Saturday 17 September 2011

എണ്ണ ബില്ലിനായി നിരാഹാരം കിടക്കുമോ...

പെട്രോളും ഡീസലും വിലക്കുറവിൽ കിട്ടുന്നത്‌ തന്നെയാണ്‌ എല്ലാവർക്കും ഇഷ്ടം... പക്ഷെ കിട്ടുന്നുമില്ല... വിലകൾ സർക്കാർ നിയന്ത്രിച്ച സമയത്തും വില വർദ്ധനയും കേരള ബന്ദും ഭാരത ബന്ദും ഉണ്ടായിട്ടുണ്ട്... വില പിന്നേയും ഉയർന്നുകൊണ്ടിരുന്നു... നിയന്ത്രണം കളഞ്ഞപ്പോൾ ഒന്നിനും ഒരു സ്ഥിരതയോ സുതാര്യതയോ ഇല്ല്ലാതായി...

ലോക വിപണിയിൽ ഓയിലിന്റെ വില വർദ്ധിക്കുമ്പോൾ അതിന്റെ ആനുപാതികമായ വില എണ്ണക്കമ്പനികൾക്കും ലഭ്യ‌മാക്കണം... പക്ഷെ അതിന്‌ സുതാര്യമായ ഒരു പഠനം തന്നെ നടക്കണം... പലപ്പോഴും എണ്ണകമ്പനികൾ വളരെ ഉയർന്ന ലാഭമാണ്‌ നേടുന്നത്‌... ഇത്‌ നിയന്ത്രിക്കണം...

ലോകവിപണിയിലെ വിലമാറ്റത്തിനനുസരിച്ച് എണ്ണക്ക് വിലകൾ മാറിമറിയുന്നത് ഇക്കോണമിക്കും ഗുണകരമല്ല... അതിനാൽ തന്നെ റീട്ടെയിൽ വില ഒരു പരിധിവരെ സ്ഥിരമായിരിക്കണം... അതിനായുള്ള നടപടികൾ അത്യവശ്യമായിരിക്കുന്നു... ചരക്കുഗതാഗതത്തിനും ബസ്സുകൾക്കും സബ്സിഡി നിരക്കിൽ എണ്ണകൾ നൽകണം...
...   അഴിമതിക്കെതിരെ നിലനിൽക്കുന്ന ജനങ്ങളുടെ വികാരം ജനലോക് പാൽ ബില്ലിനായി അണ്ണാ ഹസാര ഉപയോഗിച്ചു... ഒരക്രമവും കാണീക്കാതെ ഇന്ത്യ മുഴുവനും സമരത്തിന്റെ അലയൊലികൾ എത്തി... ഭാഗീകമായി സമരം വിജയിച്ചു...

എണ്ണവില വർദ്ധനവിനെതിരെ നിലനിൽക്കുന്ന ജനങ്ങളുടെ വികാരം ഒരു പുതിയ എണ്ണബില്ലിനായി ആർക്കും ഉപയോഗിക്കാമല്ലോ... അദ്വാനി / കാരാട്ട് / വി.എസ് / വി.എം. സുധീരൻ അങ്ങനെ നീണ്ടുകിടക്കുന്നു നേതാക്കൾ... മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് ജന്തർ മന്ദിർ ലക്ഷ്യമാക്കി നീങ്ങുക... മാധ്യമങ്ങളും അടിസ്ഥാന വർഗ്ഗവും മധ്യവർഗ്ഗവും ഉപരി വർഗ്ഗവും എല്ലാം കൂടെയുണ്ടാകും... മെഴുകുതിരികൾ ഇനിയും കത്തും... സർക്കാർ മുട്ടുമടുക്കും... എണ്ണബില്ല് പാർലമെന്റിലും എത്തും...

അക്രമ സമരത്തെ ഒരു കാരണവശാലും പിന്തുണയ്ക്കുന്നില്ല... ജനത്തെ അരാഷ്ട്രീയവല്ക്കരിക്കുവാൻ മാത്രമേ ഇതുപകരിക്കുകയുള്ളൂ... അക്രമസമരം ഒരു ചെറിയ വിഭാഗം ജനങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയും ഭൂരിഭാഗം സമയങ്ങളിലും സമരം പരാജയപ്പെടുകയോ താൽക്കാലിക നീക്കുപോക്കുകളുമായി സമരം പിൻവലിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യും...

വാൽകക്ഷണം... ഹസാരയെവിടെ എന്ന് ചോദിക്കുന്നത് കൊതിക്കെറുവ് മാത്രമാണ്...

6 comments:

ഷൈജൻ കാക്കര said...

എണ്ണവില വർദ്ധനവിനെതിരെ നിലനിൽക്കുന്ന ജനങ്ങളുടെ വികാരം ഒരു പുതിയ എണ്ണബില്ലിനായി ആർക്കും ഉപയോഗിക്കാമല്ലോ... അദ്വാനി / കാരാട്ട് / വി.എസ് / വി.എം. സുധീരൻ അങ്ങനെ നീണ്ടുകിടക്കുന്നു നേതാക്കൾ... മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് ജന്തർ മന്ദിർ ലക്ഷ്യമാക്കി നീങ്ങുക... മാധ്യമങ്ങളും അടിസ്ഥാന വർഗ്ഗവും മധ്യവർഗ്ഗവും ഉപരി വർഗ്ഗവും എല്ലാം കൂടെയുണ്ടാകും... മെഴുകുതിരികൾ ഇനിയും കത്തും... സർക്കാർ മുട്ടുമടുക്കും... എണ്ണബില്ല് പാർലമെന്റിലും എത്തും...

Unknown said...

അംബാനിക്കു നോവുന്ന സമരത്തിന്നു ഒരു ഹസാരേയും വരില്ല, ടി എൻ പ്രതാപന്നും!

sm sadique said...

സഹിച്ച് സഹിച്ച്...ഒടുവിൽ ജനം പഠിപ്പിക്കും ... അതിനുള്ള ലക്ഷണം കാട്ടി തുടങ്ങിയിട്ടുണ്ട്. നോക്കിക്കോ... നാറിയ സർക്കാരെ.

ബഷീർ said...

എല്ലാം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്ന പരിപാടിയല്ലേ.. ഈ പോക്ക് എവിടെ ചെന്ന് നില്‍ക്കുമെന്നറിയില്ല. ജനങ്ങളെ വലയ്ക്കുന്ന സമരങ്ങളല്ല നമുക്ക് വേണ്ടത്.. അതിനു അക്രമമില്ലെങ്കില്‍ പിന്നെ മാധ്യമങ്ങള്‍ക്ക് കണ്ണും കാണില്ലല്ലോ

K.P.Sukumaran said...

//എല്ലാം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്ന പരിപാടിയല്ലേ// എന്ത് ചെയ്യാന്‍ പറ്റും? സര്‍ക്കാര്‍ കുത്തക അതിലും അബദ്ധമല്ലേ? കുറെ താപ്പാനകള്‍ക്ക് നികുതിപ്പണം കൊണ്ട് ആര്‍മ്മാദിക്കാം. രണ്ട് കുത്തകളേയുള്ളൂ, ഒന്ന് സര്‍ക്കാര്‍ കുത്തക, രണ്ടാമത്തേത് സ്വകാര്യകുത്തക. ഇതില്‍ സ്വകാര്യകുത്തക എന്നു പറയുന്നത് ഇപ്പോള്‍ ഓഹരി ഉടമകളുതേതാണ്. സര്‍ക്കാര്‍ കുത്തകയില്‍ ഒരു പുരോഗതിയും ഉണ്ടാവുകയുമില്ല, ജനങ്ങള്‍ക്ക് ഒരു സൌകര്യവും സൃഷ്ടിക്കുകയുമില്ല. അതിനാല്‍ സര്‍ക്കാരിതര കുത്തകള്‍ വളരേണ്ടത് അത്യാവശ്യമാണ്. ഇതൊരു പിന്തിരിപ്പന്‍ അഭിപായമാണെന്ന് അറിയാം.

കേരളത്തില്‍ ഇപ്പോള്‍ എല്ലാറ്റിനും ഒടുക്കത്തെ വിലയാണ്. സൂപ്പര്‍മാര്‍ക്കറ്റുകാരാണ് വില ഇത്ര എന്ന് പറഞ്ഞ് സ്റ്റിക്കര്‍ ഒട്ടിക്കുന്നത്. ഓരോന്നിനും എത്രയാണ് മാര്‍ജിന്‍ അല്ലെങ്കില്‍ ലാഭം എടുക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അത് അഞ്ഞൂറ് ശതമാനമോ അതില്‍ കൂടുതലോ ആകാം. വില പേശുക എന്ന് ഏര്‍പ്പാട് ഇപ്പോള്‍ ഇല്ല. കടക്കാരന്‍ ഒട്ടിച്ച സ്റ്റിക്കര്‍ കമ്പ്യൂട്ടര്‍ സ്കാന്‍ ചെയ്ത് ബില്ലാക്കുന്നു. അത്ര തന്നെ. പലവ്യഞ്ജനക്കടയിലോ മറ്റ് ചെറുകിട കടകളിലോ പോയാല്‍ മറ്റൊരു പ്രതിഭാസമാണ്. വാങ്ങിയ സാധനങ്ങള്‍ക്ക് ആകെ ഇത്ര എന്ന് കടക്കാരന്‍ മന:ക്കണക്ക് കൂട്ടി പറയും. നമ്മള്‍ പറഞ്ഞ കാശ് കൊടൂത്തോളണം. വില ചോദിക്കുന്ന ഏര്‍പ്പാടും എടുത്തുപോയി. ആളുകളെ പണിക്ക് വിളിച്ചാല്‍ ദിവസക്കൂലി എത്ര എന്നൊന്നുമില്ല. അവര്‍ ഒരു തുക പറയും. കൊടുക്കുന്ന തുകയ്ക്ക് ഇത്ര പണി ചെയ്യണം എന്നൊന്നുമില്ല. ടാക്സി , ഓട്ടോ റിക്ഷ എന്നിവയും തോന്നിയ പോലെയാണ് വാങ്ങുന്നത്. പാവം ബസ്സ് മുതലാളിമാര്‍ക്കാണ് ഒന്നും ചെയ്യാന്‍ കഴിയാത്തത്. അങ്ങനെ ആ‍കെക്കൂടെ അന്യോന്യം പറ്റിക്കല്‍ ആണ് നടക്കുന്നത്. കണ്ണൂരെ കാര്യമാണ് പറഞ്ഞത്. കേരളം മൊത്തം ഇക്കാ‍ര്യത്തില്‍ കണ്ണൂരിന്റെ തുടര്‍ച്ചയാണെന്ന് തോന്നുന്നു. വ്യാപാരി സമൂഹത്തിന്റെ കൊള്ളയെപറ്റി ആരും മിണ്ടുന്നില്ല. പെട്രോളിന് ലിറ്ററിന് മൂന്നോ നാലോ രൂപ ഉയരുമ്പോള്‍ എന്താ പുകില് ... എന്തൊക്കെയോ നടക്കുന്ന അതിശയ ഉലകം !

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നാണിത് വായിച്ചത് കേട്ടൊ ഭായ്