Tuesday 10 November 2009

ബെർലിനിൽ നിന്ന്‌ കാരാട്ട്‌ സഖാവിന്‌ ഒരു തുറന്ന കത്ത്‌

പ്രിയ കാരാട്ട്‌ സഖാവെ,

ഏതൊ ഒരു ബാലാനധന്റെ "അടച്ച കത്ത്‌", താങ്ങളുടെ തിരക്ക്‌ കാരണം അദ്ധേഹം മരിക്കുന്നതു വരെ (ചോർത്തുന്നതു വരെ!) തുറന്നില്ല എന്നറിയാവുന്നത്‌ കൊണ്ടും, കേരളത്തിലേയും ബംഗാളിലേയും ഇരുട്ടടിക്ക്‌ ശേഷം അങ്ങയെ കണ്ട്‌ കിട്ടാനില്ല (മാധ്യമ സിൻഡിക്കേറ്റ്‌ ആയിരിക്കും) എന്നതുകൊണ്ടുമാണ്‌ ലെനിൻ തത്വങ്ങൾക്ക്‌ എതിരായിട്ടുംകൂടി ഞാൻ ഈ തുറന്ന കത്ത്‌ എഴുതുന്നത്‌.

മുഖവരയില്ലാതെ കാര്യത്തിലേക്ക്‌ കടക്കട്ടെ, നമ്മൾ കമ്മ്യൂണിസ്റ്റുകാർ പണ്ടെ അങ്ങനെയാണല്ലോ, നേരെ വാ നേരെ പോ. ഒന്നും വന്നില്ല, എല്ലാം പോയി!

കരിങ്കാലി കരുണാകരനും ചതിയൻ ഗോർബച്ചേവും പിന്നെ നസ്രാണികളുടെ പോപ്പും കൂടി ബെർലിൻ മതിൽ പൊളിച്ചിട്ടു വർഷം എത്രയായി. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയെ, റഷ്യക്കാർ പണിതു തന്ന മതിൽ അവർ തന്നെ പൊളിച്ചു, അത്ര തന്നെ. നാട്ടു ഭാഷയിൽ പറഞ്ഞാൽ, ശങ്കരന്റെ പറമ്പിലെ വേലി ചക്കിയും ശങ്കരനും കൂടി പൊളിച്ചു, അതിനു കോൺഗ്രസ്സ്കാർക്കെന്ത്‌ ഛേദം.

പോരാത്തതിനു ഇവിടെ കുറച്ചു ബൂർഷാസികൾ കൊട്ടും കുരവയും "അപ്പിയും" ഇട്ട്‌ ഒരു തരികിട ആഹോഷം ഒക്കെ നടത്തി. നമ്മുടെ പിള്ളേർ കുടിച്ചു കൂത്താടിയ കോട്ടയം സമ്മേള്ളനം ഓർമയില്ലേ, അത്രക്ക്‌ ഒന്നും വരില്ലാട്ടൊ. മനോരമയും മറ്റും അതും ഇതും വാർത്തയും ആക്കി. ഈ ആഹോഷത്തെ, ഞങ്ങൾ തിരിഞ്ഞ്‌ നോക്കുകപോലും ഉണ്ടായില്ല, ഹ പിന്നെ... ബൂർഷാസികൾ അങ്ങനെ പലതും ചെയ്യും.

അതു ഞങ്ങൾ സഹിച്ചു. എന്തായാലും ഇപ്പോൾ ഞങ്ങൾ ഒന്നല്ലേ, എന്നു വെച്ചാൽ, എന്റെ ബീവി ജനിച്ചതും വളർന്നതും ബൂർഷാസികളുടെ പടിഞ്ഞാറൻ ജർമനിയിലും, പോരെ പൊടിപൂരം! മത്തായി ഫിറ്റായാൽ ഭാര്യ മേരിക്കുട്ടിചേടത്തിക്ക്‌ 916 ഗ്യാരന്റിയുള്ള രണ്ട്‌ ഇടി ഫ്രീ ആയി കൊടുക്കും. അത്‌ അവൾ സഹിക്കില്ലേ? പള്ളിയിൽ വെച്ച്‌ താലി കെട്ടിയവന്റെ ഇടി പോലെ വല്ലോം ആണോ അയൽവാസി രാമന്റെ ഇടി. മേരിക്കുട്ടി മുണ്ട്‌ പൊക്കിക്കുത്തൂല്ലേ? (ഇപ്പൊഴും ചട്ടയും മുണ്ടും അല്ലേ അവിടെ നസ്രാണിച്ചികളുടെ വേഷം അതൊ ഇവിടത്തെ പോലെ തുണിയലർജി വല്ലതും?)

ഇവിടത്തെ കാര്യം എഴുതിയെഴുതി വംഗനാട്ടിലേയും കേരളത്തിലേയും കാര്യങ്ങൾ ചോദിക്കാൻ മറന്നു. ഇങ്ങനെയും ഉണ്ടൊ ഒരു തോൽവി, കേരളത്തിലെ തോൽവി ഒക്കെ നമ്മുക്ക്‌ സഹിക്കാം. സ്ഥിരം ഇടി കിട്ടിയിട്ടും മേരിക്കുട്ടിചേടത്തി സഹിക്കുന്നില്ലേ? അങ്ങനെ വല്ലതുമാണൊ ബംഗാളിലെ കൂട്ടക്കുരുതി? ഓർക്കാനെ വയ്യ. ഈ പോക്കു പോയാൽ ആർഷഭാരതത്തിലും നമ്മുടെ വംശം കുറ്റിയറ്റു പോകുമോ? ബെർലിൻ മാതാവെ കാത്തുകൊള്ളണെ. പത്തു മെഴുകുതിരി കത്തിച്ചോള്ളാം.

കേരളത്തിലെ കാര്യമോർത്തു സഖാവ്‌ അവൈലബിൾ പി.ബി ഒന്നും കൂടണ്ട, ഇറ്റാലിയൻ മാഡത്തിനോട്‌ പറഞ്ഞു കിങ്ങിണിക്കുട്ടനെ ഒന്നു ഓന്റെ പാർട്ടിയിലേക്കു കുത്തികേറ്റിയാൽ മതി, ബാക്കിയെല്ലാം നമ്മുടെ കുട്ടനും പെങ്ങളും കൂടി ശരിയാക്കികൊള്ളും. പക്ഷെ ബംഗാളിലെ താഴൊട്ടുള്ള വളർച്ച സൂഷിക്കണം, കൂടെ മമതയേയും, അവൾക്ക്‌ നമ്മളോട്‌ പണ്ടെ ഒരു മമതയും ഇല്ല, ആർത്തി കൂടുതലുള്ള ഇനവും ആണ്‌. പെണ്ണൊരുമ്പിട്ടാൽ എന്നൊക്കെ കേട്ടിട്ടില്ലേ, ചെങ്കൊടി കൊണ്ടു നടന്ന നമ്മുടെ ടാറ്റ സഖാവിനെപോലും കാവിയുടുപ്പിച്ച്‌ മോഡിയുടെ നാട്ടിലേക്കു് ഓടിച്ചില്ലേ. അവൾക്ക്‌ മുകളിൽ ആകാശവും താഴെ ഭുമിയും ആണ്‌. ശത്രു സംഹാരത്തിനു പൂമൂടൽ തന്നെ വേണ്ടി വരുമോ ആവൊ, ഈ വക കാര്യങ്ങൾ നമ്മുടെ ബാലേട്ടനെ ഏൽപ്പിച്ചാൽ മതി.

നമ്മുക്ക്‌ ഇപ്പൊഴും ഇവിടെ ഒരു സെവൻസ്‌ കളിക്കാനുള്ള സഖാക്കൾ ഒക്കെ ഉണ്ട്‌. അവരെ നമ്മൾ മറന്ന്‌ കളിക്കരുത്‌, അവർ ഇവിടെയുള്ള മൂരാച്ചി കോൺഗ്രസ്സ്കാരോടു ഒരു വിധം പിടിച്ചു നിൽക്കുന്നത്‌ കേരളത്തിലേയും ബംഗാളിലേയും ചുവപ്പൻ വിജയങ്ങൾകൊണ്ടാണ്‌, അർജന്റീനക്കാരെയും ബ്രസീൽക്കാരെയും ജയിപ്പിച്ച്‌ പട്ടിണി കിടക്കാതെ ജീവിച്ചു പോകുന്ന പാവം മലപ്പുറത്തുകാരെ പോലെ.

പിന്നെ ഒരു സ്വകാര്യ ദുഃഖവും. ഞങ്ങളുടെ പി.ബി മെംബർ ബെർലിൻ കുഞ്ഞനന്തൻനായരെ പിണറായി സഖാവിന്‌ കണ്ണെടുത്താൽ കണ്ടൂടാ, അല്ലെങ്ങിലും അധികാരത്തിന്റെ തിമിരം ബാധിച്ചവർക്ക്‌ എന്തെങ്ങിലും കാണാൻ പറ്റുമോ?

അയ്യോ വീട്ടുകാര്യം ചോദിക്കാൻ മറന്നു പോയി, വൃന്ദ ചേച്ചിക്ക്‌ സുഖം തന്നെ അല്ലേ, ചേച്ചി കഞ്ഞിയും കറിയും ഒക്കെ വെയ്ക്കുവാൻ പഠിച്ചുവൊ, അതൊ എയർ ഇന്ത്യയിൽ കിട്ടുന്നപോലത്തെ ഒരു അവിഞ്ഞ ശാപ്പാടാണോ ചേച്ചി ഉണ്ടാക്കുന്നത്‌, പോട്ടെ എല്ലാം ശരിയാവും.

പിന്നെ സഖാവെ ഒരു കാര്യം പറയാൻ മറന്നു പോയി, ഒരു കുറ്റിചൂല്‌ എടുത്ത്‌ സഖാവ്ചേച്ചിയുടെ കയ്യിൽക്കൊടുക്ക്‌, സാർ കുറച്ചു ചാണകവും പിടിച്ചൊ, പാർട്ടിയിൽ ഒരു അടിച്ചുതെളി...

ഇപ്പോൾ അടിച്ചുതെളി തുടങ്ങിയിലെങ്ങിൽ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കൊടി പാറിക്കാൻ നമ്മൾ ചോര കൊടുത്തു പണിതുയർത്തിയ ചെങ്കൊട്ടപ്പോലും ബാക്കിയുണ്ടാവില്ല.

നിറുത്തട്ടെ കുത്ത്‌, കത്തി കുത്തല്ലാട്ടൊ, ഒരു പേനക്കുത്ത്‌.

ഈങ്കിലാബ്‌ സിന്ദാബാദ്‌.

എന്ന്‌

കാക്കര
ഏരിയ സെക്രട്ടറി
പൊളിഞ്ഞ ബെർലിൻ മതിൽ ഏരിയ കമ്മിറ്റി

6 comments:

ഷൈജൻ കാക്കര said...

ഇപ്പോൾ അടിച്ചുതെളി തുടങ്ങിയിലെങ്ങിൽ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കൊടി പാറിക്കാൻ നമ്മൾ ചോര കൊടുത്തു പണിതുയർത്തിയ ചെങ്കൊട്ടപ്പോലും ബാക്കിയുണ്ടാവില്ല.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈങ്കിലാബ്‌ സിന്ദാബാദ്‌.

ഭായി said...

അർജന്റീനക്കാരെയും ബ്രസീൽക്കാരെയും ജയിപ്പിച്ച്‌ പട്ടിണി കിടക്കാതെ ജീവിച്ചു പോകുന്ന പാവം മലപ്പുറത്തുകാരെ പോലെ.

ഹ ഹ ഹാ..അത് കലക്കി..

മൊത്തത്തില്‍ കലക്കി കാക്കരേ!!

ഷൈജൻ കാക്കര said...

നന്ദി വീണ്ടും വരിക

Jijo said...

ഇത് കലക്കി.

ആ ഫോണ്ട് ഒന്നു മാറ്റി പിടിച്ച് നോക്കൂ. ചില്ലന്മാര്‍ തെളിയുന്നില്ല.

ഷൈജൻ കാക്കര said...

നന്ദി

കെ.പി.സുകുമാരന്‍ (K.P.S.)
പള്ളിക്കുളം
പ്രവീണ്‍ വട്ടപ്പറമ്പത്ത്
ഭായി
ഉമേഷ്‌ പിലിക്കൊട്
ജിജോ

വീണ്ടും വരിക