Wednesday, 6 March 2013

ഗുജറാത്ത് വികസനവും കുമിളയെന്ന ആത്മരതിയും...

വികസനത്തിന്റെ ആത്യന്തികലക്ഷ്യം സർവജനങ്ങളുടെ പുരോഗതിയും അതിനവരെ സ്വന്തം കാലിൽ നിൽക്കാനുള്ള ശക്തിപ്രാപിക്കലുമാണ്... വ്യക്തി മാത്രമല്ല സ്വന്തം കാലിൽ നിൽക്കേണ്ടത്... സമൂഹവും ‌സംസ്ഥാനവും രാജ്യവും സാമ്പത്തികമായും സാമൂഹികപരമായും വികസിക്കണം... രാജ്യം കൈവരിക്കുന്ന എല്ലാ വികസനത്തിന്റേയും ഊർജ്ജം ഉൾക്കൊണ്ട് വികസിക്കാൻ മധ്യ-ഉപരിവർഗ്ഗത്തിന് സാധിക്കും... അതേ വേഗതയിൽ ഓടി സ്വന്തം പങ്ക് കയ്യടക്കാൻ പലപ്പോഴും അടിസ്ഥാനവർഗ്ഗത്തിനും ഗ്രാമത്തിനും സാധിക്കാതെ വരും... അതുകൊണ്ട് ഒരു വികസനമുദ്രാവാക്യവും ഗ്രാമങ്ങളേയും അടിസ്ഥാനവർഗ്ഗത്തേയും മറന്നുകൊണ്ടാകരുത് അടിവരയിട്ട് പറയുന്നു...

"ഗുജറാത്തിന്റെ വികസനം" അതേപടി കേരളത്തിലേക്ക് പറിച്ച് നടണമെന്ന വാദമോ... അല്ലെങ്ങിൽ കേരളത്തേക്കാൾ മെച്ചമാണ് ഗുജറാത്ത് എന്നോ വാദമൊന്നും എനിക്കില്ല... പക്ഷേ രണ്ട് തരം വികസനത്തേയും പൂർണ്ണമായും തള്ളിക്കളയുന്ന കാഴ്ച്ചപാടുമില്ല... രണ്ടും സമരസപ്പെട്ട് പോകണമെന്നാണെന്റെ വീക്ഷണം... മോഡിയോ ബി.ജെ.പിയോ ഹിന്ദുത്വജണ്ടകളോ ഇവിടെ ചർച്ചാവിഷയമല്ല... അത്തരം വിഷയവും ഗുജറാത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനമാതൃകകളേയും കൂട്ടിക്കെട്ടുകയും ചെയ്യുന്നില്ല... പക്ഷേ അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികസനപദ്ധതികൾ കുമിളയല്ലായെന്നാണെന്റെ അഭിപ്രായം... നല്ലൊരു മീഡിയ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്ന മോഡി, പൊലിപ്പിച്ച് കാണിക്കുന്നതിൽ മിടുക്കനാണ്... അത് അരിച്ചെടുത്ത് കളഞ്ഞാലും ഗുജറാത്തിൽ വികസനം വരുന്നുണ്ടെന്ന സത്യം കേരളമോഡലിൽ അഭിമാനിക്കുമ്പോഴും നാം അംഗീകരിക്കണം... അതെ... കേരളമോഡലിന്റെ കൂടെ ഗുജറാത്ത് മോഡലും സാംശീകരിക്കണം... അതായിരിക്കും നില‌നിൽക്കുന്ന വികസനം... കേരളം നേടിയ വികസനപദ്ധതികൾ ഗുജറാത്തിലേക്കും പറിച്ചുനടാവുന്നതാണ്...

മനുഷ്യവിഭശേഷിയിലും വിദ്യഭ്യാസത്തിലും അടിസ്ഥാനവർഗ്ഗ ഉന്നമനത്തിലും എന്നുവേണ്ട കേരളമോഡൽ വികസനത്തിന്റെ ഏഴയലത്ത് ഇന്ന് ഗുജറാത്തില്ല... ഗുജറാത്തിൽ ഹൈവേകൾ കാണുമ്പോൾ ഗുജറാത്തിനേക്കാൾ ആളോഹരി റോഡുള്ളതും ഏത് ഗ്രാമത്തിലേക്കും റോഡുള്ളതും കേരളത്തിലാണ്... ഗുജറാത്തിലെ ഹൈവേയെ അഭിനന്ദിക്കുമ്പോൾ കേരളത്തിലെ റോഡ് നെറ്റ്‌വർക്കിനെ തള്ളികളയുന്നില്ല മറിച്ച് കേരളമോഡൽ വികസനം ലക്ഷ്യത്തിലെത്തിയ കേരളത്തിൽ ഗുജറാത്ത് മോഡൽ വികസനം കൊണ്ടുവരുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം... രാഷ്ട്രീയമായും ആശയപരമായും അല്ലെങ്ങിൽ ഗുജറാത്ത് കൂട്ടകൊലകളുടെ പാശ്ചാത്തലത്തിൽ മോഡിയെ അവഗണിക്കുകയോ എതിർക്കുകയോ ചെയ്യുമ്പോൾ ഗുജറാത്തിൽ നല്ല ഹൈവേകൾ വരുന്നതും തുറമുഖങ്ങളൂടെ വലിയ ശ്രിംഖകലകൾ വരുന്നതും കണ്ടില്ലായെന്ന് നടിക്കേണ്ടതില്ല... ഗുജറാത്തിലെ അത്തരം വികസനത്തേയും പ്രോൽസാഹിപ്പിക്കുകയാണ്...

കേരളത്തിലെ ആവശ്യത്തിനനുസരിച്ച് കേരളത്തിൽ ഹൈവേകൾ വേണം... ഗുജറാത്തിലെ പോലെ 8 വരിയാകണമെന്നില്ല... ജനസാന്ദ്രത ഒരു ഘടകമാണ്... ചിലപ്പോൾ ആറ് വരിയാകും... പക്ഷേ ഹൈവേകൾ വികസനത്തിന് അത്യാവശ്യമാണെന്ന പൊതുബോധം ഉണ്ടാകണം... അതിന്റെ ഗുണം ആഡംബരകാറുകൾക്ക് മാത്രമല്ലായെന്ന ഒരു ധാരണയെങ്ങിലും... അതിനാകണം നേതാക്കൾ അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ടത്... 60 മീറ്റർ ഹൈവേ കേരളത്തിലാകുമ്പോൾ 45 മീറ്റർ... അതുപോലും വേണ്ടായെന്ന് ഉൾവിളിയുണ്ടായി 30 മീറ്ററാക്കുകയും... ഒരു മാസം കഴിയുമ്പോൾ 45 മീറ്ററാക്കണമെന്ന് പറയുന്ന അവസ്ഥ കേരളത്തിലേയുണ്ടാകൂ... അങ്ങനെ ഇഴഞ്ഞുനീങ്ങുന്ന കേരളത്തിന് ഗുജറാത്തിന്റെ ഹൈവേകളെ കുമിളയെന്ന് വിളിച്ച് ആത്മരതിയണിയാമെന്നതിൽ കവിഞ്ഞ് ഒന്നുമില്ല...

ചൈനയുടെ വികസനത്തിന്റെ നെടുതൂണുകളായി അവിടത്തെ എക്സ്പ്രസ് ഹൈവേകൾ നില‌നിൽക്കുന്നു... രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽ നിന്ന് എക്സ്പ്രസ് ഹൈവേകളെ കൂട്ടിയിണക്കുന്ന ചെറുകിട ഹൈവേകൾ ഉണ്ടാകുന്നു... അതുപോലെ ഗുജറാത്തിലുണ്ടാകില്ലായെന്ന് ഉറപ്പിക്കാനാകില്ലല്ലോ... ഗ്രാമങ്ങളിൽ നിന്ന് ഹൈവേകളെ ബന്ധിപ്പിക്കുന്ന റോഡുകൾ കുറവാണെങ്ങിൽ, അത്തരം റോഡുകൾ കൂടി നിർമിച്ചാലെ വികസനം പൂർണ്ണമാകൂ...

റോഡ് മാത്രമല്ല ഗുജറാത്തിൽ വന്നത്... ചെറുതും വലുതുമായി തുറമുഖങ്ങളാണ് ഇപ്പോഴുള്ളത്... ഗുജറാത്തിലായാലും കേരളത്തിലായാലും നല്ലത് വന്നാൽ നല്ലതെന്ന് പറയണം... ബംഗാളിന്റെ പിന്നോക്കാവസ്ഥയ്ക്ക് മമത പറഞ്ഞ കാര്യങ്ങളിലൊന്ന് ബംഗാളിൽ സ്വകാര്യതുറമുഖങ്ങളില്ല എന്നതാണ്... ആകെയുള്ളത് രണ്ടെണ്ണം... അതും കേന്ദ്രസർക്കാരിന്റെ കീഴിൽ... ഗുജറാത്തിൽ  തുറമുഖങ്ങളുടെ ശ്രിംഖലയാണുള്ളത്... വ്യവസായികവികസനത്തിന് തുറമുഖത്തിന്റെ പ്രധാന്യം പറയേണ്ടതില്ലല്ലോ... നല്ല ഹൈവെയും തുറമുഖവും വന്നാൽ വികസനമുണ്ടാകും... അതിന്റെ ഗുണം ജനത്തിന് ലഭിക്കും... പ്രത്യേകം ശ്രദ്ധിക്കുക... ഹൈവെയും തുറമുഖവും ഉദാഹരണങ്ങളായി പറഞ്ഞതാണ്... ഇനിയുമുണ്ടാകും വികസനത്തെ സഹായിക്കുന്ന ഘടകങ്ങൾ... ഗുജറാത്തിന് മാറ്റി മറ്റേതൊരു പ്രദേശത്തെ എടുത്തോളൂ... അടിസ്ഥാനസൗകര്യവികസനത്തെ അവഗണിക്കരുതെന്നതാണ് പറയുന്നത്...

അടിസ്ഥാനസൗകര്യവികസനത്തിൽ ശ്രദ്ധിക്കുന്നതുകൊണ്ട് ഗുജറാത്തിന്റെ വികസനം ഭാവിയിലേക്കുള്ള ചുവടുവെയ്പ്പാണ്... നാളെ മോഡിയുണ്ടാകണമെന്നില്ല പക്ഷേ ഇന്നത്തെ വികസനത്തിന്റെ ഗുണങ്ങൾ ഗുജറാത്ത് ജനതയ്ക്ക് നാളേയും ലഭിക്കും...


Post a Comment