Saturday 9 November 2019

അയോദ്ധ്യ വിധി - ഒരു തരം മരവിപ്പ്

ജനാധിപത്യ വിധികളെ അംഗീകരിച്ചല്ലേ പറ്റൂ... അടുത്ത ജനാധിപത്യ വിധിയെഴുത്തിനായി കാത്തിരിക്കും... നിയമം കയ്യിലെടുക്കുകയോ വൈകാരികമായ കുത്തിയൊലിക്കലുകൾ നടത്തുകയോ ചെയ്യുകയില്ല... നമുക്ക് ഇഷ്ടമല്ലെങ്കിൽ കൂടി, ജനാധിപത്യം ഇങ്ങനെയൊക്കെയാണെന്ന സത്യം നാം തിരിച്ചറിയണം...

അപ്പോൾ പിന്നെ കോടതി വിധികളോ... ജനാധിപത്യ വിധികളെ പോലെ നമുക്ക് തിരുത്താനുള്ള സ്പേസ് ഒന്നും നിലവിൽ ഇല്ല... പക്ഷെ കോടതി വിധികൾ വഴി അട്ടിമറിക്കപ്പെടുന്ന നീതിയെ തല കുനിച്ച് അനുഭവിക്കുകയെന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്... നമ്മുടെ ഓരോ കോടതികളിലും സിവിൽ-ക്രിമിനൽ കേസുകളിൽ നിന്ന് വരുന്ന വിധികളിലെല്ലാം നീതി പുലർന്നുവെന്ന് എനിക്ക് അഭിപ്രായമില്ല... എന്തിന്, രണ്ട് സഹോദരങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണെങ്കിൽ കൂടി, മധ്യസ്ഥത പറയുന്നവർ നീതിയുടെ പക്ഷത്താണ് നിൽക്കുന്നുവെന്നത് പോലും പലപ്പോഴും ഒരു മിത്തായി അവശേഷിക്കും...

അപ്പോൾ പിന്നെ അയോദ്ധ്യ കേസ് പോലെ പതിറ്റാണ്ടുകൾ നീണ്ട ഒരു കേസിൽ 100% നീതി പുലരുന്ന ഒരു വിധി, അതും ഈ സംഘികാലത്ത് ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല... ഈ വിധി ഇന്ത്യയുടെ ജനാധിപത്യ-നിയമവ്യവസ്ഥയ്ക്ക് ശക്തി പകരുന്നതിന് അനുകൂലമല്ല എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യും... അവിശ്വാസവും ഭയാശങ്കകളും ഊട്ടിയുറപ്പിക്കുന്ന ഒന്നായി വിധി പരിഗണിക്കപ്പെടും...

രാജ്യത്ത് വൈകാരികമായ ഒരു നീക്കവും ഉണ്ടാകരുത്... വിധിയോടുള്ള വിയോജിപ്പ് നിലനിർത്തികൊണ്ട് തന്നെ, ഇന്ത്യൻ പൊതുസമൂഹം പക്വമായി ഈ വിധിയെ സ്വീകരിക്കേണ്ടതുണ്ട്... പ്രത്യേകിച്ച് മുസ്ലീം സമൂഹം... അതിനുള്ള പക്വത നമുക്കുണ്ടെന്ന് ഞാൻ പ്രത്യാശിക്കുന്നു... വിധി എതിരാണെങ്കിൽ കൂടി, പരാജയപ്പെട്ടത് നിങ്ങളല്ല, നമ്മളാണ്... നമ്മൾ മാത്രം...

വൈകാരികമായി പ്രതികരിച്ചുകൊണ്ട്, വിദ്വേഷം നിറഞ്ഞ വാക്കുകളിലൂടെയോ മറ്റോ, സമകാലിക ഇന്ത്യയെ മറ്റൊരു 1992 ആക്കാൻ ഈ വിധിയോട് വിയോജിപ്പ് ഉണ്ടെങ്കിൽ കൂടി നമ്മൾ ഒരു കാരണമാകരുത്... സംയമനം പാലിക്കാൻ, നമുക്ക് ഓരോരുത്തർക്ക് കടമയുണ്ട്...

ഒരു തരം മരവിപ്പ് അവശേഷിക്കുന്നു... അത് പറയാതെ പറ്റുകയുമില്ല...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...



വൈകാരികമായി പ്രതികരിച്ചുകൊണ്ട്, വിദ്വേഷം നിറഞ്ഞ വാക്കുകളിലൂടെയോ മറ്റോ, സമകാലിക ഇന്ത്യയെ മറ്റൊരു 1992 ആക്കാൻ ഈ വിധിയോട് വിയോജിപ്പ് ഉണ്ടെങ്കിൽ കൂടി നമ്മൾ ഒരു കാരണമാകരുത്... സംയമനം പാലിക്കാൻ, നമുക്ക് ഓരോരുത്തർക്ക് കടമയുണ്ട്