത തിരഞ്ഞെടുപ്പ്‌ നടത്തുമ്പോൾ... പിന്നേയും പൊതു പണം നശിപ്പിക്കുന്നു...

എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആ സ്ഥാനം രാജിവെച്ച്‌, ആ സഭയുടെ കാലാവധി തീരുന്നതിന്‌ മുൻപ്‌, പാർലമെന്റ്‌ തിരഞ്ഞെടുപ്പിലോ അതുപോലെയുള്ള ഒരു തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകുവാൻ നിയമം അനുവദിക്കരുത്‌... കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ്‌ കേരളത്തിൽ മുന്ന്‌ നിയമസഭാ മണ്ഡലങ്ങളെ അനാഥമാക്കിയത്‌...

ന്യായമായ തിരഞ്ഞെടുപ്പുകൾ മാത്രമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ... അന്യായമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നു...

Sunday, 6 March 2011

ജനവിധിയില്ലാതെ മന്ത്രിയുമാകാം...

ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം നിയമസഭയിലോ പാർലമെന്റിലോ അംഗമാകാതെ മന്ത്രിയായോ മുഖ്യമന്ത്രിയായോ പ്രധാനമന്ത്രിയായോ 6 മാസക്കാലം ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ സാധിക്കും... 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിട്ടോ രാജ്യസഭയിലൂടെയോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ മതി മന്ത്രിയായി തുടരുവാൻ... ഈ നിയമം ആർക്ക്‌ വേണ്ടി നിലനിർത്തുന്നു...

നിലവിലുള്ള അംഗങ്ങൾക്ക്‌ മാത്രമേ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി സ്ഥാനമേൽക്കാവു എന്ന നിയമം അടിയന്തിരമായി നടപ്പിലാക്കണം... തിരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ തന്നെ നമ്മളെ ആരൊക്കെ ഭരിക്കുമെന്ന്‌ നമ്മുക്കറിയണമല്ലോ... അതല്ലേ ജനാധിപത്യം... തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ്‌ ഭൂരിപക്ഷം കിട്ടിയ പാർട്ടി, അവർക്കിഷ്ടമുള്ള ഒരാളെ ഭരിക്കാൻ ഏൽപ്പിക്കുക... അത്‌ കഴിഞ്ഞ്‌ വിജയിച്ച ഒരു സ്ഥാനാർത്ഥിയെ രാജിവെയ്പ്പിച്ച്‌ അവിടെ ജനവിധി തേടുക... അപ്പോഴേക്കും ജനപ്രതിനിധിയല്ലാത്ത വ്യക്തി 6 മാസം ഭരിച്ചിരിക്കും... പാർട്ടിയാണ്‌ ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ എങ്ങിൽ പാർട്ടികളുടെ പേരിൽ മാത്രം മൽസരിച്ചാൽ മതിയല്ലോ? കിട്ടിയ വോട്ടിനനുസരിച്ച്‌ അംഗങ്ങളെ നിർദ്ദേശിക്കാമല്ലോ... പക്ഷെ നമ്മുടെ ജനാധിപത്യത്തിൽ പ്രതിനിധികളുടെ കൂട്ടം മാത്രമാണ്‌ പാർട്ടി... 

നമ്മുടെ നാട്ടിൽ ജനാധിപത്യം നിയമപരമായി തന്നെ അട്ടിമറിക്കുന്നു...

ജനവിധി ഇല്ലാത്ത വ്യക്തി 6 മാസം ഭരണം നടത്തുന്നു... ഇത്‌ ജനാധിപത്യമല്ല... നോമിനേഷനാണ്‌... പാർട്ടിയാധിപത്യമാണ്‌...

മന്ത്രിയായ വ്യക്തിക്ക്‌ വേണ്ടി രാജി വെയ്ക്കുന്നതിലൂടെ  പൊതു തിരഞ്ഞെടുപ്പിൽ കിട്ടിയ ജനവിധി അട്ടിമറിക്കുകയാണ്‌... ജനവിധി നൽകിയ ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന്‌ തുല്യമാണ്‌...  അഞ്ച്‌ വർഷത്തേക്ക്‌ നൽകിയ ജനവിധി അഞ്ച്‌ വർഷം മാനിക്കണം...

ഇടക്കാലതിരഞ്ഞെടുപ്പ്‌ നടത്തി പൊതുമുതൽ നശിപ്പിക്കുന്നു... ജനാധിപത്യത്തിൽ പൊതുതിരഞ്ഞെടുപ്പുകൾ ഒരു നിക്ഷേപമാണ്‌... പക്ഷെ ജനവിധി അട്ടിമറിച്ചുള്ള ഇടക്കാല തിരഞ്ഞെടുപ്പുകൾ ഒരു ബാധ്യതയായി അവശേഷിക്കുന്നു...

മറ്റു സംസ്ഥാനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഭൂരിഭാഗം ജനാധിപത്യവിരുദ്ധ നടപടികളും കേരളത്തിൽ നടപ്പിലാക്കാൻ പലരും ധൈര്യപ്പെടാറില്ല... അതാണ്‌ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത... പക്ഷെ ഈ രാഷ്ട്രീയകുതന്ത്രം ഇടതു വലതു മുന്നണികൾ ഇവിടേയും നടപ്പിലാക്കുന്നു...

ആന്റണിയും നായനാരും ജനവിധിയില്ലാതേയും മുഖ്യമന്ത്രിയായി നമ്മളെ ഭരിച്ചിരുന്നു എന്ന്‌ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു... മമത ബാനർജി അതിനുള്ള തയാറെടുപ്പിലുമാണ്‌...

ഇ. ബാലറാമിന്‌ നൽകിയ ജനവിധി മന്ത്രികസേരയിലൂടെ മുരളിക്ക്‌ പതിച്ചു നൽകുവാൻ കോൺഗ്രസ്സ്‌ തുനിഞ്ഞപ്പോൾ ചുട്ട മറുപടി നൽകി മുരളിയെ തോൽപ്പിച്ച വടക്കാഞ്ചേരിയിലെ ജനങ്ങളെ കാക്കര അഭിനന്ദിക്കുന്നു... ഇതൊരു പാഠമാകട്ടെ...

Sunday, 30 January 2011

റൗഫേ... നീയാടാ പുലി...

റൗഫേ... നീയാടാ പുലി... പുലിക്കുട്ടിയെ കെണിയിൽ വീഴ്ത്തിയ ചാവേർ പുലി, കൂടെ കുറെ ചാവാലി പട്ടികളേയും...

ഉമ്മൻചാണ്ടി പറഞ്ഞതാണ്‌ അതിന്റെയൊരു ശരി... പുതിയതായി ഒന്നുമില്ല... വാർത്താസമ്മേളനത്തിലൂടെയും ചാനലിലുടേയും മറ്റും പുറത്തുവരുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിനും ചെന്നിത്തലക്കും വയലാർ രവിക്കും അറിയാമായിരുന്നു... അതുകൊണ്ടാണല്ലോ, അവർ പറഞ്ഞത്‌, പുതിയതായി ഒന്നുമില്ല... ഇതൊക്കെതന്നെയാണ്‌ അണിയറയിൽ നടക്കുന്നത്‌... പാവം അണികൾ... ഒന്നും മനസ്സിലാകാതെ... പാർട്ടിക്കൊടി എയർപ്പോർട്ടിന്‌ മുകളിലും കെട്ടി ശൗര്യം കാണിക്കുന്നു...

കുഞ്ഞാലിക്കുട്ടി ഒരു മുഴം മുന്നേ ജാമ്യം എടുത്തു... റൗഫിന്റെ ട്രാക്‌ റെകോർഡ്‌ അത്ര പന്തിയുള്ളതല്ല... എന്നുവെച്ച്‌ വിശ്വാസിക്കാതിരിക്കാൻ കാരണം ഒന്നുമില്ല... രാഷ്ട്രീയകളികൾ ഉണ്ട്‌... ഉണ്ടാകണമല്ലോ... എന്നാലല്ലേ, അണിയറയിൽ നടന്ന കൂട്ടികൊടുപ്പുകൾ, നാലാൾ അറിയുകയുള്ളു... സംഭാവന കൂടുന്നതിനനുസരിച്ച്‌ കളികൾ ഗമ്പീരമാകും എന്ന്‌ വിളിച്ചു പറയുന്ന സൈക്കിൾ ചവിട്ട്‌ സംഘത്തെയാണ്‌ ഓർമ വരുന്നത്‌... "വലിയ കളികൾ" കാണാൻ പലരും അവരുടേതായ "സംഭാവന" നൽകും...
 
നിയമസഭാസാമാജികർ മദ്യപിച്ച്‌ നിയമസഭയിൽ വരുന്നു എന്ന ശ്രീമതി ടീച്ചറുടെ അഭിപ്രായം കക്ഷിരാഷ്ട്രീയഭേദമെന്യെ സ്പീക്കർ മുതൽ പ്രതിപക്ഷനേതാവ്‌ വരെ എല്ലാവരും കൂടി തല്ലിക്കെടുത്തി... അതെ മനോഭാവം പുലർത്തുന്ന നിയമസഭാകമ്മിറ്റി അതിനേക്കാൾ മാരകമായ, അതും ഇടതും വലതും വേരുകൾ ആഴ്ത്തിയിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെ സത്യസന്ധമായി എങ്ങനെ ഒരു അന്വേഷണം നടത്തും... മീനാക്ഷിതമ്പാൻ വെടിപൊട്ടിച്ച്‌ കഴിഞ്ഞിരിക്കുന്നു...

എന്തായാലും ബുജികൾ കുഞ്ഞാലിക്കുട്ടിയെ ക്രൂശിക്കാൻ മുൻകൈ എടുക്കില്ല... അവർ അങ്ങനെയാ... പാപത്തിന്റെ അളവ്‌ പ്രശ്നമാക്കുകയില്ല... നീതിമാന്മാരാണ്‌... മദനിയെ പഴയകാല ചെയ്തികളുടെ പേരിൽ ഇപ്പോഴും വേട്ടയാടുന്നതിൽ മദനിക്ക്‌പോലും ഇത്രയും അസഹിഷ്ണത ഉണ്ടാവുകയില്ല... മാത്രമല്ല മദനിയെപോലെ തന്നെ കുഞ്ഞാലിക്കുട്ടിയും "ചെയ്ത പാപങ്ങൾ" ഏറ്റുപറഞ്ഞു... പാശ്ചാതപിച്ചു... പുതിയ മനുഷ്യനായി... തെളിവില്ലാത്തതിനാൽ രണ്ടുപേരേയും കോടതികൾ വെറുതെ വിട്ടു... ശിക്ഷ രണ്ടുപേരും ഏറ്റുവാങ്ങി... ഒരാൾ നിയമത്തിന്റെ കോടതിയിലും മറ്റൊരാൾ ജനത്തിന്റെ കോടതിയിലും...

അഞ്ച്‌ വർഷം മുൻപ്‌ പിണറായി സഖാവ്‌ നടത്തിയ യാത്രപോലെയായി... ഉമ്മൻചാണ്ടിയുടെ കാര്യം... വലിയ യാത്രയൊന്നും നടത്താതെ കാര്യം സാധിക്കമായിരുന്നു... ഇനിയിപ്പോൾ ന്യുമോനിയ ഒക്കെ മാറി യാത്ര തുടർന്നാലും... ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞ്‌ ഒന്ന്‌ വലയും...

ഈ കോലാഹലങ്ങളുടെ ഒരു ഗുണം, വി.എസ്സ്‌ പറഞ്ഞത്‌ പോലെ രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത്‌ വരുന്നു... മലബാർ സിമന്റ്സ്‌ അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും... ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു... ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു... രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്‌, കൂട്ടികൊടുപ്പുകൾ... ഇതല്ലേ മാഫിയ... സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...


ഇതിൽ നിന്ന്‌ നാം വല്ലതും പഠിച്ചാൽ, നമുക്ക്‌ നല്ലത്‌...

വാൽകഷ്ണം... രക്തം രക്തത്തെ തിരിച്ചറിയും എന്ന്‌ പറയുന്നത്‌ എത്ര ശരി... അതല്ലേ ഇടത്ത്‌ നിന്ന്‌ ശശിയണ്ണൻ വലത്തിരിക്കുന്ന കുഞ്ഞാലിക്കൊരു സഹായഹസ്തം നായന്നാരുടേ മേശയുടെ അടിയിലൂടെ നീട്ടിയത്‌...

Wednesday, 1 December 2010

കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട്‌ കേറാൻ പോയതായിരിക്കും...

ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...

ങാ... പ്രോഗ്രസ്സ്‌ കാർഡൊക്കെ കിട്ടിയെന്ന്‌ കേട്ടു... നിനക്കെത്രയാടാ മാർക്ക്‌?

അയ്യപ്പന്‌ 14... എനിക്ക്‌ 15...

എടാ, നീ... നിന്റെ മാർക്ക്‌ മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക്‌ വേണ്ടേ...

ങും... പക്ഷേല്‌... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന്‌ പുറത്ത്‌ നിന്നായിരുന്നു...

എന്നാലും നിനക്ക്‌ ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...

ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്‌... പിന്നെ... എനിക്ക്‌ പുരോഗതിയുണ്ട്‌... കഴിഞ്ഞ പരീക്ഷക്ക്‌ എനിക്ക്‌ 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക്‌ കൂടിയിട്ടുണ്ട്‌...

ഇങ്ങ്‌ നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക്‌ ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക്‌ ഒരു മാർക്ക്‌ പോലും കൂടുതലില്ല... വെറും 30 മാർക്ക്‌ തന്നെ...

എടീ... 30 മാർക്കെന്ന്‌ വെച്ചാൽ...

പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്‌... പിന്നെ ഇത്‌ വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...

നിങ്ങൾ കാക്കരയുടെ നെടുവീർപ്പ്‌ കേൾക്കുന്നില്ലെ...

ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

Sunday, 17 October 2010

ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറിനും...

ദൈവം ആത്മീയതയുടെയും സീസ്സർ ഭൗതീകതയുടെയും പ്രതീകമാണ്‌... മറ്റൊരു തരത്തിൽ പറഞ്ഞാൽ മതത്തിന്റേയും സ്റ്റേറ്റിന്റേയും പ്രതീകങ്ങൾ.... 2000 വർഷം മുൻപുതന്നെ സമൂഹത്തിൽ മതത്തിന്റേയും സ്റ്റേറ്റിന്റെയും സ്ഥാനം വ്യക്‌തമായി യേശു നിർവചിച്ചിട്ടുണ്ട്‌... ദൈവത്തിനുള്ളത്‌ “മാത്രം” ദൈവത്തിന്‌! സ്റ്റേറ്റിനുള്ളത്‌ സ്റ്റേറ്റിന്‌! വ്യക്‌തമായ വേർതിരിവ്‌...

മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്‌ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത്‌ നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്‌... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ്‌ ദേവാലയം എന്ന്‌ വിളിക്കുന്നത്‌... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്‌...

ആരാധനസമയങ്ങളിൽ ഒരു മതവും യാതൊരുവിധ ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നില്ല... പുരോഹിതൻ ഏകാധിപതിയാണ്‌... കേൾവിക്കാർക്ക്‌ അഭിപ്രായസ്വാതന്ത്ര്യമില്ല... ഇത്തരം ഒരു അവസ്ഥയിൽ ജനാധിപത്യത്തെ കുറിച്ച്‌ എന്തിന്‌ ചർച്ച ചെയ്യണം... ആരാധനലായം ദൈവത്തിനുള്ളതാണ്‌... അവിടെ സീസ്സറിനെ പ്രതിഷ്ഠിക്കരുത്...

രാഷ്ട്രനിർമ്മാണത്തിൽ അവകാശമുള്ള ഓരോ പൗരനും, അത്‌ മെത്രാനൊ അല്ലെങ്ങിൽ വിശ്വാസികളുടെ കൂട്ടമൊ ഇറക്കുന്ന “രാഷ്ട്രീയ ഇടയലേഖനവും പ്രസ്താവനകളും” പള്ളികമ്മിറ്റികൾ വിളിച്ചുകൂട്ടി വൈദീകനൊ പള്ളികമ്മിറ്റി സെക്രട്ടറിയോ വായിക്കുന്നതിനെ കാക്കര എതിർക്കുകയും ചെയ്യില്ല... പാർട്ടി സർക്കുലറിലൂടെ പാർട്ടി നിലപാടുകൾ അറിയിക്കുന്നതിന്‌ തുല്യമാണ്‌... അത്‌ ജനാധിപത്യപരവുമാണ്‌...

സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന്‌ ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത്‌ മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക്‌ ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട്‌ ആര്‌ ഭരിക്കണമെന്ന്‌ ആരാധനാലയത്തിന്‌ പുറത്തിരുന്ന്‌ ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...

മെത്രാൻ രാഷ്ട്രീയത്തിറങ്ങുമ്പോൾ, ളോഹയിട്ടുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിടപ്പെടാം... പക്ഷെ കൃസ്ത്യൻ രാഷ്ട്രീയം വേണ്ട, മുസ്ലീം രാഷ്ട്രീയം വേണ്ട, ഹിന്ദു രാഷ്ട്രീയവും പടിക്ക്‌ പുറത്ത്‌... നമുക്ക്‌ വേണ്ടത്‌ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത്‌ മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...

Thursday, 5 August 2010

ഓണവും സംസ്കാരവും...

മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തിന്‌ കാക്കരയെ അവരുടെ വീടുകളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്... കാക്കരയുടെ വീട്ടിലെ ഓണത്തിന്‌ അവരും വരും!!!


മാവേലി നാട്‌ വാണിടും കാലം...
മാനുഷ്യരെല്ലാവരും ഒന്നുപോലെ...
കളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം...

ഇതിൽപരം വേറൊരു കാരണം വേണോ? ഓണം ആഘോഷിക്കുവാൻ...

വീടിന്‌ മുൻപിൽ പൂക്കളം ഇട്ടതും പൂക്കളമത്സരങ്ങളിൽ പങ്കെടുത്തതും സമ്മാനങ്ങൾ കിട്ടിയതും കിട്ടാത്തതും എല്ലാം ഇന്നലെയുടെ ഓർമകളിൽ... കൈകൊട്ടി കളിയും വടം വലി മൽസരം കാണുവാൻ തൊട്ടടുത്ത ഗ്രാമത്തിൽ പോയതും ഒന്നും മറന്നിട്ടില്ല... റിയാലിറ്റി ഷോകൾ രംഗം കയ്യടക്കുമ്പോൾ ഓണത്തിനും മാറ്റം സംഭവിച്ചു... സംഭവിക്കണം, അത്‌ പ്രകൃതി നിയമം... അതുമാത്രമെ മലയാളിക്കും സംഭവിച്ചുള്ളു... പൈതൃകമൊക്കെ തല്ലിക്കെടുത്തി മലയാളി ചൊവ്വയിലെത്തിയെന്നൊക്കെ ചില സാംസ്കാരിക ബുജികൾ പറയുന്നത്‌ കാര്യമാക്കേണ്ട... സാംസ്കാരിക തലത്തിലെ മാറ്റങ്ങൾ ആഗോളപ്രതിഭാസമാണ്‌... (ഒരു ബന്ദ്‌ ആകാമല്ലേ?)

എനിക്ക്‌ ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക്‌ വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനൽകുവാനായി ലോകത്തിന്റെ ഏത്‌ മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത്‌ കളഭം തൊട്ട്‌ വാഴയിലയിൽ വിളമ്പിയ സദ്യയും കഴിച്ച്‌ പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ പൂക്കളും ചേർത്ത്‌ ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച്‌ ഫോട്ടോസ്സും... മേമ്പൊടിയായി സുഹ്രുത്തുക്കളേയും വീട്ടുകാരേയും ഫോണിലൂടെയും ഈമെയിലുടെയും ഓണാശംസകൾ നേരും... ഇപ്രാവശ്യം ബ്ലോഗിലൂടേയും “ഓണണം”...

ഇതുതന്നെയല്ലേ ഓണാഘോഷം... കാളവണ്ടിയിൽ യാത്ര ചെയ്ത്‌ കോണകമുടുത്താലെ മലയാളിത്വം വരുകയുള്ളു എന്നൊന്നും കാക്കരയ്ക്കില്ല... ഇപ്പോഴൊക്കെ റെഡിമെഡ്‌ ഓണമല്ലേ? അതെ ഓണത്തിന്‌ മാറ്റം വന്നു... എന്റെ ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നില്ല ഓണം... എന്ത്‌ രസമായിരുനു, തൊടിയിലെ കളിയും തുമ്പപ്പു പറിക്കലും ഊഞ്ഞാലാട്ടവും... വർണ്ണിച്ചാൽ തീരില്ല... ഇന്നത്തെ കൂട്ടികൾക്ക്‌ ഇതിനൊക്കെ എവിടെ നേരം!!! ഇപ്പറഞ്ഞവർ ഇപ്പോഴത്തെ മുത്തച്ചന്റേയും മുത്തശ്ശിയുടേയും ഓണം ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല... അവർക്ക്‌ “ഓണമുണ്ടായിരുന്നുവെങ്ങിലല്ലേ” ഓർക്കേണ്ടതുള്ളു! തമ്പ്രാന്റെ വീട്ടുപടിക്കൽ ഓണക്കോടിക്കായി കാവൽ... പിന്നെ പട്ടിണിയും... ഓണം നിശ്ചലമല്ല... മാറിക്കൊണ്ടിരിക്കും... ഇന്നത്തെ രീതിയിൽ ഇന്നത്തെ ഓണം ആഘോഷിക്കുക, ഹല്ല പിന്നെ...

ഓഫ്...

ഇപ്രാവശ്യത്തെ ഓണം ചാലക്കുടിക്കാർക്കൊപ്പം... (ടി.വി ക്കാരുടെ പരസ്യംപോലെ വായിക്കുക)

Tuesday, 3 August 2010

മരണവും മലയാളി ആഘോഷിക്കുമൊ?

മലയാളമനോരമയുടെ മുഖ്യപത്രാധിപർ ശ്രി കെ.എം. മാത്യുവിന്റെ പത്രപ്രവർത്തന ശൈലിയോടും അതിനുമുകളിൽ അദ്ദേഹം നയിക്കുന്ന മനോരമയുടെ അപ്രഖ്യാപിത കമ്യുണിസ്റ്റ് വിരുദ്ധതയിലും അസഹിഷ്ണതയുള്ള മലയാളി സുഹ്രുത്തുക്കൾ അദ്ദേഹത്തിന്റെ മരണം തെറിയഭിക്ഷേകം നടത്തി ആഘോഷിക്കുന്ന രീതിയിലേക്ക്‌ മാറിയത്‌ കാക്കര അല്പം വേദനയോടെ നോക്കികാണുന്നു... മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു... വിയോജിപ്പുള്ളവരെ കപടദുഃഖം രേഖപ്പെടുത്തി മഹത്വവൽക്കരിക്കണമെന്ന് ഇതിനർത്ഥമില്ല പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

മരണം ഒരു പ്രകൃതി നിയമമാണ്‌, ആത്മാവിന്‌ (ഉണ്ടൊ?) എന്ത്‌ സംഭവിക്കും എന്നതിന്‌ തർക്കമുണ്ടാകാം പക്ഷെ ദേഹം ഭൂമിക്ക്‌ അവകാശപ്പെട്ടതാണ്‌... ദേഹം ഭൂമിയിലേക്ക്‌ എടുക്കുന്നതിന്‌ മുൻപ്‌ തന്നെ അദ്ദേഹത്തിനെതിരെ സഭ്യേതര ഭാഷയിൽ വിമർശനങ്ങളും പരിഹാസങ്ങളും ബ്ലോഗിലും ബസ്സിലും ദൃശ്യ മാധ്യമങ്ങളിലും നടത്തിയവർ ഏത്‌ സംസ്കാരമാണ്‌ ഉയർത്തിപിടിച്ചത്‌... ബുദ്ധവിഹാരങ്ങൾ തകർത്ത താലിബാന്റേയോ? തകർക്കപ്പെടുന്നതിനേക്കാൾ തകർക്കുന്നവരുടെ സംസ്കാരമാണ്‌ തകരുന്നത്‌... മലയാളിയുടെ സംസ്കാരം!!!

മനോരമയുടെ വാർത്തകളിലൂടെ വേദനിച്ച ഒരുപാട്‌ വ്യക്തികളും സമൂഹവും ഒരു പക്ഷെ കേരളം തന്നെ ഇരയായിട്ടുണ്ടാകാം... ഒരു പക്ഷെ അശ്രദ്ധയാകാം... കിടമൽസരമാകാം... കുതികാൽവെട്ടലാകാം... രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന കമ്യുണിസ്റ്റ് വിരുദ്ധതയാകാം... രക്തത്തേക്കാൾ വില സമ്പത്തിന്‌ നൽകിയതാകാം... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്കവിധത്തിലുള്ള ഒരു പ്രവർത്തനവും താങ്ങൾ നടത്തിയിട്ടില്ല... താങ്ങൾ മനോരമയിൽ കാൽ കുത്തുന്നതിന്‌ മുൻപും പിൻപും മനോരമയുടെ ശൈലിയും നിലപാടുകളും തമ്മിൽ വലിയ വിത്യാസമുണ്ടായിട്ടുണ്ടോ? ഇന്ന്‌ താങ്ങളെ വിമർശിക്കുന്നവർ ഇന്നലേയും മനോരമയെ വിമർശിച്ചിരുന്നു നാളേയും വിമർശിക്കും... താങ്ങളോ മനോരമയോ വിമർശനത്തിന്‌ അതീതരല്ല... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്ക വിധത്തിൽ ഒരു ഭയവും അല്ലെങ്ങിൽ ഒരു ഭീകരാവസ്ഥയും താങ്ങളോ മനോരമയോ മലയാളി സമൂഹത്തിൽ ഉണ്ടാക്കിയിട്ടില്ല... അതിനുള്ള ശക്തി താങ്ങൾക്കില്ല, ശ്രമിച്ചുവെന്ന്‌ അർത്ഥവുമില്ല... അത്തരം ഹീനപ്രവർത്തികളുണ്ടായാൽ അതിനെ മറികടക്കുവാൻ തക്ക ശക്തിയുള്ള മാതൃഭൂമിയും ദേശാഭിമാനിയും കേരളകൗമുദിയും മാധ്യമവും ഏഷ്യാനെറ്റും കൈരളിയും ഇന്ത്യവിഷനുമുണ്ട്... പോസ്റ്റും കമന്റുകളുമായും ബ്ലോഗ്ഗേർസും... അതിനാൽ തന്നെ ജീവൻ വെടിഞ്ഞ്‌ ശരീരത്തിന്റെ ചൂട്‌ ആറുന്നതിന്‌ മുൻപ്‌ അസഭ്യം ചൊരിഞ്ഞ്‌ ഭീരുത്വം കാണിക്കേണ്ട ഒരു ഗതികേട്‌ മലയാളിക്കില്ല...

മാധ്യമങ്ങളുടെ നിഷ്പക്ഷത... അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല...

മലയാളിയെന്ന സ്വത്വബോധം ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ടാണോയെന്നറിയില്ല ഒരു മലയാളിയുടെ വിജയത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ വേദനിക്കുകയും ചെയ്യാറുണ്ട്... കെ.എം. മാത്യുവിനോടുള്ള എല്ലാ വിരുദ്ധ അഭിപ്രായങ്ങളും നിലനിറുത്തികൊണ്ട് തന്നെ “ഭീരുക്കളെപോലെ തങ്ങളുടെ ശരീരത്തെ അപമാനിച്ച” എന്റെ മലയാളി സുഹ്രുത്തുക്കൾക്ക്‌ വേണ്ടി കാക്കര മാപ്പ്‌ ചോദിക്കുന്നു...

വാൽകക്ഷണം...

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...

Monday, 26 July 2010

നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...

കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ വസ്തുതപരമായും ജനാധിപത്യപരമായും നിയമപരമായും നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഉയർന്ന രാഷ്ട്രബോധമുള്ള പൗരന്മാരെ അരാഷ്ട്രീയക്കാർ എന്ന്‌ നാമകരണം ചെയ്യുന്നത്‌ വ്യക്‌തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌...

ഇന്ത്യയിൽ പാർലമെന്റ് രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌; എങ്കിൽ പിന്നെ കോളേജിൽ പാർലമെന്റ് രീതിയിൽ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി എന്ന്‌ “പള്ളിലച്ചൻ” പറഞ്ഞാൽ, ഉടൻ വരുന്നു “രാഷ്ട്രിയവാദിക്കാർ”, എന്നാ പരിപാടിയാ ഇത്‌? ഇത്‌ കേരളമാണ്‌... പള്ളിലച്ചൻ പള്ളികാര്യം നോക്കിയാൽ മതി... അരാഷ്ട്രീയവാദം വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയുന്ന കോളേജുകളിൽ മാത്രമാണ്‌ റാഗിംഗ്‌ നടക്കുന്നത്‌!. കോളേജുകളിലെ പുരോഹിതരുടെ പീഢണംപോലും കുട്ടിരാഷ്ട്രീയക്കാരാണ്‌ തടഞ്ഞുനിറുത്തുന്നത്‌. എസ്.എഫ്.ഐ. യുടേയും കെ.എസ്.യു വിന്റെയും കൊടികൾ പാറികളിക്കുന്നത്‌ കണ്ടിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കൾ മനസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ പറഞ്ഞുവിടുന്നത്‌. ഇതൊന്നുമറിയാത്ത പള്ളിലച്ചന്മാർ ളോഹയിട്ട്‌ കുരിശ്ശും തൂക്കി രാഷ്ട്രീയം നിരോധിച്ചാൽ അവിടെ വർഗീയവാദികൾ തലപൊക്കും, സാമ്രാജത്വ ഭീകരന്മാർ കടന്നുകയറും, എന്തിന്‌ പാകിസ്താൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറും... ഇതൊക്കെ തടയുന്ന S.F.I-K.S.U സഖ്യം സിന്ദബാദ്‌...

വഴിനടക്കാരെ നടപാതയിലൂടെ നടക്കുവാൻ അനുവദിക്കാതെ ആ സ്ഥലം കയ്യേറി സമരവും പൊതുയോഗവും പാർട്ടിയോഗവും നടത്തുമ്പോൾ വഴിനടക്കുവാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും അരാഷ്ട്രീയതയുടെ കടന്നുകയറ്റമായി “കക്ഷിരാഷ്ട്രീയക്കാർ” ചാപ്പക്കുത്തും... ദലിതർ വഴിനടക്കുവാൻ അനുവാദം തേടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... കോടതി വിധിയെ മറികടക്കുവാൻ അപ്പീൽ നൽകണമെന്ന്‌ അഭിപ്രായപ്പെട്ടവരെ അരാഷ്ട്രീയക്കാരായി മുദ്രകുത്തുകയും “ശുംഭൻ” പ്രയോഗത്തിന്‌ മാന്യത കൽപ്പിക്കുകയും ചെയ്യുന്നു... ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുമ്പോൾ സർക്കാരിന്‌ വികാരംകൊണ്ട് മാത്രം ഭരണയന്ത്രം തിരിക്കുവാൻ സാധിക്കുകയില്ലല്ലോ? സർക്കാർ നിയമവ്യവസ്ഥയെ പിൻതുടർന്നത്‌ മലയാളിയുടെ ഭാഗ്യം...

ഇത്തിരി പഴയ ചിന്ത, 1987...

ഇംഗ്ളീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുന്ന കാലം. അമ്മഭാഷയെ ചവിറ്റുകൊട്ടയിൽ തള്ളുന്നതിനെതിരെ എസ്.എഫ്.ഐ യുടെ പഠിപ്പുമുടക്ക്‌ സമരം. അതിസമ്പന്നരുടെ മക്കൾ സായിപ്പിന്റെ ഭാഷ പഠിക്കുന്നതിനെതിരെ പാവങ്ങളുടെ മക്കൽ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ മാത്രം സമരം... ഇംഗ്ലീഷ്‌ മീഡിയമാണ്‌ പ്രശ്നമെങ്ങിൽ, അത്തരം “അപരിഷ്കൃതഭാഷയിൽ” പഠിപ്പിക്കുന്ന വിദ്യാലയങ്ങളല്ലെ സമരം ചെയ്ത് അടപ്പിക്കേണ്ടത്. മലയാളം മാധ്യമത്തിൽ ശരിയായ വിദ്യഭ്യാസം നടക്കുന്ന വിദ്യാലയങ്ങളിൽ സമരം കൊണ്ടാടുന്നതിലെ സാംഗത്യം ചോദ്യം ചെയ്താൽ... പിന്നേയും വന്നു അരാഷ്ട്രീയവാദം.

സത്യൻ അന്തിക്കാട്‌ (നല്ല കള്ള്‌ കിട്ടുന്ന സ്ഥലമാണ്‌) “സ്വത്വകക്ഷിരാഷ്ട്രീയം” അക്ഷേപഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത ഒരു സിനിമയാണ്‌ സന്ദേശം... പതിട്ടാണ്ടുകൾ പിന്നിട്ടിട്ടും അതിലെ “സന്ദേശം” രാഷ്ട്രീയതയാണോ, അരാഷ്ട്രീയതയാണോ സ്വത്വകക്ഷിരാഷ്ട്രിയമാണോ എന്ന്‌ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്ങിൽ ആ സിനിമ സാമ്പത്തികമായി മാത്രമല്ല സന്ദേശപരമായും മലയാളമനസ്സുകളിൽ ഇടം നേടിയെന്നതിന്‌ തർക്കമില്ല... ഒരു രാഷ്ട്രീയ സിനിമയെ അരാഷ്ട്രീയമായി മുദ്രകുത്തുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുകയുമില്ല. കേരളത്തിൽ നിലനിൽക്കുന്ന സ്വത്വകക്ഷിരാഷ്ട്രീയത്തെ തൊലിയുരിച്ച്കാണിക്കുന്നു എന്ന കാരണത്താൽ ആ സിനിമ അരാഷ്ട്രീയമാണ്‌ എന്ന്‌ പറയുന്നതിൽ എന്ത്‌ കഴമ്പുണ്ട്... പക്ഷെ സത്യസന്ധമായി ജോലി ചെയ്യുന്ന കൃഷി ആപ്പിസ്സറെ വരച്ചു കാണിച്ചതും സ്ത്രി തന്നെ ധനമായി സ്ത്രീധനമില്ലാതെ വിഹാഹം കഴിച്ചതും ശിഷ്ടകാലം നാട്ടിൽ കൃഷി ചെയ്ത്‌ ജീവിക്കാമെന്ന്‌ ചിന്തിക്കുന്ന തിലകനും നല്ല ചിന്തയാണ്‌ നല്കുന്നത്‌... നല്ല വിദ്യഭ്യാസം നേടിയ ജയറാമും ശ്രീനിവാസനും “ഒരു തൊഴിലും ചെയ്യാതെ” ഏറ്റവും താഴെ തട്ടിൽ കക്ഷിരാഷ്ട്രീയം കളിച്ചവർ സിനിമാന്ത്യത്തിൽ തൊഴിൽ ചെയ്യുവാൻ തീരുമാനിക്കുന്നു... തൊഴിൽ ചെയ്യുന്നതും അരാഷ്ട്രീയമാണോ? അതിനിടയിൽ കുട്ടിരാഷ്ട്രീയക്കാരനായി വളരുന്ന അനിയന്റെ കയ്യിൽ നിന്ന്‌ കൊടിയും വാങ്ങി വലിച്ചെറിയുന്നു... ആ കൊടിയുടെ ലക്ഷ്യവും രാഷ്ട്രബോധമായിരുന്നില്ല. ഇത്‌ തന്നെയല്ലേ രാഷ്ട്രീയം, ശരിയായ രാഷ്ട്രബോധം... ഈ സിനിമയിൽ ചർച്ച ചെയ്യുന്ന ഓരോ ഭാഗവും കേരളസമൂഹത്തിന്റെ പരിച്ചേദം തന്നെയാണ്‌... സിനിമ കാണുമ്പോൾ ഈ കഥാപാത്രാം ഞാൻ തന്നെയല്ലേ, വീടിനടുത്തുള്ള കുമാരനല്ലേ അല്ലെങ്ങിൽ എന്റെ പാർട്ടിയെ ശരിക്കും കുടഞ്ഞല്ലോ എന്നൊക്കെ തോന്നിയാൽ... അത്‌ തന്നെയാണ്‌ സിനിമയുടെ ലക്ഷ്യവും... കല സമൂഹത്തിനുവേണ്ടി...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ കാക്കരയും നിങ്ങളും രാഷ്ട്രീയക്കാരാണ്‌... ജനാധിപത്യവ്യവസ്ഥയിൽ കക്ഷിരാഷ്ട്രിയമുണ്ടാകും, ഉണ്ടാകണം. പക്ഷെ സ്വത്വകക്ഷിരാഷ്ട്രീയം അതിരു വിടരുത്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്തത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”...

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...

ഓഫ്...

കക്ഷിരാഷ്ട്രീയം പടർന്ന്‌ പന്തലിച്ച കണ്ണൂരിൽ കല്യാണറാഗിഗ്, ബലേ ഭേഷ്‌...

Sunday, 18 July 2010

മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...

മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത്‌ നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ്‌ നമ്മുടെ കുട്ടികൾക്ക്‌ നൽകേണ്ടത്‌... പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സുഗമമായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന മാതൃഭാഷയിലാണ്‌ നമ്മുടെ വിദ്യഭ്യാസരീതിയെങ്ങിൽ, അഭിരുചി വികസനത്തിനും ആഴത്തിലുള്ള പഠനത്തിനും സഹായിക്കും... കുട്ടികളേയുംകൊണ്ട് ശാസ്ത്രവിഷയങ്ങളിലൂടെ ഊളിയിട്ട്‌ യാത്രചെയ്യുവാൻ പ്രാവീണ്യമുള്ള ഒരു അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഭാഷയിൽ പ്രാവിണ്യമില്ലെങ്ങിൽ തഥൈവ! വിദ്യാർത്ഥികൾക്ക്‌ ഭാഷയിൽ പ്രാവീണ്യമില്ലെങ്ങിൽ വിഷയം ഗ്രഹിക്കുന്നതിന്‌ അത്‌ ഒരു പരിമിതിയാവില്ലേ? അതിനാൽ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്‌ തന്നെയാണ്‌ കാക്കരയുടെ മുൻഗണന...

ഇങ്ങനെയൊക്കെയാണെങ്ങിലും മലയാളമീഡിയത്തെ മൊഴിചൊല്ലി ഇംഗ്ലീഷ് മീഡിയത്തെ വേൾക്കുന്നവരെ കാക്കര നിരുൽസാഹപ്പെടുത്തുകയില്ല... കാരണം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചവരുടെ വാക്കുകൾക്ക്‌ വില കൽപ്പിക്കണമല്ലോ? കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ഇംഗ്ലീഷ്മീഡിയത്തിന്‌ കരുത്തു നൽകുന്നു... പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട്‌ അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... അതാണ്‌ കേരളം....

കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട്‌ ജീവിച്ചാൽ മതി... മൂന്ന്‌ നേരത്തെ അന്നത്തിന്‌ ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന്‌ ജീവിച്ച്‌ പഠിക്കട്ടെ... അദ്ധ്യാപകർക്ക്‌ മുടക്കമില്ലാതെ ശബളവും കിട്ടട്ടെ...

അടുത്ത കഥ ആരംഭിക്കുന്നത്‌ മലയാള മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത്‌? അങ്ങനെയൊരു സംശയത്തിന്റെ ആവശ്യം തന്നെയില്ല... മലയാളം മീഡിയം തന്നെ (ഇന്നത്തെ രീതി?)... പക്ഷെ കൂണ്‌ പോലെ ഇംഗ്ലീഷ് മീഡിയം തഴച്ചു വളരുന്നു മലയാള നാട്ടിൽ... മലയാളമാധ്യമ വിദ്യാലയത്തിൽ ഒരു ഡിവിഷൻ സായിപ്പിന്റെ ഭാഷയിൽ വിദ്യ പകർന്നുനൽകുന്നു... മലയാളമാധ്യമത്തിൽ പഠിപ്പിക്കുന്നവരിൽ കൂടുതലും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു...

എന്തുകൊണ്ട്‌ മലയാളികൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... എല്ലാത്തിനും ഒറ്റ ഉത്തരം - പൊങ്കച്ചം!!! ഇനിയും കാരണം വേണോ? എങ്ങിൽ സായിപ്പിനോടുള്ള അടിമത്വം... മണ്ണാങ്കട്ട... ജയറാം രമേഷിന്റെ “ഔദാര്യത്താൽ” ചാലക്കുടി പുഴ പിന്നേയും ഒഴുകി... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൾ പിന്തള്ളപ്പെടുന്നത്‌ കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ? ഇല്ലെങ്ങിൽ ഇംഗ്ലീഷ്‌ മീഡിയത്തിൽ പോകുന്നവരെ പരിഹസിക്കരുത്...

കഴിഞ്ഞയാഴ്ച്ചയിൽ ഒരു പഞ്ചായത്ത്‌ അധീനതയിലുള്ള വിദ്യാലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച്‌ ഗ്രാമസഭ കൂടി!!! ഇവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾ പഠിച്ചിട്ടെന്ത് കാര്യം!!! 1987 -ൽ ഇംഗ്ലീഷ് മീഡിയത്തിനെതിരെയുള്ള സമരം നടന്ന കാലം ഓർമ്മയുണ്ടല്ലോ? പണക്കാർ പഠിച്ചിരുന്ന ഇംഗ്ലീഷ്മീഡിയം സുഗമമായി നടന്നപ്പോൾ “ഒരു തെറ്റും” ചെയ്യാത്ത പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ സമരാഭാസം... ഇതിന്റെ പിന്നാലെ 10 ദിവസം നീളുന്ന അദ്ധ്യാപക സമരവും... ഇതും ഇംഗ്ലീഷ് മീഡിയത്തെ ബാധിച്ചില്ല... ഇതിന്‌ പുറമെ അദ്ധ്യാപകർക്ക്‌ നൽകുന്ന വിദ്യഭ്യാസേതര ജോലികൾ... ഇംഗ്ലീഷ് മീഡിയത്തിൽ ഈവക പൊല്ലാപ്പുകളൊന്നുമില്ല!

ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചവർ പത്താംക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ്‌ സംസാരിക്കുന്നില്ല എന്ന ആരോപണം ഒരു പരിധി വരെ ശരി തന്നെയാണ്‌... അവരും സിലബസ്സിൽ നിന്നുകൊണ്ടാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌... അതേ കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ വായിച്ച് കാര്യം ഗ്രഹിച്ച്‌ ഉത്തരം എഴുതുവാൻ സാധിക്കുന്നു! മറിച്ച് മലയാള മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോ? നമ്മുടെ ഏത്‌ സിലബസ്സാണ്‌ സംസാരം ഒരു പരീക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്‌? ഭാഷാപഠനം എന്നാൽ വായനയും എഴുതും സംസാരവും പഠിക്കലാണ്‌, അതുപോലും മനസ്സിലാകാതെ ഏതെങ്ങിലും ഒരു വിഖ്യാത എഴുത്തുകാരന്റെ ലേഖനമൊ അല്ലെങ്ങിൽ ഒരു മഹത്‌ വ്യക്തിയുടെ ജീവചരിത്രത്തിൽ നിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്തോ പഠിപ്പിക്കുന്നു... ഫലമോ കുട്ടികൾ എഴുത്തുകാരനെ പറ്റി പഠിക്കുകയും ഭാഷ പഠിക്കാതെയിരിക്കുകയും ചെയ്യുന്നു... വ്യാകരണം പഠിച്ചിട്ട്‌ വാചകങ്ങളിൽ എഴുതുവാൻ ശീലിച്ചില്ലെങ്ങിൽ അതും വിസ്മൃതിയിൽ...

മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത്‌ എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു... തിരിച്ചറിവ്‌ കൊണ്ടാണ്‌, കൂട്ടത്തിൽ കുറച്ച്‌ ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ... കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട്‌ ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു...

വീണ്ടും ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌... വെറും പൊങ്കച്ചത്തിന്‌ വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്‌... സ്വന്തം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചിട്ട്‌ തന്നെയാണ്‌... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ്‌ മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ്‌ ഭാഷ “കാണാപാഠം” കുട്ടികളെ പഠിപ്പിച്ചിരുന്നത്‌... അതും മറക്കേണ്ട... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... 7 വർഷം ഇംഗ്ലീഷ്‌ പഠിച്ചിട്ട്‌ 10 വാചകം simple sentence ൽ എഴുതുവാൻ പറ്റുന്നില്ലെങ്ങിൽ ആ പഠനത്തിന്‌ എന്തോ തകരാറില്ലേ? ആ തകരാർ തീർക്കുവാൻ ബാധ്യതയുള്ള 140 M.L.A മാരുണ്ട്, അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്? സർക്കാർ അല്ലെങ്ങിൽ സർക്കാർ സഹായ മലയാളമീഡിയം വിദ്യാലയത്തിൽ പഠിപ്പിക്കുന്ന ആധ്യപകരുടെ മക്കളും പേരക്കുട്ടികളും എവിടെയാണ്‌ പഠിക്കുന്നത്‌? പൊതുജനം “ബഹുമാനത്തോടെ” സാർ എന്ന്‌ വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നത്‌ കൂടുതലും അടിമത്ത ഭാഷയിൽ തന്നെ, ഇതൊക്കെ കാണുന്ന കോരനും ചക്കിയും പട്ടിണി കിടന്നിട്ടായാലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട്‌ പഠിപ്പിച്ചാൽ പൊങ്കച്ചമെന്ന്‌ പറഞ്ഞ് പുച്ഛിക്കല്ലേ?

വാൽകക്ഷണം... സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്‌... ഇതിലും വലിയ കോർപ്പൊറേറ്റ്‌ പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?

ഓഫ്... പല പോസ്റ്റുകളിൽ നടന്ന ചർച്ചകളിൽ ഇട്ട കമന്റുകളുടെ ആകതുക ഒരു പോസ്റ്റായി ഇവിടേയും...

Tuesday, 11 May 2010

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

നമ്മുടെ വികസനപദ്ധതികൾ പലതും തട്ടിവീഴുന്നത്‌ കുടിയൊഴുപ്പിക്കൽ എന്ന കഠിനമായ പ്രകൃയയിൽ തന്നെയാണ്‌. ഏതൊരു കുടിയൊഴുപ്പിക്കലും പാവങ്ങളുടെമേലുള്ള ഭരണഭീകരതയുടെ കുതിരകയറ്റത്തിലെ അവസാനിക്കു! അങ്ങനെയേ അവസാനിക്കാവു! അല്ലെങ്ങിൽ പിന്നെ പോലിസ്‌ എന്തിന്‌? അതിനിടയിൽ നൂറുക്കണക്കിന്‌ സ്വപ്‌നപദ്ധതികളും അഞ്ചു വർഷവും സ്വാഹ....

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

അതേസമയം സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല...

ഒരു കേസ്‌ സ്റ്റഡി എന്ന നിലയിൽ നമുക്ക്‌ കിനാലുരിലേക്ക്‌ യാത്ര ചെയ്യാം....

308 ഏക്കറിൽ വ്യാപിച്ച്‌ കിടക്കുന്ന കിനാലുർ എസ്റ്റേറ്റിനോടും (KSIDC) അതിനോട്‌ ചേർന്ന്‌ കിടക്കുന്ന രണ്ടായിരത്തലധികം ഏക്കറുകൾ ആരേയും ഒഴിപ്പിക്കാതേയും ഏറ്റെടുക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. (ഈ ഭുമിയിലാണോ എല്ലാ താല്പര്യവും കിടക്കുന്നത്‌?) ഈ വ്യവസായ പാർക്കിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്ന മലേഷ്യൻ കമ്പനി വരുമോ? സ്മാർട്ട്‌സിറ്റിയില്ല പിന്നെയാണോ സാറ്റ്ലൈറ്റ്‌ സിറ്റി? 500 കോടി മുതൽ മുടക്കിയുള്ള അടിസ്ഥാന വികസനത്തിലൂടെ 2,500 കോടിയുടെ വ്യവസായിക നിക്ഷേപവും 25,000 പേർക്ക്‌ തൊഴിലും. ഇതിന്റെ ഗതിയെന്താണ്‌? ഈ പാർക്കിലേക്കുള്ള 26 km നീളമുള്ള നാല്‌ വരി പാതയാണ്‌ ഇപ്പോഴത്തെ വിഷയം. കുടിയൊഴുപ്പിക്കലല്ല കുടിയൊഴുപ്പിക്കുന്നതിന്‌ മുൻപുള്ള സർവെ മാത്രം. എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച്‌ ശുദ്ധമാകിയത്‌?

പതിവ്‌ പോലെ റോഡ്‌ വികസനത്തിൽ കിടപാടം നഷ്ടപ്പെടുന്നവരും സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുന്നവരും തീർച്ചയായും ഈ നാലുവരി പാതയെ എതിർക്കും. കാരണം വളരെ വ്യക്തമാണ്‌, കിനാലുരിൽ വ്യവസായം വന്നാൽ കിടപാടം നഷ്ടപ്പെടുന്നവർക്ക്‌ എന്ത് ലാഭം? സ്വന്തം സ്ഥലം നഷ്ടപെട്ടിട്ട്‌ വേറെ എവിടെയെങ്ങിലും ചുരുണ്ടുകൂടുമ്പോൾ പഴയ വീടിന്റെ മുന്നിലൂടെ നാല്‌ വരി റോഡ്‌ വന്നുവല്ലോ എന്ന്‌ നമുക്കാർക്കെങ്ങിലും ആശ്വസിക്കാൻ പറ്റുമൊ? എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ വേണ്ടി പാവങ്ങളായ നാട്ടുകാർ റോഡിനരികിൽ രണ്ട് സെന്റിലും അഞ്ച്‌ സെന്റിലും വീട്‌ വെച്ച്‌ താമസിക്കുന്നവർ ത്യാഗം ചെയ്യണമെന്ന്‌ പറയുന്നവർ ഏത്‌ മൂഢസ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌? ഇപ്പോൾ വികസനമെന്ന്‌ കേട്ടാൽ ജനം വിരണ്ടുപോകുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ നേതാക്കൾ നമ്മളെ എത്തിച്ചുവോയെന്ന്‌ സംശയമുണ്ട്‌.

എല്ലായിപ്പോഴും പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്‌ മുതൽ ഒരു തരം ഒളിച്ച്‌ കളി നാം നടത്തുന്നുണ്ട്‌. ഇന്നത്തെ രീതിയിലുള്ള പൊന്നും വിലയ്ക്ക്‌ ഭൂമിയെടുത്ത്‌ കുടിയൊഴുപ്പിക്കുന്ന രീതി നാം മാറ്റിയെഴുതിയാൽ തന്നെ ഒരു പരിധി വരെ ഇതേ ജനങ്ങൾ മനസില്ലാമനസ്സോടെയാണെങ്ങിലും സ്വന്തം സ്ഥലവും കിടപ്പാടവും ഏത്‌ വികസനത്തിനും തീരെഴുതി തരും. പക്ഷെ പദ്ധതികൾക്ക്‌ സത്യസന്ധതയും സുതാര്യതയും വേണം. കാലാകാലങ്ങളായി ഒരു പ്രദേശത്ത്‌ ജീവിക്കുന്നതുമൂലം ആർജിക്കുന്ന അനുകൂല സാഹചര്യങ്ങളും ജീവിതോപാധികളും ഒരൊറ്റ ദിവസംകൊണ്ട്‌ ചിലർക്ക്‌ നഷ്ടപ്പെടുകയും ഒരു നഷ്ടവും സഹിക്കാതെ മറ്റു ചിലർ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇത്‌ നീതിയാണോ?

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.

2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.

3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.

4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.

5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.

6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.

7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.

8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.

9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.

10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിനാലുർ പ്രൊജെക്റ്റിന്റെ ലിങ്കുകൾ താഴെ?

http://www.ksidc.org/kozhikod.php

http://www.skyscrapercity.com/showthread.php?t=719984

http://news.webindia123.com/news/Articles/India/20100506/1499689.html

http://www.thehindu.com/2009/12/06/stories/2009120653220300.htm


പാഠം ഒന്ന്‌
തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ല....

പാഠം രണ്ട്‌
തെങ്ങിന്റെ മണ്ടയിൽ കിടന്നാൽ ഉറക്കവും വരില്ല...

ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!

വാൽകക്ഷണം...
സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങിയതാണ്‌ - ജസ്റ്റീസ് ശ്രിദേവി

സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങുവാൻ വല്ല കാരണമുണ്ടോയെന്ന്‌ അന്വേഷിക്കുവാൻ എ.കെ.ജി സെന്ററിൽ നിന്ന്‌ വല്ല തിട്ടുരവും വേണ്ടിവരുമോ? അല്ലാ ചുമ്മാ ചോദിച്ചതാ...