Thursday, 5 August 2010

ഓണവും സംസ്കാരവും...

മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തിന്‌ കാക്കരയെ അവരുടെ വീടുകളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്... കാക്കരയുടെ വീട്ടിലെ ഓണത്തിന്‌ അവരും വരും!!!


മാവേലി നാട്‌ വാണിടും കാലം...
മാനുഷ്യരെല്ലാവരും ഒന്നുപോലെ...
കളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം...

ഇതിൽപരം വേറൊരു കാരണം വേണോ? ഓണം ആഘോഷിക്കുവാൻ...

വീടിന്‌ മുൻപിൽ പൂക്കളം ഇട്ടതും പൂക്കളമത്സരങ്ങളിൽ പങ്കെടുത്തതും സമ്മാനങ്ങൾ കിട്ടിയതും കിട്ടാത്തതും എല്ലാം ഇന്നലെയുടെ ഓർമകളിൽ... കൈകൊട്ടി കളിയും വടം വലി മൽസരം കാണുവാൻ തൊട്ടടുത്ത ഗ്രാമത്തിൽ പോയതും ഒന്നും മറന്നിട്ടില്ല... റിയാലിറ്റി ഷോകൾ രംഗം കയ്യടക്കുമ്പോൾ ഓണത്തിനും മാറ്റം സംഭവിച്ചു... സംഭവിക്കണം, അത്‌ പ്രകൃതി നിയമം... അതുമാത്രമെ മലയാളിക്കും സംഭവിച്ചുള്ളു... പൈതൃകമൊക്കെ തല്ലിക്കെടുത്തി മലയാളി ചൊവ്വയിലെത്തിയെന്നൊക്കെ ചില സാംസ്കാരിക ബുജികൾ പറയുന്നത്‌ കാര്യമാക്കേണ്ട... സാംസ്കാരിക തലത്തിലെ മാറ്റങ്ങൾ ആഗോളപ്രതിഭാസമാണ്‌... (ഒരു ബന്ദ്‌ ആകാമല്ലേ?)

എനിക്ക്‌ ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക്‌ വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനൽകുവാനായി ലോകത്തിന്റെ ഏത്‌ മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത്‌ കളഭം തൊട്ട്‌ വാഴയിലയിൽ വിളമ്പിയ സദ്യയും കഴിച്ച്‌ പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ പൂക്കളും ചേർത്ത്‌ ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച്‌ ഫോട്ടോസ്സും... മേമ്പൊടിയായി സുഹ്രുത്തുക്കളേയും വീട്ടുകാരേയും ഫോണിലൂടെയും ഈമെയിലുടെയും ഓണാശംസകൾ നേരും... ഇപ്രാവശ്യം ബ്ലോഗിലൂടേയും “ഓണണം”...

ഇതുതന്നെയല്ലേ ഓണാഘോഷം... കാളവണ്ടിയിൽ യാത്ര ചെയ്ത്‌ കോണകമുടുത്താലെ മലയാളിത്വം വരുകയുള്ളു എന്നൊന്നും കാക്കരയ്ക്കില്ല... ഇപ്പോഴൊക്കെ റെഡിമെഡ്‌ ഓണമല്ലേ? അതെ ഓണത്തിന്‌ മാറ്റം വന്നു... എന്റെ ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നില്ല ഓണം... എന്ത്‌ രസമായിരുനു, തൊടിയിലെ കളിയും തുമ്പപ്പു പറിക്കലും ഊഞ്ഞാലാട്ടവും... വർണ്ണിച്ചാൽ തീരില്ല... ഇന്നത്തെ കൂട്ടികൾക്ക്‌ ഇതിനൊക്കെ എവിടെ നേരം!!! ഇപ്പറഞ്ഞവർ ഇപ്പോഴത്തെ മുത്തച്ചന്റേയും മുത്തശ്ശിയുടേയും ഓണം ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല... അവർക്ക്‌ “ഓണമുണ്ടായിരുന്നുവെങ്ങിലല്ലേ” ഓർക്കേണ്ടതുള്ളു! തമ്പ്രാന്റെ വീട്ടുപടിക്കൽ ഓണക്കോടിക്കായി കാവൽ... പിന്നെ പട്ടിണിയും... ഓണം നിശ്ചലമല്ല... മാറിക്കൊണ്ടിരിക്കും... ഇന്നത്തെ രീതിയിൽ ഇന്നത്തെ ഓണം ആഘോഷിക്കുക, ഹല്ല പിന്നെ...

ഓഫ്...

ഇപ്രാവശ്യത്തെ ഓണം ചാലക്കുടിക്കാർക്കൊപ്പം... (ടി.വി ക്കാരുടെ പരസ്യംപോലെ വായിക്കുക)
Post a Comment