Monday 19 November 2012

ബാൽ താക്കറെ... ഒരു അനുസ്മരണം...

ദേഹം വെടിഞ്ഞാൽ... നല്ല രണ്ട് വാക്ക് പറഞ്ഞേക്കാം... ഞാൻ കുറെ തിരഞ്ഞു... ആകെ കിട്ടിയത്... കാശ്മീരി പണ്ഡിറ്റുകൾക്ക് മഹാരാഷ്ട്രയിലെ വിദ്യഭ്യാസസ്ഥാപനങ്ങളിൽ 2 സീറ്റ് വീതം സംവരണം നൽകിയതാണ്... ബാൽ താക്കറെ മാത്രമല്ല വിദ്യഭ്യാസകാര്യങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുള്ളത്... മധ്യപ്രദേശിലെ ബി.ജെ.പി സർക്കാരും ഡൽഹിയിലെ കോൺഗ്രസ്സ് സർക്കാരും സഹായങ്ങൾ നൽകിയതായി കാണുന്നുണ്ട്... പക്ഷേ അത്തരം സഹായങ്ങൾക്കപ്പുറത്ത് ബി.ജെ.പി യോ കോൺഗ്രസ്സോ സി.പി.എമ്മോ എടുക്കാത്ത ഒരു നിലപാടാണ് അന്യസംസ്ഥാനകുടിയേറ്റക്കാർക്കെതിരെ താക്കറെയുടേത്... കാഷ്മീരി പണ്ഡിറ്റുകൾ പാലായനത്തിന്റെ ഭാഗമായിട്ടാണെങ്ങിലും മുമ്പൈയിലേക്ക് വന്നത്, ഭരണഘടന നൽകിയ അവകാശത്തിന്റെ പുറത്താണ്... ഇന്ത്യയിലെവിടേയും സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം... അതിന് നേർ വിപരീതമാണ് താക്കറയുടെ മറാത്താവാദവും പ്രാദേശികവാദവും...

പക്ഷേ അതൊന്നുമല്ല താക്കറെയും ശിവസേനയും... ശിവന്റെ പട്ടാളമോ ശിവജിയുടെ പട്ടാളമോ... രണ്ടായാലും ഗുണ്ടായിസമാണ് മുഖമുദ്ര... ഭാഷാതീവ്രവാദവും പ്രദേശിക തീവ്രവാദവും കൂട്ടികുഴച്ച് അതിൽ മതതീവ്രവാദം അല്പാല്പം ഒഴിക്കുകയായിരുന്നു താക്കറെ... എല്ലാ തീവ്രവാദവും ഒരു പോലെ അപകടകരമാണ്... അപ്പോൾ പിന്നെ എല്ലാകൂടി ഒരുമിക്കുന്നതായാലോ... അതാണ് ശിവസേനയും താക്കറെയും... 60 കളിൽ ബോബെയിലെ ഫാക്ടറികളിൽ കമ്യൂണിസ്റ്റ് സ്വാധീനം ശക്തമായിരുന്നു... തൊഴിലാളികൾ മദ്രാസികളും (മലയാളികളും തമിഴരും)... അവരെ തല്ലിയോടിച്ചുകൊണ്ടായിരുന്നു, ശിവസേനയുടെ അരങ്ങേറ്റം...  മദ്രാസികൾക്കെതിരെയുള്ള നീക്കങ്ങളെ ഗുജറാത്തികളും ഉത്തരേന്ത്യൻ സമൂഹവും മൗനം കൊണ്ടാണ് നേരിട്ടത്... മദ്രാസികളുടെ പിൻമാറ്റം അവർക്കാണല്ലോ ഗുണപ്രദം... ഉത്തരേന്ത്യയിലും അവർക്കവകാശപ്പെട്ട ജോലികൾ മദ്രാസികൾ തട്ടിയെടുക്കുന്നുവെന്ന ചിന്തകൾ അവരേയും അലറ്റുന്നുണ്ടായിരുന്നു... കാലനെന്ത് ചങ്ക്രാന്തി (സംക്രാന്തി)... ഗുജറാത്തികളേയും ഉത്തരേന്ത്യക്കാർക്കെതിരേയും തിരിഞ്ഞുകൊണ്ടാണ് താക്കറെ വളർന്ന് പന്തലിച്ചത്... ഗുജറാത്തി / മാർവാഡി കമ്പനി മുതലാളിമാർ കപ്പം കൊടുക്കണമായിരുന്നു... ശിവസേനക്കാർ ഗുണ്ടാപിരിവും നടത്തിയിരുന്നു... മറ്റൊരു അധോലോകം...

പ്രദേശികവാദി പിന്നെങ്ങനെ കാഷ്മീരി പണ്ഡിറ്റുകൾക്ക്  മാത്രം ഇഷ്ടതാരമാകുന്നു... അതാണ് താക്കറെയുടെ തുറുപ്പുഗുലാൻ...  മുസ്ലീം വിരോധവും പാകിസ്ഥാൻ വിരോധവും... അത് കത്തിച്ചാൽ, മുമ്പൈയിലെ ഹിന്ദുക്കളിലും മുസ്ലീം തീവ്രവാദത്തിന്റെ ഇരകളായ പണ്ഡിറ്റുകളിലും നായകനാകാം... അധോലോകരാജാവ് ദാവൂദിന്റെ പ്രവർത്തനങ്ങളും കാഷ്മീരിലെ പാക്കിസ്ഥാൻ കടന്നാക്രമണങ്ങളും മുമ്പൈയിലെ മുസ്ലീം തീവ്രവാദവും എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു എന്നതും മറക്കുന്നില്ല... ബാബറി മസ്ജിദ് തകർന്നതിനുശേഷമുള്ള അക്രമവും തിരിച്ചടിയും മുമ്പൈയെ വർഗ്ഗീതയുടേയും ഭീതിയുടേയും പാരമതയിലെത്തിച്ചു...

മറാത്ത എന്നാൽ മഹാരാഷ്ട്രീയർ എന്നൊന്നും തെറ്റിദ്ധരിക്കല്ലേ.. മറാട്ടി ഹിന്ദുക്കൾ മാത്രമേ ശിവസേനയുടെ ലക്ഷ്യങ്ങളിലുള്ളൂ, അതും ക്ഷത്രിയരും സവർണ്ണ മറാത്തികളും... മഹാരാഷ്ട്രയിലെ മുസ്ലീമുകളും കൃസ്ത്യാനികളും ആഗ്ലൊ ഇന്ത്യൻസും എല്ലാം പടിക്ക് പുറത്താണ്... ഹിന്ദുമതത്തിലുള്ളവർ മാത്രമല്ല ഹിന്ദുക്കൾ നിരീശ്വരവാദികളടക്കം സിന്ധു നദിയുടെ തീരത്ത് താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് പക്ഷേ കൃസ്ത്യാനികളും മുസ്ലീമുകളും ഹിന്ദുക്കളല്ലാതാകുന്ന അതേ മാജിക്...

അനുസ്മരണമല്ലേ... സ്വന്തം അനുഭവകുറിപ്പുമാകട്ടെ... 1996 ബോംബെയിൽ വന്ന് അധികകാലമായില്ല... ന്യൂ ബോംബെയിൽ സാൻപഡ റെയിൽവേ സ്റ്റേഷൻ (വാശി സ്റ്റേഷനുശേഷം) പരിസരത്ത് തുർബ ചേരി ആരംഭിക്കുന്നിടത്ത് താമസം. പതിവുപോലെ ജോലിക്ക് പോകുമ്പോൾ, കുറച്ചകലെയായി ഒരു കൂട്ടം ചെറുപ്പക്കാർ, വലിയ വടികളുമായി കണ്ണിൽ കണ്ടവരെയൊക്കെ അക്രമിക്കുന്നു... വരിയോര കടകളും, ആ പരിസരത്തുള്ള കടകളും തല്ലി തകർക്കുന്നു... കാര്യം ഒന്നും മനസ്സിലായില്ല... പക്ഷേ അക്രമികൾ മറാട്ടികളാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം... ദേ... അവർ ഇങ്ങോട്ട്... ആക്രോശിച്ച് വടിയുമായി അടുക്കുന്നു... വാഹനങ്ങളൊക്കെ നിശ്ചലമായി... ചിലതും ആക്രമിക്കപ്പെട്ടു... കാര്യമൊന്നും മനസിലായില്ല... അല്ലെങ്ങിലും കാര്യമറിഞ്ഞിട്ടെന്ത് കാര്യം... തടി രക്ഷിക്കുക... ഞാൻ ഓടി തുടങ്ങുമ്പോഴെയ്ക്കും... മൂന്നാല് ജീപ്പുകൾ വന്ന് നിന്നു... തല്ലിനടന്നവരൊക്കെ അതിൽകയറി പോയി... സമാധാനമായി... പിന്നെയവിടെ കേട്ടത്... ശിവസേനകാരാണത്രെ... താക്കറെയുടെ മകനെ കൊന്നതാണെന്ന് ധരിച്ച് അക്രമത്തിനിറങ്ങിയതാണ്... ആക്സിഡന്റാണെന്നറിഞ്ഞപ്പോൾ പോയതാണ്... 

അവർ ശിവസേനക്കാരാണോ... അതെ... അവരാണ് ഗുണ്ടകൾ... പാർട്ടി ലേബലൊട്ടിച്ച ഗുണ്ടകൾ... തീവ്രവാദമാണ് മുഖമുദ്ര... ഇത് ശിവസേനക്ക് മാത്രം ബാധകമായതല്ല... ആരെങ്ങിലും എവിടെയെങ്ങിലും മരിക്കുകയോ കൊല്ലുകയോ ചെയ്താൽ, നാട് കാത്തിക്കുന്ന എല്ലാവർക്കും ബാധകമാണ്... ശിവസേനക്കാരുടെ അക്രമത്തിന് മുൻപിൽ നിസഹയാനായി നോക്കി നിൽക്കുന്ന എന്നെതന്നെയാണ് ഏതൊരു അക്രമത്തിലും ഞാൻ കാണുന്നത്...

മകനും മരുമകനും തമ്മിൽതല്ലി അധികാരം പിടിക്കുന്നതിനായി ഭാഷാഭ്രാന്തും മണ്ണിന്റെ മക്കൾ വാദവും വർഗ്ഗീയഭ്രാന്തും ഉപയോഗിക്കാതിരിക്കട്ടെ... ഉപയോഗിച്ചാൽ അതിനെ നേരിടേണ്ടത് ഇന്ത്യൻ ഭരണഘടനയുടെ കർത്തവ്യമാണ്... മറ്റൊരു താക്കറെയെ തല ഉയർത്താൻ അനുവദിക്കരുത്...

വാൽകക്ഷണം... മലയാളികളെ ബോംബെയിൽ നിന്ന് തല്ലിയോടിച്ച താക്കറേക്ക് കേരളത്തിൽ യൂണിറ്റുകളുണ്ട്... ഒരു സംഘടന രൂപികരിക്കുമ്പോൾ ആ സംഘടനയുടെ ലക്ഷ്യങ്ങളെന്താണെന്ന് നാം നോക്കില്ലേ? രണ്ട് ആൻബുലൻസ് നാട്ടാർക്ക് നൽകിയാൽ കൊന്നതിന്റെ രക്തക്കറ മായുമോ... ശിവസേനയുടെ ലക്ഷ്യങ്ങൾ സാധൂകരിക്കുന്ന എന്താണ് കേരളത്തിലുണ്ടാകുക... അതാണ് മതവർഗ്ഗീയതയുടെ ഗുണം... ലോകത്തിന്റെ ഏത് കോണിലായാലും ഒരേ നൂലിൽ കോർത്ത ബന്ധം... രക്തം രക്തത്തെ തിരിച്ചറിയുന്നു... പക്ഷേ ആ രക്തത്തിന് മതമുണ്ടായിരിക്കണം... അത്രയേയുള്ളൂ... താക്കറെയെ അനുകുലിക്കാൻ പറ്റാത്തവർ മൗനം കൊണ്ട് പിന്തുണയ്ക്കും... ശ്രദ്ധിച്ചാൽ അതും കാണാം...