Monday 2 December 2019

കേരള പ്രവാസി ഡിവിഡന്റ് സ്കീം

കിഫ്ബിയുടെ രാഷ്ട്രീയം മറ്റൊരിടത്ത് ചർച്ച് അ ചെയ്യാം... ഇവിടെ സാമ്പത്തിക-സാമൂഹിക-നിയമ വശങ്ങൾ പറയാം...
കേരള സർക്കാരിന്റെ കീഴിലുള്ള കേരള പ്രവാസി വെൽഫെയർ ബോർഡ് വഴി പ്രവാസികൾക്കായി ഒരു ഡിവിഡന്റ് സ്കീം ഇറക്കുന്നുണ്ട്... കിഫ്ബിയിലാണ് സർക്കാർ ഫണ്ട് മുഴുവനും നിക്ഷേപിക്കുക... ഈ പദ്ധതിയുടെ ഗുണങ്ങളൂം ദോഷങ്ങളുമായി നിരവധി പേർ പലതും പറയുന്നുണ്ട്... എനിക്ക് സാമ്പത്തിക വിഷയങ്ങളിൽ അറിവ് ഒന്നും ഇല്ല... മനസിലാക്കിയിടത്തോളം അത്യാവശ്യം നല്ല പദ്ധതിയായാണ് എനിക്ക് തോന്നിയത്... ഇതുപോലെ നല്ല പദ്ധതികൾ വേറേയുമുണ്ടാകാം...
ഈ ഡിവിഡന്റ് സ്കീമിൽ 3 ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ ഒറ്റ തവണയായി നിക്ഷേപിക്കാം...
ഡിവിഡന്റ് 10% ഉറപ്പ് നൽകുന്നുണ്ട്... ഭാവിയിൽ ഡിവിഡന്റ് നിരക്കിൽ മാറ്റം വരുത്താൻ ബോർഡിന് അവകാശമുണ്ടെങ്കിലും നിക്ഷേപക സമയത്ത് നൽകിയ ഡിവിഡന്റ് നിരക്ക് അയാൾക്ക് ദോഷകരമായ രീതിയിൽ കുറവ് വരുത്തുവാൻ സാധ്യമല്ല... ഇപ്പോൾ ബാങ്കിലെ എഫ്.ഡി.ക്കൊക്കെ 6.5% ഒക്കെയാണ് ലഭിക്കുന്നത്.. ആ സമയത്ത് 10% എന്നത് ന്യായമായ ലാഭമാണ് ഉറപ്പ് നൽകുന്നത്...
ആദ്യത്തെ മൂന്ന് വർഷം നമുക്ക് ഡിവഡന്റ് ലഭിക്കില്ല... അത് കഴിഞ്ഞാൽ, ആദ്യത്തെ മൂന്ന് വർഷത്തെ ഡിവിഡന്റും ചേർത്ത് വരുന്ന തുകയുടെ 10% വാർഷികമായി കണക്കാക്കി, അതിന്റെ ഓരോ വിഹിതം ഓരോ മാസമായി നമുക്ക് ലഭിക്കും... 3 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക്, ആദ്യത്തെ മൂന്ന് വർഷം കഴിയുമ്പോൾ, മുതൽ എല്ലാ മാസവും 3,250 രൂപ ലഭിക്കും.
പണം ഒരിക്കലും പിൻവലിക്കാൻ അനുമതി ഇല്ലായെന്നതാണ് അതിലെ ഏറ്റവും വലിയ ന്യൂനതയായി പലരും പറയുന്നത്... എനിക്കത് ഒരു അനുഗ്രഹമായിട്ടാണ് ഫീൽ ചെയ്യുന്നത്... പ്രായമാകുന്തോറും നമ്മുടെ കയ്യിൽ പണമുണ്ടെന്നത്, മിക്കപ്പോഴും നമുക്ക് നിയന്ത്രിക്കാനാകാത്ത ഒന്നായി മാറാറുണ്ട്... ഒരു പക്ഷെ സന്തോഷത്തോടേയും അതല്ലെങ്കിൽ ഗതികെട്ടിട്ടായാലും ആ പണം മക്കൾക്കോ, അതല്ലെങ്കിൽ അത്ര അത്യാവശ്യം ഇല്ലാത്ത നമ്മുടെ തന്നെ ഒരു ആവശ്യത്തിനോ ചിലവായി പോകാം... അങ്ങനെയാൽ, പിന്നെയുള്ള മാസങ്ങളിലെ ചിലവിന് പണമില്ലാതെയാകും... അതിവിടെ തടയുന്നു എന്ന് മാത്രമല്ല നമ്മുടേയും പങ്കാളിയുടേയും ജീവിതകാലം മുഴുവൻ ഒരു നിശ്ചിത തുക മാസം ലഭ്യമാകുന്നു... രണ്ട് പേരുടേയും കാലശേഷം നോമിനിക്ക്, നമ്മൾ നിക്ഷേപിച്ച തുകയും ആദ്യത്തെ മൂന്ന് വർഷത്തെ ഡിവിഡന്റും ചേർത്ത് മുഴുവൻ പണവും പിൻവലിക്കാം...
അടുത്ത ഏതെങ്കിലും ഒരു സർക്കാർ വരുമ്പോൾ, അല്ലെങ്കിൽ ഈ സർക്കാരിന് തന്നെ പദ്ധതി സർക്കാരിന് കൂടുതൽ ബാധ്യതയുണ്ടാക്കുന്നുവെന്ന് തോന്നിയാൽ, ഈ പദ്ധതി പിൻവലിക്കാൻ സാധ്യതയുണ്ടെന്നതാണ്... അപ്പോഴും ന്യായമായ രീതിയിലാകും അതൊക്കെ ചെയ്യുക... കേരളസർക്കാരിന്റെ വിശ്വാസ്തത പ്രതീക്ഷിക്കാം...
പ്രവാസികളിൽ മിക്കവർക്കും ബാങ്ക് നിക്ഷേപമൊക്കെയുണ്ടാകാം... ഷെയറിലും മ്യൂച്ചൽ ഫണ്ടിലും ഇടുന്നവരാകില്ല പലരും... എല്ലാ മുട്ടയും ഒരു കുട്ടയിൽ ഇടരുതെന്നതുപോലെ, എല്ലാ നിക്ഷേപവും ബാങ്കിലിട്ട് ഇരിക്കാതെ, സർക്കാരിന്റെ ഗ്യാരന്റിയിൽ ഉള്ള ഒരു സ്കീമിൽ ഇടുന്നതിനോട് യോജിപ്പാണ്... ബാങ്കുകളിലെ നിക്ഷേപത്തിന് റിസർവ് ബാങ്ക് ഒക്കെ നൽകുന്ന സംരക്ഷണമൊക്കെ എത്രമാത്രം അനിശ്ചിതത്വത്തിലാണെന്ന് മനസിലാക്കുമ്പോൾ, അല്പം പണം കേരള സർക്കാരിന്റെ സംരക്ഷണത്തിലേക്ക് മാറ്റി വെയ്ക്കുക...
നാഷണൽ പെൻഷൻ സ്കീമിൽ ഇടുമ്പോൾ ലഭ്യമാകുന്ന നികുതിയിളവ് ഈ സ്കീമിൽ ലഭ്യമല്ല എന്നത് ഒരു ന്യൂനതയാണ്... ഇപ്പോഴത്തെ അവസ്ഥയിൽ വർഷം രണ്ടര ലക്ഷം രൂപയൊക്കെ പലിശയൊക്കെ കിട്ടുന്ന എക്സ് പ്രവാസികൾക്കല്ലേ പ്രശ്നമുള്ളൂൂ... അല്ലെങ്കിൽ മറ്റ് വരുമാനങ്ങൾ എല്ലാം ചേർന്ന് അത്രയും തുക വരുന്ന സന്ദർഭത്തിൽ...
മൂന്ന് വർഷം കഴിയുമ്പോൾ മുതൽ, എല്ലാ മാസവും നിശ്ചിത തുക, ഒരു പെൻഷൻ പോലെ ലഭ്യമാകുന്നത് പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോൾ, മക്കളോട് കൈ നീട്ടാതെ ജീവിക്കാൻ ഉപകരിക്കും...
പ്രവാസ നാടുകളിൽ ജോലി ചെയ്യുകയും വിശ്രമ ജീവിതം കേരളത്തിലും എന്ന് കരുതുന്ന ഏതൊരു പ്രവാസിക്കും ഈ പദ്ധതിയിലൂടെ ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുകയും നമ്മുടെ സർക്കാരിന് നമ്മുടെ നാടിന്റെ അടിസ്ഥാന വികസനത്തിന് നമ്മുടേതായ പങ്കും ഇതിലൂടെ ഉറപ്പാക്കാം... നമ്മളും സർക്കാരും ഒന്നാണ്...
ഞാൻ പണമൊന്നും ഈ സ്കീമിൽ ഇതുവരെ ഇട്ടിട്ടില്ല... ഇവിടെയൊക്കെ ഇട്ട്, അതിന്റെ വിവിധ വശങ്ങൾ മനസിലാക്കി, സാവധാനം തീരുമാനം എടുക്കാമെന്ന് കരുതിയിട്ട് എഴുതിയിടുന്നതാണ്... സംശയങ്ങൾ ചോദിച്ച് ചോദിച്ച് പോകാം...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


പ്രവാസ നാടുകളിൽ ജോലി ചെയ്യുകയും വിശ്രമ ജീവിതം കേരളത്തിലും എന്ന് കരുതുന്ന ഏതൊരു പ്രവാസിക്കും ഈ പദ്ധതിയിലൂടെ ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുകയും നമ്മുടെ സർക്കാരിന് നമ്മുടെ നാടിന്റെ അടിസ്ഥാന വികസനത്തിന് നമ്മുടേതായ പങ്കും ഇതിലൂടെ ഉറപ്പാക്കാം...