Monday 10 December 2012

നെല്ലിനെ പോലെ കൂലിയും കുറഞ്ഞാലോ...

കേരളത്തിൽ അനിയന്ത്രിതമായി കൂലി വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബംഗാൾ, ബീഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യഥാക്രമം ഒരു ലക്ഷം രണ്ട് ലക്ഷം മൂന്ന് ലക്ഷം തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ഒരു മന്ത്രി തല സംഘത്തെ വിവിധ സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു... ഇതിന് പുറമെ കേന്ദ്ര മന്ത്രിമാർ ഇടപെട്ട് കേന്ദ്രപൂളിൽ നിന്ന് 10 ലക്ഷം തൊഴിലാളികളെ അനുവദിച്ചിട്ടുണ്ട്... ആവശ്യമെങ്ങിൽ 5 ലക്ഷം തൊഴിലാളികളെ അനുവദിക്കാമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രി നയിച്ച് സംഘത്തിന് ഉറപ്പു നൽകിയിട്ടുണ്ട്... 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കൂലിയുടെ കുറവും കേരളത്തിലെ ഉയർന്ന കൂലിയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു... ആസന്നമായ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഭരണത്തിൽ വന്നാൽ തൊഴിൽ വിപണിയിലെ മാഫിയകളെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ ഉശീരൻ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് പാർട്ടിയണികൾ സ്വീകരിച്ചത്...

കേരളത്തിലെ സ്ത്രീ തൊഴിലാളികൾ 300 / 350 രൂപയൊക്കെയാണ് ചോദിക്കുന്നത്... പുരുഷന്മാരെ 500 / 600 രൂപയ്ക്ക് പോലും കിട്ടാത്തയവസ്ഥ... തൊഴിലുറപ്പ് പദ്ധതിയിൽ വെറും 150 രൂപയ്ക്ക് ജോലി ചെയ്യുന്നവർ അതേ കൂലിയിൽ പൊതുവിപണിയിൽ ജോലി ചെയ്യാത്തത് തൊഴിൽ വിപണിയിലെ പൂഴ്ത്തിവെയ്പ്പാണെന്ന് കർഷകസംഘം പ്രസിഡന്റ് ആരോപിച്ചു... സർക്കാർ പൊതുവിതരണശ്രിംഖല വഴി അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ 100 രൂപയ്ക്കും പുരുഷന്മാരെ 200 രൂപയ്ക്കുമാണ് ബി.പി.എൽ കർഷകർക്ക് വിതരണം ചെയ്യുന്നത്... പക്ഷേ എ.പി.എൽ കർഷകർക്ക് സ്ത്രീകളെ 150 രൂപയ്ക്കും പുരുഷന്മാരെ 250 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്... ബാങ്ക് വഴി സബ്‌സിഡി ലഭിക്കുന്നതിന് ആധാർ കാർഡ് നിർബദ്ധമാക്കിയത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്... കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 300 കോടി രൂപ ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്... ഇതിന് പുറമെയാണ് കേന്ദ്ര സർക്കാർ നൽകാമെന്ന് പറഞ്ഞ 500 കോടിയും... 

ഗൾഫിലേക്കും മറ്റുമുള്ള അനിയന്ത്രിതമായ മനുഷ്യവിഭവകയറ്റുമതിയാണ് കേരളത്തിൽ തൊഴിലാളിക്ഷാമം ഉണ്ടാക്കുന്നതും കൂലി വർദ്ധിക്കാൻ ഇട വരുത്തുന്നതുമെന്ന ആസൂത്രണക്കമീഷന്റെ കണ്ടെത്തലിന്റെയടിസ്ഥാനത്തിൽ,അവിടേക്കുള്ള മനുഷ്യവിഭവ കയറ്റുമതി അടുത്ത പത്ത് വർഷത്തേക്ക് നിരോധിച്ചിരിക്കുന്നത് ബി.പി.എൽ എ.പി.എൽ ഭേദമെന്യേ എല്ലാ കർഷകരും സ്വാഗതം ചെയ്തു... യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യകയറ്റുമതിക്ക് 200% സൂപ്പർ ലക്ഷ്വറി ടാക്സും ഏർപ്പെടുത്തിയത് കൃഷി വിപണിയിൽ ഉണർവേകിയിട്ടുണ്ട്... എയർ ഇന്ത്യയുടെ ഗിന്നസ്സ് റെക്കോർഡ് പ്രകടനമായ വീമാനം റദ്ദാക്കൽ മൂലം പലരുടേയും വിസകൾ കാൻസലായതും അനുകുലഘടകമാണെന്ന് വ്യോമയാന മന്ത്രിയും പറഞ്ഞു... 

മനുഷ്യവിഭവശേഷിയുടെ പൂഴ്ത്തിവെയ്പ്പാണ് തൊലിലാളി ക്ഷാമത്തിനിടയാക്കുന്ന പ്രധാനകാരണം... അതിനാൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ജോലി ചെയ്യാതെ മറ്റ് കാര്യങ്ങൾക്കായി പോകുന്നവരെ കണ്ടെത്തുന്നതിനായി സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സർവകക്ഷിയോഗത്തിൽ ആവശ്യമുയർന്നു... കഴിഞ്ഞ സർക്കാർ നിയമസഭയിൽ പാസാക്കിയ മാനവശേഷി പൂഴ്ത്തിവെയ്പ്പ് നിരോധിത നിയമം കർശ്നമായി നടപ്പിലാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സർവകക്ഷിപ്രതിനിധികൾക്ക് ഉറപ്പു നൽകി... ഈ നിയമം കർക്കശമായി നടപ്പിലാക്കിയതിന് ശേഷം, കവലയിൽ സൊറ പറഞ്ഞിരിക്കുന്ന ഒരു ലക്ഷം യുവാക്കളെ പ്രത്യേക വിജിലൻസ് സംഘം പിടികൂടി പാടത്തെത്തിച്ചിരുന്നുവെന്ന് കണക്കുകൾ നിരത്തി ആഭ്യന്തരമന്ത്രിയും പറഞ്ഞു... ആരാധനാലയങ്ങളേയും പാർട്ടിയാപ്പിസുകളേയും അവരുടെ ആഘോഷങ്ങളും സമരങ്ങളും ഈ നിയമത്തിൽ നിന്ന് ഒഴുവാക്കിയതിനാൽ, ഇപ്പോഴും 20 ലക്ഷം തൊഴിലാളികളെ വിപണിയിൽ ലഭ്യമല്ലാതായിട്ടുണ്ട്... അവരേയും ഉൾപ്പെടുത്തണമെന്ന് വിവിധ തുറകളിൽ നിന്ന് ആവശ്യം ശക്തമായിട്ടുണ്ടെങ്ങിലും, സ്വന്തം കഞ്ഞിയിൽ പാറ്റയിടാൻ സർവകക്ഷിയോഗത്തിൽ പങ്കെടുത്തവരാരും തയ്യാറായില്ല... 

നെല്ലിനെ പോലെ കൂലിയും കുറഞ്ഞാലോ... അറിയാലോ മലയാളിയുടെ ഇരട്ടതാപ്പ്...

No comments: