Wednesday 19 December 2012

ഗോമാതാവെന്ന തുറുപ്പുശീട്ട്...

അധികാരത്തിലേക്കുള്ള ചവിട്ടുപടി
ഇന്ത്യയിലെ ഹിന്ദുത്വ അജണ്ടയുടെ തുറുപ്പുശീട്ടുകളിലൊന്നാണ് ഗോവധനിരോധനം... ഗോമാതാവ് എന്ന സങ്കൽപ്പത്തിലൂന്നിയാണ് പ്രചരണവും... മറ്റൊരിടത്ത് പാല് തരുന്ന മൃഗത്തെ കൊന്ന് തിന്നുന്നത്, കുട്ടികൾക്കുള്ള പോഷകാഹാരത്തിന് കുറവ് വരുമെന്നായിരിക്കും... വെളുത്തവാവിനും കറുത്തവാവിനും ഓരോ രീതി... വർഗ്ഗീയമായ പ്രചരണങ്ങൾക്കൊണ്ട് മുഖരിതമാണ് ഗോവധത്തിനായി മുറവിളികൾ... വഴുതിവീഴുന്നവർ, നിരവധിയാണ്... രാജ്യത്ത് സമ്പൂർണ്ണ ഗോവധ നിരോധനം ഹിന്ദുശക്തി തെളിയിക്കലിന്റെ ഒരു പ്രധാനശിലയാണെന്ന് പ്രചരിപ്പിക്കുന്നതിൽ ഹിന്ദുത്വക്കാർ വിജയിച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത്... ബാ‌ബ്റി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ പള്ളി തകർക്കുന്നയിടത്തേക്ക് കാര്യങ്ങളെത്തിയത്, രാമനെ ഇഷ്ടദൈവമായി ആരാധിച്ചിരുന്ന ജനവിഭാഗങ്ങളിലൂടെയല്ല, മറിച്ച് മുസ്ലീമിന് മുകളിൽ ഹിന്ദുവിന്റെ വിജയമായി രാമക്ഷേത്രവിഷയം ഉയർത്തുവാൻ കഴിഞ്ഞുവെന്നതിലാണ്... രാമനെ ആരാധിക്കാത്തവർപോലും ഈശ്വരവിശ്വാസിയല്ലാത്തവർപോലും ഹിന്ദുലേബലിൽ അഭയം കണ്ട് ക്ഷേത്രം പണിയണമെന്ന് പറയുന്നു... അദ്വാനിയോടും അവരുടെ പാർട്ടിയോടും കൂറില്ലാത്തവരും അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിൽ സന്തുഷ്ടരാണ്... അതിന്റെ മറ്റൊരു പതിപ്പാണ് ജീവിതത്തിൽ ഇന്നുവരേയും പശുവിനെ ഗോമാതാവായി കാണാത്തവരും ആരാധിക്കാത്തവരും ഗോവധനിരോധനത്തെ ന്യായികരിക്കുന്നത്... അവരിൽ പലരും പശുയിറച്ചി തിന്നുകൊണ്ടാണ് നിരോധനം ആവശ്യപ്പെടുന്നതെന്നതാണ് രസകരം... മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണല്ലോ ഫാസിസത്തിന്റെ രീതി... സൗദിയിൽ പന്നിയെ കൊല്ലുന്നതും തിന്നുന്നതും നിരോധിച്ചതുപോലെ ഇന്ത്യയിൽ ഗോവധം നിരോധിക്കണമെന്നാണ് മറ്റൊരു കൂട്ടർ... ഹോ... ആട് ഏതാ പൂട ഏതായെന്നറിയാത്തവരാണിവർ...  

മറ്റ് സംസ്ഥാനങ്ങളിലെ പ്രചരണവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ പ്രചരണം ശൈശവദശയിലാണ്... അതിന്റെ പ്രധാനകാരണം കേരളത്തിലെ ഹിന്ദുക്കളിൽ തന്നെ വലിയൊരു ജനവിഭാഗം, പശുയിറച്ചി കാലങ്ങളായി തിന്നുന്നവരാണ്... പൂർണ്ണമായും സസ്യാഹാരികളായ ജനങ്ങൾ കേരളത്തിൽ തുലോം കുറവാണ്... മുസ്ലീമുകളും ക്രിസ്ത്യാനികളും ദളിതരും പശുയിറച്ചിയോട് അകൽച്ച സൂക്ഷിക്കുന്നവരുമല്ല... ഗോവധ നിരോധനത്തിനെതിരെ നിലപാടുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളൂടെ ശക്തമായ സ്വാധീനവും അത്തരം പ്രചരണങ്ങൾക്ക് വിലങ്ങുതടിയാണ്... കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് പലപ്പോഴും ഗോവധനിരോധനത്തിനനുകൂലമായി നിൽക്കുകയാണ്... കാറ്റിനനുകൂലമായ അഴകൊഴമ്പൻ നിലപാട്...

ഗോമാതാവ് പ്രചാരകർ... ഗോവധപ്രചരണത്തിന്റെ അടിസ്ഥാനമായി ഭരണഘടനയിലെ ചില വരികൾ തെറ്റായി ഉദ്ധരിക്കാറുണ്ട്... ഗോവധനിരോധനം ഭരണഘടനയിലുള്ളതാണത്രെ... പക്ഷേ അങ്ങനെയൊന്നില്ലായെന്നതാണ് സത്യം... പക്ഷേ തെറ്റായി ഉദ്ധരിക്കാനുള്ള വരികൾ ഡയറക്ടീവ് പ്രിൻസിപ്പൽസ് ഒഫ് സ്റ്റേറ്റ് പോളിസിയിൽ പറയുന്നുമുണ്ട്... പക്ഷേ അത് ഹിന്ദുക്കൾ പശുവിനെ ഗോമാതാവായി കാണുന്നതുകൊണ്ടല്ല മറിച്ച് കൃഷിയുടേയും കന്നുകാലി വളർത്തലിന്റേയും നയത്തിന്റെ ഭാഗമായി ബ്രീഡുകളൂടെ സംരക്ഷണവും വളർച്ചയും ഉറപ്പിക്കുകയാണ്... പശുവിനേയും അതിന്റെ കുട്ടികളേയും പാൽ തരുന്ന മറ്റ് മൃഗങ്ങളേയും കന്നുകാലി കുട്ടികളേയും കൊല്ലരുതെന്നാണ് സ്റ്റേറ്റിനുള്ള നിർദ്ദേശങ്ങളിൽ പറയുന്നത്... പക്ഷേ ഗോമാതാവ് പ്രചാരകർ പശുവിന്റെ കാര്യം മാത്രമാണ് പ്രചരിപ്പിക്കുന്നത്... മതപരമായ വിശ്വാസങ്ങളുടെയടിസ്ഥാനത്തിലുമല്ല ഗോവധം നടപ്പിലാക്കാൻ നിർദേശിച്ചിട്ടുള്ളത്...

ഭരണഘടനയിലെ വാക്കുകൾ പകർത്തിയേക്കാം...

http://lawmin.nic.in/olwing/coi/coi-english/Const.Pock%202Pg.Rom8Fsss(7).pdf

48. Organisation of agriculture and animal husbandry.—The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and draught cattle.

പട്ടിണിയകറ്റാൻ പശു വരട്ടിയത്
ഗോമാതാവിനെ ആദരിക്കേണ്ടവർക്ക് ആദരിക്കാം... കൊല്ലാതിരിക്കാം... തിന്നാതിരിക്കാം... പക്ഷേ തിന്നുന്നവരെ തടയരുത്... അത് ഫാസിസമാണ്... നിങ്ങൾ പശുയിറച്ചി തിന്നണമെന്ന് ഞാൻ പറയുന്നില്ല, അതുപോലെ ഞാൻ തിന്നരുതെന്ന് പറയാൻ നിങ്ങൾക്കെന്തവകാശം... ഒരു കൂട്ടർ ആദരിക്കുന്നതിനെ മറ്റൊരു കൂട്ടർ ആദരിക്കണമെന്ന ഫാസിസ്റ്റ് നയമാണ് ഹിന്ദുത്വ അജണ്ടകൾക്ക് പിന്നിൽ... ഇന്ന് ഗോമാതാവ്... നാളെ ഗണപതിയുടെ വാഹനം... പിന്നേയും കിടക്കുകയല്ലേ വ്രണപ്പെടാനുള്ള വിശ്വാസങ്ങൾ...

No comments: