Thursday 26 September 2019

പണപയറ്റിന്റെ ന്യൂതനമാർഗ്ഗം


പണപയറ്റ്
പണ്ട് കാലത്ത് വിവാഹാവശ്യങ്ങൾക്കും മറ്റുമായി പണപയറ്റ് എന്ന സമ്പ്രദായം ചില നാടുകളിൽ നിലവിലുണ്ടായിരുന്നുപണം ആവശ്യമുള്ള ആൾ, പണപയറ്റിന് നാട്ടുകാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം ക്ഷണിക്കുന്നുക്ഷണിക്കപ്പെട്ട് വരുന്നവർ എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട തുക, പണപയറ്റുകാരന്റെ ആവശ്യവും പണപയറ്റ് നടത്തുന്ന ആളിന്റെ സാമ്പത്തിക സ്ഥിതിയും ഇതിന് മുൻപ് അദ്ദേഹം തനിക്കോ മറ്റുള്ളവർക്കോ പണപയറ്റിനായി നൽകിയ തുകയും എല്ലാം കണക്കിലെടുത്ത് പണം നൽകുന്നു. ഇങ്ങനെ നൽകുന്ന തുക നിർബദ്ധമായും അല്ലെങ്കിൽ അതിലധികവും തന്റെ പണപയറ്റിൽ പങ്കെടുത്തവർക്ക് തിരിച്ച് നൽകേണ്ടതാണ്നമ്മുടെ നാട്ടിലും കണ്ടിട്ടില്ലേ, വിവാഹ ദിവസം മേശയിട്ടിരുന്ന് കിട്ടുന്ന തുക എഴുതി വെച്ച്, പിന്നീട് അവർക്ക് ആവശ്യം വരുന്ന ദിവസം പണ്ട് തനിക്ക് കിട്ടിയ തുകയും ചേർത്ത് കൂടുതൽ തുക നൽകുന്നത്പേരെഴുതിയ കവറിൽ പണമിട്ട് നൽകുന്നതും, ഒരു ആവശ്യം വരുമ്പോൾ നൽകുന്ന സഹായമായിരുന്നുഇപ്പോൾ അതെല്ലാം സർവ്വസാധാരണമല്ലാതായിട്ടുണ്ട്

നമ്മുടെ കാലഘട്ടത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് പഴയ പണപയറ്റിൽ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിൽ ഒരു പണപയറ്റ് സമ്പ്രദായം നമുക്ക് ആലോചിച്ചാലോ

പണപയറ്റ് സംഘം:
ഏതെങ്കിലും ഒരു സംഘത്തിന്റെ കീഴിൽ, പ്രധാനമായും അതിലെ അംഗങ്ങൾക്കായി സ്വയം സഹായ സാമ്പത്തിക സഹകരണ സംഘത്തിന്റെ മാതൃകയിൽ ഒരു ഉപസംഘമായിട്ട് പണപയറ്റ് സംഘം രൂപീകരിക്കുന്നതാണ് നല്ലത്. എത്ര പേരുടെ സംഘം വേണമെങ്കിലും രൂപീകരിക്കാം… 25 / 50 / 100 പേരൊക്കെയുള്ള സംഘമാണെങ്കിൽ ഉചിതം എന്ന് പറയാം... പരസ്പരം അറിയുന്ന, ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളവരുടെ ഇടയിലാണെങ്കിൽ കൂടുതൽ ഉത്തമംനടത്തിപ്പിന്റെ വിജയത്തിന് സോഷ്യൽ പ്രഷറൊക്കെ ഉപകാരപ്പെടും… സാമ്പത്തിക ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന ഒരു സംഘമായിട്ടല്ല ഇതിനെ കാണേണ്ടത്, മറിച്ച് നമ്മൾ തമ്മിലുള്ള ഒരു സാമ്പത്തിക സഹകരണത്തിനുള്ള ഒരു സംഘമായി പ്രവ്ർത്തിക്കുകയാണ്…



എന്തിന് പണപയറ്റ് സംഘം:
നമ്മുടെ തന്നെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾക്കായി ഓരോ മാസവും കൃത്യമായ തുക നിക്ഷേപിച്ച് സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും അതിന്റെ കൂടെ ബലത്തിൽ മറ്റ് അംഗങ്ങൾക്ക് നമ്മളിലുള്ള സാമ്പത്തിക വിശ്വാസത്തിന്റെ പുറത്ത് സംഘത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് പണപയറ്റ് സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. വലിയൊരു തുക ഒരുമിച്ച് ലഭ്യമാകുന്നു എന്നതാണ് പണപയറ്റിന്റെ ഏറ്റവും വലിയ ഗുണം. ആരുടേയും ഔദാര്യം സ്വീകരിക്കാതെ തന്നെ മൂലധനം സ്വരൂപിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ലല്ലോഎല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുക എന്നത് കുറെ പേരിലെങ്കിലും സാമ്പത്തിക അച്ചടക്കവും നിക്ഷേപ മനോഭാവവും വളർത്തിയെടുക്കാൻ ഉപകരിക്കും. അംഗങ്ങൾക്ക് എന്തെങ്കിലും സാമ്പത്തികാവശ്യം വരുമ്പോൾ, അത് കുട്ടികളുടെ വിദ്യഭ്യാസമാകാം കൃഷിയാവശ്യമാകാം ബിസിനസാകാം വിവാഹമാകാം അതുമല്ലെങ്കിൽ വിദേശ ജോലി തേടിയുള്ള യാത്രയാകാംഅങ്ങനെയുള്ള ഏതൊരു സന്ദർഭത്തിലും ഈ സംഘത്തിൽ നിന്ന് വായ്പയോ പണപയറ്റ് വഴി കൂടുതൽ തുകയോ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പണപയറ്റ് എങ്ങനെ:
ഒരു വ്യക്തിയുടെ വ്യക്തിഗത നിക്ഷേപവും സംഘത്തിന്റെ ഒരു മാസത്തെ മൊത്തം നിക്ഷേപത്തിന്റെ പകുതിയും ചേർത്ത തുകയേക്കാൾ കുറവാണ് ആവശ്യമുള്ള തുകയെങ്കിൽ, പയറ്റ് നടത്താതെ തന്നെ വായ്പയായി പരിഗണിച്ച് സംഘത്തിന് ആ തുക കൈമാറാവുന്നതാണ്. അതിനേക്കാൾ കൂടുതൽ തുകയാണ് ആവശ്യപ്പെടുന്നതെങ്കിൽ മാത്രമാണ് സംഘം പണപയറ്റ് പ്രഖ്യാപിക്കുക. അധികമുള്ള തുകയ്ക്ക് മാത്രമാണ് പയറ്റെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

പണപയറ്റ് നടത്തുമ്പോൾ, ഓരോ അംഗവും പയറ്റുന്ന തുക വ്യക്തിഗത ജാമ്യമായി പരിഗണിക്കും. ഇങ്ങനെ പ്രഖ്യാപിക്കുന്ന ജാമ്യതുകയുടെ എല്ലാവിധ ഉത്തരവാദിത്വവും നിങ്ങൾക്കു കൂടിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം… നടത്തിപ്പുകാർ മാത്രം ഉത്തരവാദിത്വം ഏറ്റെടുത്ത് പണം നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി ഓരോ അംഗവും നിശ്ചിത ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ഈ പണപയറ്റിൽ പ്രഖ്യാപിക്കുന്ന ജാമ്യതുകകൾ…    

ഉപസംഘം വ്യക്തിഗത ജാമ്യമില്ലാതെ നൽകുന്ന സംഘത്തിന്റെ ഒരു മാസത്തെ മൊത്തം നിക്ഷേപ തുകയുടെ പകുതിയും വ്യക്തിഗത ജാമ്യമായി പയറ്റിയ തുകയും വ്യക്തിഗത നിക്ഷേപവും ചേർത്ത് നൽകുന്ന തുകയാണ് പണപയറ്റ് തുക.

സംഘത്തിന്റെ പൊതുഫണ്ട്:
ഓരോ അംഗവും എല്ലാ മാസവും സംഘത്തിന്റെ പൊതുഫണ്ടിലേക്ക് ഒരു നിശ്ചിത തുക (ഉദാ: 1,000) കൈമാറുന്നുഇങ്ങനെ ലഭ്യമാകുന്ന തുകയിൽ നിന്നാണ് സംഘം വായ്പയും പണപയറ്റ് തുകയുമെല്ലാം നൽകുന്നത്.  പണപയറ്റ് തുകയും വായ്പയും തിരിച്ചടക്കുമ്പോഴും പൊതുഫണ്ടിലേക്ക് എല്ലാ മാസവും നൽകുന്ന നിശ്ചിത നിക്ഷേപ തുക തുടർന്നും നൽകേണ്ടതാണ്.

വ്യക്തിഗത നിക്ഷേപ തുകയും സംഘത്തിന്റെ ഒരു മാസത്തെ നിക്ഷേപ തുകയും പയറ്റിപ്രഖ്യാപിച്ച് വ്യക്തിഗത  ജാമ്യതുകയും എല്ലാം ചേർത്ത് പയറ്റ് തുക  പൊതുഫണ്ടിൽ നിന്ന് കൈമാറുകയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക

പണപയറ്റിൽ ലഭ്യമാകുന്ന തുക:
പണപയറ്റിന് ലഭ്യമാകുന്ന തുക എത്രയാണെന്നത്, ആർക്ക് വേണ്ടിയാണോ പണപയറ്റ് പ്രഖ്യാപിക്കുന്നത്, വ്യക്തിയുടെ സാമ്പത്തികം - കടം തിരിച്ചടയ്ക്കാനുള്ള ശേഷി - എന്താണ് ആവശ്യം - സൗഹൃദം തുടങ്ങിയ നിരവധി കാരണങ്ങൾക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുംപണപയറ്റിന് ഓരോ ആളുകളും സ്വന്തം നിലയിലാണ് ജാമ്യതുക പ്രഖ്യാപിക്കുന്നത്പണപയറ്റിൽ ചേർന്നു എന്നതുകൊണ്ട് പണപയറ്റ് നടത്തിയാൽ എല്ലാവർക്കും വലിയ തുകയോ / ആവശ്യമായ മുഴുവൻ തുകയോ ലഭ്യമാകും എന്ന് കരുതേണ്ടതില്ലമറ്റ് അംഗങ്ങൾക്ക് നിങ്ങളിലുള്ള സാമ്പത്തിക വിശ്വാസമാണ് പണപയറ്റിൽ നിങ്ങൾക്ക് ലഭ്യമാകുന്ന തുകയുടെ പ്രധാന അളവുകോൽ

ഓരോ പണപയറ്റിനും 100 രൂപ മിനമം ചാർജ് ഈടാക്കുന്നതാണ്… അംഗത്തിന്റെ വ്യക്തിഗത ബാലൻസിനേക്കാൾ കൂടുതൽ നൽകുന്ന തുകയ്ക്ക് മാത്രമായി ഒരൊറ്റ തവണയായി 8% വാർഷിക പലിശ ഈടാക്കുന്നതാണ്. പയറ്റിൽ പ്രഖ്യാപിച്ച തുകയിൽ നിന്ന് ഈ തുകകൾ കുറച്ച് ബാക്കിയുള്ള തുകയാണ് കൈമാറുകസംഘത്തിന്റെ മൂന്ന് മാസത്തെ ആകെയുള്ള നിക്ഷേപതുകയോ അതല്ലെങ്കിൽ ആ വ്യക്തിയുടെ നിക്ഷേപതുകയുടെ മൂന്ന് ഇരട്ടി തുകയോ, ഇതിൽ ഏതാണ് കൂടുതൽ തുക, ആ തുകയായിരിക്കും പണപയറ്റിനായി പ്രഖ്യാപിക്കുന്ന പരമാവധി തുക.

പണപയറ്റിലെ ജാമ്യതുക:
എല്ലാ അംഗങ്ങളും പണപയറ്റിൽ പങ്കെടുക്കണമെന്ന് യാതൊരുവിധ നിർബദ്ധവും ഇല്ല. വ്യക്തിഗത ജാമ്യം വ്യക്തിഗത തീരുമാനത്തിന് വിധേയമാണ്. അതേസമയം ഒരു പയറ്റിന് ഒരു വ്യക്തിക്ക് പ്രഖ്യാപിക്കാവുന്ന ഏറ്റവും കൂടിയ ജാമ്യതുക 3 മാസത്തെ നിക്ഷേപ തുകയായി നിപ്പെടുത്തിയിട്ടുണ്ട്.

പണപയറ്റ് തുകയുടെ തിരിച്ചടവ്:
പണപയറ്റ് തുക തുല്ല്യമായ 24 തവണകളായി രണ്ട് വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ടതാണ്.

പണപയറ്റ് എപ്പോൾ:
എല്ലാ മാസത്തിലും ഓരോ പണപയറ്റ് നടത്തുക എന്നതാണ് അഭികാമ്യം. ഏതെങ്കിലും ഒരു മാസത്തിൽ, ഒന്നിലധികം അംഗങ്ങൾ പണപയറ്റിന് ആവശ്യം ഉന്നയിക്കുകയാണെങ്കിൽ, ആ പയറ്റിന് നൽകാനുള്ള പൊതുഫണ്ട് നിലവിലുണ്ടെങ്കിൽ, അതിനനുവദിക്കുന്നതിന് ഭരണസമിതിക്ക് അവകാശമുണ്ട്. അതേസമയം പൊതുഫണ്ടിന്റെ കുറവ് മൂലം ഒന്നിലധികം പേരെ അനുവദിക്കാനാകില്ലെങ്കിൽ, എല്ലാവർക്കും നിക്ഷേപതുകയെങ്ങിലും തിരിച്ച് നൽകുന്നതിനായിരിക്കും മുഖ്യ പരിഗണന. ഇതുവരെ പണപയറ്റ് ചെയ്യാത്തവർ, വായ്പ എടുക്കാത്തവർ, സീനിയോറിറ്റി എന്നീ ക്രമത്തിൽ മുൻഗണന നൽകിയും പയറ്റിനുള്ള അർഹത നിശ്ചയിക്കാംഅതിനുശേഷവും ഒരാളെ മാത്രമായി തിരഞ്ഞെടുക്കാനായില്ലെങ്കിൽ, നറുക്കിട്ടെടുത്താകും അർഹരെ കണ്ടെത്തുക.

പണപയറ്റ് സംഘത്തിൽ നിന്ന് വായ്പ:
സാധാരണഗതിയിൽ പണപയറ്റ് വഴിയാണ് പണം നൽകുന്നതെങ്കിലും വായ്പ നൽകുന്ന രീതിയും പരിഗണിക്കാം. വായ്പ അനുവദിക്കുന്നത് ഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചാണ്… ഓരോ വായ്പയ്ക്കും 100 രൂപ മിനിമം നിരക്ക് ഈടാക്കുന്നതാണ്… നിക്ഷേപതുകയേക്കാൾ കൂടുതൽ തുകയാണ് വായ്പയായി ആവശ്യപ്പെടുന്നതെങ്കിൽ, അധികം നൽകുന്ന തുകയ്ക്ക് മാത്രം ഒരൊറ്റ തവണയായി 8% വാർഷിക പലിശ ഈടാക്കുന്നതാണ്. വായ്പ തുകയിൽ നിന്ന് ഈ തുകകൾ കുറച്ച് ബാക്കിയുള്ള തുകയാണ് കൈമാറുക

വായ്പ തുക തുല്ല്യമായ 12 തവണകളായി ഒരു വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ടതാണ്. നിക്ഷേപ തുകയുടെ ഇരട്ടി തുക വരെ വായ്പയായി നൽകാൻ ഭരണസമിതിക്ക് അധികാരമുണ്ട്.

പണപയറ്റിനും വായ്പയ്ക്കുമുള്ള അവകാശം:
എപ്പോൾ വേണമെങ്കിലും പണപയറ്റിൽ അംഗമാകാമെങ്കിലും നിക്ഷേപം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞാലാണ് പണപയറ്റിനും വായ്പയ്ക്കുമുള്ള അവകാശം ലഭ്യമാകു. നിലവിലുള്ള വായ്പയും പണപയറ്റിലെ തുകയും  തിരിച്ചടച്ച് കഴിഞ്ഞാൽ മാത്രമെ പുതിയതായി വായ്പയും പണപയറ്റും ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടാകുകയുള്ളൂ

പിഴ തുകകൾ:
നിക്ഷേപ തുക, വായ്പ തുക, പയറ്റ് തിരിച്ചടവ് തുക എന്നിവ അതാത് മാസം അവസാനിക്കുന്നതിന് മുൻപായി പൊതുഫണ്ടിലേക്ക് നൽകിയിരിക്കണംഇല്ലെങ്കിൽ, നിക്ഷേപതുകയുടെ പിഴവിന് 50 രൂപയും വായ്പതുകയുടെ പിഴവിനും പയറ്റ് തുകയുടെ പിഴവിനും 100 രൂപയും പിഴ ഈടാക്കുന്നതാണ്. ഇത് ഓരോ മാസത്തെ അടവ് മുടങ്ങലിനും പ്രത്യേകം ഈടാക്കുന്നതാണ്. പിന്നീട് നൽകുന്ന തുകയിൽ നിന്ന് കുടിശികയും പിഴയും സ്വീകരിച്ച് ബാക്കിയുള്ള തുകയാകും പിന്നീടുള്ള മാസങ്ങളിലെ തുകയായി വരവ് വെയ്ക്കുകയുള്ളു

പണപയറ്റിലെ വിവിധ വരിസംഖ്യകളും പിഴകളും:

നിക്ഷേപ തുക – 1,000 രൂപ മാസത്തിൽ
നിക്ഷേപ പിഴ തുക – 50 രൂപ

കുറഞ്ഞ ജാമ്യതുക – 500 രൂപ
കൂടിയ ജാമ്യതുക – 3,000 രൂപ
പയറ്റ് തിരിച്ചടവ് കാലം – 24 മാസം വരെ
പയറ്റ് ഫീസ് – 100 രൂപ
പയറ്റ് പലിശ - നിക്ഷേപത്തേക്കാൾ കൂടുതൽ നൽകുന്ന തുകയ്ക്ക് മാത്രം 8%.
പയറ്റ് തിരിച്ചടവ് പിഴ - 100
പയറ്റ് കുറഞ്ഞ തുക ഒരു മാസത്തെ വ്യക്തിഗത നിക്ഷേപ തുകയുടെ  പകുതി.
പയറ്റ് കൂടിയ തുക – സംഘത്തിന്റെ മൂന്ന് മാസത്തെ ആകെയുള്ള നിക്ഷേപതുകയോ അതല്ലെങ്കിൽ ആ വ്യക്തിയുടെ നിക്ഷേപതുകയുടെ മൂന്ന് ഇരട്ടി തുകയോ, ഇതിൽ ഏതാണ് കൂടുതൽ തുക, ആ തുകയായിരിക്കും.

കുറഞ്ഞ വായ്പ തുക – 6,000 രൂപ
കൂടിയ വായ്പ തുക – വ്യക്തിഗത നിക്ഷേപ തുകയുടെ ഇരട്ടി തുക.
വായ്പ തിരിച്ചടവ് കാലം – 12 മാസം വരെ
വായ്പ പിഴ തുക – 100
വായ്പ ഫീസ് – 100 രൂപ
വായ്പ പലിശ - നിക്ഷേപ തുകയേക്കാൾ കൂടുതലുള്ള തുകയ്ക്ക് മാത്രം 8%.

പണപയറ്റ് സംഘത്തിൽ നിന്ന് എങ്ങനെ പിൻമാറാം:
ഏതെങ്കിലും കാരണവശാൽ, ഒരാൾക്ക് സംഘത്തിൽ നിന്ന് പിന്മാറണമെങ്കിൽ, സംഘത്തിന് അനുമതി നൽകാവുന്നതാണ്. തുടർന്നുള്ള മാസങ്ങളിൽ സംഘത്തിലേക്ക് പയറ്റ് തുകകൾ നൽകേണ്ടതില്ല

പിരിഞ്ഞുപോകുന്ന വ്യക്തിയുടെ നിക്ഷേപത്തിൽ നിന്ന് അദ്ദേഹമെടുത്തിട്ടുള്ള വായ്പയും പണപയറ്റ് തുകയും കുറച്ച് ബാക്കിയുള്ള തുക സംഘത്തിന്റെ പൊതുഫണ്ടിൽ നിന്ന് കൈമാറാവുന്നതാണ്

നിക്ഷേപ സംഘത്തിലേക്ക് വായ്പ തുകയോ പണപയറ്റ് തുകയോ തിരിച്ച് നൽകാനുണ്ടെങ്കിൽ, തുക ഒരുമിച്ചോ അല്ലെങ്കിൽ അടച്ചുകൊണ്ടിരിക്കുന്ന തവണവ്യവസ്ഥകൾക്കനുസരിച്ച് അടവ് തീരുന്നത് വരെയോ തുടരേണ്ടതാണ്

സംഘം എങ്ങനെ പിരിച്ചുവിടാം:
ഏതെങ്കിലും കാരണവശാൽ സംഘം മുഴുവനുമായി പിരിച്ചുവിടണമെങ്കിൽ, അതുവരെ ഓരോരുത്തർക്ക് ലഭ്യമായ പയറ്റ് തുകയും വായ്പയും സംഘത്തിലേക്ക് ഉടനടി തിരിച്ചടച്ചടക്കണം തുകയിൽ നിന്ന് സംഘത്തിന്റെ എല്ലാ ബാധ്യതയും ഓരോ അംഗവും പയറ്റിനായി നൽകിയിട്ടുള്ള മുഴുവൻ തുകയും തിരിച്ച് നൽകണം. അതിനുശേഷം സംഘത്തിൽ ഏതെങ്കിലും വിധത്തിലുള്ള തുകകൾ ബാക്കിയുണ്ടെങ്കിൽ, ആ തുക മുഴുവനും മുഖ്യ സംഘത്തിന് കൈമാറി സംഘം പിരിച്ചുവിടാവുന്നതാണ്

കിട്ടാകടങ്ങൾ:
ഏതെങ്കിലും കാരണവശാൽ ഉണ്ടാകുന്ന കിട്ടാകടങ്ങൾ, ഉപസംഘത്തിന്റേയും   ബാധ്യതയായി കണക്കാക്കേണ്ടതാണ്… അതേ സമയം സംഘം പിരിച്ചുവിടുന്ന സമയത്ത് കണക്കാക്കുന്ന കിട്ടാകടങ്ങൾ, ഉപസംഘത്തിന്റെ മിച്ച തുകയേക്കാൾ കൂടുതലാണെങ്കിൽ, ഓരോ നിക്ഷേപകനിൽ നിന്നും അവർ നൽകിയ ജാമ്യതുകയുടെ പ്രൊ റാറ്റാ ബേസിൽ സംഘം ഈടാക്കുന്നതാണ്.

സംഘത്തിന്റെ ചിലവും ലാഭവും:
പണപയറ്റ് സംഘത്തിലേക്ക് ലഭ്യമാകുന്ന പിഴകൾ, വായ്പയുടേയും പണപയറ്റ് തുകയുടേയും പലിശകൾ ബാങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ പലിശ, അങ്ങനെ ലഭ്യമാകുന്ന തുകകളിൽ നിന്ന് സംഘത്തിന്റെ എല്ലാവിധ ചിലവുകളും നടത്തിയെടുക്കേണ്ടതാണ്. പണപയറ്റ് സംഘത്തിന്റെ വാർഷിക ലാഭത്തിന്റെ 25% തുക കണക്കെടുപ്പിന് ശേഷം മുഖ്യ സംഘത്തിലേക്ക് കൈമാറാവുന്നതാണ്മുഖ്യ സംഘം എന്ന നിലയിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിനും നടത്തിപ്പ് ബുദ്ധിമുട്ടുകൾക്കും പകരമായാണ് ഈ തുക കൈമാറുന്നത്. ബാക്കിയുള്ള 75% തുക സംഘത്തിന്റെ പൊതുഫണ്ട് ശക്തിപ്പെടുത്തുന്നതിന് മുതൽകൂട്ടും…

കുറിപ്പ്: ഒരു നേരമ്പോക്കിന് എഴുതിയിടുന്നതാണ്ഇങ്ങനേയും ഒരു സംഘം പ്രവർത്തിക്കാനാകുമോ എന്ന് ചിന്തിച്ചുകൊണ്ട്

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനേയും ഒരു സംഘം പ്രവർത്തിക്കാനാകുമോ...?