Sunday 4 July 2010

ഇന്ദിരഭവനും എ.കെ.ജി സെന്ററും പിക്കറ്റ്‌ ചെയ്യുക...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന്‌ നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച്‌ ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!


റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ്‌ കളിക്കും. ഇതേ കുട്ടികൾക്ക്‌ N.H 47 ഇൽ ക്രിക്കറ്റ്‌ കളിക്കണമെന്ന്‌ തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക്‌ ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ്‌ നമ്മുടേത്...


കോടതി വിധി സ്വാഗതാർഹമല്ല അല്ലെങ്ങിൽ വ്യക്തത കുറവുണ്ടെങ്ങിൽ പ്രതികരിക്കാം വിമർശിക്കാം, ഉയർന്ന കോടതികളിൽ അപ്പീൽ നൽകാം... ജനാധിപത്യ രീതികൾ പരീക്ഷിക്കണം... നിയമസഭയിൽ നിയമനിർമാണം നടത്താം... കവലകളോട്‌ ചേർന്ന്‌ പൊതുയോഗം നടത്താൻ പ്രത്യേക സ്ഥലം ഏർപ്പെടുത്താം, ആഡിറ്റേറിയവും ഉപയോഗിക്കണം... ടി.വി. ചർച്ചകളിൽ നിലപാടുകൾ വ്യക്തമാക്കാം... ബ്ലോഗിലും ബസ്സിലും സഞ്ചരിക്കാം...


റോഡരുകിൽ നടപാത കയ്യേറി പൊതുയോഗം നടത്തുമ്പോൽ അതിലൂടെ നടന്നുപോകേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ഇവർ ഗൗനിക്കാറില്ല. ടാർമാർക്കിന്റെ ഉള്ളിലൂടെ തന്നെ ഇവർ നടക്കേണ്ടിവരുന്നു... ആരോട്‌ പരാതി പറയാൻ... റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. അച്ചടക്കത്തോടെ യോഗം നടത്തിയാലും കേൾക്കേണ്ടവർ കേൾക്കും പക്ഷെ നിങ്ങൾക്ക്‌ പറയാൻ വല്ലതും വേണം, സത്യസന്ധതതയും വേണം... അല്ലെങ്ങിൽ വി.എസ്സിന്റെ നാക്കു പിഴയിൽ ചവിട്ടി ഉമ്മൻചാണ്ടിയെപോലെ നിയമസഭ വിട്ടിറങ്ങി നാടകം കളിക്കാം...


പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...


ഓഫ്... കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...

10 comments:

ഷൈജൻ കാക്കര said...

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...

Noushad Vadakkel said...

>>>കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...<<<

വട്ടായോ ??????? ഭരിക്കുന്ന മന്ത്രി പുങ്ങവന്മാരെ വഴിയില്‍ തടഞ്ഞാല്‍ പോരെ . അല്ലാതെ പാര്‍ട്ടി ഓഫീസില്‍ അക്രമം കാണിച്ചിട്ട് എന്ത് കാര്യം പാര്‍ട്ടി ഓഫീസ് പൊതു സ്വത്തല്ല ...

Manikandan said...

നമ്മുടെ ശരിയായ ഭരണകേന്ദ്രങ്ങള്‍ അവയാണ്. ഇപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ എന്തുചെയ്യണം എന്ന് എ കെ ജി സെന്റര്‍ തീരുമാനിക്കും. അതുപോലെ കേന്ദ്രമന്ത്രിസഭ എന്തു ചെയ്യണം എന്ന് നമ്പര്‍.10 ജനപഥ് തീരുമാനിക്കും. അപ്പോള്‍ നമ്മുടെ പ്രതിക്ഷേധങ്ങളും ഈ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ പോരെ. ജനങ്ങളുടെ നികുപ്പണം ഉപയോഗിച്ചു നിര്‍മ്മിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകര്‍ത്ത് പൊതുഖജനാവിന് എന്തിനു നഷ്ടം വരുത്തണം. നല്ല ചിന്ത.

Unknown said...

കോടതി പറഞ്ഞതിൽ ഒരു തെറ്റും ഉള്ളതായി എനിക്ക് തോന്നുന്നില്ല.കാക്കര പറഞ്ഞപ്പോലെ
പൊതുയോഗങ്ങൾ നടത്തേണ്ടത് ഇവിടെയൊക്കെ തന്നെയാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ പാർട്ടി ഓഫീസുകളാണല്ലോ ഭരണകേന്ദ്രങ്ങൾ...!
ആരാണ് പൂച്ചക്ക് മണികെട്ടുക ഭായി ?

ഷൈജൻ കാക്കര said...

നൗഷാദ്... വട്ടായോയെന്ന്‌ വായനക്കാർ തീരുമാനിക്കട്ടെ... മണികണ്ഠന്റെ അഭിപ്രായം മനസ്സിരുത്തി വായിക്കുക. കുറെ ബന്ദ്‌ നടത്തിയതല്ലെ, ഒരു പുതിയ സമരമാർഗ്ഗം പരീക്ഷിക്കു...

“പൊതുജനതാൽപര്യത്തിൽ” പ്രവർത്തിക്കുന്ന പാർട്ടി ആപ്പീസ്‌ സ്വകാര്യസ്വത്ത് അല്ല... അവിടെ അക്രമം കാണിക്കണമെന്ന്‌ കാക്കര പറഞ്ഞില്ല... രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ പേരിൽ പിൻതുടരുന്ന രണ്ട് സമരമാർഗ്ഗങ്ങൾ ചൂണ്ടികാണിച്ചു. അത്‌ താങ്ങളുടെ ഭാഷയിൽ അക്രമമാണെങ്ങിൽ... അതിന്‌ ഉത്തരം പറയേണ്ടത്‌ തൊട്ടത്തിനും പിടിച്ചതിനും ബന്ദും ഘോരവോയും ചെയ്യുന്ന രാഷ്ട്രീയപാർട്ടികൾ തന്നെയാണ്‌.

“മന്ത്രിപുംഗവൻ” മാരേയും M.L.A മാരേയും വഴിയിൽ തടയാം... ഹർത്താലിലും M.L.A മാർ M.L.A സ്പെഷൽ ബസ്സിൽ യാത്ര ചെയുന്നു. പാവം ജനം പെരുവഴിയിൽ.

മണികണ്ഠൻ... നന്ദി...

അനൂപ്‌... നന്ദി...

ബിലാത്തിപട്ടണം... ഇവർ കാട്ടുപൂച്ചകളൊന്നുമല്ല! നല്ല അനുസരണയുള്ള വീട്ടുപൂച്ചകളാണ്‌. ജനം ഒന്ന്‌ ശ്രമിക്കണം, അത്ര തന്നെ...

C.K.Samad said...

""പാര്‍ട്ടി ഓഫീസില്‍ അക്രമം കാണിച്ചിട്ട് എന്ത് കാര്യം പാര്‍ട്ടി ഓഫീസ് പൊതു സ്വത്തല്ല...""
നൗഷാദ്‌ വടക്കേലിന്റെ ഈ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു

പ്രതീഷ് said...

താങ്കൾക്ക് നാളെത്തന്നെ അതിനുള്ള പണികൾ തുടങ്ങാമല്ലോ...ആരു തടയുന്നു????

ഷൈജൻ കാക്കര said...

സമദ്... പാർട്ടി അപ്പീസ്സ്‌ സ്വകാര്യസ്വത്തല്ല... അത്‌ പൊതുജനകാര്യത്തിനായതുകൊണ്ട്‌ പാർട്ടികൾക്ക്‌ നല്കുന്ന സംഭാവനകൾക്ക്‌ നികുതിയിളവും നൽകുന്നുണ്ട്‌...

പ്രതീഷ്‌... സാദാജനങ്ങളെ തടയുന്ന ലാഘവത്തോടെ പാർട്ടിയാപ്പിസ്സുകൾ തടയുവാൻ സാധിക്കില്ലയെന്നറിയാം, കാരണം ചോദിക്കാനും പറയാനും പാർട്ടിക്കാര്‌ കാണും...

ഷൈജൻ കാക്കര said...

mangalam news

"ന്യുഡല്‍ഹി: പൊതുനിരത്തുകളില്‍ പൊതുയോഗം പാടില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെരിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ സുപ്രീം കോടതിയുടെ വിധി. ജസ്‌റ്റീസുമാരായ ഇ.കെ ജയിന്‍, എച്ച്‌.എ ദത്തു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ ഈ നിര്‍ണ്ണായക വിധി പ്രസ്‌താവനിച്ചത്‌. പൊതുജന താല്‍പര്യാര്‍ഥ്‌വും കേരളത്തിലെ റോഡുകളുടെ സ്‌ഥിതി നേരില്‍ അറിയാവുന്നതുകൊണ്ടുമാണ്‌ അപ്പീല്‍ തള്ളുന്നതെന്ന്‌ കോടതി അറിയിച്ചു. സര്‍ക്കാരിന്റെ കൈകള്‍ക്ക്‌ വിധി കൂടുതല്‍ ശക്‌തിപകരുമെന്ന്‌ സുപ്രീം കോടതി വിധി പ്രഖ്യപാനവേളയില്‍ കോടതി വ്യക്‌തമാക്കി.

പൊതുനിരത്തുകളില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി യോഗം ചേരുന്നതിനെ നിരോധിച്ച ഹൈക്കോടതി വിധി ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്ന്‌ കാണിച്ചാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. പോലീസ്‌ ആക്‌ടിലെ 19-ാം വകുപ്പു പ്രകാരം പൊതുനിരത്തില്‍ യോഗം ചേരാന്‍ അനുമതി നല്‍കാന്‍ പോലീസിന്‌ അധികാരമുണ്ട്‌. പൊതുനിരത്തിലെ യോഗം നിരോധിക്കുന്നതോടെ ഈ വകുപ്പ്‌ അപ്രസക്‌തമാകും. കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും പൊതുനിരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി യോഗം നടത്താറുണ്ട്‌. ഇത്‌ നിരോധിക്കുന്നത്‌ അപ്രയോഗികമാണ്‌. കൂടാതെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.സോളി സോറാബ്‌ജി വാദിച്ചു.

വിധി പറയുന്നതിനിടെ, കേരളത്തിലെ റോഡുകളുടെ അവസ്‌ഥ തനിക്ക്‌ നേരിട്ടറിയാമെന്ന്‌ ജസ്‌റ്റീസ്‌ എച്ച്‌.എല്‍ ദത്തു പരാമര്‍ശിച്ചു. സര്‍ക്കാരിന്റെ കൈകള്‍ ശക്‌തിപ്പെടുത്തുന്ന നടപടിയാണ്‌ വിധിയിലൂടെ ലഭിക്കുന്നതെന്ന്‌ ജഡ്‌ജിമാര്‍ വ്യക്‌തമാക്കി."