വീട്ടുജോലിക്കാരി ബാലികയെ മൂന്നുവര്ഷംപീഡിപ്പിച്ചതിന് അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ കേസ്
Mathrubhumi News - Posted on: 06 May 2010
http://www.mathrubhumi.com/online/malayalam/news/story/293963/2010-05-06/kerala
ആലുവ: ആയിരം രൂപ മാസക്കൂലി നിശ്ചയിച്ച് വീട്ടുജോലിക്കായി ഏറ്റെടുത്ത ബാലികയെ വീട്ടില് പൂട്ടിയിട്ട് മൂന്നു വര്ഷത്തോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവന്ന അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. മുന് ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകന് എറണാകുളത്ത് താമസിക്കുന്ന അഡ്വ. ഇംത്യാസിനും ഭാര്യ കമറുന്നീസയ്ക്കുമെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.
ക്രൂരമായ പീഡനമേറ്റ തേനി സ്വദേശിയായ പതിനൊന്നുകാരി രാധയെ പോലീസും നാട്ടുകാരും ചേര്ന്ന് രക്ഷപ്പെടുത്തി ആലുവ ജനസേവാ ശിശുഭവനില് ഏല്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എട്ടാം വയസ്സിലാണ് രാധയെ ബ്രോക്കറില് നിന്നും ഇംത്യാസ് വാങ്ങിയത്. ബാലികയെ എറണാകുളം മറൈന്ഡ്രൈവിലെ ഫ്ളാറ്റില് വീട്ടുജോലികള് ചെയ്യിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ആലുവ എടത്തലയില് പിതാവും മുന് ഹൈക്കോടതി ജഡ്ജിയുമായ മുഹമ്മദ് ഷാഫിയുടെ വീട്ടില് ഇംത്യാസും കുടുംബവും രാധയും എത്തി. ഇവിടെ നടന്ന ആഘോഷ ചടങ്ങുകള്ക്കിടെ രാധ വീട്ടില് നിന്നും രക്ഷപ്പെട്ട് എടത്തല അംബേദ്കര് കോളനിയിലെത്തി. കോളനിയിലെ ദാസന് എന്നയാളുടെ വീട്ടിലെത്തിയ രാധ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞപേക്ഷിച്ചതോടെ വീട്ടുകാര് നാട്ടുകാരെയും പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചു. ഇതിനിടെ, കുട്ടിയെ അന്വേഷിച്ച് ഇംത്യാസിന്റെ ആളുകളെത്തിയെങ്കിലും തടിച്ചുകൂടിയ വന് ജനക്കൂട്ടത്തെകണ്ട് തിരിച്ചുപോയി.
പിന്നീട് പോലീസ് സ്ഥലത്തെത്തി രാധയെ ആലുവ താലൂക്കാസ്പത്രിയില് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. എഎസ്പി ജെ.ജയനാഥ് കുട്ടിയോട് സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനങ്ങള് രാധ തുറന്നു പറഞ്ഞത്.
നിസ്സാര കാര്യങ്ങള്ക്കുപോലും രാധയെ ഇംത്യാസിന്റെ ഭാര്യ ശാരീരികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് പറയുന്നു. കളിപ്പാട്ടത്തില് തട്ടി ഇംത്യാസിന്റെ ചെറിയ കുട്ടി വീണതിന് കമ്പി പഴുപ്പിച്ച് രാധയുടെ നെഞ്ചില് വച്ചു പൊള്ളിപ്പിച്ചതിന്റെ വ്രണങ്ങള് രാധ പോലീസിന് കാണിച്ചുകൊടുത്തു. തലമുടി പിടിച്ചുവലിക്കുന്നത് പതിവായിരുന്നതിനാല് തലവേദനയുണ്ടെന്നും രാധ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
ഇതേത്തുടര്ന്നാണ് ഇംത്യാസിനും ഭാര്യയ്ക്കുമെതിരെ ബാലപീഡനത്തിന് കേസെടുക്കാന് എഎസ്പി ജെ.ജയനാഥ് നിര്ദേശിച്ചത്.
ചൈല്ഡ് വെല്ഫെയര് കമ്മിറ്റിക്കു മുമ്പില് ഹാജരാക്കിയ രാധയുടെ താത്കാലിക സംരക്ഷണച്ചുമതലയാണ് ജനസേവാ ശിശുഭവനെ ഏല്പിച്ചിരിക്കുന്നത്. കുട്ടിയുടെ തേനിയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് എഎസ്പി ജയനാഥ് പറഞ്ഞു.
Thursday, 6 May 2010
Subscribe to:
Posts (Atom)


