Wednesday 28 October 2020

ഇവിടെ രാഷ്ട്രീയം പറയരുത്...

പണ്ടൊക്കെ നാടൻ ചായക്കടകളുടെ അവിഭാജ്യ ഘടകമായിട്ട് ഒരു പത്രം അവിടെയുണ്ടാകും... നാട്ടാർക്കൊക്കെ പൊതുവിഞ്ജാനം ആയിക്കോട്ടെയെന്ന് കരുതി ചായക്കടകളിൽ പത്രം വരുത്തുന്നതല്ല...


ചായ കുടിക്കാൻ സ്ഥിരമായി ആളുകളെ ചായക്കടയിലേക്ക് എത്തിക്കുവാനുള്ള ഒരു വഴിയായിരുന്നു ചായക്കടയിലെ പത്രം... എല്ലാ വീട്ടിലും പത്രം വരുത്തുന്ന കാലമല്ലല്ലോ... അവിടെ വരുന്നവരൊക്കെ ചായ കുടിക്കും പത്രവും വായിക്കും... നാട്ട് വിശേഷങ്ങൾ ഇരുന്ന് പറയുന്ന കൂട്ടത്തിൽ, രാഷ്ട്രീയ ചർച്ചകളും ഉണ്ടാകും... അതാത് ദിവസത്തെ വാർത്തകളാണല്ലോ ചർച്ചയുടെ ഉത്ഭവം... കൂടുതൽ സമയം ചായക്കടയിൽ ഇരിക്കുന്നവർ ചിലപ്പോൾ കൂടുതൽ ചായയും കുടിക്കും... പത്രം വഴി ചായക്കട കൂടുതൽ ലൈവാകുന്നതായിരുന്നു...

സമാധാനപരമായി രാഷ്ട്രീയ ചർച്ചകൾ നടത്താനറിയാത്ത കുറച്ച് പേർ എല്ലാ കൂട്ടത്തിലുമുണ്ടാകുമല്ലോ... ചർച്ചകൾ അനാരോഗ്യപരമായ തലങ്ങളിലേക്ക് എത്തുകയും വ്യക്തിപരമായ വിദ്വേഷങ്ങളിലേക്ക് വഴി തിരിയുകയും ചെയ്തു... തിണ്ണമിടുക്ക് കുറഞ്ഞവർ ചായക്കടയിൽ വരാതായി.. രാഷ്ട്രീയം പറഞ്ഞ് കുത്തിതിരുപ്പ് ഉണ്ടാക്കി കുറച്ച് പേർ ചായക്കടയിൽ ഇരിക്കുന്നതുകൊണ്ടും ഈ തല്ല് പിടുത്തം ഒന്നും കാണണ്ടായെന്നും കരുതി മറ്റ് കുറച്ച് പേർ ചായക്കടയിൽ വരാതായി... ഉപജീവനത്തിനായി ചായക്കട നടത്തുന്നവരുടെ പട്ടിണിയേക്കാൾ വലിയ രാഷ്ട്രീയം ഒന്നും ഇവർ ഇവിടെ ഇരുന്ന് പറയുന്നില്ലെന്ന് ബോധ്യമായ ചായക്കടക്കാർ പുതിയ ബോർഡ് തൂക്കി... "ഇവിടെ രാഷ്ട്രീയം പറയരുത്"...

ആ ചായക്കടക്കാർ അരാഷ്ട്രീയർ ആയതുകൊണ്ടല്ല... ഈ വല്ല്യേക്കാട്ടെ രാഷ്ട്രീയം അറിയുന്നവരെന്ന് നടിക്കുന്നവരുടെ കുത്തിതിരിപ്പിനെ നേരിടാൻ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ്... ഇക്കിളിയല്ല വയറിനുള്ളിലെ കത്തലാണ് വിഷയം... അത് മനസിലാക്കാൻ നിങ്ങളുടെ കുത്തിതിരുപ്പ് രാഷ്ട്രീയം ഒന്ന് മാറ്റി വെച്ചാൽ മതി... ബോർഡ് വെച്ചതല്ല... രാഷ്ട്രീയ തിമിരം ബാധിച്ച നിങ്ങൾ വെപ്പിച്ചതാണ് ബോർഡുകൾ...

ഈ മാമനോട് ഒന്നും തോന്നല്ലേ...

1 comment:

Manikandan said...

രാഷ്ട്രീയം പറഞ്ഞ് അടിപിടിയായി ആരും ഒന്നും പോസ്റ്റ് ചെയ്യാതെ ശ്മശാനമൂകമായ ചില ഫേസ്ബുക്ക് ഗ്രൂപ്പുകൾ ആണോ ഈ പോസ്റ്റിലേയ്ക്ക് നയിച്ചതെന്ന സംശയം ഇല്ലാതില്ല.