Monday 14 October 2019

സീറോ മലബാർ സഭയിൽ തൃശ്ശൂർ ഭാഗങ്ങളിൽ കാണുന്ന വിവാഹ ചടങ്ങുകൾ...

സീറോ മലബാർ സഭയിൽ തൃശ്ശൂർ ഭാഗങ്ങളിൽ കാണുന്ന വിവാഹ ചടങ്ങുകൾ... പ്രാദേശികമായ വ്യത്യാസം ഉണ്ടാകും... എങ്കിൽ ഞാൻ കണ്ടറിഞ്ഞ ചടങ്ങുകൾ...

കല്ല്യാണം ആലോചിക്കുന്നു, ബ്രോക്കർ വഴി, പത്ര പരസ്യം, വെബ്‌സൈറ്റ്, ആരെങ്കിലും പറഞ്ഞതനുസരിച്ച്... കേട്ടിടത്തോളം വെച്ച് രണ്ട് കൂട്ടർക്കും തൃപ്തിയുണ്ടെങ്കിൽ, പെണ്ണ് കാണൽ ചടങ്ങ്... ചെക്കന്റെ കൂടെ ഒരാൾ, ചിലപ്പോൾ എണ്ണം കൂടാം... സാധാരണഗതിയിൽ ആണുങ്ങൾ മാത്രം... പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണ് കാണുന്നു... ആ വീട്ടിലെ ആളൂകളൂം വളരെ വേണ്ടപ്പെട്ട രണ്ട് മൂന്ന് ബന്ധുക്കൾ... ചായ - ഒന്നോ രണ്ടോ ബേക്കറി പലഹാരങ്ങൾ...

അടുത്തത്, നാലഞ്ച് പേർ പെണ്ണിന്റെ വീട്ടിൽ നിന്ന് ചെക്കന്റെ വീട്ടിലേക്ക്... സ്ത്രീകളുമുണ്ടാകും... പക്ഷെ പെണ്ണ് ഉണ്ടാകില്ല... സ്വന്തം ജീവിതം നിർണ്ണയിക്കാൻ അവകാശമില്ലല്ലോ... ജീവിക്കേണ്ട വീടും നാടും കാണുന്നത് വിവാഹശേഷമായിരിക്കും... ആ വീട്ടിലെ ആളൂകളെ കൂടാതെ വളരെ വേണ്ടപ്പെട്ട രണ്ട് മൂന്ന് ബന്ധുക്കൾ... ചായ - നാലഞ്ച് ബേക്കറി പലഹാരങ്ങൾ...

ഇപ്പോൾ വിവാഹ ആലോചന സീരിയസായി...

ആണിന്റെ വീട്ടിൽ നിന്ന് അഞ്ചാറ് പേർ വധുവിന്റെ വീട്ടിലേക്ക്... പക്ഷെ ചെക്കൻ ഉണ്ടാകില്ല... ആ വീട്ടിലെ ആളൂകളൂം വളരെ വേണ്ടപ്പെട്ട നാലഞ്ച് ബന്ധുക്കൾ... ഇനിയും ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും വന്ന് കാണാനില്ലെങ്കിൽ, കല്ല്യാണം ഉറപ്പിക്കൽ ചടങ്ങിനുള്ള ദിവസം പറയും... ചായ - നാലഞ്ച് ബേക്കറി പലഹാരങ്ങൾ...

ചെക്കന്റെ വീട്ടിലാണ് കല്ല്യാണ ഉറപ്പിക്കൽ... സ്ത്രീധനം പരസ്യമായി പറഞ്ഞിരുന്ന സമയത്ത്, അത് എത്രയാണെന്നും എങ്ങനെയാണ് തരുന്നതെന്നും പറയുമായിരുന്നു... മനസമ്മതവും വിവാഹവും വസ്ത്രവും ആഭരണവും എടുക്കൽ എല്ലാം തീരുമാനിക്കുക... പെണ്ണിന്റെ വീട്ടിൽ നിന്ന് എട്ട് പത്ത് പേർ ഉണ്ടാകും... പെണ്ണുണ്ടാകില്ല... ചെക്കന്റെ ബന്ധുക്കളൊക്കെയായി പത്ത് പന്ത്രണ്ട് പേരുണ്ടാകും... ഉച്ച ഭക്ഷണത്തോടെ... നോൺ വെജ്... ഇതോടെ കല്ല്യാണം ഉറപ്പിച്ചതായി നാട്ടുകാരോടൊക്കെ പറയും... കല്ല്യാണം ഉറപ്പിച്ചിട്ട് കുറെ നാൾ കഴിഞ്ഞാണ് വിവാഹമെങ്കിൽ, ചിലപ്പോൾ ആണിന്റെ വീട്ടിൽ നിന്ന് വന്ന് പെണ്ണിന് ഒരു വളയിടൂന്ന ചടങ്ങും ഉണ്ട്... 

പ്രീ കാന - സഭ നടത്തുന്ന മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സിൽ താമസിച്ച് പങ്കെടുക്കണം... നമ്മുടെ സമയം പോലെ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം... സാധാരണ അതാത് രൂപതയുടെ തന്നെ പങ്കെടുക്കണം... ഇനിയിപ്പോൾ, തിരക്ക് പ്രമാണിച്ച്, സമയം ഇല്ലെങ്കിൽ മറ്റ് എവിടെയെങ്ങിലും അച്ചന്റെ സമ്മതത്തോടെ പങ്കെടുക്കാം...

ഇതെല്ലാം ആയാൽ, രണ്ട് കൂട്ടരും അവരവരുടെ ഇടവകയിൽ അറിയിക്കും... ചെക്കന്റെ പള്ളിയിൽ നിന്ന് കിട്ടുന്ന കല്ല്യാണക്കുറി പെണ്ണിന്റെ ഇടവകയിൽ സമർപ്പിച്ച് മനസമ്മതത്തിനുള്ള അനുവാദം വാങ്ങൂം... മനസമ്മതം എന്നത് വൈദീകൻ പരസ്യമായി വരനോടും വധുവിനോടും രണ്ട് സാക്ഷികളെ മുൻനിർത്തി സമ്മതം ചോദിക്കുന്ന ലളിതമായ ചടങ്ങാണ്... മനസമ്മതം എപ്പോഴും വധുവിന്റെ പള്ളിയിലാകും... വരന്റെ ആൾക്കാർ പള്ളിയിൽ വന്നതിന് ശേഷം വരന്റെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും പെണ്ണിന്റെ വീട്ടിൽ വന്ന് വധുവിനെ അവരുടെ കാറിൽ കൊണ്ടുപോകണം... കുർബ്ബാന നിർബദ്ധമില്ല... പക്ഷെ ഇപ്പോൾ എല്ലാവരും നടത്തുന്നു... പണ്ടൊക്കെ മനസമ്മതം ചെറിയ ആഘോഷം ചടങ്ങായിരുന്നുവെങ്കിൽ, ഇന്ന് പെണ്ണിന്റെ വീട്ടിൽ കല്ല്യാണം പോലെ വലിയ ചടങ്ങാണ്... ചെക്കന്റെ വിട്ടിൽ നിന്ന് 50 / 75 പേരൊക്കെ വരും... അതിന് "കുടിക്ക്" വരുക / പോകുക എന്നായിരുന്നു പറഞ്ഞിരുന്നത്... സാക്ഷികളും വധുവരന്മാരും പള്ളി റജിസ്റ്ററിൽ ഒപ്പിട്ട് കഴിഞ്ഞാൽ മനസമ്മതം കഴിഞ്ഞു... പിന്നെ അവിടെ നിന്ന് ചെക്കന്റെ പള്ളിയിലേക്ക് കത്ത് കൊടുക്കുന്നു...

പള്ളിയിൽ വിളിച്ച് ചൊല്ലൽ - മൂന്ന് ഞായറാഴ്ച്ചകളിൽ കുർബ്ബാന കഴിയുമ്പോൾ കപ്യാർ വന്ന് ഈ ഇടവകയിലെ വീട്ടുപേരും അപ്പന്റേയും അമ്മയുടേയും വിവാഹം കഴിക്കുന്ന ആളിന്റെ പേരും, പിന്നെ പങ്കാളിയുടെ ഇടവകയുടെ പേരും അപ്പന്റേയും അമ്മയുടേയും ആ പങ്കാളിയുടേയും പേരും പറഞ്ഞ് വിവാഹിതരാകുന്നു എന്ന് പറയും... മൂന്ന് ആഴ്ച് എന്ന് പറയുമെങ്ങിലും, 15 ദിവസം മതിയാകും... സാധാരണ മനസമ്മതം ശനി... പിറ്റേ ദിവസം, അടുത്ത ആഴ്ച്ച, പിന്നെ കല്ല്യാണ ദിവസം രാവിലെ... അങ്ങനെ മൂന്ന് പ്രാവശ്യം...

വസ്ത്രം ആഭരണം എടുക്കൽ... പെൺവീട്ടുകാരും ആൺ വീട്ടുകാരും പറഞ്ഞുറപ്പിച്ച കടയിൽ വരുന്നു... ആഭരണവും വസ്ത്രവും എടുക്കുന്നത് സ്ത്രീധനതുകയിൽ നിന്നാണ്... ഇതിൽ മന്ത്രകോടിയും താലിയും അന്നത്തെ ഉച്ചയ്ക്കുള്ള ഭക്ഷണവും വാങ്ങുന്നത് മാത്രമാണ് പണ്ട് കാലത്ത് ആണിന്റെ ചിലവ്... ഇപ്പോൾ താലിമാലയും ചെക്കൻ വാങ്ങുന്നതാണ്... താലി (മാലയല്ല) മരണശേഷം പള്ളിക്കുള്ളതാണ്...

മധുരം കൊടുക്കൽ - മനസമ്മതത്തിനും കല്ല്യാണത്തിനും തലേ ദിവസമോ രാവിലേയോ, അവിടെ കൂടിയിരിക്കുന്നവരോട് മൂന്ന് പ്രാവശ്യം വിളിച്ച് ചോദിച്ച്, അമ്മായി അല്ലെങ്കിൽ പെങ്ങൾ മധുരം കൊടുക്കും...

കല്ല്യാണ - മനസമ്മത തലേന്നുകൾ - ബന്ധുമിത്രാദികളും അയൽപ്പക്കക്കാരും മാത്രമുണ്ടായിരുന്ന കല്ല്യാണ-മനസമ്മത തലേന്ന്, ഇപ്പോൾ വൻ ആഘോഷമായിട്ടുണ്ട്... ഈ സമയത്താണ് ഇപ്പോൾ മധുരം കൊടുക്കൽ ചടങ്ങ്... ഇപ്പോൾ വന്നവരും പോയവരും എല്ലാം മധുരം കൊടുക്കും... തലേ ദിവസത്തെ പാർട്ടിക്ക്, ചെക്കന്റെ വീട്ടിൽ നിന്നും പെണ്ണിന്റെ വീട്ടിൽ നിന്നും അഞ്ചാറ് പേർ പോകുന്ന ചടങ്ങ് ഒക്കെയായിട്ടുണ്ട്... ചെക്കനും പെണ്ണൂം പോകില്ല...

കല്ല്യാണം : കുർബ്ബാന നിർബദ്ധമാണ്... കുർബ്ബാന മധ്യേ സമ്മതമാണോയെന്നൊക്കെ സാക്ഷികൾ മുൻനിർത്തി ചോദിക്കും... പിന്നെ താലി കെട്ട്, മോതിരം ഇട്ടുകൊടുക്കൽ... വിവാഹം കഴിഞ്ഞാൽ സാക്ഷികളും വധുവരന്മാരും പള്ളി റജിസ്റ്ററിൽ ഒപ്പിടും... പിന്നെ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് വാങ്ങാം... പള്ളി ചടങ്ങുകൾ കഴിഞ്ഞു...

കെട്ടുസാരി / ഗൗൺ എല്ലാം വെള്ള / ഓഫ് വൈറ്റ് അങ്ങനെയുള്ള നിറമാണെങ്കിൽ, മന്ത്രകോടി ചുവപ്പ്, പച്ച, നീല തുടങ്ങി ഏത് നിറവും ആകാം... ആണിന് ഒരൊറ്റ വസ്ത്രം, ഇപ്പോൾ രീതി മാറി തുടങ്ങിയിട്ടുണ്ട്... റിസപ്ഷന് മറ്റൊരു വസ്ത്രം...

വിവാഹം കഴിഞ്ഞ് അത്യാവശ്യം പടങ്ങൾ പള്ളിയിൽ വൈദീകരുടെ കൂടെ എടുക്കും... പിന്നെ കുടുംബക്കാരും... അത് കഴിഞ്ഞ് പുറത്തിറങ്ങി, കുറച്ച് കൂടെ പടങ്ങൾ... പിന്നെ ചെക്കന്റെ സഹോദരിയോ മറ്റോ, പെണ്ണിന്റെ ആരെങ്കിലുമൊക്കെയായി വധുവിനെ മന്ത്രകോടി ഉടുപ്പിക്കാൻ പോകും... ഇപ്പോൾ ചെക്കനും റിസപ്ഷന് മറ്റൊരു വസ്ത്രം ഉടുക്കും...

മനസമ്മതത്തിന് എത്ര പേർ ചെക്കന്റെ വീട്ടിൽ നിന്ന് വന്നു... അതിനേക്കാൾ കൂടുതൽ പേർ, ഇരട്ടി വരെ വധുവിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് ചെക്കന്റെ വീട്ടിലേക്ക് വരാം... പക്ഷെ എല്ലാം മുൻകൂട്ടി പറയും...

വിവാഹം / മനസമ്മതം കഴിഞ്ഞാൽ വീട്ടിലെ പന്തലിലേക്ക് / ഹാളിലേക്ക്... അവിടെ മാലയും ബൊക്കെയും പിടിച്ച് കുട്ടികൾ നിൽക്കും... രണ്ടിടത്തും അതാത് അമ്മന്മാർ, കുരിശ് വരച്ച് മാലയിട്ട് സ്വീകരിക്കും, കുട്ടികൾ ബൊക്കെ കൊടുക്കും, കുട്ടികൾ കൈ പിടിച്ച് മണ്ഡപത്തിലേക്ക്... മണ്ഡപത്തിൽ വെച്ച് നിലവിളക്ക് കൊളുത്തി ചടങ്ങ് ആരംഭിക്കും... കേക്ക് മുറിച്ച് പരസ്പരം കൊടുക്കും... വൈൻ കുടിക്കും... അങ്ങനെയങ്ങനെ...

പിന്നെ വീട്ടിലേക്ക് - ഇത് മനസമ്മതത്തിനും വിവാഹത്തിനുമുണ്ട്... വിവാഹം കഴിഞ്ഞ് വീട്ടിൽ കയറുമ്പോൾ അമ്മ കുരിശ് വരച്ച് കയറ്റും... അമ്മ കൊടുക്കുന്ന നിലവിളക്ക് വധു കയ്യിൽ പിടിച്ച് വരന്റെ വീട്ടിലേക്ക് കയറും... കൊന്തയിട്ട് സ്വീകരിക്കുന്നതും കാണാം... വീടിനകത്ത് വെച്ച് വധുവിനെ അമ്മ വരന്റെ അമ്മയ്ക്ക് കൈ പിടിച്ചേൽപ്പിക്കും... പിന്നെ എല്ലാവരും കൈ കൊടുത്ത് പിരിയും...

പിന്നെ ആദ്യരാത്രി - വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്... പാലുമായി വധുവിന്റെ വരവൊന്നും ഇല്ല... വാതിൽ കുറ്റിയിട്ട്... അവരുടെ ചടങ്ങുകൾ അവർ തീരുമാനിക്കും... ഹാ... ഈ ലൈസൻസ് കിട്ടാനല്ലേ ഇത്രയും ചടങ്ങുകൾ...

കല്ല്യാണ പിറ്റേന്ന് പെണ്ണിന്റെ സഹോദരൻ വരന്റെ വീട് സന്ദർശിച്ച് വിശേഷങ്ങൾ അന്വേഷിക്കണം...

സാധാരണ ഞായർ ആണല്ലോ കല്ല്യാണം... എങ്കിൽ അടുത്ത ബുധൻ പെണ്ണിന്റെ വീട്ടിൽ നിന്ന് നാലഞ്ച് പേർ വരും... ആ സമയത്ത് ഒരു അലമാരയും കുറെ പലഹാരങ്ങളുമായിട്ടാണ് വരവ്... ഉച്ചയ്ക്ക് ഭക്ഷണവും കഴിഞ്ഞ് ചെക്കനേയും പെണ്ണിനേയും കൊണ്ടുപോകും... പിന്നെ അടുത്ത ഞായർ ചെക്കന്റെ വീട്ടിൽ നിന്ന് നാലഞ്ച് പേർ വന്ന് വധുവരന്മാരെ കൂട്ടികൊണ്ടുപോകും... അപ്പോൾ ചെക്കന്റെ വീട്ടുകാർ പലഹാരങ്ങൾ കൊണ്ടുവരും... സഹോദരന്മാരുടെ വിവാഹം കഴിഞ്ഞു പോകുമ്പോൾ സഹോദരിന്മാർക്ക് കുറെ പലഹാരം കൊടുത്തു വിടുന്ന ചടങ്ങുമുണ്ട്...

ചടങ്ങുകൾ ഒക്കെ എല്ലാ സഭകളിൽ നിന്നും എല്ലാ പ്രദേശങ്ങളിൽ നിന്നും ഓരോന്നായി കൂടി വരുന്നുണ്ട്... ചിലതൊക്കെ ഇല്ലാതാകുന്നുണ്ട്... പണ്ട് മണ്ഡപം അലങ്കരിക്കുന്നതിൽ പ്രധാനമായിരുന്നു... ഒരു പറയിൽ ഒരു തെങ്ങിൻ കുല വെച്ച്, ബാക്കി നെല്ല് ഇട്ട്, കുറെ നെല്ല് വിരിച്ച പായയിലും ഇടും... പിന്നെ പായയിൽ തേങ്ങ പൊളിച്ച്, അതിൽ ചന്ദനത്തിരി കുത്തി വെയ്ക്കും... ഇപ്പോൾ അതൊന്നും കാണുന്നില്ല... പിന്നെ കളഭം വധു വരന്മാർ ചാർത്തും അത് കഴിഞ്ഞ് വിവാഹം കൂടാൻ വന്നവർക്കൊക്കെ നെറ്റിയിൽ കളഭം തൊടാൻ കൊണ്ടു കൊടുക്കും... പിന്നെ കുടി വന്നവർക്ക് ഓരോ ചെറു നാരങ്ങയും... ഇപ്പോൾ അതൊന്നും കാണുന്നില്ല... വധുവരന്മാർ പരസ്പരം കളഭം ചാർത്തും... ബാക്കിയെല്ലാം കാലഹരണപ്പെട്ടൂ...

ഒരു വിവാഹം കഴിയുന്നതോടെ കുടുംബത്ത് നീറിപുകയുന്ന കുറെ പ്രശ്നങ്ങൾ ഉടലെടുക്കും... കുടിക്ക് കൊണ്ടുപോയില്ല, ആഭരണം എടുക്കാൻ കൊണ്ടുപോയില്ല, വിളിച്ചത് ശരിയായില്ല, ആലോചിച്ചില്ല, പടമെടുക്കാൻ നിർബദ്ധിച്ചില്ല, ഇതിന്റെ കൂടെ പള്ളിയുടെ വക, യൂണിറ്റ് ഭാരവാഹിയുടെ കത്ത് ഇല്ല, ജോലി ചെയ്യുന്ന സ്ഥലത്തെ പള്ളിയുടെ / കമ്പനിയുടെ കത്ത് ഇല്ല... ഭക്ഷണം ശരിയായില്ല... പെണ്ണ് ഉടുത്തൊരുങ്ങാൻ വൈകി... അങ്ങനെ നൂറായിരം പ്രശ്നങ്ങൾ... പിന്നെ സാമ്പത്തിക ബാധ്യതകൾ വർഷങ്ങളോളം...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നെ ആദ്യരാത്രി - വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്... പാലുമായി വധുവിന്റെ വരവൊന്നും ഇല്ല... വാതിൽ കുറ്റിയിട്ട്... അവരുടെ ചടങ്ങുകൾ അവർ തീരുമാനിക്കും... ഹാ... ഈ ലൈസൻസ് കിട്ടാനല്ലേ ഇത്രയും ചടങ്ങുകൾ...