Saturday 7 December 2019

നീതിക്ക് നിയമത്തിന്റെ വഴികളുണ്ട്...

കോടതികൾ വഴി നിയമം നടപ്പിലാക്കുന്ന കേസുകളിൽ വരെ ഏറ്റവും അവസാനം നീതി കിട്ടുക, അല്ലെങ്കിൽ നീതി കിട്ടാതിരിക്കുക, സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവർക്കാണ്... സാമ്പത്തികമായും സമൂഹികമായും പിടിപാടുള്ളവർക്ക് അവർക്ക് അർഹമായ നീതി ലഭ്യമാക്കാനും അനർഹമായത് പിടിച്ച് വാങ്ങാനും കെൽപ്പുണ്ട്... അപ്പോൾ പിന്നെ, നിയമത്തിന്റെ യാതൊരു വിധ സംരക്ഷണവും ലഭ്യമല്ലാത്ത എൻകൗണ്ടർ കൊലകളിൽ, ആൾക്കൂട്ട കൊലകളിൽ ഒരു കാരണവശാലും നീതി ലഭ്യമാകില്ല എന്ന് മാത്രമല്ല... അവരെയൊക്കെ വളരെ എളുപ്പത്തിൽ തന്നെ കൊന്ന് തള്ളാനാകുകയും ചെയ്യും...

ബലാൽസംഗ കേസിൽ / അവരെ കൊന്ന് തള്ളിയ കേസിൽ ഇന്ത്യൻ നിയമ വ്യവസ്ഥയെ അട്ടിമറിച്ച തെലങ്കാന പോലിസിന് കയ്യടിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ചിലതെല്ലാം ഓർമിപ്പിക്കണമല്ലോ... കാരണം നാളെ ഏതെങ്കിലും ഒരു പോലിസ് അല്ലെങ്കിൽ ഒരു സമൂഹം ആരവം മുഴക്കി നിയമവ്യവസ്ഥയെ അട്ടിമറിച്ച് നിങ്ങൾക്കെതിരേയും തിരിയാം... സ്വന്തം തടിക്ക് അടി കിട്ടുമെന്ന് ഓർത്താലെങ്കിലും കയ്യടിയുടെ ശബ്ദം അല്പം കുറച്ചാലോ...

ഏതെങ്കിലും ഒരു വൻതോക്ക് ആരെയെങ്കിലും ബലാൽസംഗം ചെയ്താലും പോലിസിന് വേണ്ടത്, ഒരു പ്രതിയെയാണെങ്കിൽ അത് നിങ്ങളായിക്കൂടെ... കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന പോലിസാണ് നമുക്കുള്ളതെന്ന് നിങ്ങൾ ആയിരം വട്ടം പറഞ്ഞിട്ടുള്ളതുകൊണ്ട്, ഇങ്ങനെ സംഭവിച്ചുകൂടെയെന്നില്ലല്ലോ...

ഏതെങ്കിലും ഒരു ബോംബ് സ്പോടനത്തിന് ശേഷം... പ്രതിയെ കിട്ടാത്ത പോലിസിന് ഒരു കാറിലെ രണ്ട് മൂന്ന് പേരെ നേരിട്ട് ചുമ്മാ അങ്ങട് തട്ടിയിട്ട്, അതെല്ലാം അവരിൽ ചാർത്തി വാർത്ത നൽകിയാൽ, നിയമം നടപ്പിലായെന്ന് ആർത്ത് വിളിക്കുന്നവർ അന്നുമുണ്ടാകും... മതപരമായ ഒരു നിറം നൽകിയാൽ, ആഹ...

നമ്മുടെയൊക്കെ മാധ്യമങ്ങളും പോലിസും ചിലപ്പോൾ കോടതിക്ക് തെറ്റ് പറ്റിയുമാകാം... നിരവധി പേരെ തെറ്റുകാരാണെന്ന് വിധിച്ച് ശിക്ഷയും നൽകി, വർഷങ്ങൾ കഴിയുമ്പോൾ അവർ നിരപരാധികൾ ആണെന്നും ശരിയായ പ്രതികളെ അറസ്റ്റ് ചെയ്തതും നമ്മളൊക്കെ മാധ്യമങ്ങളിലൂടെ വായിക്കുന്നത്, ഇപ്പോൾ തെലങ്കാന പോലിസ് ചെയ്തതുപോലെയുള്ള നിയമത്തെ അട്ടിമറിക്കുന്ന നടപടികൾക്ക് പകരം നിയമം അനുശാസിക്കുന്ന വഴികളിലൂടെ പോയതുകൊണ്ടാണ്...

ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ അധികം സമയം ഒന്നും വേണ്ട... നിങ്ങളെത്ര ആടാണെന്ന് നിങ്ങൾ ഇപ്പോൾ കരുതിയാലും... പേപ്പട്ടിയിലേക്ക് എത്താൻ ഒരു നിമിക്ഷം മതി... അതുകൊണ്ട് തെലങ്കാന പോലിസിന് ജയ് വിളിക്കുന്നതിന് മുൻപ് ഒന്നുകൂടെ ആലോചിക്കൂ... ഒരു പക്ഷെ നിങ്ങൾ പ്രിവിലേജഡ് സമൂഹമാണെങ്കിൽ, നിങ്ങൾക്ക് ചിലപ്പോൾ രക്ഷപ്പെടാം... പക്ഷെ എല്ലായ്‌പ്പോഴും അല്ല...

ഇവിടെ പറയുന്നത്, തെലങ്കാന പോലിസ് വെടി വെച്ച് കൊന്നവർ പ്രതികൾ അല്ലായെന്ന നേരിയ സംശയം പോലുമല്ല... നിയമവ്യവസ്ഥയിലൂടെയാകണം രാജ്യത്തിന്റെ പ്രയാണം... അത്രമാത്രം...

ഇവിടത്തെ നിയമവ്യവസ്ഥ 916 പരിശുദ്ധിയുണ്ടെന്നല്ല പറയുന്നത്, ഏറ്റവും മോശം നിയമവ്യവസ്ഥയേക്കാൾ മോശമാണ് നിയമവ്യവസ്ഥ ഇല്ലാത്ത അവസ്ഥ... അതുകൊണ്ട് തന്നെ ബലാൽസംഗികളോടും കൊലപാതകികളോടും സീറോ ടോളറൻസ് നിലനിർത്തികൊണ്ട് തന്നെ സീറോ ടോളറൻസാണ് നിയമത്തെ അട്ടിമറിക്കുന്ന പോലിസ് കൊലപാതകങ്ങളോടും... നിയമം വഴി നീതി നടപ്പിലാക്കണം എന്ന് പറയുമ്പോൾ, നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടവരുടെ കണക്ക് കൊണ്ടുവരുന്നവർ ഓർക്കേണ്ടത്, നിയമം ഉള്ളതുകൊണ്ട് രക്ഷപ്പെട്ട ആയിരങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്നാണ്... ഒരു പക്ഷെ നിങ്ങൾ ഒരു കൊലപാതകിയായി / അല്ലെങ്കിൽ ബലാൽസംഗക്കരനായി മുദ്രകുത്തപ്പെട്ട് മോബ് ജസ്റ്റീസ് അല്ലെങ്കിൽ വ്യാജ എൻകൗണ്ടറിലോ കൊല്ലപ്പെടാതിരിക്കുന്നതും നമ്മളൊക്കെ എന്നും കുറ്റപ്പെടുത്തുന്ന ഏറ്റവും മോശം ആയ ഒരു നിയമവ്യവസ്ഥ ഉള്ളതുകൊണ്ടാണ്...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...